കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന മുള്ളുകളുള്ള ഒരു വള്ളിചെടിയാണ് ഇഞ്ച ,കേരളത്തിൽ ഇതിനെ ഇറുന്ന, ഇഞ്ച ,ഈഞ്ച ,ചെടങ്ങ എന്ന പേരുകളിലും അറിയപ്പെടുന്നു .
- Binomial name : Acacia caesia
- Family : Fabaceae
- Synonyms : Mimosa caesia , Acacia intsia
- Common name : Black Catechu , Soap bark
- Malayalam Name : Eenga, Eenja, Incha, Palinja, Velutha incha , Krutha incha
- Tamil : Kari Indu, Karinda
- Hindi : Aila
- Kannada : Kadu seege
- Sanskrit : Nikunjika
ആവസമേഖല
ഇന്ത്യ ,ശ്രീലങ്ക ,ദക്ഷിണ ചൈന ,കംബോഡിയ ,തായ്‌വാൻ ,വിയറ്റ്നാം ,ഫിലിപ്പൈൻസ് ,തായ്‌ലാന്റ് ,നേപ്പാൾ ,ഭൂട്ടാൻ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഇഞ്ച കാണപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും കാവുകളിലും ഇഞ്ച ധാരാളമായി കാണപ്പെടുന്നു .
രൂപവിവരണം .
മരങ്ങളുടെ തലപ്പോളം വളരുന്ന വളരെ വലുപ്പം വയ്ക്കുന്ന ഒരു വള്ളിചെടിയാണ് ഇഞ്ച .മരങ്ങളുടെ ശിഖിരങ്ങളിൽ പടർന്ന് പന്തലിച്ച് ആ മരത്തിന്റെ വളർച്ച പലപ്പോഴും തടയുന്ന സ്വഭാവം ഈ സസ്യത്തിനുണ്ട് .
ഇതിന്റെ തടിയിലും ശാഖകളിലും നിറയെ മുള്ളുകൾ കാണപ്പെടുന്നു .എന്നാൽ നല്ലവണ്ണം മൂത്ത ഇഞ്ചവള്ളിയിൽ മുള്ളുകൾ വളരെ കുറവായിരിക്കും .മൂത്ത വള്ളികൾക്ക് 25 മീറ്ററോളം നീളവും 10 ഇഞ്ചോളം കനവുമുണ്ടാകും .ഇതിന്റെ തണ്ടുകൾക്ക് 4 മുതൽ 6 വരെ കോണുകൾ ഉണ്ടായിരിക്കും .
ഇവയിലുണ്ടാകുന്ന പൂക്കൾ വെളുത്ത നിറത്തിൽ കാണപ്പെടുന്നു .ഇവയുടെ തവിട്ടുനിറമുള്ള കായുടെ ഉള്ളിൽ 3 -5 വിത്തുകൾ വരെ കാണും ,കറുത്ത ഇഞ്ച വെളുത്ത ഇഞ്ച എന്നിങ്ങനെ രണ്ടുതരത്തിൽ ഈ സസ്യം കാണപ്പെടുന്നു .
ഇഞ്ചയുടെ ഉപയോഗങ്ങൾ .
വെളുത്ത ഇഞ്ചയുടെ മൂത്ത ശാഖകളിലെ കമ്പുകൾ വെട്ടി തല്ലി പതം വരുത്തി ഉണക്കിയെടുത്ത് ശരീരം തേച്ചുകുളിക്കാൻ ഉപയോഗിക്കുന്നു. പണ്ടുകാലങ്ങളിൽ സോപ്പിന് പകരമായി ഇഞ്ചനാര് ഉപയോഗിച്ചിരുന്നു .
നാട്ടിൻപുറങ്ങളിൽ ഇപ്പോഴും നവജാത ശിശുക്കളെ കുളിപ്പിക്കുന്നത് ഇഞ്ചനാര് ഉപയോഗിച്ചാണ് . ഇന്ന് പലതരം സോപ്പുകൾ വിപണിയിൽ എത്തിയതോടെ ഇഞ്ചനാര് വീടുകളിൽ നിന്നും അകന്നു .കറുത്ത ഇഞ്ചയുടെ തൊലി മദ്യം വാറ്റാൻ ഉപയോഗിക്കുന്നുണ്ട് . കൂടാതെ നിരവധി ഔഷധഗുണങ്ങളും ഇഞ്ചയ്ക്കുണ്ട് .
ഇഞ്ചയുടെ ഔഷധഗുണങ്ങൾ .
പൗരാണിക ആയുർവേദ ഗ്രന്ഥങ്ങളിൽ ഇഞ്ചയെ വലിയ ഔഷധസസ്യമായി അവതരിപ്പിക്കുന്നില്ലങ്കിലും പരമ്പരാഗത വൈദ്യത്തിലും ,നാട്ടുവൈദ്യത്തിലും ഇഞ്ച ഔഷധമായി ഉപയോഗിക്കുന്നു .
ഇഞ്ചനാരുകൊണ്ട് പതിവായി ശരീരം തേച്ചുകുളിച്ചാൽ യാതൊരുവിധ ചർമ്മരോഗങ്ങളും ഉണ്ടാകുകയില്ല. മാത്രമല്ല ശരീരസൗന്ദര്യം .വർദ്ധിക്കുകയും ചെയ്യും .
പരമ്പരാഗത ആയുർവേദ ഓയിൽ മസാജിന് ശേഷം ശരീരത്തിൽ പറ്റിയ എണ്ണകളായാൻ ഇഞ്ചനാരാണ് ഉപയോഗിച്ചിരുന്നത് . നീരും വേദനയുമുള്ള ഭാഗങ്ങൾ ഇഞ്ചനാരുകൊണ്ട് കഴുകി വൃത്തിയാക്കിയാൽ അത് മാറുന്നതാണ് .
അമിതമായ കൊതുകു ശല്ല്യത്തിന് ഉണങ്ങിയ ഇഞ്ച കത്തിച്ചു പുകയ്ക്കാറുണ്ട് .ശരീരത്തിലുണ്ടാകുന്ന മുറിവുകൾക്കും ,വ്രണങ്ങൾക്കും ഇഞ്ചയുടെ പൂവ് ഉണക്കിപ്പൊടിച്ച് ഔഷധമായി ഉപയോഗിക്കാറുണ്ട് .
ഇഞ്ചയുടെ പുറംതൊലി വെള്ളത്തിൽ തിളപ്പിച്ച് തണുത്തതിന് ശേഷം ആ വെള്ളംകൊണ്ട് തല പതിവായി കഴുകിയാൽ തലയിലെ പേൻ ശല്ല്യവും താരന്റെ ശല്ല്യവും മാറിക്കിട്ടും .
ഇഞ്ച ഇടിച്ചുപിഴിഞ്ഞ നീര് തലയിൽ തേച്ചുകുളിച്ചാലും ഈ പറഞ്ഞ ഗുണങ്ങൾ കിട്ടും .മാത്രമല്ല തലയ്ക്ക് നല്ല കുളിർമ്മയും വിയർപ്പുഗന്ധം മാറി സുഗന്ധം കിട്ടുകയും ചെയ്യും .പത്തനംതിട്ട ജില്ലയിൽ കോന്നി തണ്ണിത്തോട് പേരുവാലി റോഡിൽ കുട്ടവഞ്ചി കയറാൻ പോകുന്നവർക്ക് ഇഞ്ചവാങ്ങാം .