മൂത്രത്തിലെ കല്ലിനും മറ്റു മൂത്രാശയ രോഗങ്ങളുടെ ചികിൽത്സയ്‌ക്കും ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് പാഷാണഭേദി അഥവാ കല്ലൂർവഞ്ചി .പാഷാണ എന്നാൽ കല്ല് എന്നും. ഭേദ എന്നാൽ തകർക്കുക എന്നുമാണ് .കല്ലിനെ ഇല്ലാതാക്കുന്ന എന്ന അർത്ഥത്തിലാണ് പാഷാണഭേദ എന്ന് പേര് ഈ സസ്യത്തിന് സംസ്‌കൃതത്തിൽ വരാൻ കാരണം .ഇത്തരത്തിൽ കല്ലിനെ നശിപ്പിക്കാൻ കഴിവുള്ള സസ്യങ്ങളെ മലയാളത്തിൽ കല്ലുരുക്കി .കല്ലൂർവഞ്ചി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name: Bergenia pacumbis
Family : Saxifragaceae (Saxifrage family)
Synonyms : Bergenia himalaica , Bergenia ligulata , Bergenia ciliata
കാണപ്പെടുന്ന സ്ഥലങ്ങൾ .
കാശ്മീർ മുതൽ ഭൂട്ടാൻ വരെയുള്ള ഹിമാലയ പ്രദേശങ്ങളിൽ മാത്രമാണ് ഈ സസ്യം വളരുന്നത് .
സസ്യവിവരണം .
30 സെമി ഉയരത്തിൽ വളരുന്ന ഒരു ബഹുവർഷ സസ്യമാണ് പാഷാണഭേതി .പാറക്കൂട്ടങ്ങൾക്കിടയിൽ പറ്റിപ്പിടിച്ചാണ് ഇവ വളരുന്നത് . ഇലകൾ അണ്ഡാകൃതിയിലോ ,വൃത്താകൃതിയിലോ കാണപ്പെടുന്നു .ഇലയുടെ ഉപരിതലം പച്ചനിറമാണെങ്കിലും അടിവശം ഇളം ചുവപ്പുനിറമാണ് .ഒരു ചെടിയിൽ പല വലുപ്പത്തിലുള്ള 5 -6 ഇലകൾ കാണും .വെള്ള ,നീല ,ചുവപ്പ് എന്നീ നിറങ്ങളിലുള്ള പുഷ്പ്പങ്ങൾ ഈ സസ്യത്തിൽ കണ്ടുവരുന്നു .ഈ സസ്യത്തിന്റെ ചുവട്ടിൽ അനേകം ചെറിയ വേരുകൾ കാണപ്പെടുന്നു .വേരുകൾക്ക് ചുവപ്പ് നിറമാണ് .
മൂത്രമാർഗങ്ങളായ ,വസ്തി ,ഗവീനി ,വൃക്കകൾ എന്നിവിടങ്ങളിൽ കല്ലുകളുണ്ടായി മൂത്രതടസ്സമുണ്ടാകുന്ന രോഗമാണ് മൂത്രത്തിൽ കല്ല് .ഈ കല്ലിനെ ദ്രവിപ്പിച്ച് കളഞ്ഞ് മൂത്രമൊഴുക്കിനെ സുഗമമാക്കുന്ന ഔഷധത്തെയാണ് പാഷാണഭേതി എന്ന പേരുകൊണ്ട് അർത്ഥമാക്കുന്നത് . ഇത്തരത്തിൽ കല്ലുരുക്കാൻ കഴിവുള്ള സസ്യങ്ങളെ എല്ലാം സംസ്‌കൃതത്തിൽ പാഷാണഭേദ എന്ന പേരിൽ അറിയപ്പെടുന്നു .
തെക്കേ ഇന്ത്യയിൽ ഒരിടത്തും ഈ സസ്യം കാണപ്പെടുന്നില്ല .അതിനാൽ ഇത്തരത്തിൽ കല്ലിനെ ദ്രവിപ്പിക്കുന്നതും കല്ലിനോട് ചേർന്നുവളരുന്നതുമായ പല സസ്യങ്ങളെയും പാഷാണഭേതിയായി ഉപയോഗിക്കാൻ തുടങ്ങി . പാഷാണഭേതിക്ക് പകരമായി ഉപയോഗിക്കുന്ന സസ്യങ്ങളെ കേരളത്തിൽ കല്ലൂർ വഞ്ചി,കല്ലുരുക്കി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
കേരളത്തിൽ പാഷാണഭേതിയായി ഉപയോഗിക്കുന്നത് നദീതീരത്തെ പാറയിടുക്കുകളിൽ വളരുന്ന കല്ലൂർവഞ്ചി,ആറ്റുവഞ്ചി എന്നീ കുറ്റിച്ചെടികളെയാണ് .ഈ സസ്യങ്ങളെപ്പറ്റി താഴെ വിവരിച്ചിട്ടുണ്ട് .മൂത്രത്തിൽ കല്ലിനെ അലിയിച്ചു കളയാനുള്ള കഴിവ് ചെറൂള, കല്ലുരുക്കി എന്നീ സസ്യങ്ങൾക്കുമുള്ളതിനാൽ ഇവയെയും ആയുർവേദത്തിൽ പാഷാണഭേതിയായി ഉപയോഗിച്ചു വരുന്നു .
രാസഘടകങ്ങൾ .
പാഷാണഭേതിയുടെ വേരിൽ ഗാലിക് അമ്ലം ,ടാനിക് അമ്ലം ,ഗ്ലുക്കോസ് , മെഴുക് , അഫ്സെലാക്റ്റിൻ , സാക്സിൻ മുതലായ അടങ്ങിയിരിക്കുന്നു .
പാഷാണഭേതി ഔഷധഗുണങ്ങൾ .
കല്ല് അലിയിച്ചു കളയുന്നതിനുള്ള പാഷാണഭേതിയുടെ കഴിവ് പ്രശസ്തമാണ് .വൃക്കയിലെയും മൂത്രത്തിലെയും കല്ലുകൾ അലിയിച്ചു കളയും .മൂത്രതടസ്സം ,മൂത്രമൊഴിക്കുമ്പോഴുള്ള വേദന ,വെള്ളപോക്ക് എന്നിവ ഇല്ലാതാക്കും .പ്രമേഹം ,പൈൽസ് എന്നിവ ശമിപ്പിക്കും .
പാഷാണഭേതി പ്രധാനമായി ചേർത്തുണ്ടാക്കുന്ന ഔഷധങ്ങൾ .
Cystone Tablets - സിസ്റ്റോൺ ടാബ്‌ലെറ്റ് .
കിഡ്നി സ്റ്റോണിനുള്ള മികച്ചൊരു ഔഷധമാണ് സിസ്റ്റോൺ .ഹിമാലയ വെൽനസ് കമ്പനിയാണ് ഈ ഔഷധം നിർമ്മിക്കുന്നത് .ഈ ഔഷധത്തിലെ പ്രധാന ചേരുവ പാഷാണഭേതിയുടെ വേരാണ് .ഗുളിക രൂപത്തിലും സിറപ്പ് രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .ഈ മരുന്നിന്റെ ഉപയോഗത്തിലൂടെ മൂത്രത്തിൽ കല്ല് പൂർണ്ണമായും മാറുമെന്നുള്ളതിൽ യാതൊരു സംശയവുമില്ല .ഒട്ടുമിക്ക പ്രവാസികൾക്കും ഈ മരുന്നിന്റെ ഗുണം അറിയാവുന്നതാണ് .
Ural Syrup .
മൂത്രത്തിൽ കല്ല് ,മൂത്രത്തിൽ പഴുപ്പ് ,മൂത്രമൊഴിക്കൊമ്പോഴുള്ള വേദന ,പുകച്ചിൽ മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Pashanabhedadi kwatha .
മൂത്രത്തിലെ കല്ലിനും മറ്റു മൂത്രാശയ രോഗങ്ങൾക്കും ഈ ഔഷധം ഉപയോഗിക്കുന്നു .
പ്രാദേശിക നാമങ്ങൾ .
Common name - Chinese Bergenia, Chinese elephant's ears
Malayalam Name - Kallurvanchi
Hindi Name - Pakhanbheda
Tamil Name - Sirupilai
Telugu Name - Kondapindi
Kannada Name - Pashanbhedi, Hittaga
Bengali Name - Patharkuchi
Gujarati Name- Pakhanbheda
Punjabi Name - Kachalu
ചില ഔഷധപ്രയോഗങ്ങൾ .
കേരളത്തിൽ പാഷാണഭേതിയായി ഉപയോഗിക്കുന്ന സസ്യങ്ങൾ .
കല്ലൂർവഞ്ചി.
Botanical name : Rotula aquatica
Family : Boraginaceae (Forget-me-not family)
Synonyms : Carmona viminea, Ehretia viminea, Rhabdia viminea
ഏകദേശം 2 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു സസ്യമാണ് കല്ലൂർവഞ്ചി .സംസ്‌കൃതത്തിൽ പാഷാണഭേദ ,അസ്മഭേദ,മൂത്രള തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ചെറിയ ശാഖകളുള്ള ഒരു കുറ്റിച്ചെടി .ചെറിയ ഇലകളാണ് ഇവയുടേത് .വെള്ള ,നീല ,ചുവപ്പ് എന്നീ നിറങ്ങളിലുള്ള പൂക്കൾ ഉണ്ടാകുന്ന സസ്യങ്ങൾ കാണപ്പെടുന്നു . പൂക്കൾ ചെറുതും ശാഖകളുടെ അറ്റത്ത് കുലകളായി ഉണ്ടാകുകയും ചെയ്യുന്നു . ഇതിലുണ്ടാകുന്ന പഴം വൃത്താകൃതിയിലും മാംസളമായതുമാണ് . ഒരു പഴത്തിൽ 4 വിത്തുകൾ വരെ കാണും .
നദീതീരത്തെ പാറയിടുക്കുകളിലാണ് ഈ സസ്യം വളരുന്നത് . കല്ലാറിൽ ഈ സസ്യം ധാരാളമായി കാണപ്പെടുന്നു .നല്ല സൂര്യപ്രകാശവും ,എക്കലും ,പാറകളും നിറഞ്ഞ നദീതീരങ്ങളിൽ കല്ലൂർവഞ്ചി ധാരാളമായി വളരുന്നു . മണ്ണൊലിപ്പ് തടയാൻ കഴിവുള്ള ഒരു സസ്യമാണ് ഇത് . ആറ്റിലെ പാറകൾക്കിടയിലും ,എക്കലുകളിലും ആഴത്തിൽ വേരോടിച്ചാണ് ഇവയുടെ വളർച്ച .
ഈ സസ്യത്തിനും മൂത്രത്തിൽ കല്ലിനെ ഇല്ലാതാക്കാനുള്ള കഴിവുണ്ട് .കൂടാതെ മൂത്രത്തിൽ പഴുപ്പ് ,മൂത്രച്ചുടിച്ചിൽ .പ്രമേഹം ,ശരീരക്ഷതം ,വീക്കം ,പനി മുതലായവയുടെ ചികിൽത്സയിലും കല്ലൂർ വഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .
കല്ലൂർവഞ്ചിയുടെ കൊത്തിനുറുക്കിയ വേര് ഒരു പിടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്ററാക്കി വറ്റിച്ച് 1 ഗ്ലാസ് വീതം ദിവസം 3 നേരം വീതം 2 ആഴ്ച്ച പതിവായി കഴിച്ചാൽ മൂത്രത്തിൽ കല്ല് മാറും .മാത്രമല്ല മൂത്രത്തിൽ പഴുപ്പ് ,മൂത്രചുടിച്ചിൽ എന്നിവയ്‌ക്കെല്ലാം ഈ കഷായം വളരെ ഫലപ്രദമാണ് .
ഇത് കൂടാതെ കേരളത്തിൽ മറ്റു പല രീതികളിലും കല്ലൂർവഞ്ചി മൂത്രത്തിൽ കല്ലിന് ഔഷധമായി ഉപയോഗിക്കുന്നു . കല്ലൂർവഞ്ചിയുടെ വേരും ഇരട്ടിമധുരവും ഒരേ അളവിൽ അരച്ച് അരിക്കാടിയിൽ ചേർത്ത് മൂത്രത്തിൽ കല്ലിന് ഔഷധമായി കഴിക്കുന്നു .
കല്ലൂർവഞ്ചിയുടെ വേര് ഉണക്കി പൊടിച്ചത് അഞ്ചോ ആറോ ഗ്രാം വീതം തേനിൽ ചാലിച്ച് കഴിച്ചതിനു ശേഷം പുറമെ അരിക്കാടിയുടെ തെളിയൂറ്റി കുടിക്കുന്നതും മൂത്രത്തിൽ കല്ല് മാറാൻ ഔഷധമായി ഉപയോഗിക്കുന്നു .
കല്ലൂര്‍വഞ്ചി,കല്ലുരുക്കി, ചെറൂള,തഴുതാമ, ഇഞ്ചിപ്പുല്ല് എന്നിവയെല്ലാം ഒരേ അളവിൽ ചേർത്ത് തിളപ്പിച്ച വെള്ളം നാട്ടിൻപുറങ്ങളിൽ മൂത്രത്തിൽ കല്ലിന് ഫലപ്രദമായ ഔഷധമായി ഉപയോഗിച്ചു വരുന്നു .
പ്രാദേശിക നാമങ്ങൾ .
Common name : Aquatic Rotula
Malayalam : kallurvanchi
Tamil : Ceppunerinji
Hindi : Pashanabhed
Marathi : Machim
Telugu : Pashanabhedi
Kannada : Paashaanabheda
ആറ്റുവഞ്ചി.
Botanical name : Homonoia riparia
Family: Euphorbiaceae (Castor family)
Synonyms : Adelia neriifolia
5 മീറ്റർ ഉയരത്തിൽ വരെ ആറ്റുതീരങ്ങളിൽ വളരുന്ന ഒരു സസ്യമാണ് ആറ്റുവഞ്ചി . കേരളത്തിൽ ഇതിനെ നീർവഞ്ചി, പുഴവഞ്ചി, കാട്ടലരി എന്നീ പേരുകളിലും അറിയപ്പെടുന്നു. സംസ്‌കൃതത്തിൽ ക്ഷുദ്ര പാഷണഭേദ എന്ന പേരിൽ അറിയപ്പെടുന്നു .
ഇവയുടെ പൂവിനും വിത്തിനും നല്ല സുഗന്ധമുണ്ട് .പച്ച നിറത്തിലുള്ള നല്ല തിളക്കമുള്ള ഇലകളാണ് ഇവയുടേത് .ഇലകൾക്ക് 10 മുതൽ 20 സെ.മി നീളവും 1.5 മുതൽ 2 സെ.മി വരെ വീതിയുമുണ്ട് .
മൂത്രത്തിൽ കല്ലിന് ചില സ്ഥലങ്ങളിൽ ആറ്റുവഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .എങ്കിലും കല്ലൂർവഞ്ചി തന്നെയാണ് മൂത്രത്തിൽ കല്ലിന് ഫലപ്രദമായ ഔഷധം .പലപ്പോഴും നമ്മൾ അങ്ങാടിക്കടകളിൽ നിന്നും കല്ലൂർവഞ്ചി വാങ്ങുമ്പോൾ അതിനു പകരമായി ആറ്റുവഞ്ചി ആയിരിക്കും കിട്ടുന്നത് . പൈൽസ് ,ഗൊണോറിയ, സിഫിലിസ് എന്നിവയുടെ ചികിത്സയിൽ ആറ്റുവഞ്ചി ഔഷധമായി ഉപയോഗിക്കുന്നു .