വനങ്ങളിലും അർദ്ധഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വന്മരമാണ് ആവിൽ അഥവാ ആവൽ , മലയാളത്തിൽ ഞെട്ടാവൽ ,ഞെട്ടാവിൽ ,ചിരിവില്വം ചിരുവില്വം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു . ഇന്ത്യൻ എൽമ് , ജംഗിൾ കോർക്ക് ട്രീ എന്നീ പേരുകളിൽ ഇംഗ്ലീഷിൽ അറിയപ്പെടുന്നു . ശാസ്ത്രീയനാമം ഹോളോപ്‌ടെലിയ ഇൻ്റഗ്രിഫോളിയ എന്നാണ് . അൾമേസി കുടുബത്തിൽ പെടുന്നതാണ് ഈ വൃക്ഷം .
ആവൽ വിവിധ ഭാഷകളിലെ പേരുകൾ .
Common name : Indian Elm , Entire-leaved elm tree , Jungle cork tree , South Indian elm tree . Malayalam : Aavel , Aavil , Avelkurunnu , Njettaval , Njetavil , Cherivilvam , Chiruvlvam . Hindi : Chilbil, Kanju , Papri . Tamil : Tambachi , Tapasi mara , Aavimaram . Telugu ; Nemali nara, Nali . Kannada : Tapasi, Tapasi Mara, Tavasi, Nilavahi, Raahubeeja . Bengali : Nata karanja . Gujarati : Charal , Charel . Sanskrit : Chirivilva . Botanical name : Holoptelea integrifolia . Synonyms : Ulmus integrifolia . Family: Ulmaceae (Elm family) .
ആവൽ മരം കാണപ്പെടുന്ന സ്ഥലങ്ങൾ .
ദക്ഷിണേന്ത്യൻ മലകളിലും , വനങ്ങളിലും ആവൽ മരം സാധാരണയായി കാണപ്പെടുന്നു .കേരളത്തിൽ പശ്ചിമഘട്ടത്തിലെ ഇലപൊഴിയും വനങ്ങളിലും അർദ്ധഹരിത വനങ്ങളിലും ആവൽ മരം കാണപ്പെടുന്നു . ഇന്ത്യ കൂടാതെ മലേഷ്യ ,നേപ്പാൾ ,വിയറ്റ്നാം , മ്യാന്മാർ എന്നിവിടങ്ങളിലും ആവൽ മരം കാണപ്പെടുന്നു .
ആവൽ മരത്തിന്റെ പ്രത്യേകതകൾ .
ഏകദേശം 18 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആവൽ . ഞെരുടിയാൽ ദുർഗന്ധമുണ്ടാകുന്ന ഇവയുടെ ഇലകളും .ചെറിയ ശൽക്കങ്ങളായി അടർന്നു വീഴുന്ന പരുപരുത്ത മരത്തിന്റെ തൊലിയും ഈ വൃക്ഷത്തിന്റെ പ്രത്യേകതകളാണ് .ആവലിന്റെ ഇലകൾ ലഘു പത്രങ്ങളാണ് .ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ദീർഘവൃത്താകൃതിയും അറ്റം കൂർത്തിരിക്കുകയും ചെയ്യും . 9 -12 സെ.മി നീളവും 4 സെ.മി വീതിയും ഉണ്ടാകും .
ഒരു ഇലപൊഴിക്കും വൃക്ഷമാണ് ആവൽ .മഞ്ഞുകാലം മുതൽ വേനൽക്കാലം വരെ നീളുന്നതാണ് ഇവയുടെ ഇലപൊഴിക്കും കാലം . ജനുവരി ,ഫെബ്രുവരിയാണ് ഇവയുടെ പൂക്കാലം . പൂക്കൾ കുലകളായി കാണപ്പെടുന്നു . ഇവയുടെ വിതുകൾക്ക് പച്ചകലർന്ന ചുവപ്പ് നിറമാണ് . വിത്തുകൾ പരന്നാണ് ഇരിക്കുന്നത് .ഏപ്രിൽ ,മെയ് മാസങ്ങളിൽ വിത്തുകൾ വിളയുന്നു . കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് . ഉണങ്ങിയ കായകൾ ഭക്ഷ്യയോഗ്യമാണ് .
ആവൽ മരത്തിന്റെ ഉപയോഗങ്ങൾ .
ആവൽ മരത്തിന്റെ കാതലില്ലാത്ത തടിയാണ് . തടിക്ക് ഉറപ്പും ബലവും ഉണ്ട് . പക്ഷെ ഈട് കുറവാണ് . മാത്രമല്ല പൊട്ടിപോകുകയും ചെയ്യും .അതിനാൽ തന്നെ വീട്ടുപകരണങ്ങൾ ഒന്നും തന്നെ നിർമ്മിക്കാൻ കൊള്ളില്ല .തീപ്പട്ടി ,പായ്ക്കിങ് പെട്ടികൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ആവൽ മരത്തിന്റെ തടി ഉപയോഗിക്കുന്നു .കൂടാതെ ഔഷധങ്ങൾക്ക് വേണ്ടി ആവൽ ഉപയോഗിക്കുന്നു .
ആവൽ മരത്തിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ .
ആവൽ മരത്തിന്റെ തൊലിയിൽ ലിഗ്നിൻ, പെന്റോസാൻ , ഫ്രീഡെലിൻ ,ഫ്രീഡെലാൻ , ഗ്ലുട്ടാമിക് അമ്ലം എന്നിവ അടങ്ങിയിരിക്കുന്നു . ഇതിന്റെ വിത്തിൽ മഞ്ഞ നിറത്തിലുള്ള എണ്ണയും ഗ്ലുട്ടാമിക് അമ്ലവും അടങ്ങിയിരിക്കുന്നു .ഇലയിൽ പ്രോട്ടീൻ ,കാർബോഹൈഡ്രേറ്റ് ,ഫോസ്ഫറസ് ,ജീവകം എന്നിവയും അടങ്ങിയിരിക്കുന്നു .
രസാദിഗുണങ്ങൾ :
രസം : തിക്തം ,കഷായം . ഗുണം : ലഘു , രൂക്ഷം . വീര്യം : ഉഷ്ണം . വിപാകം : കടു .
ആവൽ മരത്തിന്റെ ഔഷധയോഗ്യമായ ഭാഗം .
മരത്തിന്റെ തൊലി ,തളിരില ,വേരിന്മേൽ തൊലി എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .
ഏതൊക്കെ രോഗങ്ങൾക്ക് ആവൽ ഔഷധമായി ഉപയോഗിക്കുന്നു .
ആമവാതം ,സന്ധിവാതം ,തലമുടി വട്ടത്തിൽ കൊഴിച്ചിൽ ,അർശസ്സ് , ദുർമേദസ് , ചർമ്മരോഗങ്ങൾ , കുഷ്ടം , രക്തശുദ്ധി തുടങ്ങിയവയ്ക്ക് ആവൽ ഔഷധമായി ഉപയോഗിക്കുന്നു . ചിരുവില്വാദി കഷായം . ഇന്ദുകാന്തഘൃതം ,അയസ്കൃതി , വലിയ പഞ്ചാഗവൃഘൃതം ,ഗന്ധർവ്വഹസ്താദി കഷായം എന്നീ ആയുർവേദ മരുന്നുകളിൽ ആവൽ മരത്തിന്റെ തൊലി ഒരു പ്രധാന ചേരുവയാണ് .
ചിരുവില്വാദി കഷായം : അർശസ്സ് ,ഫിസ്റ്റുല തുടങ്ങിയവയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നാണ് ചിരുവില്വാദി കഷായം. ഗുളിക രൂപത്തിലും ഈ മരുന്ന് ലഭ്യമാണ് .
ഇന്ദുകാന്തഘൃതം: വിട്ടുമാറാത്ത പനി , ഉദരരോഗങ്ങൾ , എന്നിവയുടെ ചികിത്സയ്ക്കാണ് ഇന്ദുകാന്തഘൃതം പ്രധാനമായും ഉപയോഗിക്കുന്നത് . കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് എല്ലാ രോഗങ്ങളിൽനിന്നും മുക്തി നേടാനും ഇന്ദുകാന്തഘൃതം ഉപയോഗിക്കുന്നു .
അയസ്കൃതി : പ്രമേഹവും അനുബന്ധരോഗങ്ങൾക്കും അയസ്കൃതി ഉപയോഗിക്കുന്നു .
ഗന്ധർവ്വഹസ്താദി കഷായം : വാതരോഗങ്ങൾ ,നടുവേദന , ദഹനക്കേട് ,വയറ് വീർപ്പ് , മലബന്ധം ,വിശപ്പില്ലായ്മ , വയറുവേദന തുടങ്ങിയവയ്‌ക്കൊക്കെ ഗന്ധർവ്വഹസ്താദി കഷായം വളരെ ഫലപ്രദമാണ് .
പഞ്ചാഗവൃഘൃതം : മഞ്ഞപിത്തം മറ്റ് കരൾ രോഗങ്ങൾ . മാനസിക രോഗങ്ങൾ ,അപസ്മാരം തുടങ്ങിയവയ്ക്ക് പഞ്ചാഗവൃഘൃതം ഉപയോഗിക്കുന്നു .
ചില ഔഷധപ്രയോഗങ്ങൾ .
മുടി വട്ടത്തിൽ കൊഴിച്ചിൽ: ആവലിന്റെ തളിരില അരച്ച് മുടി വട്ടത്തിൽ കൊഴിയുന്ന ഭാഗത്ത് പതിവായി പുരട്ടിയാൽ മുടി വട്ടത്തിൽ കൊഴിച്ചിൽ അഥവാ ഇന്ദ്രലുപ്തം എന്ന രോഗം ശമിക്കും .
ആമവാതം ,സന്ധിവാതം : ആവലിന്റെ തൊലി പച്ചയ്ക്ക് അരച്ച് ചൂടാക്കി പുറമെ പുരട്ടിയാൽ ആമവാതം ,സന്ധിവാതം എന്നിവ മൂലം സന്ധികളിലുണ്ടാകുന്ന നീരും ,വേദനയും ശമിക്കും .
പാദഹർഷം : ആവലിന്റെ തടികൊണ്ട് മെതിയടി (ചെരുപ്പ് ) ഉണ്ടാക്കി ധരിച്ചാൽ പാദഹർഷം എന്ന രോഗം ശമിക്കും . ഉപ്പൂറ്റി വേദന , ഉപ്പൂറ്റി തറയിൽ കുത്താൻ പറ്റാതെ വരിക , കാൽ തരിപ്പ് , കാൽ മരവിപ്പ് ,കുതികാൽ വേദന തുടങ്ങിയ അവസ്ഥകൾക്ക് പാദഹർഷം എന്ന് പറയുന്നു . ഇത് ഒരു വാതരോഗമാണ് .