കരൾ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാൻ ശക്തിയുള്ള ഒരു ഔഷധമാണ് കടുരോഹിണി.ഇംഗ്ലീഷിൽ ഇതിനെ ഹെല്ലിബോർ പ്ലാന്റ് എന്ന പേരിലും സംസ്‌കൃതത്തിൽ കടുകീ, കടുരോഹിണീ,ശതപർവാ,അരിഷ്ടഃ, മത്സ്യപിത്താ, മത്സ്യവിന്നാ, രോഹിണീ,ധന്വന്തരിഗ്രസ്താ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Picrorhiza kurroa
- Family : Plantaginaceae (Isabgol family)
- Synonyms : Picrorhiza kurrooa
- Common name : Picrorhiza, Hellebore, Yellow gentian
- Malayalam : Kadugurohini
- Hindi : Kutki, Katuka
- Marathi : Kali Katuki, Bala Kadu
- Tamil : Katukarohini, Kadugurohini
- Kannada : Katuka rohini
- Telugu : Katuka Rohini
- Punjabi : Kaundd, Kaud, Karru
- Bengali : Katuki, Katki
- Sanskrit ; Katuki, Katurohini, Katvi, Katumbhra, Thiktha, Ashokarohini, Arishta, Chaakrangi
ആവാസമേഖല .
2700 മുതൽ 4500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കടുരോഹിണി സ്വാഭാവികമായി കാണപ്പെടുന്നു .ഹിമാലയം, ഗാഡ്വാൾ, കശ്മീർ, സിക്കിം, റാണിക്കത്ത് എന്നിവിടങ്ങളിലാണ് കൂടുതലായി വളരുന്നത്.ഇന്ത്യ കൂടാതെ നേപ്പാളിലും ഈ സസ്യം ധാരാളമായി വളരുന്നു .
സസ്യവിവരണം .
ഏകദേശം 60 സെ.മി വരെ ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ സസ്യമാണ് കടുരോഹിണി .രോമാവൃതമായ ഒരു സസ്യമാണിത് .ദീർഘ വൃത്താകൃതിയിലുള്ള അഗ്രം കൂർത്ത ഇലകൾ തണ്ടിനുചുറ്റും നിവർന്നു നിൽക്കുന്നു .ഇലകൾക്ക് 5 -10 സെ.മി വരെ നീളം കാണും .പൂങ്കുലവൃന്തത്തിന് നല്ല നീളമുണ്ട്. ഇതിന്റെ അഗ്രത് അനേകം ചെറിയ പുഷ്പങ്ങൾ ചേർന്ന് മകുടരൂപം പൂണ്ടുനിൽക്കുന്നു.
പൂക്കൾക്ക് വെളുപ്പോ ഇളം നീലനിറമോ പർപ്പിൾ നിറമോ ആയിരിക്കും .ഈ സസ്യത്തിന്റെ വേരുകൾക്ക് ചെറുവിരലിന്റെ വണ്ണമുണ്ട് .വേരിന് കയ്പ്പ് രസവും മത്സ്യത്തിന്റെ ഗന്ധവുമാണ് . വേര് തണ്ട് എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് . ഈ സസ്യത്തിന്റെ തണ്ടും വേരും ചെറുതായി വെട്ടിനുറുക്കി ഉണക്കിയാണ് വിപണിയിൽ കടുരോഹിണിയായി എത്തുന്നത് .കടുരോഹിണി കറുപ്പ് ,വെളുപ്പ് എന്നിങ്ങനെ രണ്ടിനങ്ങളുണ്ട് .ഇതിൽ വെള്ളയ്ക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .
രാസഘടകങ്ങൾ .
കടുരോഹിണിയുടെ വേരിലും തണ്ടിലും കുട്കിൻ എന്ന ഗ്ലൂക്കോസൈഡും കുട്കിസ്റ്റെറോൾ ,പിക്രോറൈസിൻ എന്നീ തിക്തപതാർഥങ്ങളും .കുട്കോസൈഡ് ,പിക്രോസൈഡ് 11 ,പിക്രോസൈഡ് 111 എന്നീ ഗ്ളൂക്കോസൈഡുകളും അടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങൾ .
മഞ്ഞപ്പിത്തവും ,മറ്റ് കരൾ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കാൻ ശക്തിയുള്ള ഒരു ഔഷധമാണ് കടുരോഹിണി .കൂടാതെ കുഷ്ടം ,ഹൃദ്രോഗങ്ങൾ ,മലബന്ധം ,അഗ്നിമാന്ദ്യം ,അതിസാരം ,ജ്വരം ,പിത്തരോഗങ്ങൾ ,രക്തവികാരം ,വിഷജ്വരം,അരോചകം ,ചുട്ടുനീറ്റൽ എന്നീ രോഗങ്ങൾക്കും ഒരു ഉത്തമ പ്രതിവിധിയാണ് .
ലിവോമിൻ, പടോലാദിഘൃതം, തിക്തകഘൃതം, ദേവദാർവ്വാദ്യാരിഷ്ടം, കുമാദ്യാസവം, അമൃതാരിഷ്ടം, പ്രമേഹ മിഹിരതൈലം മുതലായ ഔഷധങ്ങളിൽ കടുരോഹിണി ഒരു പ്രധാന ചേരുവയാണ്.
ആരോഗ്യവർധനീഗുഡിക, കടുരോഹിണ്യാദികഷായം മുതലായ ഔഷധങ്ങൾ കടുരോഹിണി പ്രധാനമായി ചേർത്തുണ്ടാക്കുന്നവയാണ്.ഇവ കരൾ സംബന്ധമായ എല്ലാ അസുഖങ്ങൾക്കും വളരെ നല്ലതാണ് .
രസാദി ഗുണങ്ങൾ
രസം-തിക്തം
ഗുണം-രൂക്ഷം ,ലഘു
വീര്യം-ശീതം
വിപാകം-കടു
ചില ഔഷധപ്രയോഗങ്ങൾ .
ഇടവിട്ടുണ്ടാകുന്ന പനി .
കടുരോഹിണി, മുത്തങ്ങ, അമൃത്, കിരിയാത്ത് ഇവ സമമെടുത്ത് കഷായം ഉണ്ടാക്കി കഴിച്ചാൽ വിട്ടുവിട്ടുണ്ടാകുന്ന പനി മാറും .
കുട്ടികൾക്കുണ്ടാകുന്ന പനി .
കടുരോഹിണി കഷായം പാലിൽ ചേർത്ത് ഉറയുമ്പോൾ അതിൽ നിന്നു എടുക്കന്ന നെയ്യ് കുട്ടികൾക്ക് കൊടുത്താൽ കുട്ടികൾക്കുണ്ടാകുന്ന പനി മാറിക്കിട്ടും .
കുഷ്ഠരോഗം .
കടുരോഹിണി,അതിവിടയം, ചന്ദനം, ഇവ സമമെടുത്തരച്ച് എല്ലാംകൂടി 6 ഗ്രാം വീതം പതിവായി കഴിച്ചാൽ കുഷ്ഠരോഗം ശമിക്കും.
ദഹനക്കേട് ,മലബന്ധം .
കടുരോഹിണി, കിരിയാത്ത്, ചിന്നാമുക്കി, കടുക്കാത്തോട് ഇവ ഓരോന്നും 10 ഗ്രാം വീതവും , മുന്തിരി 20 ഗ്രാം എന്നിവ നല്ലതുപോലെ ചതച്ച് 100 മി.ലി. വെള്ളത്തിൽ ഒരു രാത്രി ഇട്ടുവച്ച് രാവിലെ ആ വെള്ളം പിഴിഞ്ഞരിച്ചെടുത്തു കുടിച്ചാൽ ദഹനക്കേട് ,മലബന്ധം എന്നിവ മാറിക്കിട്ടും .
ഹൃദ്രോഗം, പുളിച്ചുതികട്ടൽ.
കടുരോഹിണി, ഇരട്ടിമധുരം ഇവ സമമെടുത്ത് രണ്ടും കൂടി 10 ഗ്രാം പൊടിച്ചരച്ച് പഞ്ചസാര ചേർത്ത് കഴിക്കാമെങ്കിൽ ഹൃദ്രോഗം, പുളിച്ചുതികട്ടൽ എന്നിവ ശമിക്കും .
കരൾ രോഗങ്ങൾ .
കടുരോഹിണി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ആരോഗ്യവർധനീഗുഡിക,കടുരോഹിണ്യാദികഷായം എന്നിവ കഴിച്ചാൽ കരൾ രോഗങ്ങൾ ശമിക്കും .
രക്തദൂഷ്യം,ചർമ്മരോഗങ്ങൾ .
കടുരോഹിണി ,കാട്ടു പടവലം,പാടക്കിഴങ്ങ് ,അമൃത് ,ചന്ദനം ,പെരുങ്കുരുമ്പ എന്നിവ തുല്ല്യ അളവിൽ എടുത്ത് കഷായം വച്ച് കഴിച്ചാൽ രക്തദൂഷ്യം,ചർമ്മരോഗങ്ങൾ എന്നിവ മാറിക്കിട്ടും .
മുലകുടിക്കുന്ന കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ദഹനക്കേട് ,പനി .
മുലകുടിക്കുന്ന ശിശുക്കൾക്ക് പനിയോ ,ദഹനക്കേടോ ഉണ്ടായാൽ കടുരോഹിണി അരച്ച് മുലയിൽ തേച്ച് പാലുകൊടുത്താൽ അസുഖം മാറും.
വയറുവേദന .
ഒരു ഗ്രാം കടുരോഹിണി പൊടിച്ചതും 500 മില്ലിഗ്രാം കുരുമുളകുപൊടിയും ചേർത്ത് കഴിച്ചാൽ വയറുവേദന ശമിക്കും .
വിശപ്പില്ലായ്‌മ .
ഒരു ഗ്രാം കടുരോഹിണി പൊടി തേനിൽ കലർത്തി കഴിച്ചാൽ
വിശപ്പില്ലായ്‌മ മാറിക്കിട്ടും .
മഞ്ഞപ്പിത്തം .
10 ഗ്രാം കടുരോഹിണി പൊടി ശർക്കരയും ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും .
ആസ്മ ,ചുമ .
2 ഗ്രാം കടുരോഹിണി പൊടിയിൽ 1 ഗ്രാം തിപ്പലി പൊടിച്ചതും ചേർത്ത് കഴിച്ചാൽ ആസ്മ ,ചുമ എന്നിവ ശമിക്കും .
Tags:
കുറ്റിച്ചെടി