എണ്ണപ്പൈൻ

Kingiodendron pinnatum

പശ്ചിമഘട്ടത്തിലെ 800-1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു വൃക്ഷമാണ് എണ്ണപ്പൈൻ ,കേരളത്തിൽ ഇതിനെ ,കൊളവ് ,കിയാവ് ,ചുക്കെണ്ണപ്പൈൻ ,തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .

  • Binomial name : Kingiodendron pinnatum
  • Family : Fabaceae
  • Synonyms : Hardwickia pinnata , Prioria pinnatum
  • Common name : Malabar mahogany
  • Malayalam Name : Ennappayin, Kiyavu,Chukennappayin, Kulavu
ആവാസമേഖല .

പശ്ചിമഘട്ടത്തിൽ നിത്യഹരിത വനങ്ങളിൽ മാത്രമാണ്  എണ്ണപ്പൈൻ കാണപ്പെടുന്നത് .കേരളത്തിൽ തിരുവനന്തപുരം , കൊല്ലം ,ഇടുക്കി ,തൃശൂർ ,കോഴിക്കോട് ,പാലക്കാട് ,വയനാട്‌ ,കണ്ണൂർ എന്നീ ജില്ലകളിലെ വനങ്ങളിൽ എണ്ണപ്പൈൻ കാണപ്പെടുന്നു .ഇന്ത്യയിൽ മാത്രമാണ്  എണ്ണപ്പൈൻ കാണപ്പെടുന്നത് .

സസ്യവിവരണം .

ഏകദേശം 30 മീറ്റർ ഉയരത്തിൽ വരെ എണ്ണപ്പൈൻ വളരാറുണ്ട് .മരത്തിന്റെ  തൊലിക്ക് ഇരുണ്ട തവിട്ടുനിറവും ചെറു ശാഖകൾക്ക് പച്ച നിറവുമാണ് .കടുത്ത പച്ച നിറമുള്ള ഇവയുടെ ഇലകൾക്ക് 7 സെ.മി നീളവും 3 സെ.മി വീതിയുമുണ്ടാകും .

വർഷത്തിൽ രണ്ടുതവണ ഈ വൃക്ഷം പൂക്കാറുണ്ട് .ജനുവരിയിലും ആഗസ്റ്റുമാണ് പൂക്കാലം .വെള്ളനിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടെത് .ശരാശരി 3 മില്ലിമീറ്റർ വ്യാസമുണ്ടാകും .ഏപ്രിൽ -മെയ് /ഒക്ടോബർ -നവംബർ ഈ മാസങ്ങളിലാണ് ഇവയുടെ ഫലങ്ങൾ മൂക്കുന്നത് .വീതിയുള്ള ഇവയുടെ കായകൾ പോഡാണ് .4 -5 സെ.മി നീളവും 2 .5 സെ.മി വീതിയുമുണ്ടാകും .ഇരുണ്ട തവിട്ടുനിറത്തിലുള്ള ഒരു വിത്ത് മാത്രമേ ഇതിൽ കാണുകയൊള്ളു .


എണ്ണപ്പൈൻ ഉപയോഗങ്ങൾ .

ഈ മരത്തിൽ ഒളിയോറസിൻ എന്ന എണ്ണ അടങ്ങിയിരിക്കുന്നു .ഈ എണ്ണ വാർണീഷ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു .പ്രായമായ ഒരു മരത്തിൽനിന്നും 50 ലിറ്ററോളം എണ്ണ ലഭിക്കും .

എണ്ണയെടുക്കാനായി തറനിരപ്പിൽ നിന്നും ഒരു മീറ്റർ ഉയരത്തിൽ തടിയുടെ ഉൾഭാഗം വരെ എത്തുന്ന വിധത്തിൽ ഒരു ദ്വാരം ചരിച്ചുണ്ടാക്കുന്നു .മരത്തിലുള്ള എണ്ണ മുഴുവൻ ഈ ദ്വാരത്തിലൂടെ വാർന്നുവരും .എണ്ണ മുഴുവൻ എടുത്തുകഴിഞ്ഞാൽ പിന്നീട് ഈ മരത്തിന് ആയുസില്ല. കരിഞ്ഞുണങ്ങി പോകുകയാണ് പതിവ് . ഇത് കാരണം ഇപ്പോൾ  ഈ മരം കടുത്ത വംശനാശ ഭീക്ഷണി നേരിടുന്നു .

ഈ എണ്ണയ്ക്ക് ഔഷധഗുണങ്ങളുണ്ട് .ഗൊണോറിയ, മറ്റ് ലൈംഗീകരോഗങ്ങൾ ,മൂത്രാശയ രോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു .കൂടാതെ ആനകളുടെ മുറിവുകൾ ,വ്രണങ്ങൾ എന്നിവയുടെ ചികിത്സയ്ക്കും ഉപയോഗിക്കുന്നു .

എണ്ണപ്പൈന്റെ തടിക്ക് ഈടും ബലവുമുണ്ട്. ഫർണീച്ചറുകളുടെ നിർമ്മാണത്തിന് മലബാറിൽ ഇതിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു .ഈ തടി മലബാർ മഹാഗണി എന്ന പേരിൽ വിപണിയിൽ ലഭ്യമാണ് .
Previous Post Next Post