ലോകത്ത് ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആഞ്ഞിലി ,അഥവാ അയണി . ഏകദേശം 40 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു വന്മരമാണ് ആഞ്ഞിലി . ഒരു നിത്യഹരിത വൃക്ഷമായ ആഞ്ഞിലി ഏതു കാലാവസ്ഥയിലും വളരും . എങ്കിലും നനവുള്ള ഈർപ്പമുള്ള മണ്ണാണ് അനുയോജ്യം .കൊടും തണുപ്പും , വരൾച്ചയും സഹിക്കാൻ കഴിവുള്ളൊരു വൃക്ഷമാണ് ആഞ്ഞിലി .കേരളത്തിൽ അയിണി ,അയിനിപ്പിലാവ്, ആഞ്ഞിലി എന്നീ പേരുകളിലും അറിയപ്പെടും .
ആഞ്ഞിലി | |
---|---|
Botanical name | Artocarpus hirsutus |
Synonyms | Artocarpus pubescens, Saccus hirsutus |
Family | Moraceae (Mulberry family) |
Common name | Wild Jackfruit, Wild Jack |
Malayalam | Anjili, Ayani |
Tamil | Aiyinipila ,Achini , Kattupala , Kattupala |
Telugu | Adavipanasa |
Kannada | Ajanda , Anjanu , Hebbalasu |
Gujarati | Lakucha |
Marati | Kshudra Fana |
Bengali | Bhedo , Madara |
Hindi | Bhadaraphala |
Sanskrit | Lakucha , Panasah |
നവംബർ മുതൽ മാർച്ച് വരെയാണ് പൂക്കാലം .ആൺപൂവും ,പെണ്പൂവും ഒരേ വൃക്ഷത്തിൽ വെവ്വേറെ ഉണ്ടാകുന്നു .പെൺപൂവ് വളർന്ന് ചുളയും ചകിണിയുമായി മാറുന്നു . ഇതിനെ ആഞ്ഞിലിച്ചക്ക എന്ന് പറയുന്നു .ഒരു കടച്ചക്കയുടെ വലിപ്പമേ ഇവയ്ക്കുണ്ടാകു . ആഞ്ഞിലിച്ചക്കയുടെ ഉള്ളിൽ ചക്കയുടേത് പോലെ ചെറിയ ചുളകളും കുരുക്കളും ഉണ്ടാകും .ഇവ പഴുത്തുകഴിഞ്ഞാൽ ചുളയ്ക്ക് ചുവപ്പ് കലർന്ന മഞ്ഞനിറമാണ് . ഈ ചക്ക ഭക്ഷ്യയോഗ്യമാണ് .ചക്കപ്പഴത്തിനേക്കാൾ രുചിയാണ് ഇത് കഴിക്കാൻ .ചക്കക്കുരുപോലെ ഇതിന്റെ കുരുവും ഭക്ഷ്യയോഗ്യമാണ്.കുരു വറത്തു കഴിക്കാവുന്നതാണ് . പണ്ടുകാലങ്ങളിൽ പഴുക്കാത്ത ആഞ്ഞിലിച്ചക്ക കൊണ്ട് തയാറാക്കുന്ന പുഴുക്കും ,തോരനുമൊക്കെ മലയാളിയുടെ ഇഷ്ടഭക്ഷണമായിരുന്നു .കൂടാതെ പറവകൾ ,അണ്ണാൻ ,കുരങ്ങ് തുടങ്ങിയവയുടെ ഇഷ്ട്ട ഭക്ഷണം കൂടിയാണ് പഴുത്ത ആഞ്ഞിലിച്ചക്ക .
ആഞ്ഞിലി നട്ടുവളർത്തുന്നത് തടിയുടെ ആവശ്യത്തിനാണ് . ഇതിന്റെ തടിക്ക് കാതലും വെള്ളയുമുണ്ട് . കാതലിന് വെള്ളകലർന്ന മഞ്ഞ നിറമാണ് . വെള്ള ചിതൽ തിന്നും . എന്നാൽ കാതൽ നല്ല കട്ടിത്തടിയാണ് . ഇവ വെള്ളത്തിലും വളരെക്കാലം കേടുകൂടാതെ കിടക്കും . ആഞ്ഞിലി വളരെ നീളത്തിൽ വളവുകളില്ലാതെ വളരുന്നതിനാൽ മരപ്പണിക്കും ,വിവിധതരം വള്ളങ്ങളുടെ നിർമ്മാണത്തിനും , ലോറി പോലുള്ള വാഹനങ്ങളുടെ ബോഡി നിർമ്മാണത്തിനും ആഞ്ഞിലിത്തടി ഉപയോഗിക്കുന്നു .