കേരളത്തിൽ പശ്ചിമഘട്ടത്തിലെ വനങ്ങളിലും ,നദീതീരങ്ങളിലും ,മലനിരകളിലും കണ്ടുവരുന്ന പുൽവർഗ്ഗത്തിൽപ്പെട്ട ഒരു ബഹുവർഷ സസ്യമാണ് ഈറ്റ , കേരളത്തിൽ ഇതിനെ ഈറ ,ഓട തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .
- Binomial name : Ochlandra travancorica
- Family : Poaceae
- Common name : Travancore reed bamboo,Reed bamboo
- Malayalam Name : Eera, Eetta, Kareetta, Oda, Vezhampullu
- Kannada : Konda
- Tamil : Eeral
ആവാസമേഖല .
കേരളത്തിൽ പശ്ചിമഘട്ടത്തിലെ വനങ്ങളിലും ,നദീതീരങ്ങളിലും ,മലനിരകളിലും ഈറ്റ കാണപ്പെടുന്നു .തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ,വയനാട് ,പാലക്കാട് ,തൃശ്ശൂർ, കോഴിക്കോട് ,മലപ്പുറം ,കണ്ണൂർ എന്നീ ജില്ലകളിലെ വനങ്ങളിൽ ഈറ്റ സ്വാഭാവികമായി കാണപ്പെടുന്നു .പത്തനംതിട്ട ജില്ലയിൽ കോന്നി തണ്ണിത്തോട് വനമേഖലകളിൽ ഈറ്റ ധാരാളമായി കാണപ്പെടുന്നു .
രൂപവിവരണം .
കേരളത്തിൽ വെള്ളീറ്റ,കാരീറ്റ,അമയീറ്റ എന്നിങ്ങനെ മൂന്നിനം ഈറ്റ കാണപ്പെടുന്നു .ഇവയെല്ലാം തന്നെ കൂട്ടമായി വളരുന്നു .ഇവയുടെ തണ്ടുകളും ഇലയുടെ അടിവശവും രോമിലമായിരിക്കും .
വെള്ളീറ്റ .ഏകദേശം 6 മീറ്റർ ഉയരത്തിൽ വരെ ഈ സസ്യം വളരാറുണ്ട് .30 -40 സെ.മി വരെയാണ് ഇവയുടെ ഇലയുടെ നീളം .ഇളം പച്ചനിറമാണ് ഇവയുടെ മുട്ടുകൾക്ക് . വെളുത്ത നിറത്തിലുള്ള പൊരുമ്പലുകൾ എല്ലാ മുട്ടിലും കാണപ്പെടുന്നു .ഇവയുടെ മുട്ടുകൾക്ക് 3 അടി വരെ നീളം കാണും . കാരീറ്റ .7 മീറ്റർ ഉയരത്തിൽ വരെ കാരീറ്റ വളരാറുണ്ട് .
ഇവയുടെ ഇലകൾക്ക് 40 -60 സെ.മി വരെ നീളവും 5 -10 സെ.മി വീതിയും കാണും . കറുത്ത നിറത്തിലുള്ള പൊരുമ്പലുകൾ എല്ലാ മുട്ടിലും കാണപ്പെടുന്നു . ഇവയുടെ ഇലയും തണ്ടുകളും കടും പച്ചനിറത്തിലാണ് .അമയീറ്റ. ഇവയുടെ തണ്ടുകൾക്ക് വിരൽ വണ്ണം മാത്രമേ കാണുകയുള്ളു .മുട്ടുകൾ തോറും വെളുത്ത നിറത്തിലുള്ള നീളമുള്ള പൊരുമ്പലുകൾ കാണപ്പെടുന്നു .ഇവയുടെ ഓരോ മുട്ടുകൾക്കും 20 -30 സെ.മി അകലം കാണും .
ഈറ്റയുടെ ഉപയോഗങ്ങൾ .
3 ഇനം ഈറ്റയും ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത് പേപ്പർ നിർമ്മാണത്തിനാണ് .കൂടാതെ കുട്ട , വട്ടി ,മുറം ,പനമ്പ് ,കരകൗശല വസ്തുക്കൾ എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു . ഓടക്കുഴൽ നിർമ്മാണത്തിന് ഈറ്റ വ്യാപകമായി ഉപയോഗിക്കുന്നു .
പണ്ടുകാലങ്ങളിൽ കുരുമുളകും ,നെല്ലുമൊക്കെ ഉണക്കുന്നതിന് ഈറ്റ കൊണ്ട് ഉണ്ടാക്കിയ പനമ്പ് ഉപയോഗിച്ചിരുന്നു . എന്നാൽ ഇപ്പോൾ ഇത് വിപണിയിൽ കാണാനേയില്ല .എന്നാൽ ഇന്ന് പനമ്പിന് പകരം ടാർപ്പോളിൻ ആണ് എല്ലാവരും ഉപയോഗിക്കുന്നത് .
പണ്ട് കാലങ്ങളിൽ എല്ലാ വീടുകളിലും ഈറ്റ കൊണ്ട് ഉണ്ടാക്കിയ മുറങ്ങളാണ് ഉപയോഗിച്ചിരുന്നത് .എന്നാൽ ഇന്ന് എല്ലാം പ്ലാസ്റ്റിക്കിന്റെ മുറങ്ങളാണ് ഉപയോഗിക്കുന്നത് .ഇന്ന് ഈറ്റ കൊണ്ട് ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ എല്ലാം തന്നെ വിപണിയിൽ അപൂർവമായേ കാണപ്പെടുന്നൊള്ളു .
പണ്ടുകാലങ്ങളിൽ വേലികെട്ടുന്നതിന് കൃഷിക്കാർ ഈറ്റ ഉപയോഗിച്ചിരുന്നു . കൂടാതെ പുരയുടെ സൈഡ് മറയ്ക്കുന്നതിനും ഈറ്റയും ,ഈറ്റയുടെ ഇലകളും ഉപയോഗിച്ചിരുന്നു .