അകിൽ അഥവാ ഊദ് മരം ഔഷധഗുണങ്ങൾ
ആയുർവേദത്തിലെ ഒരു ഔഷധസസ്യമാണ് അകിൽ .ഇതിന്റെ തടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ അകിലെണ്ണ എന്ന പേരിൽ അറിയപ്പെടുന്നു .ഈ എണ്ണ നിരവധി ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നു .കൂടാതെ ഇതിന്റെ തടിയും ഔഷധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നു .
എവിടെ വളരുന്നു .
പുറം തൊലിയുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി അകിൽ രണ്ടു തരമുണ്ട് .വെള്ള അകിൽ ((ശ്വേത അഗുരു),കറുത്ത അകിൽ(കൃഷ്ണ അഗരു) എന്നിങ്ങനെ .ഇതിൽ കറുത്ത അകിലാണ് മികച്ചത്. ഇതിനെ അറബിയിൽ ഊദ് എന്ന പേരിൽ അറിയപ്പെടുന്നു . ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യമായ അഗാർ അഥവാ ഊദിന്റെ ത്രോതസ്സായ വൃക്ഷമാണ് അകിൽ അഥവാ ഊദ് മരം എന്ന് അറിയപ്പെടുന്നത്.
കേരളം ,കർണ്ണാടകം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് വെള്ള അകിൽ കാണപ്പെടുന്നത് .കേരളത്തിലെ മഴക്കാടുകളിലാണ് വെള്ള അകിൽ സാധാരണ കാണപ്പെടുന്നത് .സംസ്‌കൃതത്തിൽ അഗരു ,വംശിക ,വംശകം രാജാർഹം ,യോജകം എന്നീ പേരുകളിൽ ഈ വൃക്ഷത്തെ അറിയപ്പെടുന്നു .ഇംഗ്ലീഷിൽ വൈറ്റ് സെഡാർ എന്ന പേരിലും അറിയപ്പെടുന്നു .
ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളായ അസ്സം ,ബംഗാൾ എന്നിവിടങ്ങളിൽ മാത്രമാണ് ചുവന്ന അകിൽ കാണപ്പെടുന്നത് .ഇന്ത്യ കൂടാതെ ഇൻഡോനേഷ്യ ,മലേഷ്യ ,കംബോഡിയ ,ജപ്പാൻ ,ഫിലിപ്പിൻസ്,അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഊദ് വളരുന്നു .
ഇന്ത്യയിൽ അസമിലാണ് വ്യവസായ അടിസ്ഥാനത്തിൽ ഏറ്റവും ഊദ് കൂടുതൽ കൃഷി ചെയ്യുന്നത് .കേരളത്തിലും ചെറിയ രീതിയിൽ ഊദ് കൃഷി ചെയ്യുന്നുണ്ട് .ദക്ഷിണപൂർവ്വ ഏഷ്യയാണ് ഈ വൃക്ഷത്തിന്റെ ജന്മദേശം.ഇതിനെ ഇംഗ്ലീഷിൽ അഗർവുഡ് എന്നും സംസ്‌കൃതത്തിൽ അഗരു ,കൃമിജഗ്ധം ,യോജകം ,രാജാർഹം പ്രവരഃ,വംശികാ ,വംശകം ,കൃമിജം എന്നീ പേരുകളിലും അറിയപ്പെടുന്നു .
സസ്യവിവരണം -വെള്ള അകിൽ .
- Botanical name : Dysoxylum gotadhora
- Family : Meliaceae (Neem family)
- Synonyms : Guarea gotadhora,Guarea binectarifera,Dysoxylum binectariferum
- Common name : White Cedar,Cup-Calyx
- Malayalam : Vella akil,Vellakil
- Tamil : Akuniyakil
- Bengali : Bara gotadhora
- Kannada : Agilu,Kadu gadda
- Marathi : Devadaru
ശരാശരി40 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു വൻമരമാണ് വെള്ളയകിൽ .മരൊത്തൊലിക്ക് ധൂസര നിറം .ഇതിന്റെ തടി കട്ടികുറഞ്ഞതും മൃദുവുമാണ് .ഇലകൾ അസമ പിച്ഛാകാരസംയുക്തമാണ് .അനുപർണങ്ങളില്ലാത്ത ഇവയുടെ പത്രഫലകം പരന്നതും അഗ്രം കൂർത്തതുമാണ് .
ഇലകൾക്ക് 9 -14 സെ.മി നീളവും 4 -5 സെ.മി വീതിയുമുണ്ടാകും .ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .7 -11 പത്രകങ്ങൾ .പത്രകങ്ങൾക്ക് ആയതാകൃതി .പത്രകപാദം പത്രകസീമാന്തം അഖണ്ഡവുമാണ് .
അകിലിന്റെ പൂക്കാലം മാർച്ച് -മെയ് മാസങ്ങളിലാണ് .പൂങ്കുലയിൽ അനേകം പൂക്കളുണ്ടാകും .ശരാശരി 15 സെ.മി നീളമുണ്ടായിരിക്കും പൂങ്കുലകൾക്ക് .നരച്ച മഞ്ഞ നിറമുള്ള ഇവയുടെ പൂക്കൾക്ക് നല്ല സുഗന്ധമുണ്ടായിരിക്കും .അര സെ.മി വ്യാസമുള്ള ദ്വിലിംഗ സമമിത പൂർണ്ണപുഷ്പ്പങ്ങൾ .4 കർണ്ണങ്ങളുള്ള ചെറിയ ബാഹ്യദളപുടം .ദളങ്ങൾ 5 .ധാരാളമുള്ള കേസരങ്ങൾ യോജിച്ച് കേസരനാളമുണ്ടാകുന്നു .
അകിലിന്റെ ഫലത്തിന് മഞ്ഞ നിറമാണ് .പമ്പരത്തിന്റെ ആകൃതിയിലുള്ള ഇവയുടെ ഫലങ്ങൾ പാകമാകുന്നത് മഴക്കാലത്താണ് .അണ്ണാൻ ,കുരങ്ങ് എന്നിവ വഴിയാണ് വിത്ത് വിതരണം നടക്കുന്നത് .എങ്കിലും വിത്തിന് സ്വാഭാവിക പുനരുത്ഭവം വളരെ കുറവാണ് .വിത്തിന് അങ്കുരണശേഷി കുറവാണ് .കൃത്രിമമായി ഇവയുടെ തൈകൾ ഉത്പാദിപ്പിക്കാറുണ്ട് .
അകിൽ ഒരു വൻ മരമാണെങ്കിലും ഇവയുടെ വളർച്ച സാവധാനമാണ് .കടുത്ത വെയിലും മഴയും ഇവയ്ക്ക് താങ്ങാൻ കഴിയില്ല . ഈർപ്പമുള്ള എക്കൽ മണ്ണിലും തണലിലുമാണ് ഇവ നന്നായി വളരുക .
വെള്ള അകിലിനോട് സാമ്യമുള്ള മറ്റ് ചില വൃക്ഷങ്ങളുമുണ്ട് .അവ കാരകിൽ(Dysoxylum purpureum) ,ചിന്നകിൽ(Lansium anamallayanum) എന്നീ പേരുകളിൽ അറിയപ്പെടുന്നു .ഇവയെല്ലാം ഒരേ കുടുംബത്തിൽപ്പെട്ട വൃക്ഷങ്ങളാണ് .
വെള്ള അകിലിന്റെ ഉപയോഗം .
വിപണിയിൽ നല്ല വിലയുള്ള ഒരു തടിയാണ് അകിലിന്റെത് .ഇതിന്റെ തടി വിവിധ ആവിശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് .ഇതിന്റെ തടി കട്ടികുറഞ്ഞതും മൃദുവുമാണ് .തടിയുടെ കാതലും വെള്ളയും തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് .വെള്ള തീരെ കുറവാണ് .കാതലിന് പാൽപ്പാടയുടെ നിറമാണ് .മൃദുലത ഈ തടിയുടെ പ്രത്യേകതയാണ് .തടിക്ക് ഭാരം കുറവാണ് എങ്കിലും നല്ല ഈടും ബലവുമുണ്ട് .
അകിലിന്റെ തടി വീട്ടാവശ്യങ്ങൾക്കും .ഫർണീച്ചറുകൾക്കും ,അലങ്കാര വസ്തുക്കളുടെ നിർമ്മാണത്തിനും ധാരാളമായി ഉപയോഗിക്കുന്നു .കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത് .
അകിലിന്റെ തടിയ്ക്ക് നല്ല സുഗന്ധമുണ്ട് .പ്രായമായ മരത്തിൽ ഒരു തരം ഫംഗസ് കടന്ന് കൂടുമ്പോഴാണ് ഇവയ്ക്ക് സുഗന്ധമുണ്ടാകുന്നത് .ഈ തടി കത്തിച്ചാലും നല്ല സുഗന്ധമുണ്ടാകും .ഇതിൽ അടങ്ങിയിരിക്കുന്ന ബാഷ്പശീല തൈലമാണ് ഈ സുഗന്ധത്തിന് കാരണം .കറുത്ത അകിലിലാണ് ഈ തൈലം കൂടുതൽ അടങ്ങിയിരിക്കുന്നത് .
കറുത്ത അകിൽ അഥവാ ഊദ് മരം .
- Botanical name : Aquilaria agallocha
- Family : Thymelaeaceae (Daphne family)
- Synonyms : Aquilaria malaccensis,Aquilaria moluccensis,Aquilaria agallochum,Aquilaria secundaria
- English Name : Agarwood, Agilawood
- Malayalam name : Akil
- Tamil Name : Agalichandanam, Aggalichandanam
- Telugu Name : Agaru
- Bengali name : Agaru
- Gujarati Name : Agar
- Hindi Name : Agar
രാസഘടകങ്ങൾ .
തടിയിൽ ബാഷ്പശീലതൈലവും ,റസിനും അടങ്ങിയിരിക്കുന്നു .
അകിൽ ചേരുവയുള്ള ഔഷധങ്ങൾ .
Anu Thailam-ആയുർവേദത്തിലെ വളരെ പ്രശസ്തമായ ഒരു ഔഷധമാണ് അണുതൈലം .അകിൽ ഉൾപ്പടെ 27 മറ്റ് ഔഷധങ്ങളും ആട്ടിൻപാലും ചേർത്താണ് അണുതൈലം തയാറാക്കുന്നത് .നസ്യം ചെയ്യാൻ മാത്രമാണ് അണുതൈലം ഉപയോഗിക്കുന്നത് .
കഴുത്തിനു മുകളിലോട്ടുള്ള എല്ലാവിധ രോഗങ്ങൾക്കും നസ്യം ചെയ്യുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് അണുതൈലം.
തലവേദന, മൈഗ്രേൻ, സൈനസൈറ്റിസ്, മുടികൊഴിച്ചിൽ, വട്ടത്തിൽ മുടി കൊഴിയുന്നതിനും അണുതൈലം ഫലപ്രദമായ ഒരു മരുന്നാണ്. കൂടാതെ ഓർമശക്തിക്കും, കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാനും, തലയ്ക്ക് ഭാരം അനുഭവപ്പെടുന്നതിനും, തലയിൽ കെട്ടികിടക്കുന്ന കഫം ഇളക്കി കളയുന്നതിനും. അകാലനരയ്ക്കും, നല്ല ഉറക്കം കിട്ടുന്നതിനും വളരെ നല്ലൊരു മരുന്നാണ് അണുതൈലം.
രോഗമില്ലാത്തവർക്കും അണുതൈലം ഉപയോഗിച്ച് പതിവായി നസ്യം ചെയ്യുന്നതുകൊണ്ട് കഴുത്തിനു മുകളിലോട്ടുള്ള എല്ലാ രോഗങ്ങളെയും ചെറുക്കാൻ കഴിയുമെന്നും ആയുർവേദ ആചാര്യന്മാർ പറയുന്നു. രാവിലെ സൂര്യനുദിച്ചതിന് ശേഷവും വൈകിട്ട് സൂര്യൻ അസ്തമിക്കുന്നതിനും മുമ്പായിട്ടാണ് അണുതൈലം ഉപയോഗിച്ച് നസ്യം ചെയ്യുന്നത്.അണുതൈലം ഉപയോഗരീതി .
Arimedadi Thailam-വായും ,പല്ലുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ തൈലമാണ് അരിമേദാദി തൈലം. അകിൽ ഉൾപ്പടെ 24 മറ്റ് ഔഷധങ്ങളും ചേർത്ത് എള്ളണ്ണയിലാണ് അരിമേദാദി തൈലം നിർമ്മിക്കുന്നത് .
അരിമേദാദി തൈലം കവിൾ കൊള്ളാനും അകത്തേയ്ക്ക് കഴിക്കാനും ,വസ്‌തിയ്ക്കും,പുറമെ തേച്ചുകുളിക്കാനും ,നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .വായുടെ ഉള്ളിലെ അണുബാധയടക്കം വായ്‌നാറ്റമില്ലാതാക്കാനുള്ള കഴിവ് ഈ തൈലത്തിനുണ്ട് .
കൂടാതെ പല്ലുകളുടെ ഇളക്കം ,പല്ലിന്റെ കേട് മൂലമുണ്ടാകുന്ന നീരും വേദനയും ,പല്ലിലെ കറകൾ എന്നിവ ഇല്ലാതാക്കാൻ അരിമേദാദി തൈലം കവിൾ കൊള്ളുകയും തലയിൽ തേക്കുകയും ചെയ്താൽ മികച്ച ഫലം കിട്ടുന്നതാണ് .
മോണവീക്കം ,മോണവേദന, മോണയിൽനിന്നും രക്തം വരിക ,മോണ കയറുന്ന രോഗാവസ്ഥയ്ക്കും .പ്രമേഹരോഗികളിലും മറ്റും കണ്ടുവരുന്ന മോണപ്രശ്നങ്ങൾ തുടങ്ങിയ എല്ലാത്തരം മോണരോഗങ്ങളിലും അരിമേദാദി തൈലം ഫലപ്രദമായി ഉപയോഗിക്കാം .കൂടാതെ വായ്‌നാറ്റം ,വായ്പ്പുണ്ണ് തുടങ്ങിയ അവസ്ഥകളിലും ഈ തൈലം ഉപയോഗിക്കാം .
രണ്ട് ടേബിൾ സ്പൂൺ അരിമേദാദി തൈലം വായിൽ കൊള്ളുകയും 10 മിനിട്ടിന് ശേഷം തുപ്പിക്കളയുകയും പിന്നീട് ഇളം ചൂടുവെള്ളത്തിൽ വായ കഴുകയും ചെയ്യാം .ഇത് വൈദ്യനിർദ്ദേശപ്രകാരം ദിവസത്തിൽ പല തവണ ചെയ്യാവുന്നതാണ് .
Ayaskriti -വിളർച്ച ,അമിതവണ്ണം ,ത്വക് രോഗങ്ങൾ തുടങ്ങിവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അയസ്‌കൃതി.
കൂടാതെ മൂത്രാശയ തകരാറുകൾ ,രക്താർബുദം ,മൂലക്കുരു .വിരശല്ല്യം ,മലബന്ധം , ഗ്രഹണി ,പ്രമേഹം തുടങ്ങിയവയുടെ ചികിത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
Rasnadi Kashayam - വാതരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് രാസ്നാദി കഷായം.ചിറ്റരത്തയാണ് ഈ ഔഷധത്തിലെ പ്രധാന ചേരുവ .ഇതോടൊപ്പം അകിൽ ഉൾപ്പടെ മറ്റ് ഇരുപത്തിമൂന്നോളം ഔഷധങ്ങൾ ചേർത്താണ് രാസ്നാദി കഷായം നിർമ്മിക്കുന്നത് .
വാതരോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന വേദനയും നീരും ഇല്ലാതാക്കാൻ രാസ്നാദി കഷായം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു . കൂടാതെ നടു ,പുറം ,കാൽ .കഴുത്തിന്റെ ഇരുവശങ്ങളിലുമുണ്ടാകുന്ന വേദനകൾക്കും പലവിധ പനി വന്ന് പോയതിനു ശേഷമുള്ള ശരീര വേദനയ്ക്കും രാസ്നാദി കഷായം ഫലപ്രദമാണ് .
10 -15 മില്ലി രാസ്നാദി കഷായം രണ്ടിരട്ടി ചൂടാറിയ വെള്ളത്തിൽ ചേർത്ത് ഒരു സ്പൂൺ എള്ളണ്ണ ,നെയ്യ് ,രണ്ടുനുള്ള് തിപ്പലിപ്പൊടി ഇവയിൽ ഏതെങ്കിലും ഒന്ന് മേമ്പടി ചേർത്ത് വൈദ്യനിർദ്ദേശപ്രകാരം ദിവസം രണ്ടുനേരം വീതം ഭക്ഷണത്തിന് അര മണിക്കൂർ മുമ്പ് കഴിക്കാവുന്നതാണ് .
Himasagara Tailam - വിവിധ നാഡി പേശി രോഗങ്ങളിലും വാതസംബന്ധമായ രോഗങ്ങളിലെ വേദനയും പുകച്ചിലും കുറയ്ക്കാനും ഹിമസാഗര തൈലം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .ഈ എണ്ണ പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
വീഴ്ച്ച ,അമിത യാത്രക്ഷീണം തുടങ്ങിയ കാരണങ്ങളാലുണ്ടാകുന്ന വേദനകളിലും ഈ എണ്ണ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് . കൂടാതെ തോള്,കഴുത്ത് എന്നിവടങ്ങളിൽ ഉണ്ടാകുന്ന വേദനയ്ക്കും മരവിപ്പിനും ഹിമസാഗര തൈലം ഉപയോഗിക്കുന്നു .
കേശസംരക്ഷണത്തിനും മികച്ച ഒരു തൈലമാണ് ഹിമസാഗര തൈലം . ഇത് തലയിൽ പുരട്ടുന്നതിലൂടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മുടിവളർച്ചയെ തൊരിതപ്പെടുത്തുകയും അകാല നര ഇല്ലാതാക്കുകയും ചെയ്യുന്നു . കുളിക്കുന്നതിന് അരമണിക്കൂർ മുമ്പായിട്ടാണ് ഈ എണ്ണ തലയിൽ തേയ്‌ക്കേണ്ടത് .തലയിൽ സോപ്പ് ഉപയോഗിക്കാൻ പാടില്ല പകരം ഹെർബൽ ഹെയർ വാഷ് പൊടികൾ ഉപയോഗിക്കുന്നതാണ് നല്ലത് .
ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം,സംസാരപ്രശ്നങ്ങൾ, തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിലും തലയിൽ പുരട്ടുവാൻ ഈ തൈലം ഉപയോഗിക്കുന്നു .കൂടാതെ ശിരോധാര ,ശിരോപിചു തുടങ്ങിയ ആയുർവേദ പഞ്ചകർമ്മ ചികിൽത്സകളിലും ഹിമസാഗര തൈലം ഉപയോഗിക്കുന്നു .
Khadiradi Vati - ദന്തരോഗങ്ങൾ ,മോണരോഗങ്ങൾ ,വായ്‌നാറ്റം ,ടോണ്സിലൈറ്റിസ് മറ്റ് തൊണ്ടരോഗങ്ങൾ ,വായ്പ്പുണ്ണ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് Khadiradi Vati ഉത്തരേന്ത്യൻ ഔഷധ സമ്പ്രദായത്തിലാണ് ഈ ഔഷധം ഉപയോഗിക്കുന്നത് .
- രസം -കയ്പ്പ് ,എരിവ്
- ഗുണം -ലഘു ,രൂക്ഷം ,തീക്ഷണം
- വീര്യം -ഉഷ്‌ണം
- വിപാകം -കടു
ഔഷധയോഗ്യഭാഗങ്ങൾ .
തടി ,തടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന എണ്ണ .
ചില ഔഷധപ്രയോഗങ്ങൾ .
വാതരോഗങ്ങൾ .
ആമവാതം ,സന്ധിവാതം ,സന്ധിവേദന എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ഇല്ലാതാക്കാൻ അകിലെണ്ണ പുറമെ പുരട്ടിയാൽ മതിയാകും .
വ്രണങ്ങൾ .
വ്രണങ്ങളിൽ അകിൽ കത്തിച്ച് പുകയേല്പിക്കുന്നതും ,അകില്ലെണ്ണ പുറമെ പുരട്ടുന്നതും വ്രണങ്ങൾ പെട്ടന്ന് കരിയാൻ സഹായിക്കുന്നു .കൂടാതെ ചൊറി ,കുഷ്‌ഠം എന്നിവയ്‌ക്കെല്ലാം അകില്ലെണ്ണ ഫലപ്രദമാണ് .
ചർമ്മരോഗങ്ങൾ.
അകിൽ തടി പൊടിച്ചതും അകിലെണ്ണയും ചേർത്ത് കഴിച്ചാൽ എല്ലാവിധ ചർമ്മരോഗങ്ങളും ശമിക്കും .
എക്കിൾ .
അകിൽ നല്ലതുപോലെ പൊടിച്ച് തേനിൽ കുഴച്ച് ദിവസം പലതവണ കഴിച്ചാൽ എക്കിൾ മാറും .
ശ്വാസകോശരോഗങ്ങൾ.
അകിലെണ്ണ 2 തുള്ളി വീതം മുറുക്കാനോടൊപ്പം ചേർത്ത് ചവച്ചാൽ ശ്വാസകോശരോഗങ്ങൾ ശമിക്കും .
തലവേദന .
തകരയുടെ വേര് അരച്ച് അകിൽ എണ്ണയിൽ ചാലിച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന പെട്ടന്ന് മാറും .