ജലാശയങ്ങളിലും മറ്റും കാണപ്പെടുന്ന ഒരു സസ്യമാണ് ആണ്ടവാഴ . മലയാളത്തിൽ ,നീർകൂവ ,കിണർകൂവ തുടങ്ങിയ പേരുകളിലും അറിയപ്പെടും .
ശാസ്ത്രീയനാമം : Lagenandra toxicaria
കുടുംബം : Aracea
പണ്ടുകാലങ്ങളിൽ ജലാശയങ്ങളിലും മറ്റും ധാരാളമായി കണ്ടിരുന്ന ഒരു സസ്യമാണ് ആണ്ടവാഴ. എന്നാൽ ഇന്ന് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സസ്യം കൂടിയാണ് . ഈ ചെടിക്ക് വെള്ളം ശുദ്ധികരിക്കാനുള്ള കഴിവുണ്ട് . അതിനാൽ തന്നെ പണ്ടുള്ളവർ ഈ സസ്യത്തെ കിണറ്റിൽ വളർത്തിയിരുന്നു . കിണർ വെള്ളത്തിലെ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം തടയാൻ ആണ്ടവാഴയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .
സെപ്റ്റിക് ടാങ്കുകളിലെ വിസർജ്യത്തിൽ നിന്നുമാണ് കിണറുകളിൽ കോളിഫോം ബാക്ടീരിയ വ്യാപിക്കുന്നത് . ഈ ബാക്ടീരിയ വയറിളക്കം ,അപ്പെൻഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു . അതിനാൽ തന്നെ കിണറ്റിൽ ഈ സസ്യത്തെ വളർത്തിയാൽ ഇത്തരം ബാക്ടീരിയകളെ നശിപ്പിച്ച് കിണർവെള്ളം ശുദ്ധമാക്കുന്നു . കൂടാതെ നീർകൂവയുടെ കാണ്ഡത്തിലെ നീരിന് ചിലതരം ഫംഗസുകളുടെ വളർച്ചയെ തടയാനും കഴിവുണ്ടാണ് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് .
കിണർവെള്ളം മാത്രമല്ല തോടുകളിലെ വെള്ളവും ശുദ്ധിയാക്കാനുള്ള കഴിവ് ഈ സസ്യത്തിനുണ്ട് . പണ്ടുകാലങ്ങളിൽ പുഴക്കരയിൽ ഈ സസ്യം ധാരാളമായി വളർന്നിരുന്നു . ഇവയ്ക്ക് വെള്ളത്തിലെ കാഡ്മിയം എന്ന ഘനലോഹത്തെ വലിച്ചെടുത്ത് വെള്ളത്തെ ശുദ്ധികരിക്കാനുള്ള കഴിവുണ്ട് . കാഡ്മിയം നമ്മുടെ കിഡ്നിക്ക് ദോഷമാണ് . ഇങ്ങനെ ശുദ്ധികരിക്കപ്പെടുന്ന വെള്ളമാണ് നമ്മുടെ കിണറുകളിൽ എത്തേണ്ടത് . കൂടാതെ ഇവയ്ക്ക് ചില ഔഷധഗുണങ്ങളുമുണ്ട് . വൃക്കസംബന്ധമായ രോഗങ്ങൾ , ഹൃദയസംബന്ധമായ രോഗങ്ങൾ . മുറിവ് , ചർമ്മരോഗംങ്ങൾ ,തുടങ്ങിയവയ്ക്ക് ഇവയുടെ കാണ്ഡം ഔഷധമായി ഉപയോഗിക്കുന്നു .
Tags:
ജലസസ്യം