ഏഷ്യയിലെല്ലായിടത്തും കാണപ്പെടുന്ന നിറയെ മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് എലിമുള്ള് .കേരളത്തിൽ ഇതിനെ കൂറമുള്ള്, കൂമുള്ള്, തീമുള്ള്, കൽതൊട്ടാവാടി ,ചിങ്ങമുള്ള് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ "മിമോസ തോൺ" എന്ന് അറിയപ്പെടുന്നു .
- Botanical name : Caesalpinia mimosoides
- Family : Caesalpiniaceae (Gulmohar family)
- Common name : Mimosa Thorn
- Malayalam : Elemullu,Theemullu ,Kooramullu,Kumullu,Chingamullu,Kalthottaavaadi
- Tamil : Punai-k-kalarci
- Kannada : Eejimullu,Komme gida
- Marathi : Iajri, Narkati
- Sanskrit : Ritubana, Shwetamula, Vaishakhamantha
ആവാസമേഖല .
ഏഷ്യയിലെല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു .കേരളത്തിലെ വഴിയോരങ്ങളിലും ,പറമ്പുകളിലും ,വനങ്ങളിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു .
സസ്യവിവരണം .
3 മീറ്റർ ഉയരത്തിൽ വരെ വളരുന്ന നിറയെ മുള്ളുകളുള്ള കുറ്റിച്ചെടി . ഇവയുടെ തണ്ടുകൾക്ക് ഇരുണ്ട വയലറ്റ് നിറമാണ് .ഇവയുടെ ഇളം തണ്ടിന് പ്രത്യേക ഒരു ഗന്ധമുണ്ട് .മഞ്ഞ നിറത്തിലുള്ള പൂക്കൾ കുലകളായി ഈ സസ്യത്തിലുണ്ടാകുന്നു . ബലൂണുപോലെയുള്ള വീർത്ത ഫലങ്ങളാണ് ഇവയുടേത് .
പണ്ടുള്ള കുട്ടികൾ ഇതിന്റെ കായകൾ പറിച്ച് നെറ്റിയിൽ ഇടിച്ചു പൊട്ടിക്കുന്ന സ്വഭാവമുണ്ടായിരുന്നു . അതുപോലെ പണ്ടുള്ളവർ ഇതിന്റെ തളിരിലകൊണ്ട് (കൂമ്പ് ) തോരൻ ,തീയൽ ,ചമ്മന്തി മുതലായ ഉണ്ടാക്കി കഴിച്ചിരുന്നു . നാട്ടിൻപുറങ്ങളിലുള്ള കർഷകർ എലിമുള്ള് വെട്ടി വാഴക്കുലകളിൽ വെയ്ക്കുന്ന പതിവുണ്ടായിരുന്നു .കാരണം വിളവെടുക്കാറായ വാഴക്കുലകൾ വവ്വാലുകൾ ഭക്ഷിക്കാറുണ്ട് .ഇവയുടെ ആക്രമണം തടയാൻ വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത് .
ഇതിന്റെ തളിരില തൊണ്ടവേദനയ്ക്കുള്ള (ടോൺസിലൈറ്റിസ്) ഔഷധമായും ഉപയോഗിക്കുന്നു .എലിമുള്ളിന്റെ 7 കൂമ്പും (തളിര് ), പാണലിന്റെ ഒരു തളിരിലയും രോഗമുള്ള ആൾ തന്നെ സൂര്യോദയത്തിന് മുമ്പ് തൊട്ടുരിയാടാതെ നുള്ളിയെടുത്ത് ഒരു വെളുത്തുള്ളിയുടെ അല്ലിയും ചേർത്ത് കല്ലിൽ അരച്ച് വെറുംവയറ്റിൽ ഒരു നേരം കഴിച്ചാൽ ടോൺസിലൈറ്റിസ് മാറും .
ഇതിന്റെ 7 തളിരും കുറച്ച് ഉപ്പും ചേർത്ത് അരച്ച് രാവിലെ വെറുംവയറ്റിൽ കഴിച്ചാലും മതിയാകും .
കൂടാതെ തേനീച്ച ,കടന്നൽ(കടന്തൽ ) എന്നിവയുടെ വിഷത്തിനും ,ശരീരത്തിലുണ്ടാകുന്ന നീരിനും ഇതിന്റെ തളിരില അരച്ച് പുറമെ പുരട്ടാറുണ്ട് .
ഗാലിക് ആസിഡ് ഈ ചെടിയിൽ നിന്നും വേർതിരിച്ചെടുക്കാറുണ്ട് .കേരളത്തിൽ സർവസാധാരണമായി കാണപ്പെടുന്ന മഞ്ഞപ്പാപ്പാത്തി എന്ന ചിത്രശലഭത്തിന്റെ ഭക്ഷണ സസ്യം കൂടിയാണ് എലിമുള്ള് .ഈ ചിത്രശലഭം മുട്ടയിടുന്നതും ഈ സസ്യത്തിൽ തന്നെയാണ്
എലിമുള്ള് എന്നു പേരുള്ള വേറൊരു സസ്യംകൂടിയുണ്ട് .അത് പുൽവർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് .അതിന്റെ ശാസ്ത്രനാമം Spinifex littoreus എന്നാണ് . മറ്റ് സംസ്ഥാനങ്ങളിൽ രാവണ മീശ എന്ന പേരിലാണ് ഈ സസ്യത്തെ അറിയപ്പെടുന്നത് .
- Botanical name : Spinifex littoreus
- Family : Poaceae (Grass family)
- Common name : Ravan's Moustache, Littoral Spinegrass
- Malayalam : Elimullu
- Tamil : Iravanan michai, Iravanan pul
- Telugu: Ravanasuruni misalu
- Kannada : Raavanana meese
- Marathi: Kolanti tan
Tags:
കുറ്റിച്ചെടി