വേറൊന്നും കൂടാതെ ഒരു രോഗത്തിനെ ശമിപ്പിക്കാൻ കഴിവുള്ള ഔഷധിയാണ് ഒറ്റമൂലി.പണ്ടുകാലത്ത് ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന കാലത്ത് പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ നിരവധി രോഗങ്ങൾക്ക് ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു.അക്കാലത്ത് വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ഔഷധസസ്യങ്ങൾ ധാരാളം നട്ടുവളർത്തിയിരുന്നു . വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഓരോ ഔഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു .
അതിപുരാതനകാലം മുതലേ മനുഷ്യർ രോഗശമനത്തിനായി ഔഷധമൂല്യം ഉള്ള സസ്യങ്ങളെ ഉപയോഗിച്ചുവരുന്നു .ഏതാണ്ട് 2000 സസ്യങ്ങൾ ഔഷധ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട് .ഔഷധസസ്യങ്ങളുടെ കലവറയായ വനങ്ങൾ വെട്ടി നശിപ്പിക്കുന്നത് ഔഷധസസ്യങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു .
പ്രകൃതി നമ്മുടെ അമ്മയാണ് .നമ്മുടെ മാത്രമല്ല സർവജീവജാലങ്ങളുടെയും അമ്മയാണ് .നമുക്ക് വേണ്ടതെല്ലാം പ്രകൃതിതന്നെ ഒരുക്കിയിട്ടുണ്ട് .വനവാസികൾക്ക് ഔഷധസസ്യങ്ങളെ പേരുകൊണ്ടും രൂപം കൊണ്ടും അറിയാം .അതുകൊണ്ടു മാത്രം അവയുടെ ശെരിയായ ഉപയോഗം അറിഞ്ഞു കൊള്ളണമെന്നില്ല .ഔഷധസസ്യങ്ങളെ കുറിച്ച് വൈദ്യശാസ്ത്രപരമായ അറിവ് ലഭിച്ചവർക്ക് മാത്രമേ ഏറ്റവും അനുയോജ്യമായിടത്ത് അത് ഉപയോഗപ്പെടുത്താൻ കഴിയു .
ഒറ്റമൂലികൾ പലപ്പോഴും സഹായകമാണ് .എന്നാൽ ഇത് ഗൗരവകരമായ രോഗാവസ്ഥയിൽ സ്വയം ചികിൽത്സിക്കുന്നത് അപകടവുമാണ് . ഉപയോഗിക്കുന്ന ഔഷധങ്ങളെക്കുറിച്ചും ഉപയോഗിക്കാവുന്ന അളവിനെ കുറിച്ചും നല്ല ധാരണയില്ലങ്കിൽ ഒറ്റമൂലി പ്രയോഗിക്കരുത് .
മഴക്കാലമാണ് ഒറ്റമൂലി ഫലിക്കുന്ന ഏറ്റവും അനുയോജ്യമായ സമയം .പുലർച്ചെ കുളിച്ചശേഷം സൂര്യൻ ഉദിക്കുന്നതിനു മുമ്പ് ഒറ്റമൂലി ചികിൽത്സ ചെയ്‌തിരിക്കണം .അന്നേ ദിവസം ജോലിയൊന്നും ചെയ്യാതെ വിശ്രമിക്കുകയും വേണം .കഴിവതും സംസാരം ശബ്ദം എന്നിവ ഒഴിവാക്കുക .മനസും ശരീരവും വൃത്തിയായി സൂക്ഷിക്കണം .
ഒറ്റമൂലിയെ മനസും ശരീരവും നന്നായി വലിച്ചെടുക്കാൻ ചികിത്സയ്ക്ക് ഒന്നുരണ്ടു ദിവസം മുമ്പ് തന്നെ "കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യ,ഡംഭം,അസൂയ " എന്ന അഷ്ടകഷ്ടങ്ങളെ അടക്കി നിർത്തുക .
ഒറ്റമൂലി ചികിൽത്സ ചെയ്യുമ്പോൾ കൂടുതൽ ഫലപ്രാപ്‌തിക്കായി ഔഷധസസ്യങ്ങൾ കഴിവതും വനങ്ങളിൽ നിന്നോ ,നമ്മുടെ പറമ്പിൽ നിന്നോ ശേഖരിക്കുക .കീടനാശിനിയും വളവും കലരാത്ത മണ്ണിൽ നിന്നാണെങ്കിൽ ഏറെ നല്ലത് .കഴിവതും ഒറ്റമൂലി ചികിൽത്സ ചെയ്യുമ്പോൾ മാത്രം സസ്യങ്ങൾ പറിച്ചെടുക്കുക .
ഒരു രോഗത്തിനുള്ളമരുന്ന് രണ്ടോ മൂന്നോ തവണ മാത്രം ചെയ്യുക .എന്നിട്ടും മാറിയില്ലെങ്കിൽ ഉടൻതന്നെ വിദഗ്ദ്ധ ഡോക്ടറെ കാണിക്കേണ്ടതാണ് .