ചുമ ,പനി ,ജലദോഷം ,മോണരോഗങ്ങൾ ,നീർവീക്കം ,വാതരോഗങ്ങൾ ,ദഹനക്കേട് ,തൊണ്ടവേദന ,പക്ഷാഘാതം ,ലൈംഗീക പ്രശ്നങ്ങൾ ,ആർത്തവ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് അക്കിക്കറുക.കേരളത്തിൽ ഇതിനെ കുപ്പമഞ്ഞൾ ,അക്രാവ് ,പല്ലുവേദനച്ചെടി,കമ്മൽ പൂവ് ,തരിപ്പ് ചെടി, എരുപച്ച, എരുവള്ളി,മൂക്കുത്തി ചെടി തുടങ്ങിയ അനേകം പേരുകളിൽ അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ സുപ്തിചന്ദഃ ,ദന്തുരിഃ ,ദന്തസുലഗ്നഃ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Acmella oleracea
Family :Asteraceae (Sunflower family)
Synonyms : Spilanthes acmella,Spilanthes calva,Anacyclus depressus,Spilanthes fusca,Anacyclus pyrethrum
വിതരണം .
കേരളത്തിലെ വയലുകളിലും , വഴിയോരങ്ങളിലും , ചതുപ്പുപ്രദേശങ്ങളിലും സാധാരണ അക്കിക്കറുക കാണപ്പെടുന്നു .മെഡിറ്റനേറിയൻ നാടുകളിൽ നിന്നുമാണ് ഈ സസ്യം നമ്മുടെ നാടുകളിൽ എത്തിയത് .ഇന്ത്യ മുഴുവൻ ഈ സസ്യം കാണപ്പെടുന്നു .ഒന്നിൽകൂടുതൽ വകഭേദങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു .വടക്കേ ഇന്ത്യയില്‍ അകര്‍കര എന്ന പേരിലാണ് ഈ സസ്യം അറിയപ്പെടുന്നത് .
അക്കിക്കറുക ഇനങ്ങൾ .
Spilanthes acmella
Spilanthes calva
Anacyclus depressus
Anacyclus pyrethrum
സസ്യവിവരണം .
ഏകദേശം 40 സെമി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവാർഷിക സസ്യമാണിത് .ഇവയുടെ പൂക്കൾ മൊട്ടുകൾ പോലുള്ള ചെറിയ മഞ്ഞ പൂക്കളാണ് .ഇതിന്റെ തണ്ടുകൾ കനം കുറഞ്ഞതും തവിട്ടു നിറമുള്ളതുമാണ്.തണ്ടിനും ,ഇലയ്ക്കും ,പൂവിനും പ്രത്യേക സുഗന്ധമുണ്ട് .
പല്ലുവേദന വരുമ്പോൾ ഇതിന്റെ പൂക്കൾ ചവച്ച് പല്ലുവേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാൽ പല്ലുവേദന മാറും .അതിനാൽ തന്നെയാണ് ഈ സസ്യത്തിന് പല്ലുവേദനച്ചെടി എന്ന് പേര് വരാൻ കാരണം . കടിച്ചുപിടിച്ചാൽ എരിവും ,തരിപ്പും അനുഭവപ്പെടുന്നതിനാൽ എരിപ്പച്ച, തരിപ്പ് ചെടി,എരുവള്ളി തുടങ്ങിയ പേരുകളിലും കമ്മൽ ,മൂക്കുത്തി എന്നിവയുടെ ആകൃതി ഉള്ളതിനാൽ കമ്മൽച്ചെടി, മൂക്കുത്തിച്ചെടി എന്നീ പേരിലും അറിയപ്പെടുന്നു .
രാസഘടകങ്ങൾ .
അക്കിക്കറുകയുടെ വേരിൽ anacycline, isobutylamide, inulin എന്നിവയും ഒരു തരം എണ്ണയും അടങ്ങിയിരിക്കുന്നു .ചെടിയിൽ Anacyclin ,Eneteriyne alcohol എനിവയും അടങ്ങിയിരിക്കുന്നു .
പ്രാദേശിക നാമങ്ങൾ .
Common name :Toothache plant,Szechuan buttons,Paracress,Buzz buttons,Electric daisy,Tingflowers,
Hindi :Akarkar
Malayalam :Akravu ,Akkikaruka ,Kammal chedi , Plluvedana Chedi
Tamil : Akkaraka, Akkarakaram
Telugu : Akkalakarra
Kannada : Akkallakara, Akallakara, Akalakarabha, Akkallaka Hommugulu
Marathi : Akkalakara, Akkalakada
Gujrati : Akkalkaro, Akkalgaro
Punjabi : Akarakarabh, Akarakara
പല്ലുവേദനച്ചെടി ഔഷധഗുണങ്ങൾ .
ചരിത്രം നോക്കിയാൽ 400 വർഷങ്ങൾക്ക് മുമ്പേ അക്കിക്കറുക ആയുർവേദത്തിൽ ഉപയോഗിക്കുന്നുണ്ട് .ഈ സസ്യത്തിൽ ചില പ്രത്യേക അനസ്‌തെറ്റിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു . ഇതിന് ശരീരഭാഗങ്ങൾ മരവിപ്പിക്കാനുള്ള കഴിവുണ്ട് .ഇതിലടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങൾക്ക് ശരീരത്തിലുണ്ടാകുന്ന വീക്കം ,നീര് എന്നിവയെ ശമിപ്പിക്കാനുള്ള കഴിവുണ്ട് . സന്ധിവാതവുമായി ബന്ധപ്പെട്ടുണ്ടാകുന്ന നീരും വേദനയും ഇല്ലാതാക്കാൻ ഈ സസ്യം സാധാരണ ഉപയോഗിക്കുന്നു .വാതം കൊണ്ട് മുഖം കോടുന്നതിനും നല്ലതാണ് .
അണുനാശകശേഷിയുള്ള ഇതിന് ആമാശയത്തിലെയും വായിലെയും വ്രണങ്ങളെ ഉണക്കാനുള്ള കഴിവുണ്ട് . കൂടാതെ മോണപഴുപ്പ് ,പല്ലിന്റെ കേടുപാടുകൾ ,ടോൺസിലൈറ്റിസ് .കുഴിനഖം ,ലൈംഗീക അവയവങ്ങളിലെ പൂപ്പൽബാധ എന്നിവയും ശമിപ്പിക്കാനുള്ള കഴിവുണ്ട് .ദഹനത്തിന് ആവിശ്യമായ ദഹന എൻസൈമുകളും ഉമിനീരും ഉത്തേജിപ്പിക്കുന്നതിനാൽ ദഹനക്കേട് ,വയറുവേദന എന്നിവയ്ക്കും ഇത് ഗുണം ചെയ്യും .ഇതിന്റെ ഡൈയൂററ്റിക് പ്രവർത്തനം മൂലം മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശം പുറംതള്ളുകയും മൂത്രതടസ്സം പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുകയും ചെയ്യുന്നു .
ഇതിന്റെ ആൻ്റിമൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മരോഗങ്ങൾക്കും പ്രാണി വിഷങ്ങൾക്കും പരിഹാരമാണ് .പനി ,ചുമ ,കഫക്കെട്ട് ,തലവേദന, അപസ്മാരം, കോളറ,എന്നിവയ്ക്കും കമ്മൽ ചെടി ഫലപ്രദമാണ് .ഈ സസ്യത്തിന് ഉത്തേജക ഗുണങ്ങളുണ്ട് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവ ഇല്ലാതാക്കി ലൈംഗീകശക്തി വർധിപ്പിക്കാൻ പല്ലുവേദനച്ചെടിക്ക് കഴിവുണ്ട് .യൂനാനിയിലും ,ആയുർവേദത്തിലും ഉദ്ധാരണക്കുറവിനും ശീഘ്രസ്‌ഖലനത്തിനുമുള്ള നിരവധി മരുന്നുകളിൽ അക്കിക്കറുക പ്രധാന ചേരുവയാണ് .
അക്കിക്കറുക ഒരു മസ്തിഷ്ക ടോണിക്കാണ് .ഇതിന് ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കാനുള്ള കഴിവുണ്ട് .കൂടാതെ വിഷാദം ,ഉത്കണ്ഠ ,രക്തസമ്മർദ്ദംഎന്നിവ ഇല്ലാതാക്കാനും അക്കിക്കറുകയ്ക്ക് കഴിവുണ്ട്.ഇത് രക്തം ശുദ്ധീകരിക്കും .ആർത്തവ പ്രശ്നങ്ങൾക്കും അക്കിക്കറുക ഫലപ്രദമാണ് .ക്രമം തെറ്റിയ ആർത്തവം ,അമിത രക്തശ്രാവം ,ആർത്തവ വേദന തുടങ്ങിയവയ്ക്കും അക്കിക്കറുക ഔഷധമായി ഉപയോഗിക്കുന്നു .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
അക്കിക്കറുക ചേരുവയുള്ള ഔഷധങ്ങൾ .
Akarakarabhadi Gulika.
പുരുഷന്മാരിലെ ശീഘ്രസ്ഖലനത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്നു .
Chopchinyadi churna .
സിഫിലിസ് പോലുള്ള ലൈംഗീകരോഗങ്ങൾ ,കാർബങ്കിൾസ്, മുറിവുകൾ, ഫിസ്റ്റുല ,വാതരോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Aerozyme Capsule.
ദഹനക്കേട് ,ഗ്യാസ്ട്രബിൾ ,അസിഡിറ്റി ,IBS മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Braintab tablet.
വിഷാദരോഗം ,ഉറക്കമില്ലായ്‌മ ,മാനസിക പിരിമുറുക്കം ,ഉത്കണ്ഠ ,ഓർമ്മക്കുറവ്, രക്തസമ്മർദ്ദം തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
6-x tablets.
ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,ബീജങ്ങളുടെ എണ്ണക്കുറവ് തുടങ്ങിയവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Urai Mathirai.
ദഹനക്കേട് ,വിശപ്പില്ലായ്‌മ , മലബന്ധം ,ഉറക്കക്കുറവ് ,ചുമ ,ആസ്മ എന്നിവയുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നു ,കൂടാതെ ചർമ്മരോഗങ്ങൾക്കും പ്രധിരോധശേഷി വർധിപ്പിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .
Divya Yauvanamrit Vati.
പതഞ്ജലിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,താല്പര്യമില്ലായ്‌മ തുടങ്ങിയ ലൈംഗീക പ്രശ്നങ്ങൾക്ക് ഈ ഔഷധം ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗങ്ങൾ .
വേര് ,പൂവ് ,ഇല
അക്കിക്കറുകയുടെ ചില ഔഷധപ്രയോഗങ്ങൾ .
അക്കിക്കറുകയുടെ പൂവ് ഉണക്കി പൊടിച്ചത് 500 mg വീതം പാലിൽ തിളപ്പിച്ച് ദിവസവും കഴിച്ചാൽ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം എന്നിവ മാറി ലൈംഗീക ബന്ധത്തിനോടുള്ള ആഗ്രഹം വർധിക്കുകയും ചെയ്യും .അക്കിക്കറുകയുടെ വേര് ഉണക്കി പൊടിച്ച് ഈ രീതിയിൽ കഴിച്ചാലും മതിയാകും . അക്കിക്കറുകയുടെ വേരിന്റെ 5 ഗ്രാം പൊടി 60 ml വെളിച്ചെണ്ണയിൽ ചേർത്ത് 7 -8 ദിവസം വെയിൽ കൊള്ളിച്ച ശേഷം ഇത് അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കാം .ഈ തൈലം 21 ദിവസം തുടർച്ചയായി ലിംഗത്തിൽ പുരട്ടിയാൽ ഉദ്ധാരണശേഷിക്കുറവുള്ള പുരുഷന്മാരിൽ ഉദ്ധാരണശേഷി വർധിക്കും .കമ്മൽച്ചെടിയുടെ രണ്ടോ ,മൂന്നോ പൂക്കൾ പാലിൽ തിളപ്പിച്ച് ദിവസവും കഴിച്ചാൽ ഉദ്ധാരണശേഷി വർദ്ധിക്കും .
അക്കിക്കറുകയുടെ വേരിന്റെ ചൂർണ്ണം ഒരു നുള്ള് വീതം ഒരു സ്പൂൺ നെയ്യിൽ ചാലിച്ച് 30 മിനിറ്റ് ഇടവിട്ട് 2 -3 നേരം കഴിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും .അക്കിക്കറുകയുടെ വേരിന്റെ പൊടിയോ ,പൂവ് ചതച്ചതോ വെള്ളത്തിൽ കലക്കി തൊണ്ടയിൽ കൊണ്ടാൽ തൊണ്ടവേദന (ടോൺസിലൈറ്റിസ് ) മാറിക്കിട്ടും .അക്കിക്കറുകയുടെ വേരിന്റെ പൊടിയോ പൂവ് ചതച്ചതോ പല്ലുവേദനയുള്ള ഭാഗത്ത് മോണയിൽ പുരട്ടിയാൽ 10 -15 മിനിറ്റുകൊണ്ട് പല്ലുവേദന ശമിക്കും .പൂവ് വേദനയുള്ള ഭാഗത്ത് കടിച്ചുപിടിച്ചാലും മതിയാകും .അക്കിക്കറുകയുടെ വേര് വെള്ളം തിളപ്പിച്ച് ദിവസം പലപ്രാവിശ്യമായി കവിൾ കൊണ്ടാൽ പല്ലുവേദന ,ദന്തക്ഷയം ,മോണവീക്കം ,മോണ പഴുപ്പ്, വായ്പ്പുണ്ണ് മുതലായവ മാറിക്കിട്ടും .
ALSO READ : പൊന്നങ്ങാണിയുടെ ഔഷധഗുണങ്ങൾ .
ശരീരത്തിൽ മുറിവുണ്ടായി പഴുത്താൽ അക്കിക്കറുകയുടെ വേര് അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവുകൾ വേഗം സുഖപ്പെടുന്നു .കമ്മൽച്ചെടിയുടെ ഇലയും ,തണ്ടും ,പൂവും എല്ലാംകൂടി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന , കൊടിഞ്ഞി എന്നിവ ശമിക്കും . ഇലയുടെ നീര് 2 തുള്ളി വീതം മൂക്കിൽ നസ്യം ചെയ്താലും തലവേദന , കൊടിഞ്ഞി എന്നിവ ശമിക്കും .കമ്മൽച്ചെടിയുടെ പൂവും ,ഇലയും ദിവസവും വായിലിട്ട് ചവച്ചാൽ വായ്നാറ്റം മാറിക്കിട്ടും ,കമ്മൽച്ചെടിയുടെ പൂവും ,ഇലയും കഷായം വച്ച് ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാലും മതിയാകും .
കമ്മൽച്ചെടിയുടെ പൂവും ,ഇലയും കൂടി അരച്ച് കുഴിനഖത്തിൽ പൊതിഞ്ഞുവച്ചാൽ കുഴിനഖം മാറിക്കിട്ടും .കമ്മൽച്ചെടിയുടെ പൂവ് വായിലിട്ട് ചവച്ച് വെള്ളമൊഴിച്ച് കുലുക്കിക്കുഴിഞ്ഞാല്‍ എക്കിൾ മാറിക്കിട്ടും .കമ്മൽച്ചെടിയുടെ വേര് ചതച്ച നീര് ഒന്നോ രണ്ടോ തുള്ളി വീതം മൂക്കിൽ ഒഴിച്ചാൽ അലർജി ,ജലദോഷം മുതലായവ കൊണ്ടുണ്ടാകുന്ന തുമ്മൽ മാറിക്കിട്ടും . കമ്മൽച്ചെടിയുടെ വേര് ചതച്ച് എണ്ണയിൽ കാച്ചി പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ മൂലം സന്ധികളിലുണ്ടാകുന്ന നീരും വേദനയും മാറിക്കിട്ടും .കൂടാതെ ഈ തൈലം പക്ഷാഘാതം, മുഖത്തെ പക്ഷാഘാതം,വിറയൽ എന്നിവയ്ക്ക് പുറമെ പുരട്ടുവാനും വളരെ ഫലപ്രദമാണ് .കമ്മൽച്ചെടിയുടെ വേര് അരച്ച് പുറമെ പുരട്ടിയാലും മുകളിൽ പറഞ്ഞ ഫലം കിട്ടുന്നതാണ് .കമ്മൽച്ചെടിയുടെ വേര് നന്നായി അരച്ച് എള്ളെണ്ണയിൽ ചാലിച്ച് പുറമെ പുരട്ടുകയും വേരിന്റെ പൊടി 500 മില്ലിഗ്രാം തേനിൽ ചേർത്ത് രാവിലെയും വൈകിട്ടും ദിവസം 2 നേരം എന്ന കണക്കിൽ കഴിക്കുകയും ചെയ്താൽ പക്ഷാഘാതത്തിന് ശമനം കിട്ടും .
കമ്മൽച്ചെടിയുടെ വേരിന്റെ ചൂർണ്ണം തേൻ ചേർത്ത് കഴിച്ചാൽ അപസ്‌മാരം ശമിക്കും .കമ്മൽച്ചെടിയുടെ വേരും പൂവും കൂടി അരച്ച് നെറ്റിയിൽ പുരട്ടിയാൽ തലവേദന ,മൈഗ്രേൻ എന്നിവ മാറും . കമ്മൽച്ചെടിയുടെ ഉണങ്ങിയ വേരോ ,പൂവോ എടുത്ത് തുല്യ അളവിൽ കല്ലുപ്പും ചേർത്ത് പൊടിച്ച് സൂക്ഷിക്കാം .ഇതിൽ നിന്നും കുറേശ്ശെ പൊടിയെടുത്ത് കടുകെണ്ണയിൽ ചാലിച്ച് ദിവസവും പല്ലുതേച്ചാൽ വായ്‌നാറ്റം ,പല്ലുവേദന ,മോണപഴുപ്പ് ,മോണവീക്കം മുതലായവ മാറുകയും ഈ രോഗങ്ങൾ വരാതിരിക്കാനും സഹായിക്കും .
ദിവസവും കമ്മൽച്ചെടിയുടെ വേരിന്റെയോ ,പൂവിന്റെയോ പൊടി 200 മില്ലിഗ്രാം വീതം കഴിച്ചാൽ തൊണ്ടയടപ്പ് ഉൾപ്പടെയുള്ള എല്ലാ തൊണ്ടരോഗങ്ങൾ മാറുകയും ശബ്ദം ശ്രുതി മധുരമാകുകയും ചെയ്യും .രണ്ട് ഗ്രാം കമ്മൽച്ചെടിയുടെ വേരിന്റെയോ ,പൂവിന്റെയോ പൊടിയിൽ ഒരു ഗ്രാം ചുക്കുപൊടിയും ചേർത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ്സാക്കി വറ്റിച്ച് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ജലദോഷം ,വരണ്ട ചുമ എന്നിവ മാറികിട്ടും .കമ്മൽച്ചെടിയുടെ വേരിന്റെ പൊടിയും തുല്യ അളവിൽ തിപ്പലി പൊടിയും എടുത്ത് അതിൽ കുറച്ച് പെരുംജീരകവും വറത്ത് പൊടിച്ചു ചേർത്ത് അര ടീസ്പൂൺ വീതം രാവിലെയും വൈകിട്ടും ഭക്ഷണത്തിന് ശേഷം കഴിച്ചാൽ വയറ്റിലെ ഗ്യാസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .ഇത് വയറുവേദന ,ദഹനക്കേട് എന്നിവയ്ക്കും നന്ന് .
കമ്മൽച്ചെടിയുടെ വേര് കഷായമുണ്ടാക്കി 10 ml വീതം ഒരു നുള്ള് അയമോദകം പൊടിയും ചേർത്ത് രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ 3 മാസം തുടർച്ചയായി കഴിച്ചാൽ ,അമിത ആർത്തവം ,അല്പാര്‍ത്തവം ,ക്രമം തെറ്റിയ ആർത്തവം തുടങ്ങിയ ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും .കമ്മൽച്ചെടിയുടെ വേര് വാൽനട്ട് ഓയിലിൽ കലർത്തി പുറമെ പുരട്ടിയാൽ നടുവേദന മാറും .കമ്മൽച്ചെടിയുടെ വേര് അരച്ച് പുറമെ പുരട്ടിയാൽ ശരീരത്തിലെ ചൊറിച്ചിൽ ,ചുണങ്ങ്,വട്ടച്ചൊറി മുതലായവ മാറിക്കിട്ടും .ഇത് മുറിവിൽ പുരട്ടിയാൽ മുറിവുകൾ വേഗം ഉണങ്ങാൻ സഹായിക്കുന്നു .
കമ്മൽച്ചെടിയുടെ വേരിന്റെയോ പൂവിന്റെയോ പൊടി തേനിലോ ബ്രഹ്മിയുടെ നീരിലോ ചേർത്ത് 10 ml അളവിൽ കഴിച്ചാൽ അപസ്‌മാരം ശമിക്കും .ഒരു ഗ്രാം കമ്മൽച്ചെടിയുടെ വേരും ,3 ഗ്രാം ചിറ്റമൃതിൻ തണ്ടും ,3 -4 തുളസിയിലയും ചേർത്ത് കഷായമുണ്ടാക്കി ദിവസം 3 നേരം എന്ന കണക്കിൽ കഴിച്ചാൽ വിട്ടുമാറാത്ത പനി ,ജലദോഷം എന്നിവ മാറിക്കിട്ടും .
കമ്മൽച്ചെടിയുടെ പാർശ്വഫലങ്ങൾ .
അമിത അളവിൽ കമ്മൽച്ചെടിയുടെ വിവിധ ഭാഗങ്ങൾ ഉള്ളിൽ കഴിച്ചാൽ വിറയൽ ,അമിതമായി വായിൽ നിന്നും ഉമിനീർ വരിക തുടങ്ങിയവയ്ക്ക് കാരണമാകും .കമ്മൽച്ചെടിയുടെ 10 ml നീരും 1 ഗ്രാം പൂക്കളുടെയോ വേരിന്റെയോ പൊടി ഉള്ളിൽ കഴിക്കാൻ പാടൊള്ളു .ഉള്ളിൽ കഴിക്കാനുള്ള ഔഷധമായി ഉപയോഗിക്കുമ്പോൾ ഒരു വൈദ്യന്റെ നിർദേശപ്രകാരം മാത്രം കഴിക്കുക .കുടൽപ്പുണ്ണ് മറ്റു ഉദരരോഗങ്ങൾ ഉള്ളവർ ഇത് ഒരു കാരണവശാലും ഉള്ളിൽ കഴിക്കാൻ പാടില്ല .