ലോകത്തിൽ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു വൃക്ഷമാണ് എല്ലൂറ്റി .കേരളത്തിൽ ഇതിനെ ചിറ്റിലപ്ലാവ്, തലവാരി, മലന്തൊടലി എന്നീ പേരുകളിലും അറിയപ്പെടുന്നു .
- Botanical name : Pterospermum rubiginosum
- Family : Sterculiaceae (Cacao family)
- Synonyms : Pterospermadendron rubiginosum
- Common name : Rusty Kanak Champa
- Malayalam : Allootti,Chittilaplaava,Thalavaari,Malanthodali
ആവാസമേഖല .
ലോകത്തിൽ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഈ വൃക്ഷം കാണപ്പെടുന്നത് .മധ്യസഹ്യാദ്രികളിലെ കേരളം ,തമിഴ്‌നാട് ,കർണ്ണാടകം എന്നിവിടങ്ങളിലാണ് ഈ വൃക്ഷം കാണപ്പെടുന്നത് . 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിത വനങ്ങളിൽ എല്ലൂറ്റി സ്വാഭാവികമായി കാണപ്പെടുന്നു .
സസ്യവിവരണം .
28 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൻ മരമാണ് എല്ലൂറ്റി .ശാഖോപശാഖകളായി വളരുന ഈ മരത്തിന്റെ പുറംതൊലിക്ക് തവിട്ടുനിറമാണ് .തൊലിയുടെ അകം ഭാഗത്തിന് ചുവപ്പുനിറമാണ് .വലിയ പാളികളായി പുറംതൊലി അടർന്നുപോകാറുണ്ട് .
ഈ വൃക്ഷത്തിന്റെ ഇളം ശാഖകൾ ഇരുണ്ടതും രോമിലവുമാണ് .ചെറുശാഖകൾ താഴേയ്ക്ക് തൂങ്ങിയാണ് കാണപ്പെടുന്നത് .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .നീണ്ട കൂന്താകൃതിയുള്ള ഇലകൾക്ക് 10 സെ.മി നീളവും 3 സെ.മി വീതിയുമുണ്ടാകും .
ഈ വൃക്ഷത്തിന്റെ പൂക്കാലം സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെയാണ് .പൂക്കൾക്ക് നരച്ച വെള്ളനിറമാണ് .പത്രകക്ഷങ്ങളിൽ പൂക്കൾ ഒറ്റയ്ക്ക് ഉണ്ടാകുന്നു .ഇവയുടെ ഫലം അഞ്ച് വശങ്ങളോട് കൂടി തവിട്ടുനിറത്തിലുള്ളതാണ് .ഇവയ്ക്ക് 5 സെ.മി നീളവും ഒന്നര സെ.മി വീതിയുമുണ്ടാകും .ഇവയിൽ ഒറ്റ വിത്തുമാത്രമേ കാണപ്പെടുകയൊള്ളു .വിത്തിന് ചിറക് ഉണ്ടായിരിക്കും .
എല്ലൂറ്റി ഉപയോഗങ്ങൾ .
മരത്തിന്റെ തൊലിക്ക് ഔഷധഗുണങ്ങളുണ്ട് .ആദിവാസികൾ ഒടിഞ്ഞ എല്ലുകളെ കൂട്ടി യോജിപ്പിക്കാനുള്ള ഔഷധമായി എല്ലൂറ്റിയുടെ തൊലി ഉപയോഗിക്കുന്നു .അതിനാലാണ് ഈ വൃക്ഷത്തിന് എല്ലൂറ്റി എന്ന് പേര് വരാൻ കാരണം .
കോട്ടൂർ റിസർവ് ഫോറസ്റ്റിലുള്ള അഗസ്ത്യവനത്തിലെ കാണി വർഗ്ഗക്കാരുടെ നാടൻ ചികിത്സയിൽ എല്ലുകൾക്ക് ഒടിവ് സംഭവിച്ചാൽ അത് കൂട്ടി യോജിപ്പിക്കാനായി എല്ലൂറ്റി ഉപയോഗിക്കുന്നു .
കാണിക്കാർ മരത്തിന്റെ തൊലിയുടെ പുറത്തെ മൃതപാളി നീക്കം ചെയ്‌ത ശേഷം ചെറു ചൂടുവെള്ളത്തിൽ അരച്ച് അസ്ഥികൾ ഒടിഞ്ഞ ഭാഗത്ത് പുറമെ കനത്തിൽ പുരട്ടി എല്ലുകൾ ചേർത്ത് വച്ച ശേഷം കെട്ടി വയ്ക്കുകയാണ് പതിവ് .
കൂടാതെ ഉളുക്കിനും ,ചതവിനും ,മുറിവിനും എല്ലൂറ്റിയുടെ തൊലി ഔഷധമായി ഉപയോഗിക്കുന്നു .മുറിവിൽ എല്ലൂറ്റിയുടെ തൊലി അരച്ച് വച്ചുകെട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയുന്നതാണ് .
ഉളുക്കിനും ,ചതവിനും എല്ലൂറ്റിയുടെ തൊലി ചതച്ച് തുണിയിൽ കിഴികെട്ടി മൺപാത്രത്തിൽ വച്ച് ചൂട് പിടിപ്പിച്ച് ചതവുകൾ ,ഉളുക്കുകൾ എന്നിവ പറ്റിയ ഭാഗത്ത് മൃദുവായി അമർത്തിയാൽ ചതവും ,ഉളുക്കും പെട്ടന്ന് സുഖപ്പെടുന്നതാണ് .
എല്ലൂറ്റിയുടെ തടിക്ക് നല്ല ബലമുണ്ട് .കാതലും വെള്ളയുമുണ്ട് .കാതലിന് പിങ്ക് നിറമാണ് .ഫർണീച്ചറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കാം .
Tags:
വൃക്ഷം