ദക്ഷിണേന്ത്യയിലെ വനങ്ങളിൽ കാണപ്പെടുന്ന ഒരു വൻ മരമാണ് ഇരുൾ .മലയാളത്തിൽ ഇതിനെ ഇരുമുള്ള് ,കടമരം , ഇരുൾപൂൾ ,പാങ്ങൽ തുടങ്ങിയ പേരുകളിലും അറിയപ്പെടും .
- Botanical name : Xylia xylocarpa
- Family : Mimosaceae (Touch-me-not family)
- Synonyms : Mimosa xylocarpa , Xylia dolabriformis
ആവാസകേന്ദ്രം .
ദക്ഷിണേന്ത്യയിലെ വരണ്ട ഇലപൊഴിയും വനങ്ങളിലും അർദ്ധനിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന ഒരു വന്മരമാണ് ഇരുൾ . കേരളത്തിൽ പീച്ചി ,തണ്ണിത്തോട്,കോന്നി , ,പൊരിങ്ങൽ,അതിരപ്പള്ളി ,വാഴച്ചാൽ ,കോരുത്തോട്,പടിപ്പാറ,വാളയാർ ,നിലമ്പൂർ ,പരപ്പ ,പെരുന്തേനരുവി , പെരിയാർ ,തളിപ്പറമ്പ് ,അമ്പായത്തോട്, കണ്ണോത്ത് , മുക്കാലി ,എന്നിവിടങ്ങളിലെ വനങ്ങളിൽ ഇരുൾ മരം ധാരാളമായി കാണപ്പെടുന്നു .
രൂപവിവരണം .
20 -30 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ഇലപൊഴിക്കും മരമാണ് ഇരുൾ . മരത്തിന്റെ തൊലിക്ക് കറുപ്പ് കലർന്ന ചുവപ്പ് നിറമാണ് . ഇതിന്റെ തൊലിക്ക് 1 സെ.മി കട്ടിയുണ്ടാകും .ഇവ വലിയ കഷണങ്ങളായി അടർന്നു വീഴാറുണ്ട് . ഇവയുടെ ശാഖകളിൽ വെളുത്ത പാടുകൾ ഉണ്ടാകും .
ഇവയുടെ ഇലകൾക്ക് 11 സെ.മി നീളവും 4 സെ.മി വീതിയുമുണ്ടാകും .വേനൽക്കാലത്താണ് ഈ മരം പൂക്കുന്നത് . നരച്ച മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത് . ഇവയ്ക്ക് 2 സെ.മി വ്യാസമുണ്ടാകും . ഇവയുടെ ഫലങ്ങൾക്ക് 15 .സെ.മി നീളവും 5 സെ.മി വീതിയുമുണ്ടാകും .
വിളഞ്ഞ കായകൾക്ക് നരച്ച കറുപ്പുനിറമാണ് . ഇവ മരത്തിൽ വച്ചുതന്നെ പൊട്ടി വിത്തുകൾ പുറത്തുവരുന്നു .ഒരു കായിൽ 5 -8 വിത്തുകൾ വരെ കാണും .അണ്ഡാകൃതിയിലുള്ള വിത്തുകൾ പരന്നതും നല്ല തിളക്കമുള്ളവയുമാണ് . വിത്തിൽ എണ്ണ അടങ്ങിയിട്ടുണ്ട് .
വിവിധഭാഷകളിലെ പേരുകൾ .
Common name : Burma Ironwood, Pyinkado -Malayalam : Irul, Irulpool, Irumullu, Kadamaram, Pangal-Tamil : Iruvel-Telugu : Boja , Errachennangi , Konda Tangedu-Kannada : Bettadavarike mara , Honnavarike, Irul, Jambe-Hindi : Jambu , Jambu-Bengali : Loha Kat-Marathi : Jambha, Suriya, Yerul-Sanskrit : Kanakakuli , Shinshapa.
ഇരുൾ മരത്തിന്റെ ഉപയോഗം .
ഇരുൾ മരത്തിന്റെ തടി നല്ല കടുപ്പവും ബലമുള്ളതുമാണ് . തടിക്ക് ഇരുമ്പിന്റെ ബലമുള്ളതിനാലാണ് ഈ വൃക്ഷത്തിന് കടമരം എന്ന പേര് കിട്ടിയത് .തടിക്ക് കാതലും വെള്ളയുമുണ്ട്. എന്നാൽ ഇത് തിരിച്ചറിയാൻ പ്രയാസമാണ് .
ഇതിന്റെ തടി ചിതൽ എടുക്കാറില്ല . തടിയുടെ കാതലിന് തവിട്ടുനിറമാണ് . ഉണങ്ങുമ്പോൾ പൊട്ടുന്ന സ്വഭാവം ഈ തടിക്കുണ്ട് , അതിനാൽ പലകയ്ക്ക് പറ്റില്ല .മറ്റെല്ലാ ഉരുപ്പടികൾക്കും ഉപയോഗിക്കാം .കൂടാതെ മരത്തിന്റെ തൊലിക്കും ,വേരിനും , വിത്തിനും ,വിത്തിൽ നിന്നും എടുക്കുന്ന എണ്ണയ്ക്കും ഔഷധഗുണങ്ങളുണ്ട് .
കടമരം ഔഷധഗുണങ്ങൾ .
കടമരത്തിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ വാതം ,കുഷ്ടം ,അർശസ് എന്നീ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു . മരത്തിന്റെ തൊലിയുടെ കഷായം തേൻ ചേർത്ത് കഴിച്ചാൽ അതിസാരം ,ഛർദ്ദി എന്നിവ ശമിക്കും .കൂടാതെ തടിയുടെ കാതൽ വാറ്റിയെടുക്കുന്ന തൈലവും കുഷ്ഠരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു .