കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്നതും ചെമ്പരത്തിയുടെ കുടുംബത്തിൽ പെട്ടതുമായ ഒരു കുറ്റിച്ചെടിയാണ് ഉപ്പനിച്ചം .കേരളത്തിൽ ഇതിനെ ഉപ്പനച്ചകം,അനിച്ചം,അനിച്ചകം ,പനിച്ചകം,പനിച്ചം, പനച്ചോൽ,പനിച്ചോത്തി,പഞ്ചവം,പച്ചപ്പുളി,പഞ്ചവൻ,മത്തിപ്പുളി,നരണമ്പുളി,ഞാറൻപുളി,വൈശ്യപ്പുള്ളി,മലൈപുളിക്കായ,കാളപ്പൂ,കാർത്തിക പൂ,കാളിപ്പൂ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .
- Binomial name : Hibiscus aculeatus
- Family : Malvaceae
- Common name : Wild Hibiscus , Hill Hemp Bendy , Comfortroot , Pineland hibiscus
- Malayalam Name : Anicham , Kalapoo ,Pachapuli , Uppanachakam , Naranambuli , Panachol, Panichakam ,Matthippuli , Mupparacham
- Tamil name : Panachiyam
ആവാസകേന്ദ്രം .
നാട്ടിൻപുറങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു കുറ്റിച്ചെടി .ഈ സസ്യം അമേരിക്കൻ സ്വദേശിയാണെങ്കിലും ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .
രൂപവിവരണം .
മരത്തിലോ ,വേലിയിലോ ,മതിലിലോ പടർന്നു പിടിച്ചാണ് ഇവയെ പൊതുവെ കാണപ്പെടുന്നത് .ഈ സസ്യത്തിന്റെ തണ്ടിലും ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും ധാരാളം പരുപരുത്ത മുള്ളുകൾ കാണപ്പെടുന്നു .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു . ഇലഞെട്ട് വളരെ നീണ്ടതാണ് ,ഇലകൾക്ക് കൈപ്പത്തിയോട് സാദൃശ്യമുണ്ട് .ഇവയിലുണ്ടാകുന്ന പൂക്കൾ മഞ്ഞനിറത്തിൽ കാണപ്പെടുന്നു .ഇവയ്ക്ക് 5 ദളങ്ങളുണ്ട് .പൂക്കളുടെ മധ്യഭാഗം തവിട്ടുകലർന്ന ചുവപ്പുനിറത്തിൽ കാണപ്പെടുന്നു .കേവലം അർദ്ധ പകൽ മാത്രമാണ് പൂവിന്റെ ആയുസ്സ് .
ഉപയോഗം .
ഇതിന്റെ ഇലകൾ ഭക്ഷ്യയോഗ്യമാണ് . കുട്ടികൾ ഇതിന്റെ ഇലയും ,കായും ഭക്ഷിക്കാറുണ്ട് . നാട്ടിൻപുറങ്ങളിൽ പണ്ടുകാലത്ത് പുളിക്ക് പകരമായി ഇതിന്റെ ഇലകൾ കറികളിൽ ഉപയോഗിച്ചിരുന്നു .കാട്ടുചേമ്പ് അഥവാ താള് (Colocasia esculenta) കറിവെക്കുമ്പോൾ ചൊറിച്ചിലില്ലാതാക്കാൻ അനിച്ചകത്തിന്റെ ഇല ചേർക്കാറുണ്ട് .പിച്ചള പാത്രങ്ങളിലെയും ഓട്ടുപാത്രങ്ങളിലെയും ക്ലാവ് കളയാൻ ഇതിന്റെ ഇല ഉപയോഗിക്കാറുണ്ട് .
പണ്ടുകാലങ്ങളിൽ ഉപ്പനിച്ചത്തിന്റെ ഇലയരച്ച് മറ്റു മസാലകളും ചേർത്ത് മീനിൽ പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് പുഴുങ്ങിയെടുക്കുന്ന ഒരു പാചകരീതി ഉണ്ടായിരുന്നു .ചില സ്ഥലങ്ങളിൽ ഉപ്പനിച്ചത്തിന്റെ ഇലയും കാന്താരിമുളകും ചുവന്നുള്ളിയും ഉപ്പും ചേർത്ത് ചമ്മന്തിയുണ്ടാക്കി കഴിക്കാറുണ്ട് .ആടിന്റെ ഇഷ്ട്ട ഭക്ഷണം കൂടിയാണ് ഇതിന്റെ ഇലകൾ ,
കേരളത്തിൽ ചില സ്ഥലങ്ങളിൽ .വൃശ്ചികമാസം 1 മുതൽ 41 ദിവസം വരെ ഉപ്പനിച്ചത്തിന്റെ പൂ കൊണ്ട് പൂക്കളം ഇടുന്ന പതിവുണ്ടായിരുന്നു .വൃത ശുദ്ധിയോടെ മുറ്റം വൃത്തിയാക്കി ചാണകം മെഴുകിയ തറയിൽ ഗണപതിയെ സങ്കൽപ്പിച്ച് ഉപ്പനിച്ചത്തിന്റെ പൂ കുത്തി വയ്ക്കുന്ന പതിവുണ്ടായിരുന്നു .തെക്കൻ കേരളത്തിൽ ഹൈന്ദവ വീടുകളിലാണ് ഈ ആചാരം നിലനിന്നിരുന്നത് . കൂടാതെ നിരവധി ഔഷധഗുണങ്ങളുമുണ്ട് ഈ സസ്യത്തിന് .പാരമ്പര്യ വൈദ്യത്തിൽ മഞ്ഞപ്പിത്തം ,പ്രമേഹം , നീര് ,എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപ്പനിച്ചം ഉപയോഗിച്ചിരുന്നു .
Tags:
കുറ്റിച്ചെടി