ലോകത്തിലെമ്പാടും ഫലത്തിനായി നട്ടുവളർത്തുന്ന ഒരു ചെറുവൃക്ഷമാണ് ഇരിമ്പൻപുളി . കേരളത്തിൽ ഇതിനെ പുളിഞ്ചി ,ചിലമ്പി ,ഇലിമ്പി ,ചെമ്മീൻ പുളി ,ശീമപ്പുളി, ഇരുമ്പപുളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Averrhoa bilimbi
- Family : Oxalidaceae (Wood sorrel family)
ആവാസകേന്ദ്രം .
ഇരിമ്പൻപുളിയുടെ ജന്മദേശം ഇൻഡോനേഷ്യയാണെന്ന് കരുതപ്പെടുന്നു .ഇന്ത്യയിലെ എല്ലാ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഇരിമ്പൻപുളി കാണപ്പെടുന്നു .ഇന്ത്യ കൂടാതെ പാകിസ്ഥാൻ ,ബംഗ്ലാദേശ് ,മ്യാന്മാർ ,ശ്രീലങ്ക ,ഫിലിപ്പൈൻസ് ,ചൈന ,ഭൂട്ടാൻ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഇരിമ്പൻപുളി കാണപ്പെടുന്നു .
ഇരിമ്പൻപുളി വിവിധ ഭാഷകളിലെ പേരുകൾ .
- Common name: Bilimbi , Cucumber-Tree
- Malayalam : Cheemapuli, Irumbampuli , Pulinchi, pulinchikkaya,Vilumpi
- Tamil : Pulima
- Hindi : Bilimbi
- Marathi : Bilambi
- Telugu : Gommareku
- Kannada : Bilimbi, Bimbali
- Gujarati : bilimbi
രൂപവിവരണം .
5 മീറ്ററോളം ഉയരത്തിൽ വളരുന്ന ഒരു ചെറിയ മരമാണ് ഇരിമ്പൻപുളി.ഇവയുടെ പുറംതൊലി പരുക്കനായതും തവിട്ടുനിറത്തോടു കൂടിയതുമാണ് .ഇവയിൽ ധാരാളം ചെറു ശാഖകൾ കാണപ്പെടുന്നു .
ഇവയുടെ ഇലകൾ നീണ്ടതും കനം കുറഞ്ഞതും പച്ചനിറത്തിലും കാണപ്പെടുന്നു .വർഷത്തിൽ പല പ്രാവിശ്യം ഇരിമ്പൻപുളി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നു . വെള്ളയും കടും ചുവപ്പുനിറവുമുള്ള പുഷ്പങ്ങൾ തടിയിലും ശാഖകളിലുമായി കുലകളായി ധാരാളമുണ്ടാകുന്നു .
ഇവയുടെ ഫലങ്ങൾക്ക് നേരിയ മഞ്ഞകലർന്ന പച്ചനിറമാണ് .ഫലങ്ങൾക്ക് പുളിപ്പുരസമാണ് .ഇവയിൽ ധാരാളം ജലം അടങ്ങിയിരിക്കുന്നു .ഫലത്തിനുള്ളിൽ 3 -4 വിത്തുകൾ കാണും.
ഇതിന്റെ ചുവട്ടിൽ വിത്തുകൾ വീണ് തൈകൾ മുളച്ചുനിൽക്കും .നഴ്സറികളും തൈകൾ ലഭ്യമാണ് .യാതൊരു പരിചരണവും കൂടാതെ ഇരിമ്പൻപുളി നട്ടുവളർത്താം .
ഇരിമ്പൻപുളിയുടെ ഉപയോഗങ്ങൾ .
കേരളത്തിലെ തെക്കൻ ജില്ലകളിൽ കുടംപുളിക്ക് പകരമായി ഇരിമ്പൻപുളി മീൻ കറികളിൽ ധാരാളമായി ഉപയോഗിക്കുന്നു .മധ്യതിരുവതാം കൂറിൽ കുടംപുളിക്കുള്ള പ്രാധാന്യമാണ് തെക്കൻ കേരളത്തിൽ ഇരിമ്പൻപുളിക്കുള്ളത് .
വാളൻ പുളിക്ക് പകരമായി ഇത് മറ്റ് കറികളിലും ഉപയോഗിക്കുന്നു .ഇരിമ്പൻപുളി നീളത്തിൽ അരിഞ്ഞ് ഉണക്ക മീൻ തോരൻ വയ്ക്കാറുണ്ട് , ഇരിമ്പൻപുളി ഉപ്പിലിട്ട് ഉണക്കിയും സൂക്ഷിക്കാം .അച്ചാറിടാനും വ്യാപകമായി ഉപയോഗിക്കുന്നു .
പച്ചയ്ക്ക് അച്ചാറിടുന്നതിനേക്കാൾ നല്ലത് ഉപ്പിലിട്ട് ഉണക്കി അച്ചാറിടുന്നതാണ് .ഇത് വളരെക്കാലം കേടുകൂടാതെയിരിക്കും .ഇതിൽനിന്നും ജാം ,ശീതളപാനീയങ്ങൾ ,വൈൻ തുടങ്ങിയവയും ഉണ്ടാക്കാറുണ്ട് .
കൂടാതെ പിത്തളപ്പാത്രങ്ങളിലെ ക്ലാവ് മാറ്റുന്നതിനും , തുണികളിൽ പറ്റിയ തുരുമ്പുകറ നീക്കം ചെയ്യുന്നതിനും ഇരിമ്പൻപുളിയുടെ നീര് ഉപയോഗിക്കുന്നു .കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് .
ഇരിമ്പൻപുളിയുടെ ഔഷധഗുണങ്ങൾ .
ഇരിമ്പൻപുളിയുടെ ഇലയ്ക്കും ,ഫലത്തിനും ഔഷധഗുണങ്ങളുണ്ട് .ഇവ രക്താതിസാരം ,കുടൽവ്രണങ്ങൾ ,നീര് ,ചൊറി ,തൊലിപ്പുറത്തെ വിണ്ടുകീറൽ ,കൊളസ്‌ട്രോൾ ,പ്രമേഹം ,രക്തസംമ്മർദ്ദം ,മൂലക്കുരു ,ചുമ ,ജലദോഷം ,അലർജി ,വിഷം ,മുണ്ടിനീര് ,തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .
ചില ഔഷധപ്രയോഗങ്ങൾ .
ഇരിമ്പൻപുളിയുടെ ഇല അരച്ച് പുറമെ പുരട്ടിയാൽ നീര് , തൊലിപ്പുറത്തുണ്ടാകുന്ന വിണ്ടുകീറൽ ,ചൊറി , മുണ്ടിനീര് മുതലായവ മാറിക്കിട്ടും .
ഇരിമ്പൻപുളിയുടെ ഇലയും പൂക്കളും ഇട്ട് കഷായമുണ്ടാക്കി കഴിച്ചാൽ ചുമ മാറും .
ഇരിമ്പൻപുളി ഉപ്പിലിട്ട് കഴിക്കുന്നത് വിറ്റാമിൻ അപര്യാപ്തത പരിഹരിക്കാൻ ഫലപ്രദമാണ് .
ഇരിമ്പൻപുളി ഉപ്പിലിട്ട് 4 ദിവസത്തിന് ശേഷം കിട്ടുന്ന വെള്ളം കാൽ ഗ്ലാസ് എടുത്ത് വെള്ളോമൊഴിച്ച് നേർപ്പിച്ച് കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും .
ഇരിമ്പൻപുളി പതിവായി കഴിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്താൽ രക്‌തസമ്മർദ്ദം കുറയും .
ഇരിമ്പൻപുളിയും ,ഇലയും കൂടി അരച്ച് മലദ്വാരത്തിന് ചുറ്റും പതിവായി പുരട്ടിയാൽ മൂലക്കുരു ശമിക്കും .
ഇരിമ്പൻപുളി ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ പ്രമേഹം ശമിക്കും .
ഇരിമ്പൻപുളി വെള്ളവും ചേർത്ത് ജ്യൂസുണ്ടാക്കി പതിവായി കഴിച്ചാൽ അലർജി ശമിക്കും .
വിറ്റാമിൻ "സി" ധാരാളം അടങ്ങിയ ഇരിമ്പൻപുളി പതിവായി കഴിച്ചാൽ പ്രധിരോധശേഷി വർദ്ധിക്കും .
Buy Now - Bilimbi Healthy Live Plant
ഇരിമ്പൻപുളി അച്ചാർ .
- ഇരിമ്പൻപുളി - അരക്കിലോ
- മുളകുപൊടി - 5 സ്പൂൺ
- ഉലുവ -അര സ്പൂൺ
- കായം -ഒരു ചെറിയ കഷണം
- കടുക് -ഒരു സ്പൂൺ
- ഉപ്പ് - ആവിശ്യത്തിന്
- എണ്ണ
തയാറാക്കുന്ന വിധം .
ഇരിമ്പൻപുളി കഴുകി നന്നായി വെള്ളം തുടച്ചെടുക്കുക . നെടുകെ നാലായി കീറിയെടുക്കുക. ശേഷം ഉപ്പുപുരട്ടി വയ്ക്കുക .ഒരു ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാക്കി കടുക് പൊട്ടിക്കുക . ഇതിലേയ്ക്ക് കായം , ഉലുവ എന്നിവ വറത്തുപൊടിച്ചതും മുളകുപൊടിയും ചേർക്കുക .
മൂത്തുവരുമ്പോൾ ഇരിമ്പൻപുളി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . തണുത്തതിന് ശേഷം കുപ്പികളിലാക്കി മുകളിൽ അല്‌പം നല്ലെണ്ണയൊഴിച്ച് സൂക്ഷിച്ച് വയ്ക്കാം .ഉപ്പിലിട്ട ഇരിമ്പൻപുളിയും ഇതേപോലെ അച്ചാറിടാവുന്നതാണ് .
ഇരിമ്പൻപുളി പാനീയം .
- ഇരിമ്പൻപുളി നല്ലതുപോലെ വിളഞ്ഞത് - 5 എണ്ണം .
- തേൻ / ശർക്കര - മധുരത്തിന് ആവശ്യമായത് .
- പച്ചവെള്ളം -10 ഗ്ലാസ് .
തയാറാക്കുന്ന വിധം .
നല്ലതുപോലെ തിളച്ചവെള്ളത്തിൽ 5 മിനിറ്റു നേരം ഇരിമ്പൻപുളി ഇട്ടുവയ്ക്കുക .ശേഷം ഇരിമ്പൻപുളിയും വെള്ളവും ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് അരിച്ചെടുക്കുക .ഇതിലേയ്ക്ക് ആവശ്യത്തിന് മധുരവും ചേർത്ത് ഉപയോഗിക്കാം .