വിഷാദം ,ഉത്കണ്ഠ ,രക്താർബുദം ,ഉറക്കക്കുറവ് ,പ്രധിരോധശേഷി ,ശരീരപുഷ്ടി ,ലൈംഗീകപ്രശ്നങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് അമുക്കുരം അഥവാ അശ്വഗന്ധ .
എവിടെ വളരുന്നു .
പഞ്ചാബ്, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അമുക്കുരം സാധാരണയായി വളരുന്നു .എന്നാൽ ഇന്ന് പല സ്ഥലങ്ങളിലും വൻതോതിൽ അമുക്കുരം കൃഷി ചെയ്യുന്നുണ്ട്.കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന അമുക്കുരവും സാധാരണ വളരുന്ന അമുക്കുരവും തമ്മിൽ ആകൃതിയിലും ഗുണത്തിലും വിത്യാസമുണ്ടന്ന് ചില ആയുർവേദ ഗ്രന്ഥങ്ങളിൽ പറയുന്നു .
അമുക്കുരത്തിലെ മായം ചേർക്കൽ .
അക്കാന്തേസി സസ്യകുടുംബത്തിൽപ്പെട്ട Ruellia tuberosa എന്ന ശാത്രനാമത്തിൽ അറിയപ്പെടുന്ന ചെറുസസ്യത്തിന്റെ ഉരുണ്ട വേരാണ് പല അങ്ങാടിക്കടകളിലും അമുക്കുരമായി വിറ്റുവരുന്നത് .മലയാളത്തിൽ ഈ സസ്യത്തെ നാട്ടുമുക്കുരം അഥവാ ശിവകരന്ത എന്ന പേരിൽ അറിയപ്പെടും .ഇതിന്റെ വേരിന് അമുക്കുരത്തിന്റെ യാതൊരു ഗുണങ്ങളുമില്ല .
Binomial name : Withania somnifera
Family : Solanaceae
സസ്യവിവരണം .
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടിയാണ് അമുക്കുരം .ഇതിന്റെ കാണ്ഡവും ശാഖകളും ഇലകളും രോമിലമാണ് .ഇലകൾ ലഘു .ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു . ദീർഘവൃത്താകാരം .ഇലകൾക്ക് 5 -10 സെ.മി നീളവും 3 -7 സെ.മി വീതിയുമുണ്ടാകും .പൂക്കൾ പത്രകക്ഷങ്ങളിൽ ഒറ്റയായോ കൂട്ടമായോ ഉണ്ടാകുന്നു .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞനിറം.ബാഹ്യദളപുടവും ദളപുടവും പഞ്ചപാളിതമാണ് .കേസരങ്ങൾ 5 .കേസരതന്തുക്കൾ ലോലവും കുഴൽ രൂപത്തിലുള്ളതുമാണ് .
അമുക്കുരത്തിന്റെ ഫലങ്ങൾ ഉരുണ്ട് പച്ചനിറത്തിൽ ചുണ്ടക്കായുടെ ആകൃതിയിൽ കാണപ്പെടുന്നു .കായകൾ പഴുക്കുമ്പോൾ നല്ല ചുവപ്പുനിറത്തിലാകും .ഒരു ഫലത്തിൽ തന്നെ ചെറിയ അനേകം പരന്ന വിത്തുകൾ കാണപ്പെടും .
അമുക്കുരത്തിന്റെ വേരുകൾക്ക് ഏതാണ്ട് 25 സെമി നീളവും വിരൽ വണ്ണവുമുണ്ട് .വേരുകൾക്ക് മങ്ങിയ വെള്ളനിറമാണ് .വേരിന്റെ അഗ്രഭാഗത്ത് നാരുകൾ വളരെ കുറവായിരിക്കും .അതുകൊണ്ടുതന്നെ ഒടിച്ചാൽ പെട്ടന്ന് ഒടിയുകയും .ഉണക്കിപ്പൊടിച്ചാൽ നല്ല മാവുപോലെയുള്ള പൊടി കിട്ടുകയും ചെയ്യും .ഇതിന്റെ വേരിന് കുതിരയുടേതായ ഒരു ഗന്ധമുണ്ട് .അതിനാൽ സംസ്‌കൃതത്തിൽ അശ്വഗന്ധ എന്ന പേരിലാണ് അമുക്കുരം അറിയപ്പെടുന്നത് .അശ്വഗന്ധ ഗുളിക,അശ്വഗന്ധ ചൂർണ്ണം ,അശ്വഗന്ധ തൈലം,അശ്വഗന്ധ ലേഹ്യം,അശ്വഗന്ധ അരിഷ്ടം തുടങ്ങിയ നിരവധി മരുന്നുകൾ അമുക്കുരം ചേർത്ത് നിർമ്മിക്കുന്നതാണ് .
രാസഘടകങ്ങൾ .
അമുക്കുരത്തിന്റെ വേരിൽനിന്നും Anahygrine, Meso-anaferine ,Cuscohygrine ,Isopelletierine ,Hygrine ,Tropine ,Pseudotropine ,3 Alpha tigloyloxy tropane ,Choline ,Withasomnine, β Sitosterol ,Somniferine ,Withanine എന്നീ 13 ആൽക്കലോയിഡുകൾ വേർതിരിച്ചെടുത്തിട്ടുണ്ട്. കൂടാതെ ബാഷ്പീകരണ തൈലവും കൊഴുപ്പുള്ള സ്ഥിര തൈലവും അമുക്കരത്തിന്റെ വേരിൽനിന്നും വേർതിരിച്ചേടിത്തിട്ടുണ്ട് .കൂടാതെ അമുക്കുരത്തിന്റെ ഇലയിൽനിന്നും withanolides എന്ന ആൽക്കലോയിഡും വേർതിരിച്ചെടുത്തിട്ടുണ്ട് .
അമുക്കുരം ഗുണങ്ങൾ .
ആയുർവേദത്തിലെ വാതഹരൗഷധവും വാജീകരണൌഷധവുമാണ് അമുക്കുരം.അമുക്കുരത്തിന്റെ കിഴങ്ങാണ് ഔഷധമായി ഉപയോഗിക്കുന്നത് .ആയുർവേദ ഗ്രന്ഥങ്ങളിൽ അമുക്കുരം കൊണ്ടുള്ള രസായന പ്രയോഗം വളരെ പ്രസിദ്ധമാണ് .ഇത് ശരീരത്തിന് ബലവും ആരോഗ്യവും വർധിപ്പിക്കും .ലൈംഗീകശക്തി വർധിപ്പിക്കും .മുലപ്പാലും ശുക്ലവും വർധിപ്പിക്കും .
അമുക്കുരം പൊടിയുടെ ഗുണങ്ങൾ .
"പീതാശ്വഗന്ധാ പായസാർദ്ധ മാസം
ഘൃതേന തൈലേന സുഖാംബുനാവാ
കൃശസൃപുഷ്ടിം വപുഷോ വിധത്തെ
ബാലസ്യ സസ്യസ്യ യഥാസുവൃഷ്ടി" (അഷ്ടാംഗഹൃദയം )
അമുക്കുരം പൊടിച്ച് 10 ഗ്രാം വീതം പാലിലോ നെയ്യിലോ തിളപ്പിച്ച് ആറിയ വെള്ളത്തിലോ ചേർത്ത് 15 ദിവസം കഴിച്ചാൽ തടിയില്ലാത്ത ആൾ പുഷ്ടിപ്പെടും .അത് എപ്രകാരമെന്നാൽ ചെറിയതും ഉണങ്ങിക്കരിഞ്ഞതുമായ വൃക്ഷം മഴ പെയ്‌ത് നനവുണ്ടായാൽ കിളിർത്ത് വളരുന്നതുപോലെയാണ് മരുന്ന് സേവകൊണ്ട് നന്നാവുന്നത് എന്നാണ് ഉപമ .
അമുക്കുരം വാതം ,കഫം ,പനി ,വിഷം ,വ്രണം ,വെള്ളപ്പാണ്ട് ,ചർമ്മരോഗങ്ങൾ ,ആമവാതം ,ശരീരമാസകലമുള്ള വേദന ,നീര് ,ക്ഷതം ,ക്ഷയം ,ചുമ ,ശ്വാസംമുട്ട് എന്നിവയെ ശമിപ്പിക്കുകയും സപ്തധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ചെയ്യും .
അമുക്കുരം സ്ത്രീകൾക്കുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങൾക്കും ഫലപ്രദമാണ് .ശരീരം മെലിഞ്ഞവർക്കും വെള്ളപോക്ക് മൂലം കഷ്ട്ടപ്പെടുന്നവർക്കും അമുക്കുരം ദിവസവും ഉപയോഗിക്കാവുന്നതാണ് . .
അമുക്കുരം ലേഹ്യമാക്കിയോ അരിഷ്ടമാക്കിയോ കഴിക്കുന്നതിനേക്കാൾ ഗുണം പച്ചയ്ക്ക് പൊടിച്ചു കഴിക്കുന്നതാണ് എന്ന് അടുത്തിടെ നടത്തിയ ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട് . കൂടാതെ കാൻസർ ശമിപ്പിക്കാനുള്ള കഴിവും അമുക്കുരത്തിന് ഉണ്ടന്ന് ഗെവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അമുക്കുരത്തിന്റെ വേരാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .എങ്കിലും ചിലപ്പോൾ ഇലയും ഔഷധങ്ങൾക്കായി ഉപയോഗിക്കാറുണ്ട് .
അമുക്കുരം ദോഷങ്ങൾ .
വളരെ ഔഷധഗുണമുള്ള ഒന്നാണ് അമുക്കുരം .എന്നാൽ അധിക മാത്രയിലും അസ്ഥാനത്തും കഴിച്ചാൽ മദകാരിയും ഗർഭസ്രാവത്തെ ഉണ്ടാക്കുന്നതുമാണ് .അമുക്കുരത്തിന്റെ കായ്കൾക്ക് ചെറിയ വിഷ സ്വഭാവമുണ്ട് .അതുകൊണ്ടു തന്നെ കുട്ടികൾ കഴിച്ചാൽ വയറിളക്കം സംഭവിക്കാം .
അമുക്കുരം ചേരുവയുള്ള ഔഷധങ്ങൾ .
- Aswagandharistam
- Aswagandhaadi Choornam
- Ashwagandhadi Lehyam
- Balaswagandhadi thailam
- Ashwagandhadi Ghritam
- Shankhpusphi syrup
- Patanjali divyamedha vati
- Dimag Paushtik Rasayan
- Sunidra Tablet
- Brenkam tablet
- Memton tablet
- Manasamitra vatakam
- Chyavanaprasam
അശ്വഗന്ധാരിഷ്ടം ഗുണങ്ങളും ഉപയോഗരീതിയും .
അമുക്കുരം ഉൾപ്പടെ ഇരുപത്തിയെട്ടോളം മരുന്നുകൾ ചേർത്താണ് അശ്വഗന്ധാരിഷ്ടം തയാറാക്കുന്നത് .മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു അരിഷ്ടം കൂടിയാണ് അശ്വഗന്ധാരിഷ്ടം. ലൈംഗീകപ്രശ്നങ്ങൾ ,വിഷാദരോഗം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധാരിഷ്ടം.
പുരുഷന്മാരിലെ ലൈംഗീക ബലഹീനത, ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീ-പുരുഷ വന്ധ്യത തുടങ്ങിയവയ്‌ക്കെല്ലാം അശ്വഗന്ധാരിഷ്ടം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .കൂടാതെ വിഷാദം ,ഉത്കണ്ഠ,ഉറക്കമില്ലായ്‌മ ,ശരീരക്ഷീണം ,അലസത ,ഉന്മേഷക്കുറവ് ,ശ്രദ്ധക്കുറവ് ,പ്രധിരോധശേഷിക്കുറവ് ,ആവർത്തിച്ചുള്ള പനി ,ജലദോഷം ,ശരീരഭാരം കുറയുക ,പാർക്കിൻസൺസ്,നാഡി-പേശി ബലഹീനത ,വിറയൽ തുടങ്ങിയ അവസ്ഥകളിലെല്ലാം അശ്വഗന്ധാരിഷ്ടം ഒറ്റയ്ക്കും മറ്റ് മരുന്നുകളോടൊപ്പവും ഡോക്ടർമാർ നിർദേശിക്കുന്നു .
അശ്വഗന്ധാദി ചൂർണ്ണം ഗുണങ്ങൾ .
പുരുഷന്മാരിലെ ലൈംഗീകപ്രശ്നങ്ങൾ പരിഹരിക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധാദി ചൂർണ്ണം .ലൈംഗീക ബലഹീനത, ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം,താല്പര്യമില്ലായ്‌മ ,കൗണ്ട് കുറവ് തുടങ്ങിയവയ്ക്ക് മികച്ച ഫലം നൽകുന്ന ഒരു ഔഷധമാണ് അശ്വഗന്ധാദി ചൂർണ്ണം .
വാതരോഗങ്ങൾ ,ശരീരവേദന ,ഉറക്കക്കുറവ്,വിഷാദം ,ഉത്കണ്ഠ മറ്റ് മാനസികരോഗങ്ങൾ തുടങ്ങിയവയ്‌ക്കൊക്കെ ഈ ഔഷധം ഉപയോഗിക്കാവുന്നതാണ് .ഇതിന് കാൻസറിനെ തടയാനും ബ്ലഡ് ഷുഗർ കുറയ്ക്കാനും ഹൃദ്രോഗങ്ങളെ തടയാനും ഈ ഔഷധം ഉപയോഗിക്കന്നതിലൂടെ സാധിക്കും .
ഉപയോഗരീതി -ഒരു ടീസ്പൂൺ അശ്വഗന്ധാദി ചൂർണ്ണം ഒരു ഗ്ലാസ് പാലിൽ ചേർത്ത് നാലുഗ്ലാസ് വെള്ളവും ചേർത്ത് ചെറിയ തീയിൽ തിളപ്പിച്ച് ഒരു ഗ്ലാസാക്കി വറ്റിച്ച് രാത്രി ഭക്ഷണശേഷം കഴിക്കാവുന്നതാണ് .
അശ്വഗന്ധാദി ലേഹ്യം ഗുണങ്ങൾ .
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു ലേഹ്യമാണ് അശ്വഗന്ധാദി ലേഹ്യം.ശരീരത്തിലുണ്ടാകുന്ന ക്ഷീണമകറ്റാനും ശരീരം ക്ഷീണിച്ചവർക്ക് ശരീരപുഷ്ടിയുണ്ടാക്കാനും ഉന്മേഷം വർധിപ്പിക്കാനും.സ്ത്രീകളുടെ സ്തനവലിപ്പം മെച്ചപ്പെടുത്താനും .സ്ത്രീ -പുരുഷ വന്ധ്യത പരിഹരിക്കുന്നതിനും വളരെ നല്ലൊരു ഔഷധമാണ് അശ്വഗന്ധാദി ലേഹ്യം.കൂടാതെ ലൈംഗീക പ്രശ്നങ്ങൾ പരിഹരിച്ച് നല്ലൊരു ലൈംഗീക ജീവിതത്തിനും ഈ ഔഷധം സഹായിക്കുന്നു .
പലതരം രോഗങ്ങൾ വന്നുപോയതിനു ശേഷമുള്ള ശരീരക്ഷീണത്തിനും ജിമ്മിൽ പോകുന്നവർക്ക് മസിൽ വികസിപ്പിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കാം .വാതസംബധമായി ഉണ്ടാകുന്ന മുട്ടുവേദന ,നടുവേദന ,തോളുവേദന തുടങ്ങിയ അവസ്ഥയിലും രക്തശുദ്ധിക്കും, പ്രസവാനന്തര ചികിത്സയിലും അശ്വഗന്ധാദി ലേഹ്യം ഉപയോഗിക്കാം .ദിവസം 10 -30 ഗ്രാം വരെ വൈദ്യ നിർദേശപ്രകാരം കഴിക്കാവുന്നതാണ് .
ബലാശ്വഗന്ധാദി തൈലം ഗുണങ്ങൾ .
അസ്ഥികളുടെയും ,പേശികളുടെയും ,സന്ധികളുടെയും ബലഹീനത പരിഹരിക്കാൻ പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു തൈലമാണ് ബലാശ്വഗന്ധാദി തൈലം.പനി ,തലവേദന ,പേശി ക്ഷയിക്കൽ ,സന്ധിവേദന ,എല്ലുവേദന ,സന്ധിവാതം .കൈ തളര്‍ച്ച (Brachial Plexus Injury),സെർവിക്കൽ വേദന,ഞരമ്പ് വേദന ,ഞരമ്പ് വലിവ് ,തളർവാതം ,ഉന്മാദം ,തിമിരം തുടങ്ങിയവയ്ക്ക് ബലാശ്വഗന്ധാദി തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
അശ്വഗന്ധാദി ഘൃതം ഗുണങ്ങൾ .
നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അശ്വഗന്ധ ഘൃതം.മെലിഞ്ഞവർ തടിക്കാൻ വളരെ ഗുണകരമായ ഒരു ഔഷധമാണിത് .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും ഉപയോഗിക്കുന്നു .ലൈംഗീകശക്തി വർധിപ്പിക്കാനും ഈ ഔഷധം ഉപയോഗിക്കാം. പ്രത്യേകിച്ച് വൃദ്ധന്മാർക്ക് കഴിക്കാൻ പറ്റിയ ഒരു മരുന്നുകൂടിയാണിത് .
സ്ഥിരമായി ജിമ്മിൽ പോകുന്നവർക്ക് കഴിക്കാൻ പറ്റിയ ലേഹ്യമാണിത് .ഇത് സന്ധികളെയും ,ഞരമ്പുകളെയും ,പേശികളെയും ബലപ്പെടുത്താൻ സഹായിക്കുന്നു .ചുമ ,ആസ്മ ,വിട്ടുമാറാത്ത പനി എന്നിവയുടെ ചികിൽത്സയിലും അശ്വഗന്ധ ഘൃതം ഉപയോഗിക്കുന്നു .
ശംഖ് പുഷ്പി സിറപ്പ് ഗുണങ്ങൾ .
ഓർമ്മക്കുറവ് ,ഉറക്കമില്ലായ്‌മ ,വിഷാദം ,ഉത്ക്കണ്ഠ ,ഭയം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ശംഖ് പുഷ്പി സിറപ്പ് .അമുക്കുരം ,ബ്രഹ്മി ,ശതാവരി എന്നിവയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവ. ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .
പതഞ്‌ജലി ദിവ്യ മേധാ വടി ഗുണങ്ങൾ .
തലവേദന ,മൈഗ്രെയ്ൻ ,ഉറക്കക്കുറവ് ,ഓർമ്മക്കുറവ് എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് പതഞ്‌ജലി ദിവ്യ മേധാ വടി.ഈ ഔഷധം കഴിക്കന്നതു മൂലം തലച്ചോറിലെ രക്തപ്രവാഹം സുഗമമാക്കുകയും തലയ്ക്കുള്ള അസ്വസ്തതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു .അമുക്കുരം ,ബ്രഹ്മി ,ശംഖുപുഷ്പം,വയമ്പ് ,പെരുംജീരകം തുടങ്ങിയവയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവ .
ദിമാഗ് പൗഷ്ടിക് രസായൻ ഗുണങ്ങൾ .
ഓർമ്മക്കുറവ് ,തലവേദന ,മാനസിക പിരിമുറുക്കം തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ദിമാഗ് പൗഷ്ടിക് രസായൻ.അമുക്കുരം ,ശംഖുപുഷ്‌പം ,ബ്രഹ്മി ,മുത്തിൾ ,ജടാമാഞ്ചി തുടങ്ങിയവയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവകൾ .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .
സുനിദ്ര ടാബ്ലറ്റ് ഗുണങ്ങൾ .
ഉറക്കമില്ലായ്മയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് സുനിദ്ര ടാബ്ലറ്റ്. അമുക്കുരം, ജടാമാഞ്ചി,കുറശ്ശാണി,ശംഖുപുഷ്‌പം ,തിപ്പലി ,സ്വർണ്ണ ഭസ്മം മുതലായവയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവ .
ബ്രെങ്കം ടാബ്ലറ്റ് ഗുണങ്ങൾ .
ഉറക്കമില്ലായ്‌മ ,ഓർമ്മക്കുറവ് ,തലകറക്കം ,തലവേദന ,മാനസിക അസ്വസ്ഥതകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ബ്രെങ്കം ടാബ്ലറ്റ്.അമുക്കുരം ,വയമ്പ് ,സർപ്പഗന്ധി,ബ്രഹ്മി ,ശംഖുപുഷ്പം ,ജടാമാഞ്ചി തുടങ്ങിയവയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവകൾ .ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .
മെംടോൺ ടാബ്ലറ്റ് ഗുണങ്ങൾ .
വിഷാദരോഗം ,ഉറക്കക്കുറവ് ,ഉത്കണ്ട ,മറവി ,തലവേദന തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് മെംടോൺ ടാബ്ലറ്റ്.ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം പ്രധാനമായും ഉപയോഗിക്കുന്നത് .
മാനസമിത്ര വടകം ഗുണങ്ങൾ .
മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.
ച്യവനപ്രാശം ഗുണങ്ങൾ .
പുരാതന കാലം മുതലേ ആരോഗ്യത്തിനു വേണ്ടി പയോഗിച്ചുവരുന്ന ഒരു മരുന്നാണ് ച്യവനപ്രാശം.എല്ലാ ആയുർവേദ ഗ്രന്ഥങ്ങളിലും ച്യവനപ്രാശത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .അറിയാം ച്യവനപ്രാശം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ .
പ്രാദേശിക നാമങ്ങൾ .
- Common name : Winter Cheery ,Withania Root
- Malayalam : Amukkuram, Aswagandham
- Sanskrit : Aswagandha
- Tamil : Auchakenthi Kilangu,Amukirakilangu
- Hindi : Aswagandh ,Akri
- Telugu : Pilliamga
- Kannada : Amgura , Amugura
- Bengali : Aswagandha
- Marati : Asandha ,Aswandha
രസാദിഗുണങ്ങൾ.
- രസം : തിക്തം, കഷായം
- ഗുണം : സ്നിഗ്ധം
- വീര്യം : ഉഷ്ണം
- വിപാകം : മധുരം
ചില ഔഷധപ്രയോഗങ്ങൾ .
ലൈംഗീക ശേഷിക്കുറവ് ,ഉറക്കക്കുറവ് .മാനസിക അസ്വാസ്ഥ്യങ്ങൾ .
അമുക്കുരം പൊടി 10 ഗ്രാം വീതം തേനും ,നെയ്യും ചേർത്ത് രാവിലെയും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് കഴിക്കുകയും പുറമെ ഒരു ഗ്ലാസ് പാല് കുടിക്കുകയും ചെയ്താൽ ഉദ്ധാരണക്കുറവ്, ശീഘ്രസ്‌ഖലനം ,സ്വപ്നസ്കലനം ,ശുക്ളക്ഷയം ,നാഡീദൗർബല്യം ,ഉറക്കക്കുറവ് ,ശരീരക്ഷീണം ,തലവേദന, ശരീരവേദന,ആമവാതം എന്നീ അസുഖങ്ങൾ മാറിക്കിട്ടും. ഇപ്രകാരം അഞ്ചോ ആറോ മാസം കഴിക്കാവുന്നതാണ് .(തേനും,നെയ്യും വിരുദ്ധാഹാരമാണ് അതിനാൽ ഒരേ അളവിൽ എടുക്കരുത് വിത്യസ്ത അളവിൽ വേണം എടുക്കാൻ )
മുലപ്പാൽ വർധിക്കാൻ .
മുലപ്പാൽ വർധിക്കാൻ അമുക്കുരം ഫലവത്താണ് .അമുക്കുരം ,ഇരട്ടിമധുരം ,പാൽമുതുക്കിൻ കിഴങ്ങ് ഇവ ഒരേ അളവിലെടുത്ത് പൊടിച്ച് രാവിലെയും വൈകിട്ടും ഒര് ഗ്ലാസ് പാലിൽ കലക്കി കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കും എന്ന കാര്യത്തിൽ തർക്കമില്ല .
ഹൃദ്രോഗം ശമിക്കാൻ .
അമുക്കുരം പതിവായി പാലിൽ കലക്കി കഴിച്ചാൽ ഹൃദ്രോഗം ശമിക്കും.കൂടാതെ ഹൃദ്രോഗത്തിന് മുന്നോടിയായി ഉണ്ടാകുന്ന നെഞ്ചിന് അനുഭവപ്പെടുന്ന വേദന (അഞ്ചൈന പെക്‌ടോറിസ് )തുടങ്ങിയവയ്ക്കും വളരെ ഫലപ്രദം .ഹൃദ്രോഗികൾ പാട നീക്കിയ പാലേ ഉപയോഗിക്കാൻ പാടൊള്ളു .
കുട്ടികളുടെ ശരീരപുഷ്ടിക്ക് .
ഒരു കിലോ പശുവിൻ നെയ്യും കാൽക്കിലോ അമുക്കുരം പൊടിച്ചതും ഇതിന്റെ പത്തിരട്ടി പാലും ചേർത്ത് കാച്ചി അരിച്ചെടുത്ത് സൂക്ഷിക്കാം .ഇത് കുട്ടികൾക്ക് ദിവസവും ഒരു സ്‌പൂൺ വീതം കൊടുത്താൽ കുട്ടികളുടെ ശരീരം പുഷ്ടിപ്പെടുകയും ശരീരശക്തി വർധിക്കുകയും ചെയ്യും .
ഉറക്കക്കുറവിന് .
അമുക്കുരം പൊടിച്ച് നെയ്യും ,പഞ്ചസാരയും ചേർത്ത് ഒരു സ്‌പൂൺ വീതം ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പായി കഴിച്ചാൽ ഉറക്കക്കുറവുള്ളവർക്ക് നല്ല ഉറക്കം കിട്ടും .
സ്ത്രീ വന്ധ്യത മാറാന്‍.
അമുക്കരം കഷായത്തിൽ അത്രതന്നെ പാൽ ചേർത്ത് വീണ്ടും പകുതിയായി വറ്റിച്ചെടുത്ത് ദിവസും പതിവായി കഴിച്ചാൽ വന്ധ്യയായ സ്ത്രീയ്ക്ക് വന്ധ്യത്വം മാറി ഗർഭമുണ്ടാകാൻ സഹായിക്കും.
പനിയും ചുമയും മാറാൻ .
അമുക്കുരത്തിന്റെ ഇലയും വേരും കൂടി കഷായമുണ്ടാക്കി കഴിച്ചാൽ പനിയും ചുമയും മാറും .അമുക്കുരത്തിന്റെ ഇലയ്ക്ക് അണുനാശക ശക്തിയുണ്ട് .ഇല അരച്ച് പുറമെ പുരട്ടിയാൽ ചർമ്മരോഗങ്ങൾ ,വ്രണം എന്നിവ മാറിക്കിട്ടും .ഇലയിൽ അണുനാശക ശക്തിയുള്ള വിഥാഫെറിൻ പദാർഥം അടങ്ങിയിട്ടുണ്ട് .ഇതാണ് ചർമ്മരോഗങ്ങൾ ,പനി ,ചുമ എന്നിവ ശമിപ്പിക്കുന്നത് .
മുറിവും ചതവും ഭേദമാവാൻ.
അമുക്കുരത്തിന്റെ വേര് അരച്ച് പുറമെ പുരട്ടിയാൽ മുറിവും ചതവും പെട്ടന്ന് ഭേദമാവും .
ഇടുപ്പുവേദന മാറാൻ .
അമുക്കുരത്തിന്റെ ചൂർണ്ണം പഞ്ചസാരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ ഇടുപ്പുവേദന ശമിക്കും .
ക്ഷയരോഗം മാറാൻ .
ആടലോടകത്തിന്റെ ഇല കഷായം വെച്ചതിൽ അമുക്കുരം പൊടിച്ചതും ചേർത്ത് പതിവായി കഴിച്ചാൽ ക്ഷയരോഗത്തിന് ശമനമുണ്ടാകും .
മെലിഞ്ഞ സ്ത്രീകൾ തടിക്കാൻ .
അമുക്കുരം കടുകെണ്ണയിൽ വറുത്തുപൊടിച്ച് സ്ത്രീകൾ പതിവായി കഴിച്ചാൽ മെലിഞ്ഞ സ്ത്രീകൾ തടിക്കുകയും മാറിടങ്ങൾക്ക് വലിപ്പം കൂടുകയും ചെയ്യും .
ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ .
അമുക്കുരം പൊടിച്ച് തേനിലോ പാലിലോ ചാലിച്ചു പുരട്ടിയാൽ ചർമ്മത്തിന്റെ നിറം വർദ്ധിക്കും .
.
സന്ധിവാതം മാറാൻ .
അമുക്കുരം പൊടിച്ചത് മൂന്നു മാസം തുടർച്ചയായി കഴിച്ചാൽ ആമവാതം സന്ധിവാതം എന്നിവ ശമിക്കും .
വിട്ടുമാറാത്ത മൂക്കൊലിപ്പും തുമ്മലും മാറാൻ .
അമുക്കുരം പൊടി ,ചുക്കുപൊടി , മഞ്ഞൾപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് 3 ഗ്രാം വീതം പാലിലോ ,ചൂടുവെള്ളത്തിലോ ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിന് മുമ്പായി പതിവായി കഴിച്ചാൽ അലർജി മൂലമുള്ള വിട്ടുമാറാത്ത മൂക്കൊലിപ്പും തുമ്മലും മാറും .
Tags:
കുറ്റിച്ചെടി