കശ്മീർ മുതൽ ഭൂട്ടാൻ വരെയുള്ള ഹിമാലയ പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഒരു ഔഷധസസ്യമാണ് പാഷാണഭേതി . ഇതിനെ ആലില കല്ലൂർവഞ്ചി എന്നും മലയാളത്തിൽ പേര് പറയാറുണ്ട് .
Botanical name: Bergenia pacumbis .
Family : Saxifragaceae (Saxifrage family).
Synonyms : Bergenia himalaica , Bergenia ligulata , Bergenia ciliata
രൂപവിവരണം .
30 സെമി ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ സസ്യമാണ് പാഷാണഭേതി . ഇലകൾ അണ്ഡാകൃതിയിലോ ,വൃത്താകൃതിയിലോ കാണപ്പെടുന്നു .ഇലയുടെ ഉപരിതലം പച്ചനിറമാണെങ്കിലും അടിവശം ഇളം ചുവപ്പുനിറമാണ് .ഒരു ചെടിയിൽ പല വലുപ്പത്തിലുള്ള 5 -6 ഇലകൾ കാണും .വെള്ള ,നീല ,ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പ്പങ്ങൾ ഈ സസ്യത്തിൽ കണ്ടുവരുന്നു .ഈ സസ്യത്തിന്റെ ചുവട്ടിൽ അനേകം ചെറിയ വേരുകൾ കാണപ്പെടുന്നു .വേരുകൾക്ക് ചുവപ്പ് നിറമാണ് .
പാഷാണഭേതി ഉപയോഗം .
മൂത്രമാർഗങ്ങളായ ,വസ്തി ,ഗവീനി ,വൃക്കകൾ എന്നിവിടങ്ങളിൽ കല്ലുകളുണ്ടായി മൂത്രതടസ്സമുണ്ടാകുന്ന രോഗമാണ് മൂത്രത്തിൽ കല്ല് .ഈ കല്ലിനെ ദ്രവിപ്പിച്ച് കളഞ്ഞ് മൂത്രമൊഴുക്കിനെ സുഗമമാക്കുന്ന ഔഷധത്തെയാണ് പാഷാണഭേതി എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് . ഹിമാലയ കമ്പിനിയുടെ മൂത്രത്തിൽ കല്ലിനുള്ള മരുന്നായ Systone (സിസ്റ്റോൺ ) എന്ന ഔഷധത്തിലെ പ്രധാന ചേരുവ പാഷാണഭേതി എന്ന ഔഷധസസ്യത്തിന്റെ വേരാണ് .
എന്നാൽ കേരളത്തിൽ ഈ സസ്യം കാണപ്പെടുന്നില്ല .അതിനാൽ ഇത്തരത്തിൽ കല്ലിനെ ദ്രവിപ്പിക്കുന്നതും , കല്ലിനോട് ചേർന്നുവളരുന്നതുമായ പല സസ്യങ്ങളെയും പാഷാണഭേതിയായി ഉപയോഗിക്കാൻ തുടങ്ങി . കേരളത്തിൽ Rotula aquatica ശാസ്ത്രനാമത്തിലുള്ള സസ്യത്തെയാണ് പാഷാണഭേതി അഥവാ കല്ലൂർവഞ്ചിയായി ഉപയോഗിക്കുന്നത് . ഇതിനെ കല്ലൂർവഞ്ചി , ആറ്റു കല്ലൂർവഞ്ചി എന്ന പേരുകളിൽ അറിയപ്പെടുന്നു .എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ Bergenia ligulata എന്ന സസ്യം പാഷാണഭേതിയായി ഉപയോഗിക്കുന്നു .
പാഷാണഭേതി വിവിധ ഭാഷകളിലെ പേരുകൾ .
Common name : Chinese Bergenia, Chinese elephant's ears . Malayalam : Paashaanabhedi , Alila kallurvanchi . Tamil : Ceppunerinji . Hindi : Pashanbheda . Sanskrit : Pashaanbheda , Silabheda, Pakhanabhede , Pakhanabheda .
രാസഘടകങ്ങൾ .
പാഷാണഭേതിയുടെ വേരിൽ ഗാലിക് അമ്ലം ,ടാനിക് അമ്ലം ,ഗ്ലുക്കോസ് , മെഴുക് , അഫ്സെലാക്റ്റിൻ , സാക്സിൻ മുതലായ അടങ്ങിയിരിക്കുന്നു .
രസാദിഗുണങ്ങൾ .
രസം : കഷായം , തിക്തം .
ഗുണം : ലഘു, സ്നിഗ്ദം , തീക്ഷ്ണം.
വീര്യം : സീതം.
വിപാകം : കടു .
പ്രഭാവം : അശ്മരീഭേദനം
പാഷാണഭേതിയുടെ ഔഷധഗുണങ്ങൾ .
മൂത്രത്തിൽ കല്ല് അലിയിച്ചു കളയാനുള്ള കഴിവുണ്ട് . കൂടാതെ നേത്രരോഗം , വിഷം , ശ്വാസകോശരോഗങ്ങൾ , മുറിവ് , പനി ,ചുമ ,ഹൃദ്രോഗം .ലൈംഗീക തകരാറുകൾ തുടങ്ങിയവയുടെ ചികിത്സയ്ക്കും പാഷാണഭേതി ഔഷധമായി ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗം : വേര്
ചില ഔഷധപ്രയോഗങ്ങൾ .
മൂത്രത്തിൽ കല്ല് മാറാൻ :
പാഷാണഭേതിയുടെ വേര് കഷായം വച്ച് പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും . 25 ഗ്രാം വേര് കൊത്തി നുറുക്കി 200 മില്ലി വെള്ളത്തിൽ തിളപ്പിച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം ദിവസം 2 നേരം വീതം രാവിലെയും വൈകിട്ടും പതിവായിട്ടാണ് കഴിക്കേണ്ടത് .കൂടാതെ നേത്രസംബന്ധമായ രോഗങ്ങൾക്കും ,ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും ,ശരീരത്തിലെ വിഷാംശം പുറം തള്ളാനും ഇങ്ങനെ കഴിക്കുന്നത് വളരെ ഫലപ്രദമാണ് .
പാഷാണഭേതിയുടെ വേര് , ആറ്റുവഞ്ചി വേര് ,മുതിര ,ഞെരിഞ്ഞിൽ എന്നിവ തുല്യ അളവിൽ പൊടിച്ച് 2 ഗ്രാം വീതം ദിവസം 3 നേരം കുറച്ചുനാൾ പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
കേരളത്തിൽ ഉപയോഗിക്കുന്ന കല്ലൂർവഞ്ചി
Botanical name : Rotula aquatica
Family : Boraginaceae (Forget-me-not family)
Synonyms : Carmona viminea, Ehretia viminea, Rhabdia viminea
ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് കല്ലൂർവഞ്ചി . ചെറിയ ശാഖകളുള്ള ഒരു കുറ്റിച്ചെടി .ചെറിയ ഇലകളാണ് ഇവയുടേത് .വെള്ള ,നീല ,ചുവപ്പ് എന്നീ നിറങ്ങളിലുള്ള പൂക്കൾ ഇവയിലുണ്ടാകുന്നു . പൂക്കൾ ചെറുതും ശാഖകളുടെ അറ്റത്ത് കുലകളായി ഉണ്ടാകുകയും ചെയ്യുന്നു . ഇതിലുണ്ടാകുന്ന പഴം വൃത്താകൃതിയിലും മാംസളമായതുമാണ് . ഒരു പഴത്തിൽ 4 വിത്തുകൾ വരെ കാണും .
ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം .നദീതീരത്തെ പാറയിടുക്കുകളിലാണ് ഈ സസ്യം വളരുന്നത് . കല്ലാറിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .നല്ല സൂര്യപ്രകാശവും ,എക്കലും ,പാറകളും നിറഞ്ഞ നദീതീരങ്ങളിൽ കല്ലൂർവഞ്ചി ധാരാളമായി വളരുന്നു . മണ്ണൊലിപ്പ് തടയാൻ കഴിവുള്ള ഒരു സസ്യമാണ് ഇത് . ആറ്റിലെ പാറകൾക്കിടയിലും ,എക്കലുകളിലും ആഴത്തിൽ വേരോടിച്ചാണ് ഇവയുടെ വളർച്ച .
Rotula aquatica വിവിധ ഭാഷകളിലെ പേരുകൾ .
Common name : Aquatic Rotula
Malayalam : kallurvanchi
Tamil : Ceppunerinji
Hindi : Pashanabhed
Marathi : Machim
Telugu : Pashanabhedi
Kannada : Paashaanabheda
Sanskrit : Ashmahabhedah, Mutrala , Pashanabheda
കല്ലൂർവഞ്ചിയുടെ ഔഷധഗുണങ്ങൾ .
മൂത്രത്തിൽ കല്ല് ,മൂത്രത്തിൽ പഴുപ്പ് ,മൂത്രചുടിച്ചിൽ , അസ്ഥിസ്രാവം എന്നിവയ്‌ക്കെല്ലാം കല്ലൂർവഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .
കല്ലൂർവഞ്ചിയുടെ കൊത്തിനുറുക്കിയ വേര് ഒരു പിടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്ററാക്കി വറ്റിച്ച് 1 ഗ്ലാസ് വീതം ദിവസം 3 നേരം വീതം 2 ആഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .മാത്രമല്ല മൂത്രത്തിൽ പഴുപ്പ് ,മൂത്രചുടിച്ചിൽ എന്നിവയ്‌ക്കെല്ലാം ഈ കഷായം വളരെ ഫലപ്രദമാണ് .
കല്ലൂർവഞ്ചിയുടെ വേര് പതിനാറ് ഇരട്ടി വെള്ളത്തിൽ കഷായം വച്ച് പതിനാറിൽ ഒന്നായി വറ്റിച്ച് ഓരിലതാമര എന്ന സസ്യത്തിന്റെ കിഴങ്ങും അരച്ച് ചേർത്ത് കരിക്കിൻ വെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ഒരു ദിവസം കൊണ്ട് വൃക്കയിലെ കല്ല് അലിഞ്ഞുപോകും .
കല്ലൂർവഞ്ചിയുടെ വേര് 30 ഗ്രാം കഷായം വച്ച് ഒരു തേക്കിൻ കുരുവിന്റെ പകുതിയും പൊടിച്ചു ചേർത്ത് 3 ആഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
കല്ലൂർവഞ്ചിയുടെ വേര് ,മഞ്ചട്ടി വേര് , ഞെരിഞ്ഞിൽ ,ചെറൂള, തഴുതാമ എന്നിവ ഒരേ അളവിൽ കഷായം വച്ച് 7 ദിവസം തുടർച്ചയായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .
കല്ലൂർവഞ്ചിയുടെ വേരും ,വയൽചുള്ളിയുടെ വിത്തും കൂടി കഷായം വച്ച് കഴിച്ചാൽ യൂറിക്കാസിഡ് കുറയും .
കല്ലൂർവഞ്ചിയുടെ വേരും ,വെളുത്ത നിലപ്പന കിഴങ്ങ് ,കരിങ്ങാലി കാതൽ എന്നിവ തുല്ല്യ അളവിൽ കഷായം വച്ച് കുറച്ചുനാൾ പതിവായി കഴിച്ചാൽ അസ്ഥിസ്രാവം മാറും .