ഉഷ്ണമേഖല വനങ്ങളിൽ സാധാരണ കണ്ടുവരുന്ന പനയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു മരമാണ് ഈന്ത് .ഇതിനെ ഈന്ത എന്ന പേരിലും അറിയപ്പെടുന്നു .പത്തനംതിട്ട ജില്ലയിൽ ഭൂരിഭാഗം മേഖലകളിലും കണ (കണമരം ) എന്ന പേരിലാണ് ഈന്തിനെ അറിയപ്പെടുന്നത് .
- Botanical name : Cycas circinalis
- Family : Cycadaceae (Sago Palm family)
- Synonyms : Cycas wallichii, Cycas undulata, Cycas squarrosa
- Common name : Queen Sago, false sago, fern palm
- Malayalam name : Eenthu , Eentha , Kana
- Tamil Name : Madhanakama Poo
- Kannada Name : Madana Masti,
- Telugu name : Madana Kamakshi
ആവാസമേഖല .
ഉഷ്ണമേഖല വനങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു മരമാണ് ഈന്ത് . ഇന്ത്യയിലെ ഇലകൊഴിക്കും വനങ്ങളിലും അർദ്ധഹരിതവനങ്ങളിലും ഇവയെ സ്വാഭാവികമായി കണ്ടുവരുന്നു .കേരളത്തിലെ വനങ്ങളിൽ ഈന്ത് ധാരാളമായി കാണപ്പെടുന്നു .
രൂപവിവരണം .
8 മീറ്റർ ഉയരത്തിൽ വരെ ഒറ്റത്തടിയായി വളരുന്ന ഒരു മരമാണ് ഈന്ത് .എങ്കിലും ചില ഈന്തുകൾക്ക് ഒന്നിൽ കൂടുതൽ തലപ്പുകൾ പൊട്ടാറുണ്ട് .ഇവയുടെ ഇലകൾക്ക് തെങ്ങിന്റെ ഇലകളുടെ പോലെ നേർത്ത ഇലകളാണ് ഉള്ളത് .
ഏകദേശം 6 അടി നീളം വരെ ഇവയുടെ ഓലകൾക്ക് കാണും .ഇതിനെ ഈന്തോലപ്പെട്ട എന്നു പറയപ്പെടുന്നു .പത്തനംത്തിട്ട ജില്ലയിൽ കണയോല എന്ന പേരിലും ,ഇവയിലുണ്ടാകുന്ന കായകൾക്ക് കണയ്ങ്ങ എന്ന പേരിലും അറിയപ്പെടുന്നു .
ഒരു വർഷത്തിൽ ഒരു തട്ട് ഇലകൾ കൂട്ടമായി ഉണ്ടാകുന്നു .ഇവയുടെ തടിയിൽ ഇതിന്റെ ഓലകൾ പൊഴിഞ്ഞുപോയ പാടുകൾ കാണാൻ പറ്റും . ഈന്ത് ആൺ , പെൺ മരങ്ങളുണ്ട് . ആൺ മരം കായ്ക്കില്ല എന്നതാണ് പ്രത്യേകത .
ഏകദേശം 15 വർഷം വരെ വേണ്ടിവരും ഈന്ത് മരങ്ങൾ കായ്ക്കാനായി . ഇവ കായ്ച്ചു കഴിഞ്ഞാൽ മാത്രമേ ആൺ പെൺ വൃക്ഷങ്ങളെ തിരിച്ചറിയാൻ കഴിയു . ആൺ വൃക്ഷത്തിൽ പൂവ് മാത്രമേ ഉണ്ടാകാറുള്ളൂ .പെൺ വൃക്ഷത്തിൽ ഒരു അടയ്ക്കയുടെ വലുപ്പത്തിലുള്ള കായകൾ കുലകളായി ഉണ്ടാകുന്നു ,
ജൂൺ മാസത്തിലാണ് ഈന്ത് കായ്ക്കുന്നത് .കായകൾ ആദ്യം പച്ചനിറത്തിലും വിളഞ്ഞു കഴിയുമ്പോൾ മഞ്ഞ കലർന്ന തവിട്ടുനിറത്തിലുമാകുന്നു .ഇതിന്റെ വിത്തുവിതരണം നടത്തുന്നത് പ്രധാനമായും വവ്വാലുകളാണ് .
കായുടെ പുറംതൊലി ഭക്ഷിച്ചതിന് ശേഷം വിത്ത് ഉപേക്ഷിക്കുകയാണ് പതിവ് . 100 വർഷത്തോളം ആയുസ് ഉള്ള മരമാണ് ഈന്ത് . ഇതിന് കടുത്ത വരൾച്ചയെയും കാട്ടുതീയും പ്രതിരോധിക്കാനുള്ള കഴിവുണ്ട് .
ഈന്ത് ഉപയോഗങ്ങൾ .
പണ്ടുകാലങ്ങളിൽ കല്യാണപ്പന്തലുകൾ അലങ്കരിക്കാനും ,ഉത്സവം ,പെരുനാൾ തുടങ്ങിയ വിശേഷ ദിവസങ്ങളിലും അലങ്കാരമൊരുക്കാൻ ഇതിന്റെ ഓലകൾ ഉപയോഗിച്ചിരുന്നു .ഇതിന്റെ കായകൾ ഭക്ഷ്യയോഗ്യമാണ് .
ഇതിൽ മരച്ചീനിയിൽ അടങ്ങിയിരിക്കുന്നതുപോലെ ഒരു കട്ടുണ്ട് . അതിനാൽ തന്നെ ഇതിന്റെ കട്ട് കളഞ്ഞതിന് ശേഷം മാത്രമേ ഭക്ഷണ ആവിശ്യത്തിന് ഉപയോഗിക്കാവു .
ഇതിന്റെ വിളഞ്ഞ കായകൾ കുറുകെ മുറിച്ച് 7 ദിവസം വെള്ളത്തിലിടണം ,ഓരോ ദിവസവും വെള്ളം മാറ്റിക്കൊടുക്കണം .7 ദിവസത്തിന് ശേഷം പുറത്തെ തോടുകൾ നീക്കം ചെയ്ത ശേഷം വെയിലിൽ ഉണക്കിപ്പൊടിച്ച് സൂക്ഷിക്കാവുന്നതാണ് .
ഈ പൊടി അരിപ്പൊടിക്കൊപ്പം ചേർത്ത് പുട്ടുണ്ടാക്കാനും ,നെയ്യപ്പമുണ്ടാക്കാനും മറ്റ് പലഹാരങ്ങൾ ഉണ്ടാക്കാനുമൊക്കെ പഴമക്കാർ ഉപയോഗിച്ചിരുന്നു . ഈ പൊടി ചേർത്തുണ്ടാക്കുന്ന നെയ്യപ്പവും ,ഉണ്ണിയപ്പവും കഴിക്കാൻ വളരെ സ്വാദിഷ്ട്ടമാണ് .
പണ്ടുള്ള കുട്ടികൾ ഇതിന്റെ തടിവെട്ടി വണ്ടികൾ ഉണ്ടാക്കുമായിരുന്നു .ഇതിനെ പത്തനംതിട്ടയിൽ കണവണ്ടി എന്ന പേരിലാണ് അറിയപ്പെടുന്നത് .
ഇതിന്റെ തടി ചക്രങ്ങൾ പോലെ വെട്ടിയെടുത്ത് ഉള്ളിലെ കാമ്പ് കളഞ്ഞതിന് ശേഷം കമ്പുകളും പലകകളും ചേർത്താണ് വണ്ടി നിർമ്മിക്കുന്നത് . വണ്ടിയിൽ മൂന്നും നാലും പേർക്ക് കയറിയിരിക്കാം ,കയറ് കെട്ടിയാണ് വണ്ടി വലിക്കുന്നത് .വണ്ടി വലിക്കാനും രണ്ടുമൂന്ന് പേര് വേണം .
ഔഷധഗുണമുള്ളൊരു വൃക്ഷം കൂടിയാണ് ഈന്ത്.ഇതിന്റെ വിത്തുകൾക്കും ഇലയ്ക്കും ഔഷധഗുണങ്ങളുണ്ട് .ഇതിന്റെ ഇലയുടെ നീര് ഛർദ്ദിക്ക് മികച്ച ഔഷധമായി ആദിവാസികൾ ഉപയോഗിച്ചുവരുന്നു .കൂടാതെ ചെന്നിക്കുത്തിനും ഇതിന്റെ ഇലയുടെ നീര് ഔഷധമായി ഉപയോഗിക്കുന്നു .
ഇതിന്റെ ഇലയുടെ നീര് ഉപ്പൂറ്റിയിൽ പതിവായി പുരട്ടിയാൽ ഉപ്പൂറ്റി വീണ്ടുകീറൽ മാറിക്കിട്ടും .ഇതിന്റെ ഇലയുടെ കഷായം കഴിച്ചാൽ ചുമ മാറും .ഇതിന്റെ ഇലയുടെ നീര് പുറമെ പുരട്ടിയാൽ നീര് ശമിക്കും .
Tags:
വൃക്ഷം