പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണപ്പെടുന്ന ഒരു വലിയ ആരോഹിയാണ് ഓടൽ .(സമീപത്തുള്ള വസ്തുക്കളിലോ മരങ്ങളിലോ പറ്റിപ്പിടിച്ച് മുകളിലോട്ട് വളരുന്ന സ്വഭാവമുള്ള സസ്യങ്ങളെയാണ് ആരോഹി എന്ന് പറയപ്പെടുന്നത് ) മലയാളത്തിൽ ഇതിനെ വെള്ളയോടൽ ,വെളുത്ത ഓടൽ ,വള്ളിയോടൽ ,ഓടൽ ,ഓട,എരുമത്താളി തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടിരുന്ന ഒരു സസ്യമാണ് ഓടൽ .എന്നാൽ ഇന്ന് അപൂർവമായേ ഈ സസ്യം കാണപ്പെടുന്നൊള്ളു .ഓടമരം എന്നറിയപ്പെടുന്ന വേറൊരു വൃക്ഷം കൂടിയുണ്ട് അതിന്റെ ശാസ്ത്രീയനാമം "Balanites roxburghii" എന്നാണ് .കലാഭവൻ മണി പെണ്ണിനോടുപമിച്ചു പാടിയ (ഓടപ്പഴം പോലൊരു പെണ്ണിനു വേണ്ടി ഞാൻ കൂടപ്പുഴ ആകെ അലഞ്ഞോനാൺടി) എന്ന ഓടലിനെകുറിച്ചാണ് ഇവിടെ വിവരിക്കുന്നത് .
- Botanical name : Sarcostigma kleinii
- Family : Icacinaceae (Unicorn Plant family)
- Synonyms : Sarcostigma horsfieldii, Sarcostigma wallichii
- Common name : Ingudi, Odal oil plant
- Malayalam : Erumathali, Odal, Odappzham, Vattodal, Vellodal
- Tamil : Otal, Puvennai
- Kannada : puvanna
- Sanskrit : Ingudi
ആവാസമേഖല .
ഇൻഡോ മലേഷ്യൻ മേഖലകളിൽ കാണുന്ന ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് ഓടൽ .കേരളത്തിലെ നാട്ടിൻപുറങ്ങളിലും ,നിത്യഹരിത വനങ്ങളിലും ,അർദ്ധനിത്യഹരിത വനങ്ങളിലും ഈ സസ്യം കാണപ്പെടുന്നു .കേരളത്തിൽ പീച്ചി, ഷോളയാർ, വെള്ളാനിമല, പൊൻമുടി, റോസ്മല, കടമണ്ണയത്ത്, തെന്മല, നാടുകാണി ഘട്ടുകൾ , പമ്പാവാലി, പുതുശ്ശേരി, പാനോത്ത് ,കണ്ണോത്ത്,തളിപ്പറമ്പ്, മുക്കാലി വനമേഖല, അയ്യപ്പൻകോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ ഓടൽ കാണപ്പെടുന്നു .
സസ്യവിവരണം .
വള്ളിപോലെ മറ്റ് മരങ്ങളിൽ പടർന്ന് വളരുന്ന സസ്യം .ഇവയുടെ ഇലകൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇവയുടെ ഇലകൾക്ക് 17 -22 സെ.മി നീളവും 8 -12 സെ.മി വീതിയുമുണ്ടാകും .ഇലയുടെ അഗ്രഭാഗം കൂർത്തതാണ് .
ഡിസംബർ -മാർച്ച് മാസങ്ങളിലാണ് ഓടൽ പൂക്കുന്നത് .ഇവയുടെ പൂക്കൾക്ക് മഞ്ഞ നിറമാണ് .ഇവയുടെ ദീർഘ വൃത്താകൃതിയിലുള്ള കായകൾ പഴുക്കുമ്പോൾ കടുത്ത ഓറഞ്ചുനിറത്തിലാകുന്നു .ഫലത്തിൽ ഒറ്റ വിത്തുമാത്രമേ കാണുകയൊള്ളൂ .
ഈ വിത്തിൽ എണ്ണ അടങ്ങിയിരിക്കുന്നു ,വിത്തിനെ പൊതിഞ്ഞ് മാംസളമായ ഭാഗമുണ്ട് .ഇവ ഭക്ഷ്യയോഗ്യമാണ് .കൂടാതെ അണ്ണാൻ ,മരപ്പട്ടി എന്നിവയുടെ ഇഷ്ട ഭക്ഷണം കൂടിയാണ് ഓടപ്പഴം . 5-7 വർഷം വേണ്ടിവരും ഓടൽ കായ്ക്കാൻ .
ഉപയോഗങ്ങൾ .
പണ്ടുകാലത്ത് വിളക്ക് കത്തിക്കാനായി ഇതിന്റെ വിത്തിൽ നിന്നും എടുക്കുന്ന എണ്ണ (ഓടെണ്ണ) ഉപയോഗിച്ചിരുന്നു . ഓടപ്പഴം ചാക്കിൽ കെട്ടി ചവിട്ടി .വിത്തിൽ പൊതിഞ്ഞ മാതളം മാറ്റിയ ശേഷം. കുരു വെയിലിൽ ഉണക്കി കല്ലുരലിൽ ഇടിച്ചു പിഴിഞ്ഞാണ്. പണ്ടുകാലങ്ങളിൽ ഓടെണ്ണ എടുത്തിരുന്നത് .
ആറന്മുള വള്ളംകളിക്ക് പുതിയ വള്ളം ആറ്റിലിറക്കുമ്പോൾ ആ വള്ളത്തിൽ ഓടെണ്ണ പുരട്ടിയാണ് വെള്ളത്തിൽ ഇറക്കുന്നത് .പണ്ട് കാലത്ത് ആനയെ തളയ്ക്കാൻ ഓടവള്ളിയാണ് ഉപയോഗിച്ചിരുന്നത് .അനയ്ക്കുപോലും പൊട്ടിക്കാക്കാൻ കഴിയാത്തത്ര ബലം ഓടലിന്റെ തണ്ടിനുണ്ട്
പണ്ടുകാലങ്ങളിൽ സ്ത്രീകൾ കൺമഷി ഉണ്ടാക്കിയിരുന്നതും ഓടെണ്ണയിൽ നിന്നാണ് . ഓടെണ്ണ ഒഴിച്ച് വിളക്ക് കത്തിച്ച് അതിന്റെ മുകളിൽ ഓടിന്റെ ഒരു പാത്രം കമഴ്ത്തി അതിൽ പറ്റിപ്പിടിക്കുന്ന കരിയെടുത്താണ് കൺമഷിയായി ഉപയോഗിച്ചിരുന്നത് .
ഓടൽ ഔഷധഗുണങ്ങൾ .
ഓടലിന് നിരവധി ഔഷധഗുണങ്ങളുണ്ട് .തൊലി ,ഇല ,വിത്ത്,എണ്ണ എന്നിവ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .ചർമ്മരോഗങ്ങൾ ,സന്ധിവാതം ,വാതം ,അൾസർ,കൃമി ,മൂലക്കുരു തുടങ്ങിയവയുടെ ചികിത്സയിൽ ഇവ ഉപയോഗിക്കുന്നു .പ്രസിദ്ധമായ പഞ്ച തൈലത്തിലെ ഒരു ഘടകം ഓടലെണ്ണയാണ് . പഞ്ച തൈലം വാത രോഗങ്ങളുടെ ചികിത്സയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത് .
Tags:
കുറ്റിച്ചെടി