ത്വക്ക് രോഗങ്ങൾ ,പ്രമേഹം എന്നിവയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ആവര അഥവാ ആവാരം പൂവ് .ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഈ സസ്യം സാധാരണ വളരുന്നത് .ഇന്ത്യയിലെയും ശ്രീലങ്കയിലെയും വരണ്ട പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .ഇന്ത്യയിൽ തമിഴ്‌നാട് ,കർണ്ണാടകം ,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആവാരം പൂവ് വന്യമായി വളരുന്നു .കേരളത്തിൽ തമിഴ്‌നാടിന്റെ അതിർത്തി പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .
otanical name : Senna auriculata
Synonyms : Cassia auriculata
Family : Caesalpiniaceae (Gulmohar family)
സസ്യവിവരണം .
4 അടിയോളം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ആവര .എന്നാൽ ചില സസ്യങ്ങൾ 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട് . ഇടതൂർന്ന ശിഖിരങ്ങളുള്ള ഒരു സസ്യമാണ് . ഇതിന്റെ പുറംതൊലിക്ക് ചുവപ്പുകലർന്ന തവിട്ടുനിറമാണ് . ഇവയിൽ കടും മഞ്ഞനിറത്തിൽ മനോഹരമായ പൂക്കൾ ഉണ്ടാകുന്നു . ഇതിന്റെ ഫലം പയറുപോലെ കാണപ്പെടുന്നു .ഏകദേശം 11 സെ.മി വരെ നീളം കാണും . ഫലത്തിനുള്ളിൽ 10 -20 വരെ വിത്തുകൾ കാണും .കടുത്ത വേനലിനെ അതിജീവിക്കാൻ കഴിവുള്ള ഒരു സസ്യമാണ് ആവര.
രാസഘടകങ്ങൾ .
സസ്യത്തിന്റെ വേരിൽ ഫ്ലേവോൺ ഗ്ലൈക്കോസൈഡുകൾ ,ഗാലക്റ്റോപൈറനോസൈഡ്,ബീറ്റാ-സിറ്റോസ്റ്റെറോൾ,റൂട്ടിൻ എന്നിവയും .തണ്ടിന്റെ പുറം തൊലിയിൽ കാറ്റെച്ചിൻ ,എപ്പികാറ്റെച്ചിൻ,ഗാലോകാറ്റെച്ചിൻ എന്നിവയും .സസ്യത്തിൽ മുഴുവനായും ടാനിനും അടങ്ങിയിരിക്കുന്നു .
പ്രാദേശിക നാമങ്ങൾ .
English name Tanner’s Cassia
Malayalam : Avaram
Tamil : Avaram poo
Telugu : Tagedu puvvu
Hindi : Tarwar
Sanskrit : Charmaranga
Kannada : Tangedi
Marathi : Tarwad
Gujarati : Awala
ആവാരം പൂവ് ഔഷധഗുണങ്ങൾ .
ഒരു അലങ്കാര സസ്യമാണ് ആവര . അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് . തമിഴ്‌നാട് ,കർണ്ണാടക ,ആന്ധ്ര എന്നിവിടങ്ങളിൽ ഇതിന്റെ പൂക്കൾ ഭക്ഷണമായി ഉപയോഗിക്കുന്നു .കേരളത്തിൽ അത്ര സുലഭമല്ലങ്കിലും ഇതിന്റെ ഉണങ്ങിയ പൂവും ,വിത്തും ,ഇലയുമെല്ലാം ഓൺലൈനിൽ വാങ്ങാൻ കിട്ടും .
ഇല ,പൂവ് ,വിത്ത് ,പുറംതൊലി എന്നിവയാണ് ഔഷധയോഗ്യമായ ഭാഗങ്ങൾ .ഇത് ശരീരം തണുപ്പിക്കുന്നു .ശുക്ലം വർധിപ്പിക്കുന്നു .ഉദരവിരകളെ നശിപ്പിക്കുന്നു .കൂടാതെ പ്രമേഹം ,ത്വക്ക് രോഗങ്ങൾ ,അമിത ആർത്തവം ,മൂക്കിലൂടെയുള്ള രക്തശ്രാവം , വയറിളക്കം ,മലബന്ധം ,കുടൽപ്പുണ്ണ് ,മൂത്രാശയ രോഗങ്ങൾ ,ശീഘ്രസ്‌ഖലനം ,വെള്ളപോക്ക് തുടങ്ങിയ രോഗങ്ങൾക്ക് ആവാരം പൂവ് ഫലപ്രദമാണ് .
ആവാരം പൂവ് നല്ലൊരു ഫേസ് പാക്കാണ് .ഇത് അരച്ച് മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടും .ആവാരം പൂ ഉണക്കി പൊടിച്ച് തയാറാക്കുന്ന ഫേസ് പാക്ക് മിക്കവാറും എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും നല്ലതാണ് .ഇത് തൈരിൽ ചാലിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാക്കി മുഖത്തിന് നല്ല നിറവും തിളക്കവും കിട്ടാൻ സഹായിക്കുന്നു .
ആവാരം പൂവിന്റെ പൊടിയും , ചെറുപയർ പൊടിയും കൂടി പനിനീരിലോ റോസ് വാട്ടറിലോ കലർത്തി മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തിന് നല്ല നിറം കിട്ടുന്നതാണ് .തമിഴ്‌നാട്ടിലും കർണ്ണാടകയിലുമുള്ള സ്ത്രീകൾ ശരീരത്തിന്റെ നിറം കൂട്ടാൻ ആവാരം പൂവ് അരച്ച് ശരീരമാസകലം തേച്ചുകുളിക്കാറുണ്ട്. മിക്ക സ്നാന ചൂർണങ്ങളിലും ആവാരം പൂ ഒരു പ്രധാന ചേരുവയാണ് .ഉണങ്ങിയ ആവാരം പൂവ് ഉണക്കി പൊടിച്ചു തേനിൽ ചാലിച്ച് കഴിക്കുന്നതും ശരീരത്തിന് നിറം കൂട്ടാൻ സഹായിക്കുന്നു .കൂടാതെ ഇങ്ങനെ കഴിക്കുന്നത് രക്തശുദ്ധിക്കും വളരെ നല്ലതാണ് .
ആവാരം പൂവിന് നല്ല സുഗന്ധമുള്ളതിനാൽ ശരീരദുർഗന്ധം ഇല്ലാതാക്കാൻ ഇതിന്റെ ഉണങ്ങിയ പൊടി ഉപയോഗിക്കാം .സ്നാന ചൂർണമായി ഉപയോഗിച്ചാൽ ശരീരത്തിലെ ദുർഗന്ധം മാറിക്കിട്ടും .വരണ്ട ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ പറ്റിയ ഒരു സ്നാന ചൂർണമാണിത് .കൂടാതെ ഇതിന് ചർമ്മത്തിലെ അണുബാധ തടയാനും കഴിയും .ത്വക് രോഗങ്ങൾ,ത്വക്ക് അലർജി എന്നിവയ്ക്കും ആവാരം പൂ നല്ലതാണ് .ഇതിന്റെ പൂവും വിത്തും കൂടി അരച്ച് പുറമെ പുരട്ടുന്നത് എല്ലാ ചർമ്മ പ്രശ്നങ്ങൾക്കും ഉത്തമമാണ് .മുറിവ് ഉണക്കാനും ആവാരം പൂ നല്ലതാണ് .അതിനായി ഉണങ്ങിയ പൂവിന്റെ പൊടി മുറിവിൽ വച്ചു കെട്ടാവുന്നതാണ് .
ALSO READ : ബ്രഹ്മിയുടെ ഔഷധഗുണങ്ങൾ .
ആവാരം പൂവിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്.അതിനാൽ തന്നെ തമിഴ്‌നാട്ടിലെ സ്ത്രീകൾ വെയിലിൽ നടക്കുമ്പോഴോ പണിയെടുകുമ്പോഴോ ഇത് തലയിൽ ചൂടുന്ന പതിവുണ്ട് .ഇതിന്റെ ഇലയും പൂവും അരച്ച് താളിയാക്കി തലയിൽ ഉപയോഗിച്ചാൽ തലയ്ക്ക് നല്ല തണുപ്പും കുളിർമ്മയും കിട്ടും .ആർത്തവവിരാമത്തോടെ മിക്ക സ്ത്രീകളിലും കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂടും പുകച്ചിലും .ഇത് പരിഹരിക്കുന്നതിന് ആവാരം പൂവും ഇലയും കൂടി അരച്ച് തലയിലും ശരീരത്തിലും പുരട്ടി കുളിക്കുന്നത് ഗുണം ചെയ്യും .
ആവാരം പൂവിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട് .ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് വർധിപ്പിക്കുന്നു .അതിനാൽ പ്രമേഹ രോഗികൾക്ക് ഇത് വെറുംവയറ്റിൽ കഴിക്കാവുന്നതാണ് .ഇതിനായി 10 -20 ml പൂവിന്റെ നീരോ 3 -6 ഗ്രാം ഉണങ്ങിയ പൂവിന്റെ പൊടിയോ കഴിക്കാവുന്നതാണ് .പൂവിന്റെ ചൂർണം വെള്ളത്തിൽ തിളപ്പിച്ച് രാവിലെ ചായയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ് .ആവാരം പൂ ക്യാപ്‌സൂൾ രൂപത്തിലും ലഭ്യമാണ് .(Avarampoo Capsules) ഇത് പ്രമേഹം ,ശരീരം പുകച്ചിൽ ,രക്തശുദ്ധി ,ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തൽ ,ശരീരദുർഗന്ധം തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു .
ഉണങ്ങിയ ആവാരം പൂവ് കുരുമുളകും ,കരിപ്പട്ടിയും ചേർത്ത് തിളപ്പിച്ചുണ്ടാകുന്ന കാപ്പി പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു .ഇത് പനിക്കും ,ശരീരവേദനയ്ക്കും ഉത്തമമാണ് .പ്രത്യേകിച്ച് ഇത് കുട്ടികളുടെ പനിക്ക് വളരെ ഫലപ്രദമാണ് .മുടിവളർച്ചയ്ക്കും ആവാരം പൂ നല്ലതാണ് .ഇത് നെല്ലിക്ക ,മൈലാഞ്ചി ,കറിവേപ്പില ,ഉലുവ എന്നിവയ്‌ക്കൊപ്പം ചേർത്ത് എണ്ണകാച്ചി തലയിൽ പുരട്ടുന്നത് മുടിവളർച്ചയ്‌ക്ക് സഹായിക്കുന്നു .ആവാരം പൂവിന്റെ പൊടിയും ,ഉലുവാപ്പൊടിയും ഒരേ അളവിലെടുത്ത് കറ്റാർവാഴ ജെല്ലിൽ കലർത്തി തലയോട്ടിയിൽ പുരട്ടിയാൽ തലയിലെ താരൻ മാറികിട്ടും .
ആവാരം പൂവിന്റെ ഉണങ്ങിയ ഇലയുടെ പൊടി തൈരിൽ കലർത്തി തലയിൽ പുരട്ടുന്നത് മുടിക്ക് നല്ല മിനുസവും തിളക്കവും കിട്ടാൻ സഹായിക്കുന്നു .കൂടാതെ ഇത് തലയിലെ താരൻ മുടി കൊഴിച്ചിൽ എന്നിവ ഇല്ലാതാക്കുകയും ചെയ്യുന്നു .ഉണങ്ങിയ പൂവിന്റെ പൊടി 3 ഗ്രാം വീതം പാലിൽ തിളപ്പിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മൂത്രമൊഴിവിന്റെ അസുഖം മാറിക്കിട്ടും .
വയറിളക്കത്തിനും ഫലപ്രദമാണ് ആവാരം പൂ.ഇതിന്റെ 5 -6 ഗ്രാം വിത്ത് പൊടിച്ചത് വെണ്ണയിലോ പാലിലോ ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും .പൂവ് ഉണക്കി പൊടിച്ചത് 6 ഗ്രാം വീതം നെയ്യിൽ കുഴച്ച് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ മൂലക്കുരു ശമിക്കും .ആവാരത്തിന്റെ പുറംതൊലി അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലുണ്ടാകുന്ന നീര് ,വീക്കം ,വേദന മുതലായവ മാറിക്കിട്ടും .ഇതിന്റെ പൂവ് ഉണക്കിയൊ ,പച്ചയ്‌ക്കോ 2 മാസം തുടർച്ചയായി കഴിച്ചാൽ ആർത്തവ തകരാറുകൾ മാറിക്കിട്ടും .ആവാരം പൂ കരിപ്പട്ടിയുമായി ചേർത്ത് ഇടിച്ചുകഴിച്ചാൽ വെള്ളപോക്ക് ,ശീഘ്രസ്‌ഖലനം എന്നിവ മാറിക്കിട്ടും .