വാതരോഗങ്ങൾ ,ഉദരരോഗങ്ങൾ ,മലബന്ധം ,കൃമിശല്യം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ആവണക്ക് .ഔഷധഗുണങ്ങളുണ്ടെങ്കിലും ആവണക്ക് ഒരു വിഷസസ്യമാണ് .അതിനാൽ തന്നെ ഇത് ശുദ്ധിചെയ്താണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഇംഗ്ലീഷിൽ കാസ്റ്റർ ഓയിൽ പ്ലാന്റ് എന്നും സംസ്‌കൃതത്തിൽ എരണ്ഡഃ, എന്ന പേരിലും അറിയപ്പെടുന്നു ,ഗന്ധർവന്മാരുടെ കൈപ്പത്തിക്ക് സമാനമായ ഇലകളോടു കൂടിയ എന്ന അർത്ഥത്തിൽ ഗന്ധർവഹസ്‌തഃ എന്നും .ഇലകൾ അഞ്ചു വിരലുകൾ പോലെ എന്ന അർത്ഥത്തിൽ പഞ്ചാംഗുലഃ എന്നും എല്ലാത്തരം വാതരോഗങ്ങളും ശമിപ്പിക്കാൻ കഴിവുള്ളത് എന്ന അർത്ഥത്തിൽ വാതാരിഃ എന്നും ആവണക്കിന് സംസ്‌കൃതത്തിൽ പേരുകളുണ്ട് .
Botanical name : Ricinus communis
Family: Euphorbiaceae (castor family)
ആവണക്ക് കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം ആവണക്ക് കാണപ്പെടുന്നു .എണ്ണക്കുരുവിനുവേണ്ടി ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ആവണക്ക് കൃഷി ചെയ്യുന്നു .കൃഷിചെയ്യാതെ കിടക്കുന്ന സ്ഥലങ്ങളിൽ ഈ സസ്യം തനിയെ വളരുന്നത് കാണാം . 2000 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം ധാരാളമായി വളരുന്നു .
സസ്യവിവരണം .
സാമാന്യം ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടി .ഇവ ഏകവർഷിയോ ബഹുവർഷിയോ ആയിരിക്കും .എന്നാൽ ചില സസ്യങ്ങൾ 5 മീറ്റർ ഉയരത്തിൽ വരെ ഒരു ചെറിയ മരമായും വളരും .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .ഇലകൾ വലുതും അനുപർണ്ണത്തോടു കൂടിയതുമാണ് .
30 - 60 സെ.മി വ്യാസമുള്ള ഇവയുടെ ഇലകൾ വിരലുകൾ പോലെ 5 മുതൽ 10 കർണങ്ങളായി വിഭചിച്ചിരിക്കുന്നു .പത്രവൃന്തം 10 -30 സെ.മി നീളമുള്ളതും ഗ്രന്ഥികളോടു കൂടിയതുമാണ് .ചെടിയുടെ തണ്ടുകളും ശാഖകളും പൂങ്കുലകളിൽ അവസാനിക്കുന്നു .
പൂക്കൾ ഏകലിംഗിക്കളും അപൂർണ്ണവും ആണ് മഞ്ജരീദണ്ഡിന് 30 -60 സെ.മി നീളമുണ്ട് .ഇതിന്റെ മുകൾ ഭാഗത്ത് പെൺപൂക്കളും അടിഭാഗത്ത് ആൺപൂക്കളും ഉണ്ടാകുന്നു .പെൺപൂക്കൾ ആൺപൂക്കളേക്കാൾ വലുതാണ് .അണ്ഡാശയം ഊർധ്വവർത്തിയും 2 അറകളോടു കൂടിയതുമാണ് .ഓരോന്നിനും ഓരോ ബീജാണ്ഡം .
ഇവയുടെ ഫലത്തിന്റെ ഉപരിതലത്തിൽ (ആവണക്ക് കായ ) മുള്ളുകൾ കാണപ്പെടുന്നു .ഒരു ഫലത്തിൽ 3 വിത്തുകൾ വരെ കാണും .ഇത് മിനുസമുള്ളതും പല നിറത്തിലുള്ള പുള്ളികളോടു കൂടിയതുമായിരിക്കും .ഫലത്തിന്റെ പുറംതോടിന് നല്ല കട്ടിയുണ്ടായിരിക്കും .ഇവ ഉണങ്ങുമ്പോൾ പൊട്ടി വിത്തുകൾ പുറത്തേയ്ക്ക് തെറിച്ചു വീഴുന്നു .മൂന്നോ നാലോ വർഷം ജീവിക്കുന്ന ആവണക്കിന്റെ ഫലവും വിത്തും വലിപ്പം കൂടിയതായിരിക്കും .ഇതിൽ എണ്ണയും ധാരാളമുണ്ടായിരിക്കും .
ആവണക്ക് വെളുത്തത് ,ചുവന്നത് എന്നിങ്ങനെ രണ്ടുതരമുണ്ട് .ശ്വേത എരണ്ഡ എന്നും രക്ത എരണ്ഡ എന്നും സംസ്‌കൃതത്തിൽ അറിയപ്പെടുന്നു . ചുവന്ന ആവണക്ക് (ചിറ്റാവണക്ക് ) ഇതിന്റെ തണ്ടും ഇലയും ചുവപ്പുനിറത്തോടു കൂടിയതാണ് .ഒരു വർഷം മാത്രം വളരുന്നത് അനേകം വർഷം വളരുന്നത് എന്നിങ്ങനെയും രണ്ടുതരം ആവണക്കുണ്ട് .വെള്ള ആവണക്കാണ് ഔഷധ ആവിശ്യങ്ങൾക്കായി കൃഷി ചെയ്യുന്നത് .
രാസഘടകങ്ങൾ .
വിത്തിൽ 40% മുതൽ 55% വരെ എണ്ണയും 20% പ്രോട്ടീനും 10% പഞ്ചസാരയും 1% കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. വിത്തിലെ പ്രധാനപ്പെട്ട ക്രിയാശീലഘടകം റിസിൻ ആണ്. ഇത് ഏറ്റവും വിഷശക്തിയുള്ളതും വെള്ളത്തിൽ ലയിക്കുന്നതുമായ ഒരു ഗ്ലൈക്കോ പ്രോട്ടീനാണ് .ഇവ കൂടാതെ റിസിനിൻ എന്ന കുറഞ്ഞ വിഷശക്തിയുള്ളതും കയ്പ്പ് രസമുള്ളതും വെള്ളത്തിൽ ലയിക്കുന്നതുമായ ഒരു ഘടകം വിത്തിന്റെ പുറംതോടിലും തണ്ടിലും ഇലയിലും കൂടുതലായി അടങ്ങിയിരിക്കുന്നു .
ആവണക്കെണ്ണയ്ക്ക് കുരുവിനെ അപേക്ഷിച്ച് വിഷശക്തി കുറവാണ് .ആവണക്കെണ്ണയിൽ ധാരാളം ഗ്ലിസറൈഡുകൾ അടങ്ങിയിരിക്കുന്നു .ഇവയിൽ പ്രധാന ഘടകമായ റിസിനോളിക് അമ്ലം ആണ് വയറിളക്കം ഉണ്ടാക്കുന്നത് .ആവണക്കെണ്ണ വിവിധതരം സോപ്പുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നു .
ആവണക്കിൽ വിഷാംശം അടങ്ങിയിട്ടുള്ള ഭാഗങ്ങൾ .
തണ്ട് ,ഇല ,വിത്ത് ,എണ്ണ
ആവണക്കിന്റെ വിഷലക്ഷണങ്ങൾ .
ആവണക്കിൻ കുരുവിലാണ് ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ളത് .ഇതിലെ പ്രധാന വിഷഘടകമായ റിസിൻ ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കും .ആവണക്കിൻ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ വായിലും തൊണ്ടയിലും നീറ്റൽ അനുഭവപ്പെടും .കൂടാതെ ഛർദ്ദി വയറുവേദന എന്നിവയുമുണ്ടാകും .കുറച്ചുസമയത്തിനു ശേഷം അമിത ദാഹം ,തലചുറ്റൽ ,തളർച്ച ,രക്തം കലർന്ന വയറിളക്കം എന്നിവയുമുണ്ടായി ഹൃദയത്തിന്റെ പ്രവർത്തനം നിൽക്കുകയും ചെയ്യും .
10 മുതൽ 20 വരെ ആവണക്കിൻക്കുരു ഉള്ളിൽ കഴിച്ചാൽ മാരകവിഷമാണ് മരണം സംഭവിക്കും .കുറഞ്ഞ അളവിൽ കഴിച്ചാലും അഞ്ചോ ആറോ ദിവസത്തിനുള്ളിൽ മരണം സംഭവിക്കും .ആവണക്കെണ്ണ ഞരമ്പിൽ കുത്തിവച്ചാൽ പെട്ടന്നുതന്നെ മരണം സംഭവിക്കും .ആവണക്കിൻക്കുരു എണ്ണ ആട്ടിയെടുത്ത ശേഷം കിട്ടുന്ന പിണ്ണാക്കിലും റിസിൻ എന്ന വിഷഘടകം ധാരാളമായി അടങ്ങിയിരിക്കുന്നു .ഇത് കന്നുകാലികൾക്ക് കൊടുത്താലും വിഷബാധയേൽക്കും .പിണ്ണാക്കിന്റെ പൊടി കണ്ണിലും മൂക്കിലും വീഴുന്നതും അപകടമാണ് .ഇത് ആസ്മയ്ക്കും അലർജിക്കും കാരണമാകും .
കാണാൻ ഭംഗിയുള്ള ആവണക്കിൻക്കുരു കുട്ടികൾ അറിയാതെ കഴിച്ച് മരണമുണ്ടായ കേസുകളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് .ആവണക്കിന്റെ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ രോഗിയെ എത്രയും പെട്ടന്ന് ആശുപത്രിയിൽ എത്തിക്കണം.
ചികിൽത്സയും പ്രത്യൗഷധങ്ങളും .
ആവണക്കിന്റെ കുരുവോ മറ്റു ഭാഗങ്ങളോ ഉള്ളിൽ കഴിച്ചാൽ ആദ്യം ആമാശയക്ഷാളനം ചെയ്യണം .ഉടൻതന്നെ വിരേചനം ഉണ്ടാക്കുന്ന ഔഷധങ്ങൾ കൊടുക്കണം .രോഗിയിൽ കാണുന്ന ലക്ഷണങ്ങൾക്കനുസരിച്ച് മറ്റു ചികിൽത്സയും ചെയ്യണം .സിരകൾ വഴി ഗ്ളൂക്കോസ് കൊടുക്കുകയും .ആവശ്യമെങ്കിൽ രക്തം മാറ്റിക്കൊടുക്കുകയും ചെയ്യണം .സ്ട്രിക്നിൻ , ലൊബീലിൻ ഇവയിൽ ഏതെങ്കിലുമൊന്ന് മറുമരുന്നായി ത്വക്കിനടിയിൽ കുത്തിവയ്ക്കുകയും വേണം .
ആവണക്കിൻക്കുരു ശുദ്ധിചെയ്യേണ്ട രീതി .
ഔഷധആവിശ്യങ്ങൾക്കായി ആവണക്കിൻക്കുരു ആട്ടി എണ്ണ എടുക്കുമ്പോൾ ആവണക്കിൻക്കുരു ചൂടുവെള്ളത്തിൽ തിളപ്പിച്ചോ ചൂട് ആവി ഏൽപ്പിച്ചോ ആണ് എണ്ണ എടുക്കുന്നത് .ചൂടുകൊണ്ട് വേഗം ദ്രവീകൃത മാകുന്നതിനാൽ കൂടുതൽ എണ്ണ കിട്ടുകയും ചെയ്യും .ഇങ്ങനെ ചെയ്യുന്നതിലൂടെ എണ്ണയിലെ വിഷഗുണം നഷ്ട്ടപ്പെടുന്നതിനാലാണ് കുരുവിനെ അപേക്ഷിച്ച് ആവണക്കെണ്ണ നിരുപദ്രവ കാരിയാകുന്നത് .
ആവണക്കിൻക്കുരു പാലിൽ 1 -2 മണിക്കൂർ ഇട്ടുവച്ചതിനു ശേഷമെടുത്താൽ ആവണക്കിൻക്കുരു ശുദ്ധിയാകുന്നതാണ് .കരിക്കിൻ വെള്ളത്തിൽ ആവണക്കിൻക്കുരു പുഴുങ്ങി കഴുകിയെടുത്താലും ശുദ്ധിയാകുന്നതാണ് .
പ്രാദേശിക നാമങ്ങൾ .
English Name – Castor, African Coffee Tree
Malayalam Name – Avanakku
Tamil Name – Amanakku, Amanakkam
Telugu Name – Amudamu
Kannada Name – Haralu, Manda
Hindi Name – Erand, Redi, Erend
Bengali Name – Rehri, Bhairenda
Marathi Name – Erandi
Gujarati Name – Diveligo, Diveli Erandi
ആവണക്ക് ഔഷധഗുണങ്ങൾ .
മധുരകടുകഷായരസങ്ങളുള്ളതും ഉഷ്ണവീര്യത്തോടുകൂടിയതും ഗുരുസ്‌നിഗ്ധ ഗുണങ്ങളുള്ളതുമാണ് ആവണക്ക് .ആവണക്കിന്റെ വേര് ,ഇല ,കുരു ,വിത്തിൽനിന്നും എടുക്കുന്ന എണ്ണ എന്നിവയാണ് ഔഷധയോഗ്യം .ഇത് മലത്തെ ഇളക്കുകയും കുടലിനേയും ഗർഭാശയത്തെയും ശുദ്ധിയാക്കുകയും വായുകോപവും വാതവും ശമിപ്പിക്കും .എണ്ണ മുടി വളരുന്നതിനും കറുക്കുന്നതിനും ഉത്തമമാണ് .ഇത് മൂത്രത്തെ ശുദ്ധിയാക്കുകയും വിശപ്പ് വർധിപ്പിക്കാനും സഹായിക്കുന്നു .ശരീരവേദനയും നീരും കുറയ്ക്കാൻ ആവണക്കിന് പ്രത്യേക കഴിവുണ്ട് .
വാതരോഗങ്ങൾ ,കൃമിശല്യം ,മലബന്ധം ,ഉദരരോഗങ്ങൾ എന്നിവയ്‌ക്കെല്ലാം ആവണക്കെണ്ണയും ,ആവണക്കും ഔഷധമായി പണ്ടുമുതലേ ഉപയോഗിക്കുന്നു .അരക്കെട്ടിലും ഗുഹ്യപ്രദേശത്തും മുതുകിനുമുണ്ടാകുന്ന നീരും വേദനയ്ക്കും ആവണക്കെണ്ണ ഫലപ്രദമായ ഔഷധമാണ് .
സന്ധിവാതം ,മുഖ പക്ഷാഘാതം തുടങ്ങിയ വാതരോഗങ്ങൾക്ക് ആവണക്ക് ഫലപ്രദമാണ് .ആവണക്കെണ്ണ ചർമ്മത്തിലെ വിവിധതരം അണുബാധകൾ ,പരു ,കുരുക്കൾ എന്നിവ ഇല്ലാതാക്കാൻ ഫലപ്രദമാണ് .ആവണക്കെണ്ണ തലയിലെ താരൻ നശിപ്പിക്കും .
സ്ത്രീകളിലെയും ,പുരുഷന്മാരിലെയും വിവിധതരം മൂത്രാശയ രോഗങ്ങൾക്കും ആവണക്ക് ഫലപ്രദമാണ് .മുലപ്പാൽ വർധിപ്പിക്കുന്നതിനും ആവണക്കിന് കഴിവുണ്ട് .സസ്യത്തിന്റെ പുറംതൊലിക്കും ,വേരിനും സയാറ്റിക്ക ,നടുവേദന എന്നിവ ശമിപ്പിക്കാനുള്ള കഴിവുണ്ട് .ആവണക്കിന്റെ തളിരിലകൾക്ക് മഞ്ഞപ്പിത്തം ശമിപ്പിക്കാനുള്ള കഴിവുണ്ട് .
ആവണക്ക് ചേരുവയുള്ള ഔഷധങ്ങൾ .
1. Maharasnadi Kashayam - എല്ലാവിധ വാതരോഗങ്ങൾക്കും വിശേഷപ്പെട്ട ഒരു ഔഷധമാണ് മഹാരാസ്നാദി കഷായം.അതിനോടൊപ്പം കഴുത്തുവേദന ,നടുവേദന ,മുട്ടുവേദന ,വിറയൽ ചില വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശാരീരിക ,പേശി ,സന്ധി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതയുടെ ചികിൽത്സയിലും മഹാരാസ്നാദി കഷായം ഉപയോഗിക്കുന്നു .
2 - Chaturmukha Rasa - പ്രമേഹം ,ആസ്മ ,വിളർച്ച തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ വയറുവേദന ,വിശപ്പില്ലായ്മ ,ദഹനക്കേട്,ഇക്കിൾ ,അപസ്മാരം ,ഹെർപ്പസ്,കുരുക്കൾ ,ചിത്തവിഭ്രാന്തി ,പൈൽസ് മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
3. Erand Paka - എല്ലാവിധ വാതരോഗങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ വയറുവേദന ,നടുവേദന ,കാല്‍വണ്ണയിലെ നീര്,വീക്കം ,വയറുവീര്‍ക്കല്‍,മൂത്രാശയ രോഗങ്ങൾ ,കഴുത്ത് വേദന ,തെയ്മാനം,വാ അടക്കാനുള്ള വേദന തുടങ്ങിയവയ്ക്കും .ചിലതരം വൈറൽ പനി വന്നുപോയതിനു ശേഷമുള്ള ശരീര -പേശി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
4.Gandharvahasthadi Kashayam - വാതസംബന്ധമായി ഉണ്ടാകുന്ന വിവിധ രോഗങ്ങൾ ,വയറുവേദന ,വയറുവീർപ്പ് ,രുചിയില്ലായ്‌മ ,ദഹനക്കേട് മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ദഹനശക്തി വർധിപ്പിക്കുകയും വയറ് ശെരിയായ രീതിയിൽ ഒഴിഞ്ഞുപോകാനും സഹായിക്കുന്നു .
5.Rasnairandadi Kashayam - പ്രധാനമായും വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് രാസ്നൈരണ്ഡാദി കഷായം.കൂടാതെ നടുവേദന ,പുറം വേദന ,മുട്ടുവേദന ,തോൾവേദന ,കഴുത്തു വേദന എന്നിവയ്ക്കും ഈ ഔഷധം ഫലപ്രദമാണ് .
6. Sukumara Ghritam - സ്ത്രീരോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒര് ഔഷധമാണ് സുകുമാര ഘൃതം .ആർത്തവവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ , പി.സി.ഒ.എസ്, ഓർമ്മക്കുറവ് , വിഷാദം , പൈൽസ്, ഉദരരോഗങ്ങൾ ,മലബന്ധം ,നീര് ,വാതരോഗങ്ങൾ , തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .
7. Balarishtam - ആയുർവേദത്തിലെ വളരെ പ്രശസ്‌തമായ ഒരു ഔഷധമാണ് ബലാരിഷ്ടം.വൈദ്യനിർദേശ പ്രകാരം ഒരു നിശ്ചിത അളവിൽ ബലാരിഷ്ടം കഴിക്കുന്നത് വാതരോഗങ്ങളെ ശമിപ്പിക്കുന്നതും ശരീരബലം ,ശരീരപുഷ്ട്ടി എന്നിവ വർധിപ്പിക്കുന്നതുമാണ് .ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സന്ധികളിലും പേശികളിലുമുണ്ടാകുന്ന നീര് ,വേദന എന്നിവ ഇല്ലാതാക്കുന്നു .ഇതിന്റെ രസായഗുണങ്ങൾ ദേഹബലം വർധിപ്പിക്കുകയും ശരീരപുഷ്ടി ഉണ്ടാക്കുകയും പ്രധിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു .നാഡി ഞരമ്പുകൾക്കുണ്ടാകുന്ന ക്ഷീണത്തെ ഇല്ലാതാക്കി ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യാനും ഈ ഔഷധത്തിന് സാധിക്കും .
ഇതിന്റെ കാർഡിയോ പ്രൊട്ടക്റ്റീവ് ഗുണങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ഹൃദ്രോഗങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു .കൂടാതെ പക്ഷാഘാതം പോലെയുള്ള രോഗങ്ങൾ വരാതിരിക്കാനും ഈ ഔഷധത്തിന്റെ ഉപയോഗം കൊണ്ടു സാധിക്കും .മാനസിക പിരിമുറുക്കങ്ങൾ മൂലം ഉണ്ടാകുന്ന ശരീരവേദനകളെ ഇല്ലാതാക്കി മനശാന്തി ഉണ്ടാക്കുന്നതിനും ഈ ഔഷധം ഗുണപ്രദമാണ് .
വാതരോഗങ്ങൾക്കും വളരെ വിശേഷപ്പെട്ട ഒരു ഔഷധമാണ് ബലാരിഷ്ടം .ബല എന്നാൽ കുറുന്തോട്ടി എന്നാണ് അർത്ഥം . ഈ ഔഷധത്തിലെ പ്രധാന ഘടകങ്ങൾ കുറുന്തോട്ടിയും അമുക്കുരവുമാണ് .ഇതിന്റെ ഉപയോഗം വാതരോഗങ്ങൾ മൂലമുണ്ടാകുന്ന നീര് ,വേദന എന്നിവ ഇല്ലാതാക്കുകയും സന്ധികളെ ബലപ്പെടുത്തുകയും ചെയ്യുന്നു .മുഖം കോടൽ ,മുഖത്തെ പേശികൾക്ക് അനുഭവപ്പെടുന്ന വേദനകൾ ,തലവേദന ,ചെവി വേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും ഈ ഔഷധം ഫലപ്രദമാണ് .
ഇതിൽ ഞെരിഞ്ഞിൽ അടങ്ങിയിരിക്കുന്നു .ഇതിന്റെ ഡൈയൂററ്റിക്സ് ഗുണങ്ങൾ ശരീരത്തിലുണ്ടാകുന്ന നീർക്കെട്ടുകളെ മൂത്രത്തിലൂടെ പുറംതള്ളുകയും മൂത്ര തടസ്സം പോലെയുള്ള അവസ്ഥകളെ പരിഹരിക്കുകയും ചെയ്യുന്നു .
8. Ashtavargam Kashayam - പ്രധാനമായും വാതരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് അഷ്ടവർഗം കഷായം.റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ,ഓസ്റ്റിയോ ആർത്രൈറ്റിസ്, ഫ്രോസണ്‍ ഷോള്‍ഡര്‍, പക്ഷാഘാതം തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചില വൈറൽ പനിക്ക് ശേഷമുള്ള ശരീര -പേശി വേദനകൾ ഇല്ലാതാക്കാനും ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചുവരുന്നു .
9. Vidaryadi Ghritam - ചുമ ,ആസ്മ ,ക്ഷയം മുതലായ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
10. Moolakudari Nei - ബ്ലീഡിംഗ് പൈൽസ്,ഫിഷർ,മലബന്ധം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന മികച്ച ഒരു സിദ്ധ ആയുർവേദ ഔഷധമാണ് മൂലകുടരി നെയ്.
11. Fertilo Sakthi Tablet - മലബന്ധം,ദഹനക്കേട്,പ്രമേഹം,കുടലിലെ അൾസർ മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന മികച്ച ഒരു സിദ്ധ ആയുർവേദ ഔഷധമാണ് ഫെർട്ടിലോ ശക്തി ടാബ്‌ലെറ്റ്.
12. Gandharvahasthadi Eranada Tailam - കുരുക്കൾ , ,വയറുവീർപ്പ് ,നീര് ,വേദന ,മലബന്ധം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
13. Brihat Saindhavadi Tailam - റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, നടുവേദന, സന്ധികൾക്കുണ്ടാകുന്ന ക്ഷതം ,നീര് ,വേദന മുതലായവയ്ക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .
14. Hingu Triguna Tailam - വയറുവേദന ,മലബന്ധം ,വയറിളക്കം ,വയറുവീർപ്പ്, അസിഡിറ്റി മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
15. Vatari Ras - സന്ധിവാതം, പക്ഷാഘാതം,നാഡി സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
16. kalyanaksharam - മലബന്ധം ,വയറിളക്കം ,പൈൽസ്, വിരശല്യം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ,പനി ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് വയറുവേദന ,ദഹനക്കേട് എന്നിവയ്ക്കും ഉത്തമമാണ് .ഒരു വൈദ്യനിർദേശ പ്രകാരം മാത്രമേ ഈ മരുന്ന് കഴിക്കാൻ പാടൊള്ളു .
17. Amavatari Ras - റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .കൂടാതെ ചിലതരം വൈറൽ പനിക്കു ശേഷമുള്ള ശരീര -പേശി വേദനകൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
18. Simhanada Guggul - ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് .എല്ലാത്തരം വാതസംബന്ധമായി ഉണ്ടാകുന്ന നീര് ,വേദന ,വീക്കം എന്നിവ ഇല്ലാതാക്കാൻ ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് അസ്ഥികളുടെ ബലം വർധിപ്പിക്കുന്നു . കൂടാതെ ചർമ്മരോഗങ്ങൾ ,വിളർച്ച മുതലായവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .ഇത് ചർമ്മത്തിലെ പാടുകൾ ചുളിവുകൾ എന്നിവ ഇല്ലാതാക്കി ചർമ്മത്തിന്റെ നിറം വർധിപ്പിക്കാൻ സഹായിക്കുന്നു .കൂടാതെ വെയിൽ കൊണ്ടു നിറം മങ്ങിയ ചർമ്മത്തിന്റെ നിറം വീണ്ടെടുക്കുന്നതിനും ഈ ഔഷധം ഫലപ്രദമാണ് .
മുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നതിനും ഇത് ഫലപ്രദമാണ് .ഇത് തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .അകാലനര തടയുന്നു . തലയോട്ടിയിലുണ്ടാകുന്ന വിവിധ അണുബാധകളെ തടയുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യുന്നു .
ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
രസാദിഗുണങ്ങൾ:
രസം : മധുരം, കടു, കഷായം
ഗുണം : ഗുരു, സ്നിഗ്ധം, തീക്ഷണം, സൂക്ഷ്മം
വീര്യം : ഉഷ്ണം
വിപാകം : മധുരം
ഔഷധയോഗ്യ ഭാഗങ്ങൾ - എണ്ണ ,വേര് ,ഇല .
ആവണക്കിന്റെ ഔഷധപ്രയോഗങ്ങൾ .
1. ആവണക്കെണ്ണ ഒരു വിരേചന ഔഷധമാണ് . വൃദ്ധന്മാർക്കും ,ബാലൻ മാർക്കും ഇത് ഉപയോഗിച്ച് വയറിളക്കുന്നത് അപകടമാണ് .വിഷാംശം അടങ്ങിയ ഭക്ഷണം കഴിച്ചു എന്ന് ബോധ്യമായാൽ ഒന്നര ഔൺസ് ആവണക്കെണ്ണ കഴിച്ച് വയറിളക്കണം . ആവണക്കെണ്ണ കഴിച്ച് അധികമായി വയറിളകിയാൽ ചെറുനാരങ്ങാ നീരിൽ തേൻ ചേർത്ത് കഴിക്കണം .
2. ഒരു ഔൺസ് ആവണക്കെണ്ണ ചൂടുവെള്ളത്തിലോ ചൂടുപാലിലോ ചേർത്ത് രാത്രിയിൽ പതിവായി കഴിച്ചാൽ വാതരോഗങ്ങളും അവ മൂലമുണ്ടാകുന്ന നീര് ,വേദന എന്നിവയും നടുവേദന ,വയറുവേദന വിബന്ധം (മലബന്ധം) ,വായു എന്നിവയും മാറിക്കിട്ടും .
3. ആവണക്കിന്റെ 3 തളിരില അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് തുടർച്ചായി 7 ദിവസം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും .
4. ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ 100 മില്ലി പാലിൽ ചേർത്ത് രാവിലെയും വൈകിട്ടും കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളുടെ യോനിയിൽ അനുഭവപ്പെടുന്ന അസഹ്യമായ ചൊറിച്ചിലും വരൾച്ചയും മാറിക്കിട്ടും .
5. ആവണക്കിന്റെ തളിരില നെയ്യിൽ വറുത്ത് കഴിച്ചാൽ നിശാന്ധത എന്ന രോഗം മാറിക്കിട്ടും (മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത്)
6. ആവണക്കില തീയിൽ വാട്ടി സന്ധികളിൽ വച്ചുകെട്ടിയാൽ സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .വാതരോഗങ്ങൾക്ക് ആവണക്കില വെള്ളം തിളപ്പിച്ചു കുളിക്കുന്നതും ഗുണകരമാണ് .ഒന്നിൽ കൂടുതൽ വർഷം വളരുന്ന അവണക്കിന്റെ ഇലയാണ് ഏറ്റവും നല്ലത് .രക്തവാതത്തിന് ആവണക്കെണ്ണ പുറമെ പുരട്ടുന്നത് ഗുണകരമാണ് .ആവണക്കിന്റെ ഇല വാട്ടി അടിവയറ്റിൽ വെച്ച് കെട്ടിയാൽ സ്ത്രീകളിലെ ആർത്തവ സംബന്ധമായ വേദന മാറും.
7. ആവണക്കിലയിൽ എള്ളെണ്ണ പുരട്ടി തീയിൽ വാട്ടി മാറിടങ്ങളിൽ വച്ചാൽ സ്തനങ്ങളിലെ നീരും വേദനയും മാറിക്കിട്ടും .
8. ആവണക്കിന്റെ ഉണങ്ങിയ വേര് 20 ഗ്രാം വീതം വെള്ളത്തിൽ തിളപ്പിച്ച് 40 -50 അളവിൽ ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നത് നടുവേദന ഇല്ലാതാക്കാൻ സഹായിക്കുന്നു .ഇത് മലബന്ധം മാറാനും ഉത്തമമാണ് .
9. ആവണക്കിന്റെ ഇലയും ,എരിക്കിലയും ,നീർ മാതളത്തിന്റെ ഇലയും ചേർത്ത് വെള്ളം തിളപ്പിച്ച് തുണിമുക്കി ആവിപിടിച്ചാൽ എത്ര ശക്തമായ വാതവേദനകളും മാറും .
10. പഴുതാര ,തേൾ തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ കടിയേറ്റ ഭാഗത്ത് ആവണക്കില അരച്ചു പുരട്ടിയാൽ മതിയാകും .
11. ആവണക്കെണ്ണ ആഴ്ചയിലൊരു ദിവസം ശരീരം മുഴുവൻ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം കുളിച്ചാൽ ചർമ്മകാന്തിയും, ചർമ്മത്തിന് നല്ല മൃദുത്വവും, തിളക്കവും ലഭിക്കും.
12. പുരികത്തിന് കട്ടി കുറവുള്ളവർ ആവണക്കെണ്ണ പതിവായി പുരികത്തിൽ പുരട്ടിയാൽ പുരികത്തിന് കട്ടി കൂടാൻ സഹായിക്കും.ആവണക്കെണ്ണ പതിവായി തലയിൽ തേച്ചു കുളിച്ചാൽ മുടികൊഴിച്ചിലും താരനും മാറി മുടി സമൃദ്ധമായി വളരും.കൂടാതെ മുടിക്ക് നല്ല കറുപ്പുനിറം കിട്ടുകയും ചെയ്യും .
13. ആവണക്കെണ്ണയിൽ ബ്രഹ്മിനീരോ ,കയ്യോന്നി നീരോ ചേർത്ത് കൊട്ടം അരച്ചു കലക്കി കാച്ചിയെടുക്കുന്ന തൈലം പതിവായി തലയിൽ തേച്ചാൽ മുടി സമൃദ്ധമായി വളരാൻ ഉത്തമമാണ് .
14. ആവണക്കിന്റെ വേരിലെ കറ എടുത്ത് വേദനയുള്ള പല്ലിന്റെ ഊനിൽ പുരട്ടിയാൽ പല്ലുവേദന പെട്ടെന്ന് ശമിക്കും.
15. ആവണക്കെണ്ണയും കയ്യോന്നിനീരും തുല്യ അളവിൽ ചേർത്ത് ഒരു ഔൺസ് വീതം കഴിച്ചാൽ കൃമിശല്ല്യം മാറിക്കിട്ടും .
16. കാൽതുടം ആവണെക്കെണ്ണ കരിക്കിൻ വെള്ളത്തിൽ കലർത്തി കഴിച്ചാൽ മൂത്രതടസ്സം മാറും .
17. കാൽപാദം വെടിക്കുന്നതിന് രാത്രിയിൽ കിടക്കാൻ നേരം കാലുകൾ നന്നായി കഴുകി വൃത്തിയാക്കി പാദങ്ങളിൽ ആവണക്കെണ്ണ പുരട്ടിയാൽ മതിയാകും .
18. ആവണക്കിന്റെ തളിരില പാലിൽ പുഴുങ്ങി അരച്ച് ആണിയുടെ മുകളിൽ പതിവായി പുരട്ടിയാൽ കാലിലെ ആണി രോഗം മാറും .
19. ആവണക്കിന്റെ തളിരില അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും .
20. ശരീരം ചൊറിഞ്ഞു തടിക്കുന്നതിന് ആവണക്കെണ്ണ പുറമെ പുരട്ടിയാൽ മതിയാകും .
21. രാത്രിയിൽ കിടക്കാൻ നേരം ആവണക്കെണ്ണ മുഖത്ത് പതിവായി പുരട്ടിയാൽ മുഖത്തെ കറുപ്പുനിറം മാറിക്കിട്ടും .
22. മുലപ്പാൽ വർധിപ്പിക്കാൻ ആവണക്കെണ്ണ സ്തനങ്ങളിൽ പുരട്ടി മസാജ് ചെയ്താൽ മതിയാകും .
23. ആവണക്കിന്റെ ഇല നീരിൽ നല്ലെണ്ണ ചേർത്ത് കഴിക്കുന്നത് വേദന മാറാൻ ഉത്തമമാണ് .
24.ആവണക്കിന്റെ ഇല നീരും വേപ്പെണ്ണയും ചേർത്ത് കാച്ചിയെടുക്കുന്ന തൈലം ഒരു മാസത്തോളം തുടർച്ചായി കഴിച്ചാൽ കുഷ്‌ഠ രോഗം മാറും .