മഞ്ഞപ്പിത്തം ,രക്തപിത്തം ,ക്ഷയരോഗം ,വിളർച്ച ,മൂത്രതടസ്സം മുതലായവയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് കരിമ്പ് .ഇംഗ്ലീഷിൽ ഷുഗർ കെയ്ൻ എന്നും സംസ്‌കൃതത്തിൽ ഇക്ഷുഃ,ഗണ്ഡീരീ ,രിസാലഃ,ഇക്ഷുകഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name - Saccharum officinarum
Family - Poaceae (Grass family)
എവിടെ വളരുന്നു .
മഴയും വെള്ളവും ലഭ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും കരിമ്പ് നന്നായി വളരും .കരിമ്പ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ബ്രസീലാണ് .രണ്ടാം സ്ഥാനം ഇന്ത്യക്കാണ് .ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും കരിമ്പ് കൃഷി ചെയ്യുന്നുണ്ടങ്കിലും ഉത്തർപ്രദേശാണ് മുൻപന്തിയിൽ .
അതി പുരാതന കാലം മുതലേ മനുഷ്യർ കരിമ്പ് ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു .ബി.സി 8000 കാലഘട്ടത്തിൽ ന്യൂഗിനിയയിൽ നിന്നും സോളമൻ ചക്രവർത്തി ന്യൂഹെബ്രൈഡ്സ് ദ്വീപസമൂഹങ്ങളിലേക്ക് കരിമ്പ് എത്തിച്ചതായി പറയപ്പെടുന്നു. തുടർന്ന് അവിടെനിന്നും ബിസി 600 ൽ ഉത്തരേന്ത്യയിലാണ് ആദ്യമായി കരിമ്പ് എത്തുന്നത് .
സസ്യവിവരണം .
ഏകദേശം 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന പുൽ വർഗ്ഗത്തിൽപ്പെട്ട ഒരു ഏകവാർഷിക സസ്യമാണ് കരിമ്പ് ,ഇതിന്റെ തണ്ടിൽ മുട്ടുകൾ കാണപ്പെടുന്നു .എല്ലാ മുട്ടുകളിലും വേര് കാണപ്പെടുന്നു .കരിമ്പിൻ തണ്ടുകളുടെ പുറം ഭാഗം ,വയലറ്റ് ,ചുവപ്പ് ,ചുവപ്പുകലർന്ന തവിട്ട് നിറം ,കടും പച്ച തുടങ്ങിയ നിറങ്ങളിൽ കാണപ്പെടുന്നു .
കരിമ്പ് ഇല നീളം കൂടിയതും ,പരുപരുത്തതും ,അറ്റം കൂർത്തതുമാണ് .ഇതിന്റെ ഇലയുടെ പുറം ഭാഗവും അഗ്രഭാഗങ്ങളും ലോലമായ അരം പോലെയുള്ളവയാണ് .ഇത് ശരീരത്തിൽ ഉരസിയാൽ ശരീരം മുറിയാനുള്ള സാധ്യതയുണ്ട് .
കരിമ്പ് പൂക്കും മാസം - കരിമ്പ് നട്ട് 10 -12 മാസങ്ങൾ കഴിയുമ്പോൾ കരിമ്പ് പൂക്കും .പുഷ്പങ്ങൾക്ക് വെള്ളനിറമാണ് .ഇതിൽ വിത്തുകൾ വളരെ അപൂർവ്വമായേ ഉണ്ടാകാറുള്ളൂ.തണ്ടുകൾ മുറിച്ചു നട്ടാണ് പുതിയ വിത്തുകൾ ഉൽപാദിപ്പിക്കുന്നത് . 10 മാസത്തെ വളർച്ചകൊണ്ട് കരിമ്പ് വിളവെടുപ്പിന് പാകമാകുന്നു
കരിമ്പ് ഉപയോഗങ്ങൾ .
കരിമ്പിന്റെ തണ്ട് ചതച്ച് പിഴിഞ്ഞെടുക്കുന്ന നീരിൽ നിന്നും എടുക്കുന്ന നിത്യോപക ഉത്പന്നങ്ങളാണ് പഞ്ചസാരയും ,ശർക്കരയും, കൽക്കണ്ടവും .നീര് എടുത്തതിനു ശേഷം ഉണ്ടാകുന്ന ചണ്ടി കാലിത്തീറ്റയായും കരിമ്പിൻ നീര് ചൂടാക്കി ശർക്കര ഉണ്ടാക്കുമ്പോൾ തീ കത്തിക്കാനുള്ള ഇന്ധനമായിട്ടും ഈ കരിമ്പിൻ ചണ്ടി ഉപയോഗിക്കുന്നു .
കരിമ്പിൻ നീര് തിളപ്പിച്ച് വിവിധ പ്രക്രിയയിലൂടെ ക്രിസ്റ്റൽ രൂപത്തിലാക്കി എടുക്കുന്നതാണ് പഞ്ചസാര .ആദ്യം ഇതിന് ഇരുണ്ട നിറമാണ് ഉള്ളത് .ഇതിനെ വെളുപ്പിച്ചെടുക്കാൻ ഇതിനോടൊപ്പം വിവിധ രാസവസ്തുക്കൾ ചേർത്ത് സംസ്കരിച്ചെടുക്കുന്നു .
കരിമ്പിൻ നീര് വറ്റിച്ചുണ്ടാക്കുന്ന ശർക്കര പല ആവിശ്യങ്ങൾക്കായിട്ട് എല്ലാ രാജ്യങ്ങളും ഉപയോഗിക്കുന്നു .ശർക്കര എന്ന പേര് സംസ്‌കൃത വാക്കാണ് .കരിമ്പിൻ നീര് ഉപ്പും കുമ്മായവും ചേർത്ത് വറ്റിച്ച് കട്ടിയാക്കി ഉരുട്ടിയെടുക്കുന്നതാണ് ഉണ്ടശർക്കര .കേരളത്തിൽ മറയൂർ ശർക്കര ,തിരുവതാംകൂർ ശർക്കര എന്നിവയൊക്കെ പേരുകേട്ടവയാണ് .
പഞ്ചസാരയുടെ ലായനി ക്രിസ്തലൈസ് ചെയ്‌താണ് കൽക്കണ്ടം ഉണ്ടാക്കുന്നത് .ഈ കൽക്കണ്ടതിന് ധാരാളം ഔഷധഗുണങ്ങളുണ്ട് .ഖണ്ഡ ശർക്കര എന്ന സംസ്‌കൃത പദത്തിന്റെ മലയാളമാണ് കൽക്കണ്ടം .
കരിമ്പിൻ നീരിൽ നിന്നും പഞ്ചസാര വേർതിരിച്ചെടുക്കുമ്പോൾ കിട്ടുന്ന ഒരു കൊഴുത്ത ലായനിയാണ് മൊളാസസ്.ഇത് പലഹാരങ്ങളിൽ ഉപയോഗിക്കുന്നു .കൂടാതെ ഇതു പുളിപ്പിച്ചാണ് വിദേശമദ്യമായ റം നിർമ്മിക്കുന്നത് .ഇതിൽ എഥനോൾ അതായത് ഫ്യൂവർ ആൽക്കഹോൾ അടങ്ങിയിരിക്കുന്നു .
വ്യാവസായികമായി ഇന്ധനത്തിനും മറ്റും ഈ എഥനോൾ ഉപയോഗിക്കുന്നുണ്ട് .ബ്രസീലിൽ കരിമ്പിൻ നീരിൽ നിന്നും ഉണ്ടാക്കുന്ന എഥനോൾ വാഹനങ്ങൾക്ക് ഇന്ധനമായി ഉപയോഗിക്കുന്നുണ്ട് .
നിരവധി ആയുർവേദഔഷധങ്ങളിൽ കരിമ്പിൽ നിന്നും എടുക്കുന്ന ശർക്കര ഉപയോഗിച്ചുവരുന്നു .കൂടാതെ മരുന്നുകൾ തയാറാക്കുന്നതിന് കരിമ്പിന്റെ വേരും ,തണ്ടും ഉപയോഗിച്ചുവരുന്നു .
രാസഘടകങ്ങൾ .
കരിമ്പിൽ പഞ്ചസാര, ലിഗ്നിൻ, പെന്റോസാൻസ്, കാൽസ്യം ഓക്സലേറ്റ് ,സുക്രോസ്, സെല്ലുലോസ്, സ്റ്റർച്ച് എന്നിവ അടങ്ങിയിരിക്കുന്നു. കരിമ്പിലെ മൊളാസസ്സിൽ അടങ്ങിയിട്ടുള്ള അമ്ലഘടകത്തിൽ അക്കോണിറ്റിക്, സിട്രിക്, സക്സിനിക്, മെസക്കോണിക്, മാലിക്, നൈട്രോജനിക യൗഗികങ്ങൾ, ക്ലോറോഫിൻ, സൈറ്റോസിൻ, ആൻഥോസയാനിൻ, ഒരു ആന്റി
ട്യൂമർ പദാർത്ഥം എന്നിവ അടങ്ങിയിരിക്കുന്നു .
ഘടനാപരമായി പഞ്ചസാര എന്ന് പറയുന്നത് കാർബോ ഹൈഡ്രേറ്റാണ് .മോണോ ഹൈഡ്രേറ്റുകളായ ഗ്ളൂക്കോസ് ,ഫ്രക്ടോസ് ,സൂക്രോസ് എന്നിവ പഞ്ചസാരയിൽ അടങ്ങിയിരിക്കുന്നു .
കരിമ്പ് ഗുണങ്ങൾ .
ചരകസംഹിതയിൽ മൂത്ര വർധക ദ്രവ്യമായി കരിമ്പിനെ വർണ്ണിക്കുന്നു .കരിമ്പ് മധുര രസവും ഗുരു സ്നിഗ്ദ്ധ ഗുണങ്ങളും ശീത വീര്യമായും വിപാകത്തിൽ മധുരാവസ്ഥയായും വാത പിത്ത രോഗങ്ങളെ ശമിപ്പിക്കുന്നതായും ആയുർവേദത്തിൽ കരിമ്പിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു .
കരിമ്പിൻ നീര് പലവിധ രോഗാവസ്ഥകൾക്കും ഫലപ്രദമായ ഒരു ഔഷധം കൂടിയാണ് .രക്തശ്രാവം ,മഞ്ഞപ്പിത്തം ,കഫം, ദഹനക്കുറവ് ,ആമാശയവ്രണം ,ശരീരക്ഷീണം എന്നിവയെ ശമിപ്പിക്കാനുള്ള കഴിവ് കരിമ്പിൻ നീരിനുണ്ട് .കൂടാതെ വേനൽക്കാലത്തെ ക്ഷീണമകറ്റി ശരീരത്തിന് ഉണർവ്വും ഉന്മേഷവും നൽകുന്ന ഒരു ഒന്നാതരം ദാഹശമനി കൂടിയാണ് കരിമ്പിൻ നീര്.
കരിമ്പിൻ നീര് ആവിശ്യത്തിന് കഴിക്കുന്നത് മഞ്ഞപ്പിത്തവും.രക്തപിത്തവും , മൂത്ര തടസ്സവും മാറാൻ ഉത്തമമാണ് .കൂടാതെ ആമാശയ വ്രണവും ദഹനക്കുറവും ഇല്ലാതാക്കുന്നു .കരിമ്പിൻ നീരിൽ ഇഞ്ചിനീരോ ,ചെറുനാരങ്ങാ നീരോ ചേർത്തുകഴിച്ചാൽ ആമാശയ വ്രണം ദഹനക്കേട് എന്നിവ മാറിക്കിട്ടും .
കരിമ്പിന്റെ നീര് ശരീരം തടിപ്പിക്കുകയും മൂത്രവും കഫവും വർധിപ്പിക്കുകയും ചെയ്യുന്നു .ഇത് മലത്തെ ഇളക്കുകയും വാതവും പിത്തവും വർധിപ്പിക്കുകയും ചെയ്യും .വാതവും പിത്തവും ഉള്ളവർ ഊണിന് മുമ്പും കഫമുള്ളവർ ഊണിന് ശേഷവും കരിമ്പിൻ നീര് കഴിക്കാൻ ആയുർവേദം നിർദേശിക്കുന്നു .
വൃക്കകൾ, ഹൃദയം എന്നിവയുടെ പ്രവർത്തനത്തെ ക്രമപ്പെടുത്തുന്നതിനും കരിമ്പിന്റെ ഉപയോഗം മൂലം സാധിക്കും .മൂത്രച്ചുടിച്ചിൽ ശരീരമാസകലം ഉണ്ടാകുന്ന ചുട്ടുപുകച്ചിൽ എന്നിവയ്ക്കും കരിമ്പിൻ നീര് കഴിക്കുന്നത് വളരെ ഗുണപ്രദമാണ് .
കരിമ്പിൻ നീര് ലൈംഗീക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതായും ആയുർവേദത്തിൽ പ്രതിബാധിക്കുന്നുണ്ട് .കരിമ്പ് കടിച്ചു ചവച്ച് നീരു കുടിക്കുന്നതാണ് ഉത്തമം .അമിത വണ്ണമുള്ളവർ കരിമ്പിന്റെ ഉപയോഗം മിതപ്പടുത്തണമെന്നും ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നു .
രാത്രി കാലങ്ങളിലും കരിമ്പ് ഉപയോഗിക്കുന്നത് ഉചിതമല്ല .കരിമ്പിൻ നീര് കഴിക്കുവാനുള്ള നല്ല സമയം ഉച്ച നേരത്തിലാണ് .
കരിമ്പിൻ നീര് അധികമായാൽ വാതം വർധിക്കും .കാരണം ഇതിന് ധാരാളം ശീതവീര്യമുണ്ട് .ശർക്കര ബലവർധകമാണ് എങ്കിലും അധികമായാൽ ചുമ ,ആസ്മ ,കഫം ,കൃമി എന്നിവ ഉണ്ടാക്കുകയും ചെയ്യും .
കരിമ്പിന്റെ വേരും ,തണ്ടും ചേരുവയുള്ള ഔഷധങ്ങൾ .
1. കരിമ്പിരുമ്പാടി കഷായം
2. നാളികേരാസവം
3. പ്രസൂതികാമൃത രസായനം
4. ബലാജീരകാദി കഷായം
5. വസന്ത കുസുമാകര രസം
6. പരുഷകാദി ലേഹം
7. ചന്ദനാദി തൈലം
1. കരിമ്പിരുമ്പാടി കഷായം ഉപയോഗങ്ങൾ .
മഞ്ഞപിത്തം ,മറ്റ് കരൾ രോഗങ്ങൾ ,വിളർച്ച തുടങ്ങിയവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദമരുന്നാണ് കരിമ്പിരുമ്പാദി കഷായം.
2. നാളികേരാസവം ഉപയോഗങ്ങൾ .
ശീഘ്രസ്‌ഖലനം ,ഉദ്ധാരണക്കുറവ് തുടങ്ങിയ ലൈംഗീകപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് നാളികേരാസവം.കൂടാതെ സ്ത്രീ-പുരുഷ ഭേദമന്യേ ചർമ്മകാന്തി വർധിപ്പിക്കാനും നാളികേരാസവം ഉപയോഗിച്ചുവരുന്നു .
3. പ്രസൂതികാമൃത രസായനം ഉപയോഗങ്ങൾ .
പ്രസവാനന്തര ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് പ്രസൂതികാമൃത രസായനം.പ്രസവശേഷമുള്ള ശരീരക്ഷീണമകറ്റാനും ശരീര സൗന്ദര്യം വീണ്ടെടുക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .
4. ബലാജീരകാദി കഷായം ഉപയോഗങ്ങൾ .
ചുമ ,ജലദോഷം ,ആസ്മ തുടങ്ങിയ ശ്വാസകോശ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് ബലാജീരകാദി കഷായം.
5. വസന്ത കുസുമാകര രസം ഉപയോഗങ്ങൾ .
പ്രമേഹം ,കരൾ രോഗങ്ങൾ ,വൃക്ക സംബന്ധമായ രോഗങ്ങൾ ,ഓർമ്മക്കുറവ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് വസന്ത കുസുമാകര രസം.
6. പരുഷകാദി ലേഹം ഉപയോഗങ്ങൾ .
ഗ്യാസ്ട്രൈറ്റിസ് (Gastritis) അഥവാ ആമാശയ വീക്കത്തിന് ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് പരുഷകാദി ലേഹം.
7. ചന്ദനാദി തൈലം ഉപയോഗങ്ങൾ .
ശരീരത്തിനും മനസിനും കുളിർമ്മ നൽകുന്ന ഒരു തൈലമാണ് ചന്ദനാദി തൈലം.ശരീരത്തിലും തലയിലും ഒരുപോലെ തേച്ചുകുളിക്കാവുന്ന ഒരു എണ്ണകൂടിയാണിത് .കൂടാതെ ഇത് നസ്യം ചെയ്യാനും ഉപയോഗിക്കുന്നു .ശരീരം പുകച്ചിൽ ,തലകറക്കം ,തലവേദന ,ഉറക്കക്കുറവ് ,മൂക്കിലൂടെയുള്ള രക്തശ്രാവം,അമിത ആർത്തവം ,നേത്രരോഗങ്ങൾ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് ചന്ദനാദി തൈലം ഉപയോഗിക്കുന്നു .
ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
പ്രാദേശിക നാമങ്ങൾ .
Common name - Sugarcane
Malayalam - Karibpu
Tamil - Karumbu ,Pundaram
Telugu - Cheruku
Kannada - Petta patti kabbu
Marathi - Sherdi
Sanskrit - kshu, Pundrakah
Bengali - Unkh,Iksu, Khak
Hindi - Eekh, Ganna, Ikh
കരിമ്പ് ജ്യൂസ് ഗുണങ്ങൾ .
പോഷക സമൃദ്ധമായ നല്ലൊരു ദാഹശമനിയാണ് കരിമ്പിൻ ജ്യൂസ് .ശർക്കരയും ഷുഗറും മാത്രമല്ല ശരീരത്തിന്റെ ആവിശ്യത്തിന് ഗുണകരമായിട്ടുള്ള പല ഘടകങ്ങളും കരിമ്പിലും കരിമ്പിൻ നീരിലും അടങ്ങിയിരിക്കുന്നു .ഇതിന്റെ പച്ച സ്വാദ് മാറാനും കൂടുതൽ രുചികരമാക്കാനും ഇഞ്ചി ,ചെറുനാരങ്ങാ നീര് എന്നിവ ഇവയോടൊപ്പം ക്രമത്തിൽ ചേർക്കുന്നു .
കരിമ്പിൻ നീര് പിത്തം ശമിപ്പിക്കുന്നു .മേദസും കഫവും വർധിപ്പിക്കുകയും ചെയ്യുന്നു .കരിമ്പിൻ നീരിൽ അമുക്കുരം കൽക്കവും ചേർത്ത് വിധിപ്രകാരം കാച്ചിയെടുത്ത് പശുവിൻ നെയ്യും ചേർത്തു കഴിച്ചാൽ ക്ഷയരോഗം ശമിക്കും .
കരിമ്പിൻ നീരും ,നെല്ലിക്ക നീരും ,തേനുമായി ചേർത്തു കഴിച്ചാൽ വിളർച്ച രോഗം മാറുന്നു .
ചൂടു കാലാവസ്ഥയിൽ പുറത്തു പോയി വരുമ്പോഴുണ്ടാകുന്ന ശരീരക്ഷീണം അകറ്റാൻ മറ്റ് ഏതു ജ്യൂസ് കഴിക്കുന്നതിനേക്കാളും ഗുണപ്രദമാണ് ഒരു ഗ്ലാസ് കരിമ്പിൻനീര് കഴിക്കുന്നത് .മലബന്ധം പരിഹരിക്കുന്നതിനും ഏറെ ഉത്തമമാണ് കരിമ്പിന്റെ നീര് കഴിക്കുന്നത് .കൂടാതെ അസിഡിറ്റി ,ഗ്യാസ്ട്രബിൾ എന്നിവയ്ക്കും കരിമ്പിന്റെ നീര് കഴിക്കുന്നത് ഗുണപ്രദമാണ്
പ്രകൃതിദത്തമായ ഷുഗറിന്റെ ഉറവിടമാണ് കരിമ്പ് .അതിനാൽ തന്നെ പ്രമേഹ രോഗികൾക്കും മിതമായ അളവിൽ കരിമ്പിൻ നീര് കഴിക്കാവുന്നതാണ് .
കരിമ്പിൻ നീരും മുന്തിരി നീരും തുല്ല്യ അളവിൽ കലർത്തി നസ്യം ചെയ്താൽ മൂക്കിലൂടെയുള്ള രക്തസ്രാവം മാറിക്കിട്ടും .
രക്തപിത്തം ,മഞ്ഞപ്പിത്തം , മൂത്രതടസ്സം ,മലബന്ധം എന്നിവയ്ക്ക് ധാരാളം കരിമ്പിൻ നീര് കഴിച്ചാൽ മതിയാകും.
കരിമ്പിൻ നീരും ,അമുക്കുരവും കൂടി പശുവിൻ നെയ്യിൽ വിധിപ്രകാരം കാച്ചി കഴിച്ചാൽ ക്ഷയരോഗം ശമിക്കും .
ഓക്കാനം ,ഛർദ്ദി മുതലായവയ്ക്ക് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കഴിച്ചാൽ മതിയാകും .
കരിമ്പിൻ ജ്യുസ് ദിവസവും കഴിക്കുന്നത് പുരുഷന്മാരിലെ ശുക്ലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും , അമ്മമാരിൽ മുലപ്പാൽ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
വിരശല്ല്യത്തിന് കരിമ്പിൻ വേര് കഷായം വച്ച് 50 മില്ലി വീതം മൂന്നോ ,നാലോ ദിവസം കഴിച്ചാൽ മതിയാകും .
ശരീരത്തിലുണ്ടാകുന്ന പുകച്ചിൽ ഇല്ലാതാക്കാൻ കരിമ്പിൻ ജ്യൂസ് കഴിച്ചാൽ മതിയാകും .
ചിലതരം കാൻസറുകളെ ചെറുക്കാൻ കരിമ്പിൻ ജ്യുസിന് കഴിവുണ്ടന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു .സ്തനാർബുദം ,പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവയെ ചെറുക്കാൻ കരിമ്പിൻ ജ്യൂസിന് കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു .കരിമ്പിൽ അടങ്ങിയിരിക്കുന്ന ഫ്ളേവനോയിഡുകൾ ആണ് ഇതിന് സഹായിക്കുന്നത് .
ചർമ്മസൗന്ദര്യം നിലനിർത്താനും കരിമ്പിൻ ജ്യുസ് പതിവായി കഴിക്കുന്നത് നല്ലതാണ് . ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ , ആന്റി ഓക്‌സിഡന്റുകൾ , ഫിനോളിക് ആസിഡ് എന്നിവ ചർമ്മത്തെ നല്ല ഈർപ്പമുള്ളതാക്കാനും മൃദുവുള്ളതാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു .
ഇതിലടങ്ങിയിരിക്കുന്ന ആൽഫ ഹൈഡ്രോക്‌സി ആസിഡുകൾ മുഖക്കുരു ,താരൻ എന്നിവയെ ഇല്ലാതാക്കാനും സഹായിക്കുന്നു .കൂടാതെ വിറ്റാമിൻ B 12, ഇരുമ്പ് എന്നിവ ഉൾപ്പടെ മുടിക്ക് ആവിശ്യമായ പോഷകഘടകങ്ങൾ ഇതിലടങ്ങിയിരിക്കുന്നു .ഇത് മുടിവളർച്ചയെ സഹായിക്കുന്നു .