ഇന്ത്യയിലെ ഇലകൊഴിയും ഈർപ്പവനങ്ങളിൽ വളരുന്ന ഒരു ഇടത്തരം വൃക്ഷമാണ് ഉന്നം .മലയാളത്തിൽ ഇതിനെ ചടച്ചി എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ആവർത്തകീ ,ധാമനി എന്ന പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Grewia tiliifolia
- Family : Tiliaceae (Falsa family)
- Synonyms : Grewia damine ,Grewia arborea,Grewia rotunda
- Common name : Dhaman
- Malayalam : Unnam ,Cadachi
- Hindi : Dhamani
- Tamil: Unu
- Telugu : Cahrachi
- Kannada : Tadasal , Buttele
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ ,ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ ഉന്നം നന്നായി വളരുന്നു .കേരളത്തിലെ വനങ്ങളിൽ ഈ വൃക്ഷം ധാരാളമായി കാണപ്പെടുന്നു .ചടച്ചി എന്ന് തെക്കൻ കേരളത്തിലും ഉന്നം എന്ന് വടക്കൻ കേരളത്തിലും ഈ വൃക്ഷം അറിയപ്പെടുന്നു .
ഒരു ഇലപൊഴിക്കുന്ന മരമാണ് ഉന്നം .ചില വനങ്ങളിൽ ഉന്നം വൻ മരമായി വളരാറുണ്ട് .ഇവയുടെ ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലയിൽ നാലോ ,അഞ്ചോ മുഖ്യസിരകൾ കാണും .
ഇവയുടെ ഇലകൾക്ക് അണ്ഡാകൃതിയാണ് .ഇവയ്ക്ക് 8 -15 സെ.മി നീളവും 5 സെ.മി വീതിയുമുങ്ങാകും ഫെബ്രുവരി -ഏപ്രിൽ മാസങ്ങളിലാണ് ഇവയുടെ പൂക്കാലം .മഞ്ഞ നിറത്തിലുള്ള ഇവയുടെ പൂക്കൾ കുലകളായി ഉണ്ടാകുന്നു .
ഇവയുടെ ഫലങ്ങൾ പാകമാകുന്നത് മെയ് മാസത്തിലാണ് .പച്ച കായക്ക് മങ്ങിയ വെള്ളനിറവും പഴുത്ത കായക്ക് ചുവപ്പുകലർന്ന കറുപ്പുനിറവുമാണ് .കാപ്പിക്കുരുവോളം വലിപ്പമുള്ള ഫലങ്ങൾ ഭക്ഷ്യയോഗ്യമാണ് .
ഉപയോഗങ്ങൾ .
ഉന്നത്തിന്റെ തടി തേക്കിൻ തടിപോലെ ബലമുള്ളതാണ് .കാതലും വെള്ളയും തിരിച്ചറിയാൻ കഴിയും .കാതലിന്റെ നിറവും ഏതാണ്ട് തേക്കുപോലെ തന്നെയാണ് .അതിനാൽ തേക്കിന്റെ അപരനായി ഉന്നതിന്റെ തടി അറിയപ്പെടുന്നു .ഉന്നത്തിന്റെ തടി വ്യാപകമായി ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .
ഔഷധഗുണങ്ങൾ .
ഉന്നത്തിന് നിരവധി ഔഷധഗുണങ്ങളുണ്ട് .ഇവയുടെ ഇലയും ,തൊലിയും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .ഇല താളിയാക്കി തലയിൽ ഉപയോഗിച്ചാൽ മുടി നന്നായി വളരും .ഉന്നത്തിന്റെ തൊലിയുടെ നീരിൽ തിനപ്പൊടി (Foxtail Millet) കുഴച്ച് കഴിച്ചാൽ മൂലക്കുരു ശമിക്കും .
ഉണങ്ങാത്ത മുറിവുകൾ ,കുടൽപുണ്ണ് ,രക്തസ്രാവം ,ചുമ ,ജലദോഷം ,രക്തപിത്തം തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉന്നത്തിന്റെ തൊലി ഔഷധമായി ഉപയോഗിക്കുന്നു .
Tags:
വൃക്ഷം