ഹൃദയസംബന്ധമായ രോഗങ്ങൾ ,പനി ,മഞ്ഞപ്പിത്തം ,വിളർച്ച ,ആസ്മ ,പ്രമേഹം ,മൂത്രസംബന്ധമായ രോഗങ്ങൾ,പ്രധിരോധശേഷിക്കുറവ് തുടങ്ങിയ രോഗങ്ങളുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് അമൃത് അഥവാ ചിറ്റമൃത് .സംസ്‌കൃതത്തിൽ ഈ സസ്യത്തെ അമൃത ലതിക, ഭിഷക് പ്രിയ , മധുപർണി, ഛിന്നോൽഭവ ,വൽസാദനി ,ഗുളൂചി,ഛിന്നാരുഹ , കുണ്ടലിനാ, അമൃത വല്ലി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Tinospora cordifolia
Family : Menispermaceae (Moonseed family)
വിതരണം .
ഇന്ത്യയിലുടനീളമുള്ള കാടുകളിലും, കാവുകളിലും ,നാട്ടിൻപുറങ്ങളിലും അമൃത് കാണപ്പെടുന്നു .ഇന്ത്യ കൂടാതെ ശ്രീലങ്കയിലും അമൃത് കാണപ്പെടുന്നു .
സസ്യവിവരണം .
വലിയ മരങ്ങളിൽ ചുറ്റിപ്പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണ് അമൃത് . ഇതിന്റെ തണ്ടുകൾ മൃദുവും നല്ല കയ്പുരുചിയാണ് .അമൃതിന്റെ ഇലയ്ക്ക് വെറ്റിലയുമായി സാമ്യമുണ്ട് .നല്ല മൂപ്പെത്തിയ അമൃതിൻ തണ്ടിന് തള്ളവിരലോളം കനമുണ്ടായിരിക്കും .തണ്ടുകളിലെ പർവസന്ധികൾ വീർത്ത് കാണപ്പെടുന്നു .തണ്ടിന് വെള്ളയും പച്ചയും കലർന്ന ചാരനിറമാണ് .ഉപരിതലം പാടപോലെയുള്ള തൊലികൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നു .തൊലി നീക്കിയാൽ കാണുന്ന നല്ല പച്ചനിറമുള്ള അടിഭാഗം മിനുസമുള്ളതാണ് .ഇലകൾ ലഘുവും ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് ശരാശരി 5 -8 സെ.മി നീളവും അത്രതന്നെ വീതിയും കാണും .ഇലകൾ പെട്ടന്ന് പൊഴിഞ്ഞുപോകും .ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ സസ്യങ്ങളിലാണ് ഉണ്ടാകുന്നത് .പൂക്കൾ പത്രകകക്ഷങ്ങളിൽ 2 -6 വീതമുള്ള കൂട്ടമായി കാണപ്പെടുന്നു .പൂക്കൾ ചെറുതും പച്ചകലർന്ന മഞ്ഞനിറവുമാണ് .6 ബാഹ്യദളങ്ങളും 6 ദളങ്ങളുമുണ്ട് .കേസരപുഷ്പ്പത്തിൽ 6 കേസരങ്ങളും ജെനിപുഷ്പ്പത്തിൽ ജനിപുടം കൂടാതെ 6 വന്ധ്യകേസരങ്ങളുമുണ്ട് .ഇവയുടെ ഫലങ്ങള് പയറുവിത്തിന്റെ വലിപ്പമുള്ളതും ചുവന്നതുമാണ് .ഫലങ്ങൾ ചെറുതാണ് .ഓരോ ഫലത്തിലും ഓരോ വിത്തുകൾ കാണപ്പെടുന്നു .തണ്ട് മുറിച്ചുനട്ടാണ് പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നത് .
അമൃത് ഇനങ്ങൾ .
ചിറ്റമൃത് ,കാട്ടമൃത് എന്നിങ്ങനെ രണ്ടുതരം അമൃതുണ്ട് . ഇതിൽ ചിറ്റമൃതാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. കാട്ടമൃത് ചിറ്റമൃതുമായി നല്ല സാമ്യമുള്ളതിനാൽ പലപ്പോഴും ഇത് അങ്ങാടി കടകളിൽ ചിറ്റമൃതിന് പകരമായി എത്താറുണ്ട് .കാട്ടമൃതിന്റെ ഇലകൾ വലുതായിരിക്കും .ഇളം തണ്ടുകളിലും ഇലയുടെ അടിവശത്തും വെള്ള രോമങ്ങൾ കാണപ്പെടുന്നു . മുള്ളമൃത് എന്ന് പേരുള്ള വേറൊരിനം അമൃതുണ്ട് .ഇതിന്റെ തണ്ടിൽ നിറയെ മുള്ളുകൾപോലെയുള്ള തടിപ്പുകൾ കാണാം .മുള്ളമൃത് വിദേശിയാണ് .ഇപ്പോൾ നമ്മുടെ നാട്ടിലും കണ്ടുവരുന്നു .
കാട്ടമൃത് .
Botanical name : Tinospora sinensis
Family : Menispermaceae (Moonseed family)
Synonyms : Tinospora malabarica ,Campylus sinensis
രാസഘടന .
അമൃതിന്റെ തണ്ടിൽ ചില ആൽക്കലോയിഡുകളും കയ്പ്പുള്ള ഒരു പദാർത്ഥവും അടങ്ങിയിരിക്കുന്നു .തണ്ടിൽ നിന്നും ഗുളുചിസത്ത് എടുക്കുന്നുണ്ട്.അലോപ്പതിയിലും ആയൂർവേദത്തിലും സാധാരണമായി ഉപയോഗിക്കുന്ന ചില രാസഘടകങ്ങൾ ചിറ്റമൃതിന്റെ തണ്ടിൽനിന്നും വേർതിരിച്ചെടുക്കുന്നവയാണ് .അതിൽ പ്രധാനപ്പെട്ടത് ബെർബെറിൽ എന്ന ആൽക്കലോയിഡാണ് .കൂടാതെ ടിനോസ്പോറിഡിൻ, ടിനോ സ്പോറിൻ, കോർഡിഫോളോൺ, കോർഡിഫോളൈഡ്, ഗിലോയിൻ, ബിസിറ്റോസ്ക്ലിറോൾ എന്നീ രാസഘടകങ്ങളും ചിറ്റമൃതിന്റെ തണ്ടിൽനിന്നും വേർതിരിച്ചെടുക്കുന്നുണ്ട്.
വിവിധ ഭാഷകളിലെ പേരുകൾ .
English name : Indian tinospora,Indian Tinospora, Heart-leaved tinospora, Tinospora gulancha
Hindi : Chinnaruha, Giloy, Gulunch, Gurch, Pittaghni,Jivanti, Jivantika, Somavalli, Tiktaparvan
Malayalam : Amritavalli, Chittamrut , Paiyyamruth
Tamil : Acaci,Akaca-valli, Akaya-valli,Amirta-k-koti,Amirta-valli,Amirtai, Amutai
Kannada : Amara, Amritaballi, Ugani balli
Marathi : Amrutvel, Guduchi, Gulvel
Odia : Chandrahasa, Gulancha, Guruchi, Jibantika
Punjabi : Galo, Gilo
Telugu Guloochi, Thippathige
ചിറ്റമൃത് ഔഷധഗുണങ്ങൾ .
അമൃത് എന്ന വാക്കിന്റെ അർഥം മരണമില്ലാത്തത് ,മരണത്തെ ഉണ്ടാക്കാത്തത് എന്നാണ് .സ്വയം മരിക്കാതെ ചിരകാലം ജീവിക്കുകയും മറ്റ് ജീവികളെ രോഗവിമുക്തമാക്കി മരണത്തിൽ നിന്നും രക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അമൃത് എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .വളരെക്കാലത്തെ പഴക്കമുള്ള അമൃത് ഉപയോഗിക്കുന്നവർ ദീർഘായുസ്സുള്ളവരായിരിക്കും എന്നാണ് സങ്കല്പം .ജരാനരകളെയും മരണത്തെയും ഇല്ലാതാക്കാൻ കഴിവുള്ള അമൃത് വള്ളി പുരാണങ്ങളിലും മുഖ്യസ്ഥാനം ലഭിച്ചിരിക്കുന്നു .ചരകൻ ഈ സസ്യത്തെ മഞ്ഞപ്പിത്തഹരൗഷധമായും വിഷമജ്വരഹരൗഷധമായും വിവരിക്കുന്നു .
അമൃതിന്റെ മൂപ്പെത്തിയ തണ്ടാണ് ഔഷധമായി ഉപയോഗിക്കുന്നത് .ഉഷ്‌ണസ്നിഗ്ധലഘു ഗുണങ്ങളുള്ള അമൃത് ഉഷ്‌ണവീര്യത്തോടു കൂടിയതും തിക്തകടുരസങ്ങളുള്ളതുമാകുന്നു .ദഹനശക്തി വർധിപ്പിക്കുകയും രക്തശുദ്ധിയുണ്ടാക്കുകയും ചെയ്യും .ശരീരതാപത്തെ ക്രമീകരിക്കുകയും രക്തമാംസാദി ധാതുക്കളെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു .ഏതുതരത്തിലുള്ള പനികളെയും ശമിപ്പിക്കും .പ്രമേഹം ,വാതരക്തം ,ത്വക്ക് രോഗങ്ങൾ എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് .
വേദന ,വീക്കം എന്നിവ കുറയ്ക്കും .മുലപ്പാൽ ശുദ്ധീകരിക്കും .കാമം വർധിപ്പിക്കും .കഫമിളക്കും. ഉദരരോഗങ്ങൾക്കും നല്ലതാണ് .രുചിയും ദഹനവുമുണ്ടാക്കും .ഛർദ്ദിൽ തടയും .രോഗങ്ങൾ ആവർത്തിച്ചുണ്ടാകുന്നത് തടയും .ഹൃദ്രോഗം ,മഞ്ഞപ്പിത്തം ,വിളർച്ച ,മുഖത്തെ ചുവന്ന പാടുകൾ ,ചുമ ,ആസ്മ ,മൂത്രാശയരോഗങ്ങൾ ,വാതരോഗങ്ങൾ ,വൃക്കരോഗങ്ങൾ ,അസ്ഥിസ്രാവം ,അർബുദം ,പുളിച്ചു തികട്ടൽ ,അസിഡിറ്റി ,സർപ്പവിഷം ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
ചിറ്റമൃത് ചേരുവയുള്ള ചില ഔഷധങ്ങൾ .
നിംബാമൃതാസവം (Nimbamritasavam).
എല്ലാത്തരം വാതരോഗങ്ങളുടെ ചികിൽത്സയിലും എക്സിമ ,സോറിയാസിസ് ,ഉണങ്ങാത്ത മുറിവുകൾ തുടങ്ങിയ ചർമ്മരോഗങ്ങളുടെ ചികിൽത്സയിലും നിംബാമൃതാസവം ഉപയോഗിച്ചുവരുന്നു .
മഹാതിക്തകഘൃതം (Mahatiktakaghritam).
ചർമ്മരോഗങ്ങൾ ,ഹെർപ്പിസ് ,വിളർച്ച ,മഞ്ഞപ്പിത്തം ,പനി ,പെപ്റ്റിക് അൾസർ,മുതലായ രോഗങ്ങളുടെ ചികിൽത്സയിൽ മഹാതിക്തകഘൃതം ഉപയോഗിച്ചു വരുന്നു .
ദശമൂലാരിഷ്ടം (Dasamularishtam).
ജലദോഷം ,ചുമ ,ദഹനപ്രശ്നങ്ങൾ,വിളർച്ച തുടങ്ങിയവയുടെ ചികിൽത്സയിൽ ദശമൂലാരിഷ്ടം ഉപയോഗിക്കുന്നു .
ച്യവനപ്രാശം (Chyavanaprasam)
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
ദേവദാർവൃരിഷ്ടം (Devadarvyarishtam).
ഡയബറ്റിക് ന്യൂറോപ്പതി,മൂത്രാശയരോഗങ്ങൾ ,മലബന്ധം ,ദഹനക്കേട്,എക്സിമ മുതലായവയുടെ ചികിൽത്സയിൽ ദേവദാർവൃരിഷ്ടം ഉപയോഗിച്ചുവരുന്നു .
സുദർശനാസവം (Sudarsanasavam).
എല്ലാത്തരം പനികളുടെയും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചുമ ,ശരീരവേദന ,ശരീരക്ഷീണം എന്നിവയുടെ ചികിൽത്സയിൽ സുദർശനാസവം ഉപയോഗിച്ചുവരുന്നു .
അമൃതാരിഷ്ടം (Amritarishtam).
എല്ലാത്തരം പനികളുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാരിഷ്ടം.
അമൃതോത്തരം കഷായം (Amrutottharam kashayam).
എല്ലാത്തരം പനികളുടെ ചികിൽത്സയ്ക്ക് ഉപയോഗിക്കുന്നു .ദഹനക്കുറവ് ,വിശപ്പില്ലായ്‌മ ,പ്രമേഹം ,കൊളസ്‌ട്രോൾ .അമിതവണ്ണം തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
അമൃതാദി ചൂർണ്ണം (Amrutadi Churnam).
പൊടി രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അമൃതാദി ചൂർണ്ണം. പ്രധാനമായും പ്രമേഹ രോഗശമനത്തിന് ഉപയോഗിക്കുന്നു .കൂടാതെ വാതരോഗങ്ങൾ ,സന്ധിവേദന .അമിതവണ്ണം തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
ഗുളുച്യാദി കഷായം (Guluchyadi Kashayam).
അസിഡിറ്റി, ഛർദ്ദി, നെഞ്ചെരിച്ചിൽ, ഓക്കാനം,വായിൽ പുളിച്ച രുചി, ഗ്യാസ്ട്രൈറ്റിസ്,വിശപ്പില്ലായ്‌മ , തലകറക്കം, ശരീരത്തിൽ അമിതമായി അനുഭവപ്പെടുന്ന ചൂട് , തുടങ്ങിയ അവസ്ഥകളിൽ ഗുളുച്യാദി കഷായം ഉപയോഗിക്കുന്നു .
അമൃതാദി തൈലം (Amritadi Tailam).
ചുമ ,ജലദോഷം ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ തലയിൽ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അമൃതാദി തൈലം.കൂടാതെ വാതസംബദ്ധമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
ബലാഗുളുച്യാദി തൈലം (Balaguluchyadi Kera Tailam).
സന്ധിവാതത്തിന് പുറമെ പുരട്ടുവാൻ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ബലാഗുളുച്യാദി തൈലം .
വാശാഗുളുച്യാദി കഷായം (Vasaguloochyadi Kashayam).
മഞ്ഞപ്പിത്തം ,ഫാറ്റി ലിവർ മറ്റ് കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വാശാഗുളുച്യാദി കഷായം..
ഗുൽഗുലുതിക്തകം ഘൃതം (Gulguluthikthakam Ghrutham).
നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് ഗുൽഗുലുതിക്തകം ഘൃതം.ചുമ ,ജലദോഷം ,ആസ്മ ,സൈനസൈറ്റിസ്,സോറിയാസിസ് മറ്റ് ത്വക് രോഗങ്ങൾ ,സന്ധിവാതം ,ഹൃദയസംബന്ധമായ രോഗങ്ങൾ ,വിളർച്ച ,രക്തദുഷ്ട്ടി തുടങ്ങിയവയുടെ ചികിൽത്സയിൽ ഗുൽഗുലുതിക്തകം ഘൃതം ഉപയോഗിക്കുന്നു .
സുദർശനം ഗുളിക (Sudarsana Tablets).
പനി ,ചുമ ,ശ്വാസതടസ്സം .ശ്വാസനാളത്തിലെ അണുബാധ തുടങ്ങിയവയുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് സുദർശനം ഗുളിക.
ഗുൽഗുലുതിക്തകം കഷായം (Gulguluthikthakam Kashayam ).
എല്ലാത്തരം വാത രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഗുൽഗുലുതിക്തകം കഷായം . കൂടാതെ ത്വക് രോഗങ്ങൾ ,സൈനസൈറ്റിസ് ,ഫിസ്റ്റുല ,പൈൽസ് ,പ്രമേഹം ,ക്ഷയം ,ചുമ ,മൂക്കൊലിപ്പ് ,ആസ്മ ,ജലദോഷം ,വീക്കം ,മുഴകൾ ,അൾസർ ,തുടങ്ങിയവയ്ക്കും ഗുൽഗുലുതിക്തകം കഷായം ഉപയോഗിക്കുന്നു .
മാനസമിത്രവടകം (Manasamithra Vatakam).
വിഷാദരോഗം ,സ്ട്രെസ്, ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മാനസമിത്ര വടകം.
ഗന്ധതൈലം (Gandha Thailam ).
അസ്ഥികളുടെ ഒടിവ് , അസ്ഥികളുടെ ബലക്കുറവ് ,അസ്ഥികളുടെ തേയ്‌മാനം തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ആയുർവേദത്തിലെ വളരെ പ്രസ്തമായ ഒരു തൈലമാണ് ഗന്ധതൈലം.ഈ ഔഷധം ഗുളിക രൂപത്തിലും ലഭ്യമാണ് .
കൈശോരഗുൽഗുലു ഗുളിക (Kaisoragulgulu Gulika ).
പ്രമേഹം ,ത്വക് രോഗങ്ങൾ ,രക്തശുദ്ധി ,വിളർച്ച തുടങ്ങിയവയുടെ ചികിൽത്സയിൽ കൈശോരഗുൽഗുലു ഗുളിക ഉപയോഗിക്കുന്നു .
നിംബാദി കഷായം (Nimbadi Kashayam).
കഫത്തോട് കൂടിയ പനി ,അഞ്ചാംപനി ,ചിക്കൻ പോക്‌സ് മറ്റ് ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ നിംബാദി കഷായം ഉപയോഗിക്കുന്നു .
ബലാതൈലം (Balathailam).
വാതരോഗങ്ങൾ ,പേശികളുടെ ബലക്കുറവ് ,നടുവേദന ,ഡിസ്‌ക് തെറ്റൽ ,പക്ഷാഘാതം ,ബെല്‍സ് പാല്‍സി രോഗം ,പനിയോടു കൂടിയുള്ള അപസ്‌മാരം തുടങ്ങിയവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാനും നസ്യം ചെയ്യുവാനും ബലാതൈലം ഉപയോഗിക്കുന്നു .
പുനർനവാസവം (Punarnavasavam).
ആമാശയവീക്കം,പനി ,കരൾരോഗങ്ങൾ ,നീർവീക്കം മുതലായവയുടെ ചികിൽത്സയിൽ പുനർനവാസവം ഉപയോഗിക്കുന്നു .
ശിവ ഗുളിക(Siva Gulika).
കരൾരോഗങ്ങൾ,പ്ലീഹരോഗങ്ങൾ,വിട്ടുമാറാത്ത മൂക്കൊലിപ്പ് ,തുമ്മൽ ,ബ്രോങ്കൈറ്റിസ് ,ചുമ ,ഹൃദ്രോഗം,രക്തവാതം ,ചർമ്മരോഗങ്ങൾ ,അപസ്‌മാരം ,മാനസിക രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ശിവ ഗുളിക ഉപയോഗിക്കുന്നു .
കഞ്ഞുണ്ണ്യാദി കേരം (Kanjunnyadi Keram)..
താരൻ ,മുടികൊഴിച്ചിൽ ,അകാല നര ,തലവേദന ,മൈഗ്രെയ്ന്‍, നേത്രരോഗങ്ങൾ ,ദന്തരോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ തലയിൽ പുരട്ടുവാൻ ഉപയോഗിക്കുന്ന എണ്ണയാണ് കഞ്ഞുണ്ണ്യാദി കേരം.കൂടാതെ തലയിലെ പേൻ ,ഈര് എന്നിവയെ ഇല്ലാതാക്കാനും ഈ എണ്ണ വളരെ ഫലപ്രദമാണ് .
ത്രിഫലാദി തൈലം (Triphaladi Thailam ).
മുടികൊഴിച്ചിൽ , അകാല നര ,മുടിയുടെ അറ്റം പിളരൽ .തലവേദന ,സൈനസൈറ്റിസ് ,വിട്ടുമാറാത്ത മൂക്കൊലിപ്പ് ,തുമ്മൽ തുടങ്ങിയവയുടെ ചികിൽത്സയിൽ ത്രിഫലാദി തൈലം ഉപയോഗിക്കുന്നു .കൂടാതെ കണ്ണ് ,ചെവി ,തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ത്രിഫലാദി തൈലം ഉപയോഗിക്കുന്നു .
വിഗർ പ്ലസ് (Vigor Plus).
ശരീരക്ഷീണം ,തളർച്ച ,ലൈംഗീകശേഷിക്കുറവ് ,പുരുഷവന്ധ്യത തുടങ്ങിയവയുടെ ചികിൽത്സയിൽ വിഗർ പ്ലസ് ഉപയോഗിക്കുന്നു .
ശാരിബാദ്യാസവം(Shaaribaadyaasavam).
വാതരോഗങ്ങൾ ,പ്രമേഹം ,ത്വക് രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഔഷധമാണ് ശാരിബാദ്യാസവം. രക്തശുദ്ധി ,അമിത വിയർപ്പ് ,സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ,മുഖക്കുരു ,പരു ,ഉപ്പൂറ്റി വിള്ളൽ ,കരപ്പൻ ,സോറിയാസിസ് ,ഫംഗസ് അണുബാധ ,വട്ടച്ചൊറി ,ചർമ്മത്തിലെ പുകച്ചിൽ ,പൊള്ളൽ തുടങ്ങിയ അവസ്ഥകളിലെല്ലാം ശാരിബാദ്യാസവം ഉപയോഗിക്കുന്നു .
ആറുകാലാദി തൈലം(Arukaladi Thailam).
മഞ്ഞപ്പിത്തത്തിന് ഉപയോഗിക്കുന്ന ഒരു എണ്ണയാണ് ആറുകാലാദി തൈലം.തലയിൽ പുരട്ടുവാനാണ് ഈ എണ്ണ ഉപയോഗിക്കുന്നത് .
മധുയഷ്ട്യാദി തൈലം ( Madhuyashtyadi Thailam).
പനി ,പിത്ത ദോഷം കൊണ്ട് ഉണ്ടാകുന്ന പനി,സന്ധിവേദന ,സന്ധിവാതം ,വീക്കം ,ശരീരം പുകച്ചിൽ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് മധുയഷ്ട്യാദി തൈലം.ഈ തൈലം പുറമെ പുരട്ടുവാനാണ് ഉപയോഗിക്കുന്നത് .
ധൂർപൂരപത്രാദി കേരം(Durdurapathradi Keram).
മുടിസംരക്ഷണത്തിന് ഉപയോഗിക്കുന്ന എണ്ണയാണ് ധൂർപൂരപത്രാദി കേരം. മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരൽ ,താരൻ ,തലചൊറിച്ചിൽ ,തലയോട്ടിയിൽ ഉണ്ടാകുന്ന ഫംഗസ് അണുബാധ തുടങ്ങിയവയ്ക്ക് ധൂർപൂരപത്രാദി കേരം ഉപയോഗിക്കുന്നു .
Sudarsana Churnam .
വിട്ടുമാറാത്ത പനിക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുദർശന ചൂർണ്ണം,കൂടാതെ കരൾരോഗങ്ങൾ, പ്ലീഹരോഗങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കടു
ഗുണം -ഉഷ്ണം ,സ്നിഗ്ധം,ലഘു
വീര്യം -ഉഷ്ണം
വിപാകം -മധുരം .
ഔഷധയോഗ്യഭാഗങ്ങൾ .
തണ്ട് ,ഇല
ചിറ്റമൃത് ചില ഔഷധപ്രയോഗങ്ങൾ .
ചിറ്റമൃത് തണ്ട് നാരും മൊരിയും മാറ്റിയ ശേഷമാണ് ഔഷധമായി ഉപയോഗിക്കുന്നത് .ചിറ്റമൃതിന്റെ ഊറൽ നല്ലൊരു ഔഷധമാണ് .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് മൂന്നിരട്ടി വെള്ളവും ചേർത്ത് മൺപാത്രത്തിൽ 12 മണിക്കൂർ വച്ചതിനുശേഷം തെളിയൂറ്റി അടിയിൽ അടിയുന്ന നൂറ് വെയിലിൽ ഉണക്കിയെടുക്കുമ്പോൾ കിട്ടുന്ന വെളുത്ത പൊടിയാണ് ഊറൽ .ഇത് വിപണിയിൽ വാങ്ങാൻ കിട്ടും .ഈ ഊറൽ എല്ലാവിധ പനിക്കും പനി മൂലമുണ്ടാകുന്ന ശരീരക്ഷീണം മാറാനും നല്ലതാണ് .ഇതിനായി ഈ ഊറൽ ഒരു ഗ്രാം വീതം തേനോ പഞ്ചസാരയോ നെയ്യോ ചേർത്ത് കഴിക്കാം .ഇത് ദഹനശക്തി വർധിപ്പിക്കുന്നതും ശരീരപുഷ്ടിക്കും നല്ലതാണ് .കൂടാതെ അസിഡിറ്റി ,പുളിച്ചുതികട്ടൽ ,സ്ത്രീകളിലെ അസ്ഥിസ്രാവം ,കുടലിറക്കം എന്നിവയ്ക്കെല്ലാം നല്ലതാണ് .ഈ നൂറ് ഒരു ഗ്രാം വീതം നറുനെയ്യിൽ ചാലിച്ച് ദിവസവും കഴിച്ചാൽ സർവ്വരോഗങ്ങളിൽ നിന്നും മുക്തി നേടുകയും ആരോഗ്യവും ,ആയുസ്സും വർധിക്കുകയും ചെയ്യും.
അമൃതിന്റെ നൂറും ,നെല്ലിക്കാ നൂറും ,കൂവ നൂറും ഒരേ അളവിൽ തേനിൽ ചാലിച്ച് കഴിച്ചാൽ പ്രദരം (യോനിസ്രവം) മാറും .യോനിയിൽ കൂടിയുള്ള സ്രാവം രക്തമാണ് പോകുന്നതെങ്കിൽ രക്തപ്രദരം എന്നും വെള്ള നിറത്തിലുള്ള ദ്രാവകമാണ് പോകുന്നതെങ്കിൽ ശ്വേതപ്രദരം എന്നും പറയുന്നു.ഇത് മുലപ്പാലിൽ ചേർത്ത് കഴിച്ചാൽ സ്ത്രീകളിലെ അസ്ഥിസ്രാവം മാറിക്കിട്ടും .അമൃത് വള്ളി കഷായമുണ്ടാക്കി പതിവായി കഴിക്കുന്നതും വെള്ളപോക്ക് മാറാൻ നല്ലതാണ് .അമൃതിന്റെ നൂറിൽ തേൻ ചേർത്ത് പതിവായി കഴിച്ചാൽ പുരുഷന്മാരിലെ ലൈംഗീകശേഷി വർധിക്കും .
അമൃതിന്റെ കഷായം ദിവസം രണ്ടുനേരം വീതം പതിവായി കഴിച്ചാൽ അന്നനാളത്തിലെ ക്യാൻസർ മാറും .അമൃതിന്റെ തണ്ട് ചെറുതായി നുറുക്കി 30 ഗ്രാം വീതം കാൽ ലിറ്റർ തണുത്ത വെള്ളത്തിൽ 4 മണിക്കൂർ ഇട്ടുവെച്ചിരുന്ന ശേഷം അരിച്ചെടുത്താൽ ശീതക്കഷായമായി .ഈ കഷായം 30 മില്ലി മുതൽ 100 മില്ലി വരെ ദിവസത്തിൽ 2 നേരം കഴിക്കാം .ചിറ്റമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് മില്ലി വീതം പാലോ ,തേനോ ,വെള്ളമോ ചേർത്ത് ദിവസം 3 നേരം വീതം കഴിക്കാം . .
അമൃതിന്റെ തണ്ട് ,പച്ച നെല്ലിക്ക എന്നിവ രണ്ടുംകൂടി ഇടിച്ചുപിഴിഞ്ഞ 10 മി .ലി നീരിൽ കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് ദിവസവും രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ പ്രമേഹം ശമിക്കും .അമൃതും ,കൊടുവേലിയും ചേർത്ത് കഷായമുണ്ടാക്കി വറ്റിച്ച് അരച്ച് ചെറിയ ഗുളികകളാക്കി നിഴലിൽ ഉണക്കി സൂക്ഷിക്കാം .ഈ ഗുളിക ദിവസവും ഒന്ന് വീതം പതിവായി കഴിച്ചാൽ പ്രമേഹം പൂർണ്ണമായും മാറും .അമൃതിന്റെ തണ്ട് ഇടിച്ചു പിഴിഞ്ഞ നീരിൽ കുറച്ച് തേൻ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നതും പ്രമേഹത്തിന് നല്ലതാണ് .
അമൃതിന്റെ നൂറ് ഒരു ഗ്രാം വീതം തേനിൽ ചാലിച്ച് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കുറച്ചുനാൾ പതിവായി കഴിച്ചാൽ വിളർച്ചരോഗം (അനീമിയ)മാറും .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് 10 മി .ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും. അമൃതും ,കരിമ്പും ചേർത്ത് കഷായമുണ്ടാക്കി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് നല്ലതാണ് .അമൃതും ,മുന്തിരിയും ,ചെറൂളയും ,കരിമ്പും ചേർത്ത് കഷായമുണ്ടാക്കി കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഫലപ്രദമായ മരുന്നാണ് .അമൃത് കഷായം വച്ച് തണുത്തതിന് ശേഷം കുറച്ച് മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .
അമൃതിന്റെ പച്ചത്തണ്ട് ഇടിച്ചുപിഴിഞ്ഞ അര ഔൺസ് നീരിൽ അല്‌പം തേനും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ 4 -5 ദിവസം തുടർച്ചയായി കഴിച്ചാൽ പനിയും ജലദോഷവും മാറും .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് വെയിലിൽ ഉണക്കുമ്പോൾ കിട്ടുന്ന പൊടി ദിവസവും മൂന്നുനേരം കുറേശ്ശെ കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ മാറിക്കിട്ടും .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് വെണ്ണ ചേർത്ത് പതിവായി ഒരുമാസം കഴിച്ചാൽ ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് ,പുകച്ചിൽ എന്നിവ മാറിക്കിട്ടും .
ചിറ്റമൃത് ,ചുക്ക് , യഷ്ടിമധു (ഇരട്ടിമധുരം )കടുകുരോഹിണി എന്നിവ ഒരേ അളവിൽ ഉണക്കിപ്പൊടിച്ച് 2 ഗ്രാം വീതം തേനിൽ ചാലിച്ച് ദിവസവും കഴിച്ചാൽ രക്തത്തിലെ യൂറിക്ക് ആസിഡ് കുറയും .ചിറ്റമൃത് കഷായമുണ്ടാക്കി തേൻ മേമ്പടി ചേർത്ത് പതിവായി കഴിച്ചാൽ 14 ദിവസം കൊണ്ടുതന്നെ ആമവാതം ശമിക്കും .ചിറ്റമൃതിൻ നൂറ് 500 മി .ലി ഗ്രാമിൽ ചുക്ക് ,കുരുമുളക് ,തിപ്പലി എന്നിവ തുല്യമായി പൊടിച്ചത് 1 ഗ്രാമും രണ്ട് നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് തേനിൽ ചാലിച്ച് ദിവസം ഒരുനേരം വീതം കഴിച്ചാൽ അലർജി ശമിക്കും .
ALSO READ : പനിക്കൂർക്കയുടെ ഔഷധഗുണങ്ങൾ .
ചിറ്റമൃത് ഉണക്കിപ്പൊടിച്ചത് ശർക്കരയുമായി ചേർത്തുകഴിച്ചാൽ മലബന്ധം മാറും.ചിറ്റമൃതും ,ത്രിഫലയും ഒരേ അളവിൽ കഷായം വച്ച് ഒരൗൺസ് വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ കാൽമുട്ടിലെ നീരും വേദനയും മാറും .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീര് 10 മി .ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ വൃക്കരോഗവും ഇതുമൂലം കണ്ണുകൾക്കടിയിൽ കാണുന്ന നീരും കാലുകളിൽ കാണുന്ന നീരും ശമിക്കും .അമൃത് കഷായം വച്ചതിൽ തേൻ ചേർത്ത് പതിവായി കഴിക്കുന്നതും വൃക്കരോഗം മാറാൻ നല്ലതാണ് .അമൃതുവള്ളിയും ,ത്രിഫലയും സമമായി എടുത്ത് കഷായമുണ്ടാക്കി 25 മി .ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പെരുമുട്ടുവാതം ശമിക്കും .
അമൃത് ,ചെറുകറുക എന്നിവ ഇടിച്ചുപിഴിഞ്ഞ നീരിൽ കൊട്ടം ,ഇരട്ടിമധുരം ,മുത്തങ്ങ ,ചുക്ക് എന്നിവ അരച്ച് ചേർത്ത് എണ്ണകാച്ചി തലയിൽ തേച്ചാൽ തലയിലുണ്ടാകുന്ന കരപ്പൻ ,ചിരങ്ങ് എന്നിവ മാറും .കൂടാതെ ഇത് ഒട്ടുമിക്ക ചർമ്മരോഗങ്ങൾ മാറുന്നതിനും നല്ലതാണ് .അമൃതിന്റെ തണ്ട് ഇടിച്ചുപിഴിഞ്ഞ നീരിൽ കുറച്ച് തേനും ചേർത്ത് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് കരിയും ..അമൃതിന്റെ ഇല അരച്ച് പുരട്ടിയാൽ ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറിക്കിട്ടും .അമൃതിന്റെ ഇലയും ,പച്ചമഞ്ഞളും ,മൈലാഞ്ചി ഇലയും ഒരേ അളവിൽ അരച്ചു പുരട്ടുന്നതും ഉപ്പൂറ്റി വിണ്ടുകീറുന്നത് മാറാൻ നല്ലതാണ് .
അമൃതിന്റെ നൂറിൽ പാലോ പഞ്ചസാരയോ ചേർത്ത് പതിവായി കഴിക്കുന്നത് മൂലക്കുരുവിന് നല്ലതാണ് .അമൃത് കഷായം വച്ചതിൽ കുരുമുളക് പൊടി ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗം മാറാൻ നല്ലതാണ് ..അമൃത് ഇടിച്ചു പിഴിഞ്ഞ നീരിൽ കുറച്ച് എള്ളെണ്ണ ചേർത്ത് കഴിക്കുന്നത് മന്ത് രോഗത്തിന് നല്ലതാണ് .അമൃത് കഷായമുണ്ടാക്കി കഴിച്ചാൽ എല്ലാ മൂത്രാശയരോഗങ്ങളും മാറിക്കിട്ടും .മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും അമൃതിന്റെ തണ്ട് ഉണക്കിപ്പൊടിച്ച പൊടി 5 ഗ്രാം വീതം 100 മില്ലി വെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുത്ത് രാവിലെ വെറുവയറ്റിലും വൈകിട്ട് ഭക്ഷണശേഷവും ഒരു വൈദ്യ നിർദേശപ്രകാരം ഉപയോഗിക്കാവുന്നതാണ് .