നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഒരു ഇടത്തരം വൃക്ഷമാണ് ആനെക്കാട്ടിമരം . മലയാളത്തിൽ ഇതിനെ കല്ലായി, കൊട്ടിമരം തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Binomial name - Grewia laevigata
Family Name - Malvaceae
Synonyms- Grewia serrulata , Grewia acuminata
Common Name - Akar sekapu, Akar sempelas , Two-lobed crossberry .
ആവാസകേന്ദ്രം - ഇന്ത്യ ,നേപ്പാൾ മ്യാന്മാർ ,മലേഷ്യ ,ആസ്‌ത്രേലിയ , ആഫ്രിക്ക , ഇൻഡോനേഷ്യ ,സുമാത്ര ,ജാവ എന്നി രാജ്യങ്ങളിൽ ഈ വൃക്ഷം കാണപ്പെടുന്നു . കേരളത്തിൽ പാലക്കാട് ,പത്തനംതിട്ട ,കൊല്ലം ,കാസർകോട് ,ഇടുക്കി ,മലപ്പുറം ,കണ്ണൂർ ,തൃശൂർ ,വയനാട് എന്നി ജില്ലകളിലെ വനങ്ങളിൽ ആനെക്കാട്ടിമരം കാണപ്പെടുന്നു .
രൂപവിവരണം
ഏകദേശം 12 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ വൃക്ഷമാണ് ആനെക്കാട്ടിമരം .ഇതിന്റെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കും .ഇതിന്റെ ഇലകളും ഇളം തണ്ടുകളും രോമിലമായിരിക്കും .ഇതിന്റെ തടിക്ക് കടും തവിട്ട് നിറമാണ് .ജനുവരി മുതൽ ഏപ്രിൽ വരെയാണ് ആനെക്കാട്ടിമരത്തിന്റെ പൂക്കാലം .മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത് .വേനൽക്കാലത്താണ് ഇവയുടെ കായകൾ വിളയുന്നത് .കറുപ്പ് കലർന്ന പച്ച നിറമാണ് ഇവയുടെ കായകൾക്ക് .പക്ഷികൾ വഴിയാണ് ഇവയുടെ വിത്തുവിതരം നടക്കുന്നത് .
ആനെക്കാട്ടിമരത്തിന്റെ ഉപയോഗം .
ഇതിന്റെ തടിക്ക് ഈടും ബലവും തീരെ കുറവാണ് . അതിനാൽ തന്നെ വിറകിനല്ലാതെ തടികൊണ്ട് മറ്റ് ഉപയോഗങ്ങൾ ഒന്നും തന്നെയില്ല . കോലരക്ക് പ്രാണികളെ വളർത്താൻ പറ്റിയ ഒരു മരമാണ് ആനെക്കാട്ടിമരം.ആസാമിൽ കോലരക്ക് പ്രാണികളെ വളർത്താൻ ആനെക്കാട്ടിമരം ധാരാളമായി നട്ടുവളർത്തുന്നു . ഇതിന്റെ മരത്തിന്റെ തൊലിയിൽ ബലമുള്ള നാരുകളുണ്ട് .കയറുപോലെയുള്ള വസ്തുക്കളുടെ നിർമ്മാണത്തിന് ഈ നാരുകൾ ഉപയോഗിക്കുന്നു . ആനെക്കാട്ടിമരത്തിന്റെ ഇലകൾ നല്ലൊരു കാലിത്തീറ്റയാണ് .
ഔഷധഗുണങ്ങൾ .
ആനെക്കാട്ടിമരത്തിന്റെ ഇല ,വേര് എന്നിവയ്ക്ക് ഔഷധഗുണങ്ങളുണ്ട് . വയറിളക്കം ,അൾസർ ,മുറിവുകൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു .