എടന

 കരിവെട്ടി-കായ Olea dioica

പശ്ചിമഘട്ടത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു മരമാണ് എടന.കേരളത്തിൽ ഇതിനെ ഇടന ,വിടന ,കരിവെട്ടി ,വെട്ടില, ഇടല, എടല, പാലരണ, മണിത്താളി,വയല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ റോസ് സാൻഡൽ വുഡ് എന്ന പേരിൽ അറിയപ്പെടുന്നു .

  • Botanical name : Olea dioica
  • Family : Oleaceae (Jasmine family)
  • Synonyms:Tetrapilus dioicus,Olea laevis
  • Common name : Rose Sandalwood
  • Malayalam : Edana, Edala, Karivetti, Vidana, Palarana, Koruku, Vayala,Vayana, Vetila
  • Tamil : Etaali,Italai,Kattolivam, Payaar,Koli
  • Kannada : Akki varalu, Arimara, Baaranooka
  • Bengali : Atta jam
  • Marathi : Karamba
ആവാസമേഖല .

സമുദ്രനിരപ്പിൽനിന്നും 1600 മീറ്റർ ഉയരമുള്ള നിത്യഹരിത വനങ്ങളിലും ഇലപൊഴിയും വനങ്ങളിലും എടന സാധാരണ കാണപ്പെടുന്നു .നനവാർന്ന മണ്ണാണ് ഇവയ്ക്ക് പ്രിയം .അതിനാൽ തന്നെ നദീതീരങ്ങളിലും മറ്റും ഇവ വളരാറുണ്ട് .എങ്കിലും നല്ല ചൂടിലും വളരാൻ ഇവയ്ക്ക് കഴിവുണ്ട് .കേരളത്തിലെ മിക്കവാറും എല്ലാ വനങ്ങളിലും എടന കാണപ്പെടുന്നു .ലോകത്ത് പശ്ചിമഘട്ടത്തിൽ മാത്രമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .

സസ്യവിവരണം .

ഏകദേശം 15 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൃക്ഷമാണ് എടന . മരത്തിന്റെ പുറംതൊലിക്ക് തവിട്ട് നിറവും പരുപരുത്തതുമാണ്  .വെട്ടുപാടിന് നരച്ച തവിട്ടുനിറമാണ് .
വഴന എന്ന വൃക്ഷത്തെയും ചില സ്ഥലങ്ങളിൽ  എടന എന്ന പേരിൽ അറിയപ്പെടുന്നു .

ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇവയുടെ പൂക്കാലം .പൂക്കൾ ചെറുതും മങ്ങിയ മഞ്ഞ നിറവുമാണ് .ആൺ പെൺ പൂക്കൾ വെവ്വേറെ മരങ്ങളിൽ ഉണ്ടാകുന്നു .ജൂണിലാണ് ഇവയുടെ കായകൾ വിളയുന്നത് .വിളഞ്ഞ കായകൾക്ക് നീലനിറമാണ് .ഇവയിൽ ഒറ്റ വിത്ത് മാത്രമേ കാണപ്പെടുകയോള്ളൂ . ഒറ്റവരയൻ സാർജന്റ് എന്ന ചിത്രശലഭത്തിന്റെ ഭക്ഷണ സസ്യം കൂടിയാണ് എടന.


എടനയുടെ ഉപയോഗം .

എടനയുടെ തടിക്ക് ഈടും ബലവും കുറവാണ് .അതിനാൽ തന്നെ ഫർണിച്ചർ നിർമ്മാണത്തിന് ഉപയോഗിക്കാൻ പറ്റില്ല .എടനയുടെ വിത്തിനും ,ഇലയ്ക്കും ,മരപ്പട്ടയ്ക്കും,വേരിൻമേൽ തൊലിയ്ക്കും   ഔഷധഗുണങ്ങളുണ്ട് .ത്വക്ക് രോഗങ്ങൾ ,പാമ്പിൻ വിഷം ,അർബുദം ,പനി ,വ്രണം,വാതരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കുന്നു .

എടനയുടെ പുറം തൊലി കഷായം പനിക്ക് ഔഷധമായി ഉപയോഗിക്കുന്നു .എടനയുടെ പുറം തൊലി കഷായംകൊണ്ട് വ്രണങ്ങൾ കഴുകിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങാൻ സഹായിക്കുന്നു .വാതരോഗങ്ങൾക്ക് എടനയുടെ പുറം തൊലിയും കായകളും ഔഷധമായി ഉപയോഗിക്കുന്നു .സിദ്ധവൈദ്യത്തിൽ അർബുദരോഗത്തിനും ,പാമ്പിൻ വിഷത്തിനും എടനയുടെ വേരിന്മേൽ തൊലി ഔഷധമായി ഉപയോഗിക്കുന്നു .

Previous Post Next Post