ചുമ ,ആസ്മ ,കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം .സംസ്കൃതത്തിൽ വാസഃ ,വാസകഃ, വൃഷക ,സിംഹാസ്യം ,വംശഃ ,വിഷ്ണു ,വാജിദന്തഃ ,ആടരൂഷഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ മലബാർ നട്ട് എന്ന പേരിലും അറിയപ്പെടുന്നു .
Binomial name - Adhatoda vasica
Synonyms - Justicia adhatod, Adhatoda zeylanica
Family - Acanthaceae (Acanthus family)
വിതരണം .
കേരളമുൾപ്പടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആടലോടകം വളരുന്നു .
സസ്യവിവരണം .
ചെറിയ ആടലോടകം വലിയ ആടലോടകം എന്നിങ്ങനെ രണ്ടുതരത്തിൽ ആടലോടകം കാണപ്പെടുന്നു .ചെറിയ ആടലോടകത്തെ ചിറ്റാടലോടകം എന്ന പേരിൽ അറിയപ്പെടുന്നു .കേരളത്തിൽ മാത്രമാണ് ചെറിയ ആടലോടകം കാണപ്പെടുന്നത് .കേരളത്തിൽ സാധാരണ ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നതും ചെറിയ ആടലോടകമാണ് .കിട്ടാത്ത പക്ഷം വലിയ ആടലോടകവും ഉപയോഗിക്കുന്നു .
ചെറിയ ആടലോടകം - justicia beddomei
Synonyms -Justicia gingiana, Ecbolium beddomei,Adhatoda beddomei
Family - Acanthaceae (Acanthus family)
1 -2 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത കുറ്റിച്ചെടിയാണ് ആടലോടകം .കാണ്ഡത്തിൽ പർവസന്ധികൾ വ്യക്തമായി കാണാം .ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് 7 -15 സെ.മീ നീളവും 4 -7 സെ.മീ വീതിയുമുണ്ട് .തളിരിലയയിൽ ധാരാളം രോമങ്ങളുണ്ട് .ഇലകളിൽ 14 -ലേറെ ജോഡി ഞരമ്പുകൾ ഉണ്ട് .എന്നാൽ ചെറിയ ആടലോടകത്തിന്റെ ഇലയിൽ 8 ജോഡി ഞരമ്പുകൾ മാത്രമേ ഒള്ളു .ഏപ്രിൽ -ജൂലായ് മാസങ്ങളിലാണ് പൂക്കാലം .ശാഖകളുടെ തലപ്പത്താണ് പൂങ്കുലകൾ ഉണ്ടാകുന്നത് .വെളുത്ത നിറത്തിലുള്ള ഇവയുടെ പൂക്കൾ ചെറുതും 2 സെ.മീ നീളമുള്ളതുമാണ് .മഴക്കാലം കഴിയുന്നതോടെ ഇവയുടെ കായകൾ വിളയും .കായ്ക്കുള്ളിൽ തവിട്ടുനിറത്തിലുള്ള 2 -4 വിത്തുകൾ കാണും .കമ്പ് മുറിച്ചുനട്ടോ വിത്തുകൾ പാകിയോ പുതിയ തൈകൾ വളർത്തിയെടുക്കാം .
ആടലോടകം പ്രാണിനാശകമാണ് .പഴങ്ങൾ ,കായകൾ മുതലായവയിൽ ആടലോടകിത്തില ഇട്ടു വച്ചാൽ പൂപ്പൽ പിടിക്കുകയില്ല .പണ്ടുകാലങ്ങളിൽ പച്ചില വളമായി ആടലോടകത്തിന്റെ ഇല ഉപയോഗിച്ചിരുന്നു .ഇതിന്റെ ഇലയ്ക്ക് ഒരു പ്രത്യേകതരം സുഗന്ധമുള്ളതിനാൽ മൃഗങ്ങൾ ഒന്നും തന്നെ ഇതിന്റെ ഇലകൾ ഭക്ഷിക്കാറില്ല.അതിനാൽ തന്നെ ഒരു വേലിച്ചെടിയായി ഇതിനെ ഒരുകാലത്ത് വളർത്തിയിരുന്നു .
രാസഘടകങ്ങൾ .
ആടലോടകത്തിന്റെ ഇലകളിൽ നിന്നും വേരുകളിൽ നിന്നും ചില ആൽക്കലോയിഡുകൾ വേർതിരിച്ചെടുത്തിട്ടുണ്ട് .വാസിസിൻ ,വസിസിനോൾ ,6 -ഹൈഡ്രോക്സി വാസിസിൻ,പെഗാനിൻ എന്നിവയാണ് പ്രധാന ആൽക്കലോയിഡുകൾ .ആടലോടകത്തിൽ നിന്നും തയാറാക്കുന്ന വാസിസിൻ എന്ന മരുന്ന് രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുന്നു .ആടലോടകത്തിന്റെ വേരിന്മേൽ തൊലിയിലാണ് വാസിസിൻ എന്ന ഘടകം കൂടുതലായും അടങ്ങിയിരിക്കുന്നത് .
പ്രാദേശികനാമങ്ങൾ .
English Name - Malabar Nut
Malayalam name - Adalodakam,Chittadalodakam
Hindi Name - Bansa, Adusa,Adosa, Arusha
Tamil Name- Adathodai,Eidhadad
Telugu Name-Adamkabu, Adampaka ,Addasaramu
Kannada name - Adu muttada soppu ,Adusogae
Marathi Name - Adulsa
Bengali Name- Bakash,Vasok,Adulsa
Gujarati Name - Araduso,Aduraspee, Bansa,Aradusī, Adulso
Punjabi Name - Bhekkar,Vamsa
Oriya name - Arusa, Basung,Basanga
ആടലോടകത്തിന്റെ ഔഷധഗുണങ്ങൾ .
ചുമ ,കഫക്കെട്ട് ,ആസ്മ എന്നിവയ്ക്ക് വിശേഷപ്പെട്ട ഔഷധമാണ് ആടലോടകം .രക്തം ശുദ്ധീകരിക്കും .രക്തശ്രാവം തടയും .രക്തം ചുമച്ചു തുപ്പുന്നതിനും മലത്തോടൊപ്പം രക്തം പോകുന്ന വയറുകടിക്കും രക്താർശസിനും നല്ലതാണ് .രക്തപിത്തം ,പനി , ജലദോഷം ,തൊണ്ടവേദന ,വയറിളക്കം ,ഛർദ്ദി ,കണ്ണുവേദന, ചെങ്കണ്ണ് ,ഗൊണോറിയ ,ഓർമ്മക്കുറവ്, നെഞ്ചുവേദന ,ക്ഷയം ,ഒച്ചയടപ്പ് എന്നിവയ്ക്കും നല്ലതാണ് .എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് ,കുഷ്ഠം ,വെള്ളപ്പാണ്ട്, മഞ്ഞപ്പിത്തം ,ദഹനക്കേട് ,അരുചി ,വിശപ്പില്ലായ്മ ,പുളിച്ചു തികട്ടൽ ,വായുകോപം എന്നിവയ്ക്കും നല്ലതാണ് .വാതം ,നീര് ,വേദന ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ .കൃമിശല്യം എന്നിവയ്ക്കും നല്ലതാണ് .കരൾരോഗങ്ങൾക്കും ഹൃദയാരോഗ്യത്തിനും മാനസികാരോഗ്യത്തിനും സുഖപ്രസവത്തിനും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
ആടലോടകം ചേരുവയുള്ള ചില ഔഷധങ്ങൾ .
ച്യവനപ്രാശം (Chyavanaprasam).
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
വാശകാദ്യരിഷ്ടം (Vasakadyarishtam).
ജലദോഷം ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,അലർജി ,ഇസിനോഫീലിയ ,രക്തപിത്തം ,വീക്കം ,രക്തശ്രാവം മുതലായവയുടെ ചികിൽത്സയിൽ വാശകാദ്യരിഷ്ടം ഉപയോഗിച്ചു വരുന്നു .
നിംബാമൃതാസവം (Nimbamritasavam).
എല്ലാവിധ വാതരോഗങ്ങൾക്കും സോറിയാസിസ് ,എക്സിമ ,ഉണങ്ങാത്ത മുറിവുകൾ ,കുരു മുതലായ ത്വക്ക് രോഗങ്ങളുടെയും ചികിൽത്സയിൽ നിംബാമൃതാസവം ഉപയോഗിച്ചു വരുന്നു .
മഹാതിക്തകഘൃതം (Mahatiktakaghritam).
ത്വക്ക് രോഗങ്ങൾ ,അമിത ആർത്തവം ,രക്താർശ്ശസ് ,ആമാശയവീക്കം ,സന്ധിവാതം ,അനീമിയ ,മഞ്ഞപ്പിത്തം ,പനി ,ഹൃദ്രോഗം മുതലായവയുടെ ചികിൽത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .
മൃതസഞ്ജീവനി അരിഷ്ടം (Mritasanjeevani Arishtam).
ശരീരക്ഷീണം ,ശരീര ഭാരക്കുറവ് ,പ്രധിരോധ ശേഷിക്കുറവ് ,ലൈംഗീക ശേഷിക്കുറവ് ,താത്പര്യമില്ലായ്മ മുതലായവയുടെ ചികിൽത്സയിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിക്കുന്നു .
മഹാരാസ്നാദി കഷായം (Maha Rasnadi Kashayam.).
എല്ലാത്തരം വാതരോഗങ്ങൾക്കും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഹാരാസ്നാദി കഷായം.അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .
രാസ്നാദി കഷായം (Rasnadi Kashayam).
റൂമറ്റോയ്ഡ് ആർത്രൈറ്റിസ്,ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നാദി കഷായം.കൂടാതെ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
മഹാതിക്തം കഷായം (Mahatiktam Kashayam).
ത്വക്ക് രോഗങ്ങൾ ,കുരുക്കൾ ,ഉണങ്ങാത്ത വ്രണങ്ങൾ ,ചർമ്മത്തിലെ നിറവ്യത്യാസം ,സിഫിലിസ് ,മാനസികരോഗങ്ങൾ ,ഹൃദ്രോഗം ,ഫിസ്റ്റുല ,അമിത ആർത്തവം മുതലായവയുടെ ചികിൽത്സയിൽ മഹാതിക്തം കഷായം ഉപയോഗിക്കുന്നു .ഈ ഔഷധം മഹാതിക്തം ക്വാഥം എന്ന പേരിൽ ഗുളിക രൂപത്തിലും ലഭ്യമാണ് .
ദശമൂലരസായനം (Dasamula Rasayanam).
ചുമ ,ആസ്മ ,ശ്വാസതടസ്സം ,വിട്ടുമാറാത്ത പനി മുതലായവയുടെ ചികിൽത്സയിൽ ദശമൂലരസായനം ഉപയോഗിക്കുന്നു .
വാശാഗുളുച്യാദി കഷായം (Vasaguluchyadi Kashayam).
അനീമിയ ,മഞ്ഞപ്പിത്തം ,ഫാറ്റിലിവർ മുതലായവയുടെ ചിലിൽത്സയിൽ വാശാഗുളുച്യാദി കഷായം ഉപയോഗിച്ചു വരുന്നു .
മഞ്ജിഷ്ഠാദി ക്വാഥം (Manjishthadi Kwatham).
സോറിയാസിസ് ,എക്സിമ,പരു ,ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാഥം ഉപയോഗിക്കുന്നു .
രാസ്നാദി ഘൃതം (Rasnadi Ghritam).
പ്രധാനമായും സന്ധിവാത ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നാദി ഘൃതം.
നിംബാമൃതാദി എരണ്ഡതൈലം (Nimbamritadi Eranda Tailam).
ചർമ്മരോഗങ്ങൾ ,വാതരോഗങ്ങൾ ,മലബന്ധം മുതലായവയുടെ ചികിൽത്സയിൽ നിംബാമൃതാദി എരണ്ഡതൈലം ഉപയോഗിച്ചു വരുന്നു .
നിംബാദി കഷായം (Nimbadi Kashayam).
കഫത്തോട് കൂടിയ പനി ,അഞ്ചാംപനി ,ചിക്കൻ പോക്സ് , കുരു ,മുഖക്കുരു മറ്റ് ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ നിംബാദി കഷായം ഉപയോഗിക്കുന്നു .
പടോലാദി ഘൃതം (Patoladi Ghritam).
നേത്രരോഗങ്ങൾ ,ചർമ്മരോഗങ്ങൾ ,ചെവി ,തൊണ്ട ,മൂക്ക് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ ,പ്രാണി വിഷം മുതലായവയുടെ ചികിൽത്സയിൽ പടോലാദി ഘൃതം ഉപയോഗിച്ചു വരുന്നു .
ദശമൂലകടുത്രയാദി കഷായം (Dasamulakatutrayadi Kashayam).
ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,ശ്വാസതടസം ,ജലദോഷം മുതലായവയുടെ ചികിൽത്സയിൽ ദശമൂലകടുത്രയാദി കഷായം ഉപയോഗിക്കുന്നു .
നിംബാമൃതാദി പഞ്ചതിക്തം കഷായം (Nimbamritadi panchatiktam Kashayam).
സന്ധിവാതം ,പനി ,പരു ,കുരു ,ഉണങ്ങാത്ത മുറിവുകൾ ,അനീമിയ മുതലായവയുടെ ചികിൽത്സയിൽ നിംബാമൃതാദി പഞ്ചതിക്തം കഷായം ഉപയോഗിച്ചു വരുന്നു .
മാതള രസായനം (Mathala Rasayanam).
ദഹനസംബന്ധമായ രോഗങ്ങൾക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഉപയോഗിക്കുന്ന ഹെർബൽ ജാം രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാതള രസായനം.ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ്,അൾസർ ,ദഹനക്കേട് ,കരൾ രോഗങ്ങൾ ,ഹൃദ്രോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക് മാതള രസായനം ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ.
രസം : തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
ഔഷധയോഗ്യ ഭാഗം .
ഇല ,വേര് ,പൂവ് ,സമൂലം .
ആടലോടകത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ഇല ,വേര് ,പൂവ് എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങൾ .ഇല ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .ഇലയുടെ നീര് 10 മുതൽ 20 മില്ലി വരേയും ഇല ഉണക്കിപ്പൊടിച്ചത് 1 മുതൽ 3 ഗ്രാം വരെയും വേരിന്റെ കഷായം 40 മുതൽ 80 മില്ലി വരെയും പൂവിന്റെ നീര് 10 മുതൽ 20 മില്ലി വരെയും ദിവസത്തിൽ ഒന്നോ രണ്ടോ തവണ വൈദ്യ നിർദേശ പ്രകാരം മുതിർന്നവർക്ക് കഴിക്കാവുന്നതാണ് .കുറഞ്ഞ അളവിൽ കഴിച്ചാൽ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല .ഉയർന്ന അളവിൽ കഴിച്ചാല് വയറിളക്കത്തിനും ഛർദ്ദിക്കും കാരണമായേക്കാം .ഒരു വയസിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഉപയോഗിക്കരുത് .
ആടലോടകത്തിന്റെ ഇലയുടെ നീരോ ,ഇല വാട്ടിപ്പിഴിഞ്ഞ നീരോ അത്രതന്നെ തേനും ചേർത്ത് ദിവസം 2 നേരം എന്ന കണക്കിൽ ഒരാഴ്ച്ച കഴിച്ചാൽ ചുമ ,കഫക്കെട്ട് എന്നിവ മാറും .ആസ്മയ്ക്കും ഇങ്ങനെ കഴിക്കുന്നത് നല്ലതാണ് .ആടലോടകത്തിന്റെ ഇല ബീഡി പോലെ ചുരുട്ടി വലിച്ചാൽ ആസ്മയ്ക്ക് പെട്ടന്നുതന്നെ ശമനം കിട്ടും .ആടലോടകത്തിന്റെ ഇലയുടെ ഒരു വശത്ത് ചന്ദനവും അരച്ചുപുരട്ടി മറുപുറത്ത് കരിംജീരകവും അരച്ചു പുരട്ടി ആവിയിൽ വാട്ടിപ്പിഴിഞ്ഞ നീര് തേനും ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് കുട്ടികളിലെ ചുമയും കഫക്കെട്ടും മാറാൻ വിശേഷപ്പെട്ട ഔഷധമാണ് .
വേരിന്റെ കഷായവും ചുമയ്ക്കും കഫക്കെട്ടിനും നല്ലതാണ് .ഇലയുടെ നീരും കഴിക്കുന്നതും ഇലയും വേരും ചേർത്ത് കഷായം വച്ച് കുരുമുളക് പൊടി ചേർത്ത് കഴിക്കുന്നതും .ചുമ ,കഫക്കെട്ട് ,ആസ്മ, ശ്വാസതടസം ,ക്ഷയം എന്നിവയ്ക്കെല്ലാം നല്ലതാണ് .100 മില്ലി ഇലയുടെ നീരിൽ 100 ഗ്രാം പഞ്ചസാരയും ,100 ഗ്രാം തിപ്പലിപ്പൊടിയും 100 ഗ്രാം നെയ്യും ചേർത്ത് കാച്ചി ലേഹ്യരൂപ്യത്തിലാക്കി തണുത്തതിനു ശേഷം 50 ഗ്രാം നെയ്യും ചേർത്ത് സൂക്ഷിക്കാം .ഇതിൽ നിന്നും ഒരു സ്പൂൺ വീതം ദിവസവും കഴിക്കുന്നതും മുകളിൽ പറഞ്ഞ രോഗങ്ങൾക്കെല്ലാം നല്ലതാണ് .
ആടലോടകം സമൂലം (വേരോടെ ) 900 ഗ്രാം എടുത്ത് 100 ഗ്രാം തിപ്പലിയും ചേർത്ത് 4 ലിറ്റർ വെള്ളത്തിൽ കഷായം വച്ച് 1 ലിറ്ററാക്കി വറ്റിച്ച് 250 ഗ്രാം നെയ്യ് ചേർത്ത് കാച്ചി കുറുക്കി ഓരോ സ്പൂൺ വീതം ദിവസവും കഴിച്ചാൽ ചുമ ,രക്തത്തോടുകൂടി കഫം ചുമച്ചുതുപ്പൽ എന്നിവ മാറിക്കിട്ടും .കൂടാതെ ക്ഷയരോഗത്തിനും ഫലപ്രദമാണ് .
ഇല ഉണക്കിപ്പൊടിച്ച് 1 മുതൽ 3 ഗ്രാം വരെ ദിവസം രണ്ടുനേരം എന്ന കണക്കിൽ തേൻ ചേർത്ത് കഴിക്കുന്നതും ഇലയുടെ പൊടി 1 -3 ഗ്രാം വരെ 100 മില്ലി വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് കഴിക്കുന്നതും നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം ഇല്ലാതാക്കുന്നതിനും നല്ലതാണ് .ഈ കഷായം വയറിളക്കത്തിനും ,വയറുകടിക്കും രക്താർശസ്സിനും രോഗപ്രധിരോധശേഷിക്കും നല്ലതാണ് .കൂടാതെ രക്തശുദ്ധി ,ചർമ്മരോഗങ്ങൾ ,ബ്രോങ്കൈറ്റിസ്, ആസ്ത്മ, മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ.ഹൃദയ സംബന്ധമായ രോഗങ്ങൾ ,പനി, ജലദോഷം ,ഛർദ്ദി, കണ്ണുവേദന, ഗൊണോറിയ, ഓർമ്മക്കുറവ് ,മൂത്രച്ചൂടിച്ചിൽ എന്നിവയ്ക്കെല്ലാം നല്ലതാണ് .കൂടാതെ വെള്ളപ്പാണ്ട് ,മഞ്ഞപ്പിത്തം എന്നിവയുടെ ആരംഭഘത്തിലും ഈ കഷായം ഗുണം ചെയ്യും .ഈ കഷായം തുടർച്ചായി 2 മാസം വരെ ഉപയോഗിക്കുന്നത് മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും ഗുണം ചെയ്യും .ഇലയുടെ പൊടി തേനിൽ ചാലിച്ചും കഴിക്കാവുന്നതാണ് .
ALSO READ : ബ്രഹ്മിയുടെ ഔഷധഗുണങ്ങൾ .
ഇലയുടെ നീര് ആട്ടിൻ പാലിൽ ചേർത്ത് കാച്ചി കുടിച്ചാൽ ശ്വാസംമുട്ട് മാറിക്കിട്ടും .ഇലയുടെ പൊടി തേൻ ചേർത്ത് കഴിക്കുന്നത് ഒച്ചയടപ്പ് മാറാൻ നല്ലതാണ് .ഇലയും കുരുമുളകും ചേർത്ത് ചവച്ചിറക്കിയാൽ ശബ്ദം തെളിയും .ചെങ്കണ്ണ് രോഗത്തിന് ആടലോടകത്തിന്റെ പൂവ് അരച്ച് കൺപോളകളിൽ പുരട്ടുന്നതും കണ്ണിൽ വച്ചു കെട്ടുന്നതും നല്ലതാണ് .ഇലയുടെ നീര് ശർക്കരയും ചേർത്ത് കഴിക്കുന്നത് ആർത്തവകാലത്തെ അമിത രക്തശ്രാവത്തിന് നല്ലതാണ് .ഇലയുടെ നീരിൽ ചന്ദനം ചേർത്ത് കഴിച്ചാൽ ഏത് രക്തശ്രാവവും മാറും .ആടലോടകത്തിന്റെ ഇലയുടെ നീരും അതെ അളവിൽ ഇഞ്ചിനീരും ചേർത്ത് കഴിക്കുന്നത് ദഹനക്കേട് ,രുചിയില്ലായ്മ ,വായുകോപം എന്നിവയ്ക്ക് നല്ലതാണ് .
ആടലോടകത്തിന്റെ ഇല ചെറുതായി അരിഞ്ഞ ശേഷം അരിയും ചേർത്ത് വറുത്ത് ശർക്കരയും ചേർത്ത് പൊടിച്ച് 2 സ്പൂൺ ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ വില്ലൻചുമ മാറും .ആടലോടകത്തിന്റെ ഇല നിഴലിൽ ഉണക്കി കഷായമുണ്ടാക്കി വറ്റിച്ച് പഞ്ചസാരയും ചേർത്ത് കുറുക്കി സിറപ്പ് രൂപത്തിലാക്കി കഴിച്ചാൽ ചുമ ,നെഞ്ചിലെ കഫക്കെട്ട് ,ബ്രോങ്കൈറ്റിസ് എന്നിവ മാറും .ഇല വാട്ടി പിഴിഞ്ഞ നീരിൽ കടുകെണ്ണയും ശർക്കരയും ചേർത്ത് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .
ആടലോടകത്തിന്റെ ഇലയുടെ നീര് അതെ അളവിൽ തേനും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ കഴിക്കുകയാണെങ്കിൽ രക്തപിത്തം ശമിക്കും .ആടലോടകത്തിന്റെ വേര് കഷായമുണ്ടാക്കി തേനും പഞ്ചസാരയും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാലും രക്തപിതം ശമിക്കും . ( രോമകൂപങ്ങളിലൂടെയും ,മൂക്ക്,കണ്ണ് ,വായ് ,ചെവി ,യോനി ,ഗുദം ,ലിംഗം എന്നിവടങ്ങളിലൂടെ രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയാണ് രക്തപിത്തം )
ആടലോടകത്തിന്റെ ഇലയുടെ നീര് അതെ അളവിൽ തേനും ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ ഒരാഴ്ച്ച കഴിച്ചാൽ രക്തം ചുമച്ചു തുപ്പുന്ന രോഗം ശമിക്കും .കൂടാതെ മൂക്കിലൂടെയുള്ള രക്തശ്രാവത്തിനും നല്ലതാണ് .ആടലോടകം സമൂലം വെട്ടിനുറുക്കി കഷായമുണ്ടാക്കി 25 മി .ലി വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ രക്താർശസ്സ് ശമിക്കും .ആടലോടകത്തിന്റെ ഇലയുടെ നീര് വെളിച്ചെണ്ണയും ചേർത്ത് കാച്ചി ഒന്നോ രണ്ടോ തുള്ളി വീതം ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും .ആടലോടകത്തിന്റെ ഇലയുടെ നീരിൽ ഒരു കോഴിമുട്ടയും കുറച്ച് ജീരകവും പൊടിച്ചു ചേർത്ത് കഴിച്ചാൽ ജലദോഷം മാറുകയും ജലദോഷം വരാതിരിക്കാനും സഹായിക്കും .
ഇലയുടെ നീര് ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുന്നത് വാതരോഗങ്ങൾക് നല്ലതാണ് .ഇല അരച്ച് പുറമെ പുരട്ടുന്നത് നീരും വേദനയും മാറാൻ നല്ലതാണ് .വേര് അരച്ച് നാഭിക്ക് ചുറ്റും പുരട്ടുന്നത് സുഖപ്രസവത്തിന് നല്ലതാണ് .