അരണമരം
ഇന്ത്യയിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും കാണപ്പെടുന്ന ഒരു വൃക്ഷമാണ് അരണമരം .ഇതിനെ അശോകം ,അരണ ,ഹേമപുഷ്പം ,വഞ്ചോലം , വിള്ളമരം തുടങ്ങിയ പേരുകളിലും കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നു .ഇതിന്റെ ശാസ്ത്രീയനാമം Polyalthia longifolia എന്നാണ് . ഇംഗ്ലീഷിൽ Ashok, False Ashok, Mast Tree എന്ന പേരുകളിൽ അറിയപ്പെടുന്നു .ഈ വൃക്ഷത്തിന്റെ ജന്മദേശം ഇന്ത്യയാണ് .
കേരളത്തിലും ധാരാളമായി അരണമരം കാണപ്പെടുന്നു .ഈ വൃക്ഷത്തിന് നല്ല ഉയരവും പിരമിഡിന്റെ ആകൃതിയും ഇലകൾക്ക് നല്ല പച്ചനിറവുമാണ് .കുറഞ്ഞ ശാഖകളിൽ തിങ്ങി നിറഞ്ഞ് ഇലകളുള്ളതിനാൽ ഈ വൃക്ഷത്തിന്റെ തടി പലപ്പോഴും കാണാൻ സാധിക്കുകയില്ല .ഏകദേശം 40 മീറ്റർ ഉയരത്തിൽ വരെ ഈ വൃക്ഷം വളരാറുണ്ട് .
ഉയരത്തിന് അനുസരിച്ച് അരണമരത്തിന്റെ തടിക്ക് വണ്ണമുണ്ടാകില്ല .മിനുസമാർന്ന പ്രതലമുള്ള തടിക്ക് ചാരനിറം കലർന്ന തവിട്ടു നിറമാണ് . ഈ വൃക്ഷത്തിന് വളരാൻ ജലാംശം തീരെ കുറഞ്ഞ അളവിൽ മതിയാകും .ഫെബ്രുവരി ,ഏപ്രിൽ മാസങ്ങളിലാണ് അരണമരം പൂക്കുന്നത് .ചെത്തിപ്പൂവിന്റെ ആകൃതിയുള്ള ഇവയുടെ പൂക്കൾക്ക് നരച്ച പച്ച നിറമായിരിക്കും .ഇവയുടെ കായകൾ പച്ചനിറത്തിൽ കൂട്ടമായി കാണപ്പെടുന്നു .
ജൂൺ ,ജൂലൈയിൽ അരണമരത്തിന്റെ കായകൾ വിളയുന്നു .ഇവ മൂക്കുമ്പോൾ കറുത്ത നിറത്തിലാകുന്നു .ഈ കായകൾ വവ്വാലുകളുടെ ഇഷ്‌ട്ട ഭക്ഷണമാണ് . അരണമരത്തിന്റെ തടിക്ക് ഈടും ബലവും കുറവാണ് . അതിനാൽ തന്നെ തടികൊണ്ട് മറ്റ് പ്രയോജനങ്ങൾ ഒന്നും തന്നെയില്ല .അലങ്കാര വൃക്ഷമാണ് നടപ്പാതകൾക്ക് ഇരുവശവും നട്ടുവളർത്താൻ വളരെ അനുയോജ്യമാണ് .
അരണമരത്തിന്റെ ഔഷധഗുണങ്ങൾ .
ഔഷധഗുണമുള്ളൊരു വൃക്ഷമാണ് അരണമരം. പരമ്പരാഗത വൈദ്യത്തിൽ ഇതിന്റെ തൊലിയും ,കായകളും ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .പനി ,കുഷ്ടം ,മറ്റ് ത്വക്ക് രോഗങ്ങൾ ,രക്തസമ്മർദ്ദം ,പ്രമേഹം ,വാതരോഗങ്ങൾ ,തേൾവിഷം , വായിലെ അൾസർ തുടങ്ങിയവയ്ക്ക് അരണമരത്തിന്റെ തൊലിയും ,കായും ഔഷധമായി ഉപയോഗിക്കുന്നു .
Botanical name : Polyalthia longifolia
Synonyms : Monoon longifolium, Unona longifolia, Uvaria longifolia
Family : Annonaceae (Sugar apple family)
Common name : False Ashok, Mast Tree , Ashok
Malayalam : Aranamaram , Arana , Villamaram . Vnacholam
Hindi : Ashok
Tamil : Vansulam
Telugu : Devdaru
Kannada : Ubbina
Marathi : Devdar
Sanskrit : Putrajiva
Tags:
വൃക്ഷം