ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വൻ വൃക്ഷമാണ് ഈട്ടി .മലയാളത്തിൽ വീട്ടി,കരിവീട്ടി എന്ന പേരുകളിലും അറിയപ്പെടും .സംസ്‌കൃതത്തിൽ ശിംശപ എന്ന പേരിലും അറിയപ്പെടുന്നു .
- Botanical name : Dalbergia latifolia
- Family : Fabaceae (Pea family)
- Synonyms : Amerimnon latifolium , Dalbergia javanica , Dalbergia nigra
- Common name : Indian blackwood,blackwood tree , Bombay blackwood ,Black Rosewood , East Indian rosewood, Java palisandre, Malabar rosewood, Roseta rosewood,Indian palisandre, Indian rosewood
- Malayalam : Itti, Karivittti, Viitti
- Hindi : Kala shisham, Vilayati shisham
- Tamil : Nukkam, Totakatti
- Kannada : Beete, Ibadi, Ibati , bbeede, Karevyaadi
- Telugu : Iruguducettu
- Marathi : Kalarukh, Sisau
- Sanskrit : Shinshapa
ആവാസമേഖല:
ഈട്ടിയുടെ ജന്മദേശം മലേഷ്യയാണ് .ഇന്ത്യയിൽ പശ്ചിമഘട്ടത്തിലെ വനമേഖലകളിലാണ് ഈട്ടി സാധാരണ കാണപ്പെടുന്നത് .കേരളത്തിലെ വനങ്ങളിലും നാട്ടിൻപുറങ്ങളിലും ഈട്ടി ധാരാളമായി കാണപ്പെടുന്നു .ഇന്ത്യ കൂടതെ മലേഷ്യ ,പാകിസ്ഥാൻ ,നൈജീരിയ ,ബ്രസീൽ ,ചിലി എന്നീ രാജ്യങ്ങളിലും ഈട്ടി കാണപ്പെടുന്നു .
രൂപവിവരണം .
ഒരു ഇലപൊഴിക്കും മരമാണ് ഈട്ടി.ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 2 -7 സെ.മി നീളവും ഏതാണ്ട് അത്രതന്നെ വീതിയുമുണ്ടാകും .ജനുവരി -ഫെബ്രുവരി മാസങ്ങളിലാണ് ഈട്ടി പൂക്കുന്നത് .ഇവയുടെ പൂക്കൾക്ക് മങ്ങിയ വെള്ളനിറമാണ് .
അനേകം പൂക്കളടങ്ങിയ ബഹുശാഖാമഞ്ജരിയാണ് പൂങ്കുല .ഇതിന്റെ ഫലം നീളമുള്ള പോഡാണ് .ഇതിന്റെ ഫലം മൂക്കാൻ ഏതാണ്ട് 8 മാസം വേണ്ടിവരും .കാറ്റുവഴിയാണ് ഇതിന്റെ വിത്ത് വിതരണം നടക്കുന്നത് .പുതുമഴ പെയ്യുമ്പോൾ ഇവയുടെ വിത്തുകൾ പൊട്ടിമുളയ്ക്കും .വിത്തുപാകിയോ കമ്പ് മുറിച്ചുനട്ടൊ പ്രത്യുല്‍പാദനം നടത്താം. ഈട്ടിയുടെ ചുവട്ടിലെ വേരിൽ നിന്നും തൈകൾ പൊട്ടിമുളയ്ക്കാറുണ്ട് .ഈട്ടിയുടെ വളർച്ച വളരെ സാവധാനത്തിലാണ് . 200 സെ.മി ചുറ്റളവുള്ള ഒരു തടി ലഭിക്കാൻ 150 വർഷം വരെ കാത്തിരിക്കണം . കടുത്ത വരൾച്ചയും കാട്ടുതീയും അതിജീവിക്കാൻ ഈ മരത്തിന് കഴിവുണ്ട് .
തടിക്ക് വെള്ളയും കാതലുമുണ്ട് . തേക്കിനെ അപേക്ഷിച്ച് ഈട്ടിക്ക് വെള്ള കൂടുതലാണ് .കാതലിന് ഇളം ചുവപ്പുകലർന്ന കറുത്ത നിറമാണ് .എന്നാൽ മണ്ണിന്റെ ഘടന അനുസരിച്ച് ചില ഈട്ടിത്തടികൾ നല്ല കറുത്ത നിറത്തിലും ചിലത് നല്ല ചുവപ്പ് നിറത്തിലും കാണപ്പെടുന്നു .
ഈട്ടിത്തടിയുടെ ഉപയോഗങ്ങൾ .
ഇന്ത്യയിൽ ഏറ്റവും അധികം സാമ്പത്തിക പ്രധാന്യവും ഉപയോഗവുമുള്ള ഒരു തടിയാണ് ഈട്ടിത്തടി .നല്ല ബലം ,ഈട് ,ഉറപ്പ് ,നിറം ,ഭംഗി എന്നിവയെല്ലാം ഈട്ടിത്തടിയുടെ കാതലിനുണ്ട് .ഫർണിച്ചറുകൾ പണിയാൻ ലോകത്തിൽ എല്ലായിടത്തും വ്യാപകമായി ഉപയോഗിക്കുന്നു .
കൂടാതെ സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും ,കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനും ,അലങ്കാരവ സ്തുക്കളുടെ നിർമ്മാണത്തിനും ഈട്ടിത്തടിയുടെ കാതൽ ധാരാളമായി ഉപയോഗിക്കുന്നു .
ലോകത്തിലെ ഏറ്റവും നല്ല ഈട്ടിത്തടി ബ്രസീലിയൻ ഈട്ടിത്തടിയാണ് (Dalbergia nigra) രണ്ടാം സ്ഥാനം ഇന്ത്യയിലെ ഈട്ടിക്കാണ് . ഇന്ത്യയിൽ കേരളത്തിലെ ഈട്ടിത്തടിയാണ് ഏറ്റവും മികച്ചത് .
നിറത്തിലും ഭംഗിയിലും കേരളത്തിലെ ഈട്ടിത്തടിയോട് മത്സരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ഈട്ടിത്തടിക്ക് കഴിയില്ല .ഈട്ടിത്തടിയുടെ ഉയർന്ന വില കാരണവും അമിതമായും നിയമവിരുദ്ധമായും ഇവയുടെ ശേഖരണം മൂലം ഈട്ടിയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു.ഈട്ടിത്തടിക്ക് ക്യൂബിക്ക് മീറ്ററിന് രണ്ടരലക്ഷം രൂപയിലധികം വിലയുണ്ട് .