ഹിന്ദുമതം അനുസരിച്ച് മരണാന്തര കർമ്മങ്ങൾ
മരിച്ചുകഴിഞ്ഞാൽ മൃതദേഹമാണ് .ജീവൻ വെടിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കണം .ജീവൻ വെടിഞ്ഞ ശരീരത്തെ വെള്ളത്തുണികൊണ്ട് മൂടി ദർഭയോ ,വാഴയിലയോ വിരിച്ച് തറയിൽ കിടത്തുക .തെക്കോട്ട് മുന വരത്തക്ക വിധത്തിൽ വേണം കിടത്താൻ . ഭസ്മം കൊണ്ട് ചുറ്റും ഒരു വര വരയ്ക്കണം .
വായും കണ്ണുകളുമടച്ച് കാലിന്റെ പെരുവിരലുകൾ തമ്മിൽ നൂലുകൊണ്ട് കെട്ടണം . വായ തുറന്നിരുന്നാൽ കട്ടിയുള്ള നൂലുകൊണ്ട് വായ അടയുന്ന വിധം കെട്ടണം .ഇരുകൈകളും വയറിന്റെ മുകളിൽ വച്ച് കൈകളുടെ പെരുവിരൽ നൂലുകൊണ്ട് കെട്ടണം . തുണികൊണ്ട് കെട്ടാൻ പാടില്ല . മുഖം തുണികൊണ്ട് മറയ്ക്കാൻ പാടില്ല . ശേഷം ശവശരീരത്തിൽ അല്പം വെള്ളം തളിക്കണം .
ചില സ്ഥലങ്ങളിൽ മൃതദേഹത്തെ കുളിപ്പിക്കുന്ന ചടങ്ങുമുണ്ട് .ശേഷം നെറ്റിയിൽ ചന്ദനവും ,ഭസ്മവും തൊടണം .ചെവിയിൽ തുളസിയില ചൂടണം . ശേഷം മൃതദേഹം പുതുവസ്ത്രാദികൾകൊണ്ട് പുതപ്പിക്കണം .തലയുടെ ഭാഗത്ത് നിലവിളക്ക് കത്തിച്ചു വയ്ക്കുക . എള്ളെണ്ണ ഒഴിച്ചുവേണം നിലവിളക്ക് കത്തിക്കാൻ .കൂടാതെ ഒരു തേങ്ങാമുറി വിളക്കും , ഒരു വാഴ ഇലയിൽ ഇടങ്ങഴി നെല്ലും ,അൽപ്പം ഉണക്കലരിയും വയ്ക്കണം .
ചില സ്ഥലങ്ങളിൽ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പായി വായ്ക്കരിയിടൽ എന്ന ചടങ്ങ് നടത്താറുണ്ട് . ജീവൻ വെടിഞ്ഞ ശവശരീരം നിമിഷം തോറും ജീർണ്ണിച്ചുകൊണ്ടിരിക്കുവണ് .അതിനാൽ ശവശരീരത്തിൽ വയ്ക്കുന്ന സാധനങ്ങൾ ഒന്നുംതന്നെ ആത്മാവ് സ്വീകരിക്കുകയുമില്ല . അതുകൊണ്ടുതന്നെ വായ്ക്കരിയിടൽ എന്ന ചടങ്ങ് അനാചാരമാണ് .
ജീവൻ വെടിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കണം . ഇതിനെ അന്ത്യേഷ്ഠി എന്ന് പറയുന്നു . ഇഷ്‌ടി എന്നാൽ യാഗം എന്നർത്ഥം അന്ത്യേഷ്ഠി എന്നാൽ അവസാനയാഗകർമ്മം . ജീവൻ പോയ ശരീരം അശുദ്ധമാണ് . അതിനാൽ എല്ലാത്തിനെയും ശുദ്ധികരിക്കാൻ കഴിവുള്ള അഗ്നിക്ക് തന്നെ സമർപ്പിക്കണം .
ശ്മശാനത്തിലേക്ക് കൊണ്ടുപോകുമ്പോൾ മാത്രമേ മൃതദേഹത്തിന്റെ കാലും മുഖവും മറയ്ക്കാൻ പാടൊള്ളു .ശവമഞ്ചം പട്ടടയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ തൊട്ടുമുമ്പിൽ ഒരാൾ ഒരു മൺകുടത്തിന് മൂന്നോ ,നാലോ ദ്വാരമിട്ട് അതിൽ തീക്കനലിട്ട് കൊണ്ടുപോണം . ബന്ധുക്കൾ ശവശരീരം എടുത്തുകൊണ്ട് ചിതക്കരികിലെത്തി മൂന്ന് പ്രാവിശ്യം ചുറ്റിവരണം . ശവശരീരം ചിതയിൽ തെക്കോട്ട് തല വരുന്ന വിധം വയ്ക്കണം .
ഒരു മൺകുടത്തിൽ വെള്ളമെടുത്ത് ചിതയ്ക്ക് ചുറ്റും നടന്ന് വെള്ളം ചെറുതായി വെട്ടിവിടണം . മൂന്ന് തവണ നടന്നുകഴിഞ്ഞ് കുടം നിലത്തിട്ടഉടയ്ക്കണം . ചിതയ്ക്ക് തീ കൊളുത്തുന്നത് പുത്രൻ തന്നെയാകണം എന്ന് നിർബന്ധമില്ല .
അന്ത്യകർമ്മങ്ങൾ ബഹുമാനത്തോടെ വേണം ചെയ്യാൻ . ഭയമുള്ളവരും കരയുന്നവരും കർമ്മം ചെയ്യരുത് .മൃതദേഹം ചിതയിൽ വച്ച് വിറക് , രാമച്ചം ,ചന്ദനം എന്നിവകൊണ്ട് പൊതിയുക . കയ്യിൽ ദർഭ മോതിരം ധരിച്ചുവേണം കർമ്മങ്ങൾ ചെയ്യാൻ .
ബലിപൂവ് വെള്ളത്തിൽ മുക്കി ചിതയിൽ തളിക്കണം .അടുത്തുള്ള ബന്ധു അല്ലങ്കിൽ പ്രധാന കർമ്മിയോ ആണ് ചിതയ്ക്ക് തീകൊളുത്തുക . ശവശരീരം ഗ്രഹത്തിൽ കിടത്തിയ വാഴയിലയോ ദർഭയോ എടുത്തുകൊണ്ടുവന്ന് ചിതയിൽ ഇടണം .ഈ സമയം കാരമുൾ ചെടിയുടെ രണ്ട് ശിഖിരം കൂടി കൂടെകൊണ്ടുപോയി എല്ലാം കൂടി ചിതയിൽ ഇട്ട് നമിക്കണം .
ബലികർമ്മങ്ങൾ
സംസ്കാരശേഷം അന്നുമുതൽ ഒന്ന് എന്ന് കണക്കാക്കി ബലിയിടൽ നടത്തുന്നു . അഞ്ചാം ദിവസം സഞ്ചയനം നടത്തുന്നു .സംസ്കാരാനന്തരം പത്താം ദിവസം ബലി .പന്ത്രണ്ടാം ദിവസം സപിണ്ഡീകരണശ്രാദ്ധം . വർഷം കൂടുമ്പോൾ ആണ്ടുബലി ,വാവുബലി എന്നിവ നടത്തുന്നു .
ബലിയിടാനുള്ള സ്ഥലം ചാണകംകൊണ്ട് മെഴുകി വൃത്തിയാക്കണം . എണ്ണ തേക്കാതെ കുളിച്ച് ഈറൻ ഉടുത്തുവേണം പിണ്ഡം സമർപ്പിക്കേണ്ടത് . പുരുഷന്മാർ തെക്കോട്ടു തിരിഞ്ഞുനിന്നും , സ്ത്രീകൾ വടക്കോട്ട് തിരിഞ്ഞുനിന്നും വേണം ബലിയിടാൻ .എള്ള് ,കറുക ,ചെറൂള എന്നിവ പുരുഷന്മാരും . എള്ള് ,ചീന്തില ,തുളസി എന്നിവ സ്ത്രീകളും ഉപയോഗിക്കുക .
ബലിയിട്ട് കഴിഞ്ഞ് ബലിക്കാക്ക ചോർ കഴിച്ചതിനു ശേഷമേ ബലിയിട്ട ആൾ ഭക്ഷണം കഴിക്കാവൂ . കാക്കയുടെ രൂപത്തിൽ പിതൃക്കൾ ബലിച്ചോർ ഉണ്ണാൻ വരുമെന്നാണ് വിശ്വാസം . കാക്കയല്ലാതെ മറ്റൊരു പക്ഷിവന്നാലും അവയെ ഓടിക്കരുത് . പിണ്ഡം ഏത് പക്ഷികൾക്കും കൊടുക്കാം . ബലിച്ചോറിന് അരിയുണ്ട ,പാൽപ്പായസം , കട്ടിപ്പായസം എന്നിവ ഉപയോഗിക്കാം . ബലിച്ചോർ കാക്ക എടുത്തില്ലെങ്കിൽ പശുവിനു കൊടുക്കുകയോ ,ജലത്തിൽ ഒഴുക്കുകയോ ,കുഴിച്ചുമൂടുകയോ ചെയ്യാം .
അസ്ഥിസഞ്ചയനം
ശവസംസ്‌കാരം നടന്ന് അഞ്ചാം നാൾ സഞ്ചയനം നടത്തുന്നു . ചില സ്ഥലങ്ങളിൽ ഏഴാംനാളും ഒൻപതാം നാളും നടത്താറുണ്ട് .മരണശേഷം പ്രാണൻ പതിനൊന്ന് ദിവസം വരെ ആ പരിസരത്ത് കാണുമെന്ന് വിശ്വസിക്കുന്നു .
അസ്ഥിസഞ്ചയനത്തോടെ ദേഹമില്ലാതെ അലയുന്ന പ്രാണൻ ഒരു ദേഹം തേടുന്നു .അതിനുള്ള പരിഹാരമാണ് പത്തുദിവസം ഉദകക്രീയ ചെയ്യുന്നത് .വെള്ളിയാഴ്ചയും ,ചൊവ്വാഴ്ചയും സഞ്ചയനം നടത്താൻ പാടില്ല .കരിനാൾ ദിവസങ്ങളിൽ സഞ്ചയനം നടത്താൻ പാടില്ല .
പുണർതം ,വിശാഖം ,ചിത്തിര ,രേവതി ,കേട്ട ,അവിട്ടം ,രോഹിണി ,ഉത്രം ,തിരുവോണം എന്നിവ കരിനാൾനക്ഷത്രങ്ങളാണ് .അതുപോലെ പിണ്ഡകർത്താവിന്റെ നക്ഷത്രവും അനുജന്മ നക്ഷത്രങ്ങളും പാടില്ല . അശ്വതി ,ഭരണി ,തിരുവാതിര ,പൂയം, ആയില്യം ,മകം ,പൂരം ,അത്തം ,ചോതി ,അനിഴം ,പൂരാടം ,ചതയം ,ഉതൃട്ടാതി എന്നിവയാണ് സഞ്ചയനത്തിന് ഉത്തമമായ നക്ഷത്രങ്ങൾ .
അസ്ഥിസഞ്ചയനം ഓരോ സ്ഥലങ്ങളിലും പലവിധമാണ് . കൈകൾ തൊടാതെ അസ്ഥികൾ മൺകുടത്തിൽ ശേഖരിക്കുന്നു . ചില സ്ഥലത്ത് അസ്ഥികൾ പെറുക്കാൻ ചമതകമ്പുകൾ ഉപയോഗിക്കുന്നു . ചില സ്ഥലങ്ങളിൽ കവുങ്ങിൻ പൂക്കുലയുടെ പുറത്തുള്ള കട്ടിയുള്ള കൊതുമ്പ് ഉപയോഗിക്കുന്നു .
ഗോമൂത്രത്തിലും ,കരിക്കിൻവെള്ളത്തിലും ,പനിനീരിലും ശുദ്ധിചെയ്യുന്നു . ശേഷം മൺകുടം വായ് മൂടിക്കെട്ടി പ്ലാവിൻ ചുവട്ടിൽ കുഴിച്ചിടുന്നു . ഇത് 14 ദിവസം അല്ലങ്കിൽ 41 ദിവസിതിനകം ഏതെങ്കിലും പുണ്ണ്യസ്ഥലങ്ങളിൽ കൊണ്ടുപോയി ഒഴുക്കുന്നു .
ശരീരം ദഹിപ്പിച്ച കുഴിമാടത്തിൽ ഏതെങ്കിലും നവധാന്യം വിതയ്ക്കുന്നു . ചില സ്ഥലങ്ങളിൽ തെങ്ങിൻ തൈകൾ വയ്ക്കുന്നു .ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽ അവിടത്തെ നെഗറ്റീവ് എനർജി ഇല്ലാതാകും എന്നാണ് വിശ്വാസം .
പുലകുളി
ഒരാൾ മരണപ്പെട്ടാൽ അയാളുടെ ബന്ധുക്കൾക്കുണ്ടാകുന്ന അശുദ്ധിയാണ് പുല അഥവാ ആശൗചം .മരിച്ച ആളുടെ എട്ടുതലമുറവരെ പുലയുണ്ട് .പുലയുടെ അശുദ്ധി മാറ്റാനാണ് പുലകുളി നടത്തുന്നത് .
സമുതായിക വിത്യാസം അനുസരിച്ച് 10 ,12 ,15 ,16 എന്നീ ദിവസങ്ങളായി പുല ആചരിക്കുന്നു .പുലയുള്ള കാലം ക്ഷേത്രദർശനം പാടില്ല. .മരണപ്പെട്ട ആളിന്റെ പ്രായമനുസരിച്ച് വ്യത്യാസമുണ്ട് . പല്ലുമുളയ്ക്കാത്ത ശിശു മരിച്ചാൽ കുളിക്കുന്നത് വരെയാണ് പുല .
ഒരു വയസിനകത്തുള്ള കുട്ടികൾ മരണപ്പെട്ടാൽ ഒരു രാത്രി കഴിയുന്നത് വരെയാണ് പുല . 16 വയസുള്ള ആൺകുട്ടിയോ ,ഋതു ആകാത്ത പെണ്കുട്ടിയോ മരിച്ചാൽ മൂന്ന് രാത്രി കഴിയുന്നത് വരെയാണ് പുല .അതിനുമുകളിൽ പ്രായമുള്ള ആളുകൾ മരണപ്പെട്ടാൽ 10 ദിവസമാണ് പുല .
പുലയുടെ കാലം ബ്രാഹ്മണർക്ക് പത്തും ,ക്ഷത്രിയർക്ക് പന്ത്രണ്ടും ,വൈശ്യർക്കും ,ശൂദ്രർക്കും പതിനഞ്ചു ദിവസവുമാണ് . മുറ്റത്ത് നിരന്ന് നിൽക്കുകയോ ,ഇരിക്കുകയോ ചെയുന്ന ബന്ധുക്കളുടെ ദേഹത്ത് കർമ്മി പുണ്ണ്യ ജലം തളിക്കുന്നു .ശേഷം ബന്ധുക്കൾ ഒരുമിച്ച് കുളിച്ച് പുതുവസ്ത്രങ്ങൾ അണിയുന്നു .അതോടെ അശുദ്ധി മാറുമെന്ന് വിശ്വസിക്കുന്നു . ഇതോടെ ബന്ധുക്കളെല്ലാരും ഒരുമിച്ച് ആഹാരം കഴിച്ചു പിരിയുന്നു .ഇതിനെ പുലകുളിയെന്നും ,പുലകുളിഅടിയന്തിരം എന്നും പറയുന്നു .
പുലയുള്ളപ്പോൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
പുലയുള്ളപ്പോൾ ക്ഷേത്ര ദർശനം , ദേവപൂജ , ജപം , സന്ധ്യവന്ദനം ,വ്രതാചാരങ്ങൾ ,ദാനം കൊടുക്കൽ ,മദ്യപാനം ,മത്സ്യമാംസഭോജനം ,ഒരാളെ സ്വീകരിക്കുക , ആശീർവദിക്കുക ,മറ്റൊരാളെ ആലിംഗനം ചെയ്യുക തുടങ്ങിയവ പാടില്ല . ഒരാൾ മരണപ്പെട്ടാൽ 15 ദിവസത്തെ മരണാന്തര കർമ്മങ്ങൾക്ക് ശേഷം പതിനാറാം ദിവസം പിണ്ഡം വച്ച് പതിനേഴാം നാൾ പിതൃവിനെ സ്വർഗ്ഗത്തിൽ അയച്ച ശേഷം കുളിച്ചു ശുദ്ധമായി ക്ഷേത്ര ദർശനം നടത്താം .
സംസ്‌കരസ്ഥലം
വീട് സ്ഥിതിചെയ്യുന്ന ഭൂമിയുടെ ഒന്നു പകുതി തെക്കുഭാഗം ഉത്തമം . വീടിന്റെ കോടിഭാഗം ഒഴിവാക്കുക . വടക്ക് ഭാഗം മദ്ധ്യമം .കിഴക്കും പടിഞ്ഞാറും അധമം .വീടിന് അടുത്തുള്ള ഭാഗങ്ങളിലെ ഈ നിബന്ധനകൾ ഒള്ളു .
മരണാസന്നകാലം
മരണ സമയത്ത് ഭാഗവതം വായിച്ചു കേൾപ്പിക്കുകയാണ് ഉത്തമം .കൂടാതെ വിഷ്ണുസഹസ്രനാമം , രാമായണം ,ഭഗവത്ഗീത ,നാരായണീയം എന്നിവ ചൊല്ലുന്നതും നല്ലതാണ് .പഞ്ചഭൂതങ്ങളായ ആകാശം ,വായു ,അഗ്നി ,ജലം ,ഭൂമി എന്നിവയാലാണ് മനുഷ്യശരീരം നിർമ്മിതമായിരിക്കുന്നത് . ജനിച്ചാൽ മരണം ഉറപ്പാണ് . പുനർജനി തേടിയുള്ള യാത്രയാണ് മനുഷ്യന്റേത് . ആത്മാവിന് സ്ഥിരമായി ഭാവമുണ്ട് .വീണ്ടും ജനനമുണ്ടാകും , ജീവിതത്തിൽ സത്യസന്ധതയോടെ നേരായ വഴിയിലൂടെ ജീവിതം പുലർത്തിയവർക്ക് ഉറപ്പായും വീണ്ടും പുനർജന്മം ഉണ്ടാകും .