ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് നാഗദന്തി .നീർവാളത്തിന്റെ കുടുംബത്തിൽ പെടുന്നതും അതിനു സമാനമായ എല്ലാ ഗുണങ്ങളും ഉള്ള സസ്യമാണ് നാഗദന്തി.ഏകദേശം രണ്ടു മീറ്റർ ഉയരത്തിൽ വളരുന്ന ഈ കുറ്റിച്ചെടിയുടെ ഇലകൾക്ക് നല്ല കട്ടിയുണ്ടായിരിക്കും .ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിലാണ് ഈ സസ്യം പുഷ്പ്പിക്കുന്നത് .ചെറിയ മഞ്ഞപ്പൂക്കളാണ് ഇവയ്ക്കുള്ളത് .പച്ച നിറത്തിലുള്ള ചെറിയ കായ്കളാണ് ഇവയുടേത് .ഇതിന്റെ കായ്കൾക്ക് ആവണക്കിൻ കുരുവിനോട് സാദൃശ്യമുണ്ട് .
നാഗദന്തിഒരു വിഷച്ചെടിയാണ് .ഇതിന്റെ വിത്തിലും ,വേരിലും ,തണ്ടിലും ,ഇലയിലും വിഷാംശം അടങ്ങിയിരിക്കുന്നു .ഇതിന്റെ വിഷമയമുള്ള ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ ശക്തമായ വയറിളക്കം ഉണ്ടാകും .ഏറ്റവും കൂടുതൽ വിഷഗുണമുള്ളത് വിത്തിനാണ് .
അധിക അളവിൽ ഈ സസ്യത്തിന്റെ വിഷമയമുള്ള ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ ശരീരത്തിൽ ശക്തമായ നീറ്റലുണ്ടാകുകയും മനോവിഭ്രാന്തി ഉണ്ടാകുകയും ബോധം നഷ്ടപ്പെടുകയും ചെയ്യാം. നാഗദന്തിയുടെ വിഷാംശം ഉള്ളിൽ പോകാനിടയായാൽ ആദ്യം ത്രികോല്പകൊന്ന കൊടുത്ത് വയറിളക്കണം .അതിനു ശേഷം മധുരസ്നിഗ്ധ പദാർഥങ്ങളായ പാല് നെയ്യ് തുടങ്ങിയവ കഴിക്കുകയും താന്നിമരത്തിന്റെ തൊലി അരച്ച് പുറമെ പുരട്ടുകയും ചെയ്യണം
നാഗദന്തി ഒരു വിഷച്ചെടിയാണെങ്കിലും ഇതിന്റെ ഇലയും , കായും ,വേരും , ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .വിഷാംശം അടങ്ങിയിട്ടുള്ളതുകൊണ്ട് ഇവ ശുദ്ധി ചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇതിന്റെ വേര് ,കായ് ,മുതലായ ശുദ്ധി ചെയ്യേണ്ട ഭാഗങ്ങൾ തിപ്പലി പൊടിച്ചതും തേനും ചേർത്ത് കുഴച്ച് പുറമെ പുരട്ടി ദർഭപ്പുല്ലിൽ പൊതിഞ്ഞ ശേഷം പുറമെ മണ്ണു കുഴച്ച് പൊതിഞ്ഞു തീയിൽ പാകം ചെയ്ത ശേഷം നിഴലിൽ ഉണക്കി എടുത്താൽ ഇവ ശുദ്ധിയാകുന്നതാണ് .
നാഗദന്തിയുടെ ഇലയും , കായും ,വേരും , ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു എങ്കിലും വിപണിയിൽ ഏറെ പ്രിയം ഇതിന്റെ വേരിനാണ് .അതുകൊണ്ടുതന്നെ വളരെ ലാഭകരമായി ഇടവേളയായി കൃഷിചെയ്യാൻ പറ്റിയ ഒരു സസ്യം കൂടിയാണ് നാഗദന്തി
Botanical name | Baliospermum solanifolium |
---|---|
Family | Euphorbiaceae (Castor family) |
Synonyms |
Baliospermum axillare Baliospermum montanum Jatropha montana |
Common name | Red Physic Nut wild castor wild croton wild sultan seed |
Hindi | दन्ती danti |
Tamil | பேயாமணக்கு pey-amanakku |
Telugu | అడవి ఆముదము adavi amudamu కొండ ఆముదము kond amudamu నేల జీడి nela jidi నేపాళము nepalamu |
Kannada | ದಮ್ತಿ damti ಕಾಡು ಹರಳು kaadu haralu ನಾಗದಮ್ತಿ naagadamti |
Sanskrit | दन्ती danti दन्तिका dantika दीर्घ dirgha एरण्डपत्रिका erandhapatrika एरण्डफला erandhaphala मकूलकः makulakah नागदन्ती nagadanti नागविन्ना nagavinna निकुम्भः nikumbha प्रत्यक्श्रेणी pratyaksreni |
Marathi | दंती danti कातरी katari |
Malayalam | നാഗദന്തി naagadanthi |
Bengali | দন্তী danti দন্তিগাছ dantigaacha |
Nepali | अजय फल Ajaya Phal दुधे झार Dudhe Jhaar |
രസാദിഗുണങ്ങൾ | |
രസം | കഷായം, തിക്തം |
ഗുണം | ലഘു, രൂക്ഷം |
വീര്യം | ഉഷ്ണം |
വിപാകം | കടു |
രാസഘടകങ്ങൾ
ഇതിന്റെ വിത്തിൽ ഒരിനം എണ്ണയും വേരിൽ റെസിനും സ്റ്റാർച്ചും അടങ്ങിയിട്ടുണ്ട് .
ഔഷധഗുണങ്ങൾ
പനി ,മഞ്ഞപ്പിത്തം ആസ്മ ,മൂത്രക്കല്ല് ,മൂത്ര തടസ്സം ,സർപ്പവിഷം ,കരൾ രോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,മലബന്ധം ,വായ്പ്പുണ്ണ് തുടങ്ങിയ രോഗങ്ങൾക്ക് നാഗദന്തി ഔഷധമായി ഉപയോഗിക്കുന്നു.ദന്ത്യാരിഷ്ടം, ദന്തീഹറീതകി തുടങ്ങിയ ആയുർവേദ മരുന്നുകളിലെ പ്രധാന ചേരുവ നാഗദന്തിയാണ്.
ചില ഔഷധപ്രയോഗങ്ങൾ
നാഗദന്തിയുടെ ഇല കഷായം വച്ച് കഴിച്ചാൽ ആസ്മ ശമിക്കും . നാഗദന്തിയുടെ വേരും ,തിപ്പലി ,കറിവേപ്പില ഞെട്ട് ,കടുക്കത്തോട് എന്നിവ ചേർത്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ അർശ്ശസ് രോഗികളുടെ മലബന്ധം മാറിക്കിട്ടും . ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ 3 തുള്ളി ഉള്ളിൽ കഴിച്ചാൽ മൂത്ര തടസ്സം മാറും . സർപ്പവിഷത്തിന് നാഗദന്തിയുടെ കുരു അരച്ച് പുരട്ടാറുണ്ട് ഇതിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ സന്ധിവേദന മാറിക്കിട്ടും.