കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഉപ്പില .മലയാളത്തിൽ ഇതിനെ വട്ട ,വട്ടക്കണ്ണി ,പൊരിയണം ,പൊരികണ്ണി , വട്ടമരം, പൊടുണ്ണി ,പൊടിഞ്ഞി , തൊടുകണ്ണി ,വട്ടക്കുറുക്കൂട്ടി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ ചഡഡ (Chandada) എന്ന പേരിൽ അറിയപ്പെടുന്നു .
- Botanical name : Macaranga peltata
- Family : Euphorbiaceae (Castor family)
- Synonyms : Tanarius peltatus,Macaranga roxburghii,Mappa peltata
- Common name : Shield-Leaf Tree,Indian Lotus Croton
- Malayalam : Vatta, Thodukanni, Uppila ,Vattakkanni
- Tamil : Vattakanni
- Telugu : Boddi
- Kannada : Bettadavare, Vattathamarai
- Hindi : Chand Kal
- Marathi : Chanda, Chandwar
ആവാസമേഖല .
ഇന്ത്യ ,പാകിസ്ഥാൻ ,മ്യാന്മാർ ,ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ വട്ടമരം കാണപ്പെടുന്നു .ഇന്ത്യയിൽ കേരളം ,തമിഴ്‌നാട് ,കർണ്ണാടകം ,മഹാരാഷ്ട്ര ,ഗോവ ,ബംഗാൾ ,ബീഹാർ ,ഒഡീഷ എന്നീ സംസ്ഥാങ്ങങ്ങളിൽ വട്ട വളരുന്നു .
കേരളത്തിൽ മിക്കവാറും എല്ലാ ജില്ലയിലും വട്ട കാണപ്പെടുന്നെങ്കിലും ഇടുക്കി ,കൊല്ലം ,പാലക്കാട് ,പത്തനംതിട്ട എന്നീ ജില്ലകളിൽ വട്ട ധാരാളമായി കാണപ്പെടുന്നു .
സസ്യവിവരണം .
10 -15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് വട്ട .തടിയുടെ പുറംതൊലിക്ക് തവിട്ടുനിറമാണ് .വെട്ടുപാടിന് രക്തവർണ്ണ നിറമാണ് .മുറിവുണ്ടാക്കിയാൽ ചുവന്ന നിറത്തിലുള്ള കറ ഊറിവരും .
ശാഖകളും ഉപശാഖകളും ധാരാളം കാണും .പശയുള്ള വൃക്ഷങ്ങളിൽ ഉൾപ്പെട്ട ഒന്നാണ് വട്ട .ചെറിയ ചെടികളുടെ തണ്ടുകളിൽ ചെറിയ രോമങ്ങൾ കാണപ്പെടുന്നു . 20 -50 സെ.മി വരെ വ്യാസമുണ്ടാകും ഇവയുടെ ഇലകൾക്ക് .ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു .
ആൺ പെൺ പൂക്കൾ പ്രത്യേകം മരങ്ങളിൽ ഉണ്ടാകുന്നു .പൂക്കൾ കുലകളായി കാണപ്പെടുന്നു .ഡിസംബർ -മാർച്ച് മാസങ്ങളിലാണ് പൂക്കാലം .പൂക്കൾക്ക് പച്ചകലർന്ന മഞ്ഞ നിറമാണ് .ഇവയുടെ ചെറിയ ഉരുണ്ട ഫലങ്ങളാണ് ,ഫലങ്ങൾ വിളയാൻ 3 മാസം വേണ്ടിവരും .കാറ്റുവഴിയാണ് വിത്തുവിതരണം നടക്കുന്നത് .
വട്ടയുടെ ഉപയോഗങ്ങൾ .
വളരെ പെട്ടന്ന് വളരുന്ന ഒരു മരമാണ് വട്ട .തണൽ മരമായി നട്ടുവളർത്താവുന്നതാണ് . വട്ടയുടെ ഇലയിൽ ഇലയട ,ഇലയപ്പം പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു .പണ്ട് പത്രക്കടലാസുകൾ പ്രചാരത്തിൽ ആകുന്നതിന് മുമ്പ് വ്യാപാരികൾ വട്ടയിലയിലാണ് ഉപ്പ് ,ശർക്കര ,മാംസം മുതലായ പൊതിഞ്ഞു കൊടുത്തിരുന്നത് .
കേരളത്തിൽ വാഴയില ഉപയോഗിക്കുന്നതുപോലെ ആന്ധ്രയിലും ,കർണ്ണാടകയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ഉണങ്ങിയ വട്ടയില ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് . കേരളത്തിൽ പണ്ട് കടകളിൽ ഉപ്പ് കൊടുത്തിരുന്നത് വട്ടയുടെ ഇലയിലാണ് .അതിനാലാണ് ഉപ്പില എന്ന് പേര് വരാൻ കാരണം .
ഇതിന്റെ ഇല വട്ടത്തിലായതുകൊണ്ട് വട്ട എന്ന വരാനും കാരണമായി . ഇതിന്റെ തണ്ട് ഓടിക്കുമ്പോൾ ഊറി വരുന്ന കറ കുട്ടികൾ പണ്ട് പേപ്പറും മറ്റും ഒട്ടിക്കുന്നതിന് പശയായി ഉപയോഗിച്ചിരുന്നു .
നല്ലൊരു പച്ചില വളം കൂടിയാണ് വട്ടയില .വട്ടയുടെ ഇലകളിൽ 60 .17 % ജലവും, 1 .3 % നൈട്രജനും .0 .66 % പൊട്ടാസ്യവും .൦.18 %ഫോസ്‌ഫറസും അടങ്ങിയിരിക്കുന്നു .അതിനാൽ തന്നെ വട്ടയില നല്ലൊരു വളമായിട്ട് ഉപയോഗിക്കാവുന്നതാണ് .
വട്ടയുടെ തടിക്ക് ചാരനിറമാണ് . ഈടും ബലവും തീരെ കുറവാണ് .ശക്തമായ ഒരു കാറ്റടിച്ചാൽ പോലും ഇവ ഒടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് .വട്ടയുടെ തടി പ്രധാനമായും ഉപയോഗിക്കുന്നത് പെൻസിൽ നിർമ്മാണത്തിനും , തീപ്പട്ടി നിർമ്മാണത്തിനുമാണ് .
വട്ടമരത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ഇവയുടെ ഇലയും പൂവും ,തൊലിയും ,ഉണങ്ങിയ കറയും ഔഷധമായി ഉപയോഗിക്കുന്നു .ഗുഹ്യരോഗങ്ങൾക്ക് വട്ടയുടെ ഉണങ്ങിയ കറ ഔഷധമായി ഉപയോഗിക്കുന്നു .
വട്ടയുടെ അധികം മൂക്കാത്ത ഒരില വീതം രാവിലെ ആഹാരത്തിന് ശേഷം പതിവായി നീര് മാത്രം ചവച്ചിറക്കിയാൽ പ്രധിരോധശേഷി വർദ്ധിക്കും .മാത്രമല്ല രക്തവാതം ശമിക്കുന്നതിനും ഇങ്ങനെ കഴിക്കുന്നത് ഫലപ്രദമാണ് .
വട്ടയുടെ തൊലിയും ,പൂവരശിന്റെ തൊലിയുമിട്ട് വെള്ളം തിളപ്പിച്ച് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .വട്ടയുടെ നാമ്പ് അരച്ച് മുറിവുകളിൽ വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയും .
വട്ടയുടെ ഇലകൊണ്ടുള്ള കഷായം വാതരോഗങ്ങൾക്ക് വളരെ ഫലപ്രദമാണ് .വട്ടയുടെ തൊലി അരച്ച് പൊള്ളലേറ്റ ഭാഗത്ത് പുരട്ടിയാൽ പൊള്ളൽ വേഗം സുഖപ്പെടും . വട്ടയുടെ തൊലിയിൽ മുറിവുണ്ടാക്കുമ്പോൾ ഊറി വരുന്ന കറ മുറിവുകളിൽ പുരട്ടിയാൽ മുറിവുകളിനിന്നുള്ള രക്തശ്രാവം നിൽക്കാൻ സഹായിക്കും .
കുട്ടികൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പണ്ടുള്ളവർ വട്ടയുടെ ഇലയിൽ അടയുണ്ടാക്കി കുട്ടികൾക്ക് കൊടുക്കുന്ന പതിവുണ്ടായിരുന്നു .
പണ്ടുകാലത്ത് മഴക്കാല രോഗങ്ങളെ തടയാൻ വട്ടയുടെ ഇലയിൽ ഭക്ഷണം കഴിക്കുന്ന പതിവുണ്ടായിരുന്നു . നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫത്തിനെ ഇല്ലാതാക്കാനുള്ള കഴിവ് വട്ടയിലയ്ക്കുണ്ട് .
Tags:
വൃക്ഷം