കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് ഓരിലത്താമര . ഇതിനെ ഒരിതൾ താമര എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ ഇതിനെ അംബൂരുക ,പത്മചാരിണി ,അവിഥാ , ലക്ഷ്മി , ശ്രേഷ്ഠാ,ശാരദാ , അതിചരാ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
- Botanical name - Ionidium suffruticosum
- Family - Violaceae (Violet family)
- Synonyms - Hybanthus enneaspermus
- Common name - Pink ladies slipper,Spade Flower
- Malayalam - Orilathamara , Orithalthamara
- Tamil - Orithal tamarai
- Telugu - Ratnapurusha
- Kannada - Purusharathna
- Hindi - Ratan purush
- Marathi - Rathanparas
- Bengali - Munbora
ആവാസമേഖല .
ഇന്ത്യ ,ശ്രീലങ്ക ,ചൈന ,മഡഗാസ്കർ,ആഫ്രിക്ക എന്നിവിടങ്ങളിൽ ഓരിലത്താമര കാണപ്പെടുന്നു .കേരളത്തിൽ മിക്കവാറും എല്ലാ സ്ഥലങ്ങളിലും ഈ സസ്യം വളരുന്നു . എങ്കിലും ചിന്നാർ,ചമ്പക്കാട്,കപ്പുകാട്,തെന്മല,പേരകമണ്ണ,മഞ്ചേശ്വരം,കായംകുളം,നെല്ലിമുകൾ,തെള്ളിച്ചേരി,ചെറുവത്തൂർ എന്നീ സ്ഥലങ്ങളിൽ ഓരിലത്താമര ധാരാളമായി കാണപ്പെടുന്നു .
സസ്യവിവരണം .
മുരടിച്ച രൂപത്തിൽ അനേകം ശാഖകളോട് കൂടി വളരുന്ന ചെറിയ ഒരു സസ്യമാണ് ഓരിലത്താമര.ഇത് ഒരു ഏകവർഷ സസ്യമാണ് .ഇതിന്റെ ഇലകൾ വീതികുറഞ്ഞതും അഗ്രം കൂർത്തതുമാണ് .ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇവയുടെ പുഷ്പങ്ങൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു .പുഷ്പങ്ങൾ പത്രകക്ഷത്തിൽ ഒറ്റയായി ഉണ്ടാകുന്നു .ഇവയ്ക്ക് 5 ദളങ്ങളുണ്ട് .ഇവയുടെ ഫലങ്ങൾ ചെറുതും അർദ്ധ ഗോളാകൃതിയിലുമാണ് .ഇവയിൽ 5 -6 വിത്തുകൾ കാണപ്പെടുന്നു .
ഓരിലത്താമരയെ ചിലർ ഒരിലത്താമരയായി കണക്കാക്കുന്നു .ഇവ രണ്ടും രണ്ടു സസ്യങ്ങളാണ് .കിഴങ്ങിൽ നിന്നും മുളച്ചുപൊങ്ങുന്ന ഒരില മാത്രമുള്ള ഒരു ചെറിയ സസ്യമാണ് ഒരില താമര .ഇതിന്റെ ശാസ്ത്രനാമം Nervilia aragoana എന്നാണ് .
ഔഷധഗുണങ്ങൾ .
പുരുഷ വന്ധ്യതയ്ക്ക് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഓരിലത്താമര. കൂടാതെ വിളർച്ച , നേത്രരോഗങ്ങൾ , മൂത്രാശയരോഗങ്ങൾ ,തേൾവിഷം,സർപ്പവിഷം ,തലയിലെ താരൻ , വയറുവേദന ,തലവേദന ,ശരീരം ചുട്ടുനീറ്റൽ ,വയറിളക്കം, വയറുകടി ,ലൈംഗീകശക്തി ,ചുമ , ആസ്മ എന്നിവയ്ക്കും ഒരു ഉത്തമ പ്രധിവിധി . ലാടവൈദ്യത്തിൽ ധാരാളമായി ഓരിലത്താമര ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗങ്ങൾ - സമൂലം
രസാദിഗുണങ്ങൾ .
രസം -തിക്തം ,കടു
ഗുണം -ലഘു ,സ്നിഗ്ധം
വീര്യം -അനുഷ്ണം
വിപാകം -കടു
ചില ഔഷധപ്രയോഗങ്ങൾ .
കണ്ണിൽ ചൊറിച്ചിൽ കൺപോളകളിൽ നീര് .
ഓരിലത്താമര സമൂലം (വേരോടെ മൊത്തമായും )ചതച്ച് വെള്ളത്തിലിട്ട് അരിച്ചെടുത്ത ശേഷം ഈ വെള്ളം ദിവസം പലപ്രാവശ്യം കണ്ണിലൊഴിച്ചു നിർത്തിയാൽ കണ്ണിൽ ചൊറിച്ചിൽ ,കണ്ണിൽ ചുവപ്പ് ,കൺപോളകളിൽ നീര് ,വേദന എന്നിവ മാറും .ഈ രോഗത്തിനെ നേത്രാഭിഷ്യന്ദം എന്ന് ആയുർവേദത്തിൽ അറിയപ്പെടും .
തലവേദന മാറാൻ .
ഓരിലത്താമര സമൂലം അരച്ച് നെറ്റിയിൽ കട്ടിക്ക് പുരട്ടിയാൽ തലവേദന മാറും .
തലയിലെ താരൻ ഇല്ലാതാക്കാൻ .
ഓരിലത്താമര സമൂലം ചതച്ച് താളിയാക്കി തലയിൽ തേച്ചുകുളിച്ചാൽ തലയിലെ താരൻ പൂർണ്ണമായും മാറും .
ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ ഇല്ലാതാക്കാൻ .
ഓരിലത്താമര സമൂലം അരച്ച് പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറിക്കിട്ടും .
മുറിവ് പെട്ടന്ന് ഭേദമാകാൻ .
ഓരിലത്താമരയുടെ ഇല അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ മുറിവ് വേഗം സുഖപ്പെടും .
ശുക്ലം വർദ്ധിക്കാൻ .
ഓരിലത്താമര സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ച് നന്നായി പൊടിച്ച് പാലിൽ ചേർത്ത് പതിവായി കഴിച്ചാല് ശുക്ലം വർദ്ധിക്കും .
യവ്വനം നിലനിർത്താൻ .
ഓരിലത്താമര സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ചതും ,കീഴാർ നെല്ലി ഉണക്കിപ്പൊടിച്ചതും സമമായി എടുത്ത് പാലിൽ കലക്കി പതിവായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യവ്വനം തിരിച്ചുകിട്ടും .
തേൾവിഷം .
ഓരിലത്താമരയുടെ ഫലങ്ങൾ അരച്ച് തേൾ കുത്തിയ ഭാഗത്ത് പുറമെ പുരട്ടിയാൽ തേൾവിഷം ശമിക്കും .
അൾസർ മാറാൻ .
ഓരിലത്താമര സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ചതും,പഴുത്ത പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ചതും ഒരേ അളവിൽ പാലിൽ കാച്ചി കുടിച്ചാൽ അൾസർ ഭേദമാകും .
ലൈംഗീകശക്തിവർദ്ധിക്കാൻ .
ഓരിലത്താമര സമൂലം നിഴലിൽ ഉണക്കിപ്പൊടിച്ച് ഒരു സ്പൂൺ വീതം തേനിൽ ചേർത്ത് പതിവായി കഴിച്ചാൽ ലൈംഗീകശക്തി വർദ്ധിക്കും .ശുക്ല വർദ്ധനയ്ക്കും നന്ന് .ഓരിലത്താമര സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി വീതം രാവിലെ വെറുംവയറ്റിൽ പതിവായി കഴിച്ചാലും മതിയാകും .
മൂത്രച്ചൂട് മാറാൻ .
ഓരിലത്താമരയുടെ വേര് കഷായമുണ്ടാക്കി കഴിച്ചാൽ മൂത്രച്ചൂട് ,മൂലമെരിച്ചിൽ മുതലായവ മാറും .
മൂത്രതടസ്സം മാറാൻ .
ഓരിലത്താമര സമൂലം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ മൂത്രതടസ്സം മാറും .
കുട്ടികളിലെ വയറുവേദന മാറാൻ .
ഓരിലത്താമര ഇടിച്ചുപിഴിഞ്ഞ നീര് ഒരു ടീസ്പൂൺ വീതം തേനും ചേർത്ത് കുട്ടികൾക്ക് കൊടുത്താൽ കുട്ടികളിലെ വയറുവേദന ,വയർ വീർപ്പ് മുതലായ മാറിക്കിട്ടും .
Tags:
ഏകവർഷ സസ്യം