രക്തസമ്മർദ്ദം ,പ്രമേഹം ,ആർത്തവപ്രശ്നങ്ങൾ ,മുറിവുകൾ ,പ്രാണി വിഷം,മുഖക്കുരു മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ശവക്കോട്ടപ്പച്ച അഥവാ ശവംനാറി.
കേരളത്തിൽ ഇതിനെ പന്ത്രണ്ടുമണി ചെടി ,അഞ്ചിലത്തെറ്റി, കാശിത്തെറ്റി, പാണ്ടിറോസ എന്ന പേരുകളിലും അറിയപ്പെടുന്നു .എപ്പോഴും പുഷ്പ്പിക്കുന്നു എന്ന അർത്ഥത്തിൽ ഹിന്ദിയിൽ സദാപുഷ്പ എന്നും .സംസ്‌കൃതത്തിൽ നിത്യകല്യാണി, ഉഷമലരി എന്നീ പേരുകളിലും അറിയപ്പെടുന്നു .ബംഗാളിൽ നയൻതാര എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .
Botanical name : Catharanthus roseus
Family : Apocynaceae (Oleander family)
Synonyms : Vinca rosea, Pervinca rosea
ശവക്കോട്ടപ്പച്ച കാണപ്പെടുന്ന സ്ഥലങ്ങൾ .
900 മീറ്റർ വരെ ഉയരമുള്ള സമതലങ്ങളിലും കുന്നിൻ ചരുവുകളിലും ശ്‌മശാനങ്ങളിലും തരിശുഭൂമിയിലും ഈ സസ്യം സ്വാഭാവികമായും കാണപ്പെടുന്നു .കേരളത്തിലെ മിക്ക വീടുകളിലും ഒരു പൂച്ചെടിയായി ഇതിനെ നട്ടുവളർത്തുന്നു .ഔഷധ ആവിശ്യങ്ങൾക്കായി തമിഴ്‌നാട്,കർണ്ണാടക, ആന്ധ്ര പ്രദേശ് ,അസം ,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വൻതോതിൽ ഈ സസ്യം കൃഷിചെയ്യുന്നു .
സസ്യവിവരണം .
ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു നിത്യഹരിത സസ്യം . ഇതിന്റെ ഇലകൾ അണ്ഡാകാരത്തിലോ അധോമുഖ അണ്ഡാകാരത്തിലോ കാണപ്പെടുന്നു .ഇലകൾക്ക് നല്ല പച്ചനിറവും ഉപരിതലം നല്ല മിനുസമുള്ളതുമാണ് .
നാടൻ ശവംനാറിയുടെ പൂക്കൾ വെള്ള നിറത്തിലോ ഇളം ചുവപ്പു നിറത്തിലോ കാണപ്പെടുന്നു .ഓരോ പൂവിനും 5 ബാഹ്യദളങ്ങളും 5 ദളങ്ങളുമുണ്ട് .ഇവയുടെ ഫലം സിലിണ്ടറാകാര ഫോളിക്കിൾ .ഫലത്തിനുള്ളിൽ അനേകം വിത്തുകൾ കാണപ്പെടുന്നു .നാടൻ ശവംനാറിയാണ് ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .
കേരളത്തിലെ നഴ്സറികളിൽ വിൻഗ എന്ന പേരിൽ അനേകം നിറത്തിൽ പൂക്കളുണ്ടാകുന്ന നിത്യകല്യാണിയുടെ സങ്കരയിനങ്ങൾ വിറ്റുവരുന്നു .
രാസഘടകങ്ങൾ .
ഈ ചെടിയിൽ അജ്മാലിസിൻ, സെർപ്പന്റയിൻ, റിസർപ്പിൻ, വിൻഡോലിൻ ലൃൂറോസിൽ, വിൻക്കോബ്ലാസ്റ്റിൻ എന്നീ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് വേരിന്മേൽ തൊലിയിലാണ് .ഇലയിൽ വിൻഡോലിൻ ,ലൃുറോസിൻ ,വിൻകാലൃുക്കോബ്ളാസ്റ്റിൻ എന്നീ ആൽക്കലോയിഡുകളും അടങ്ങിയിരിക്കുന്നു .
നിത്യകല്യാണി ഉപയോഗം .
1950 -ൽ ഈ ചെടിയുടെ ഔഷധഗുണങ്ങളെപ്പറ്റി പഠനം നടത്തുകയുണ്ടായി .പ്രമേഹത്തെ നിയന്ത്രിയ്ക്കാനുള്ള ഈ സസ്യത്തിന്റെ കഴിവിനെ കേന്ദ്രീകരിച്ചായിരുന്നു പഠനം .എന്നാൽ ഗവേഷകർ ഇതിന്റെ ശക്തമായ കാൻസർ വിരുദ്ധ ഗുണങ്ങളെ മനസിലാക്കി .ഇവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകളെ തിരിച്ചറിയുകയും ചെയ്‌തു .ഈ ആൽക്കലോയിഡുകൾക്ക് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുള്ളതായി കണ്ടെത്തി .
ഇവയിൽനിന്നും വേർതിരിച്ചെടുക്കുന്ന മരുന്നായ വിൻക്രിസ്റ്റിൻ (Vincristine) ,വിൻബ്ലാസ്റ്റിൻ (Vinblastine) എന്നിവ ആധുനിക വൈദ്യശാസ്ത്രത്തിൽ ഇപ്പോഴും രക്താർബുദങ്ങളുടെ ചികിൽസയ്ക്കായി ഉപയോഗിക്കുന്നു .കൂടാതെ സാർക്കോമ, ശ്വാസകോശ അർബുദം , സ്തനാർബുദം തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധങ്ങൾ ഉപയോഗിക്കുന്നു . ഇവ രണ്ടും കീമോതെറാപ്പി മരുന്നുകളാണ് .
രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ഘടകങ്ങൾ ഈ ചെടിയുടെ വേരിൽ അടങ്ങിയിട്ടുണ്ട് .പണ്ടുകാലം മുതലേ പ്രമേഹരോഗശമനത്തിന് ഈ സസ്യം ഉപയോഗിച്ചു വരുന്നു. കൂടാതെ ആർത്തവപ്രശ്നങ്ങൾ ,മുറിവുകൾ ,പ്രാണി വിഷം ,മുഖക്കുരു ,ഉറക്കക്കുറവ് മൂതലായവയുടെ ചികിൽത്സയിലും ഈ സസ്യം ഉപയോഗിച്ചു വരുന്നു.വേരും ഇലയുമാണ് ഔഷധങ്ങക്കായി ഉപയോഗിക്കുന്നത് .
രസാദിഗുണങ്ങൾ .
രസം-തിക്തം(കയ്പേറിയ രുചി)
ഗുണം-ലഘു(എളുപ്പം ദഹിക്കുന്ന), രൂക്ഷം(പരുക്കൻ സ്വഭാവമുള്ളത്)
വീര്യം-ഉഷ്ണം(ചൂടും ദാഹവുമുണ്ടാക്കുന്നത് )
വിപാകം-കടു (കട്ടിയുള്ളത് )
പ്രാദേശിക നാമങ്ങൾ .
English name : Rosy periwinkle, Vinca,Periwinkle, Madagascar periwinkle
Hindi name : Sadabahar
TamilI name : Nitthiya Kalyani
Telugu name : Billa Ganneru
Kannada name : Sadaapushpa , Nityapushpa
Marathi name : Sadaphuli
Malayalam name : Shavam Naari, Shavakkottappacha
Bengali name : Nayantara