പനി, ഉദരരോഗങ്ങൾ ,ഓർമ്മശക്തി ,ബുദ്ധിശക്തി ,ശ്വാസകോശ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് വിഷ്‌ണുക്രാന്തി .ഇതിനെ കൃഷ്ണക്രാന്തി എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ വിഷ്‌ണുക്രാന്താ ,ഹരിക്രാന്താ എന്നീ പേരുകളിലും അറിയപ്പെടുന്നു .വിഷ്‌ണു ഭഗവാന്റെയും കൃഷ്‌ണ ഭഗവാന്റെയും ശരീരനിറമായ നീലനിറത്തിലുള്ള പൂക്കൾ ഈ സസ്യത്തിൽ ഉണ്ടാവുന്നതിനാലാവാം ഇങ്ങനെയുള്ള പേരുകൾ വരാൻ കാരണം .
Botanical Name : Evolvulus Alsinoides
Family:Convolvulaceae (Morning Glory Family)
Synonyms : Convolvulus Alsinoides
കാണപ്പെടുന്ന സ്ഥലങ്ങൾ .
മിക്ക രാജ്യങ്ങളിലും വിഷ്‌ണുക്രാന്തി വളരുന്നു .ഇന്ത്യയിൽ കേരളം ,തമിഴ്‌നാട് ,കർണ്ണാടകം ,ആന്ധ്രാപ്രദേശ് ,ബീഹാർ ,ഗുജറാത്ത് ,ഒറീസ്സ ,ഉത്തർപ്രദേശ് ,പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വിഷ്‌ണുക്രാന്തി സുലഭമായി കാണപ്പെടുന്നു .
സസ്യവിവരണം .
നിലത്തു പടർന്നു വളരുന്ന ഒരു ബഹുവർഷ സസ്യം .ഇലകൾ വളരെ ചെറുതും ഏകാന്തരമായി വിന്യസിച്ചിരിക്കുന്നതുമാണ് .ഇലകൾ അണ്ഡാകൃതിയിലോ വൃത്താകൃതിയിലോ കാണപ്പെടുന്നു .ഇവയുടെ ഇളം ശാഖകൾ രോമാവൃതമാണ് .ഇവയിൽ പൂവും കായും കാണപ്പെടുന്നു .പൂവിന്റെ നിറം നീലയാണ് .പൂക്കൾ ഒറ്റയായോ മൂന്നെണ്ണം വീതമുള്ള കുലയായോ ഉണ്ടാകുന്നു .ഫലം ഉരുണ്ടതും നാലു വാൽവുകളോടു കൂടിയതുമായ ക്യാപ്‌സൂൾ .വിത്തുകൾക്ക് തവിട്ടുനിറമാണ് .
ആയുർവേദ ഗ്രന്ഥങ്ങളിൽ പൂക്കളുടെ നിറത്തെ അടിസ്ഥാനപ്പെടുത്തി നീലപുഷ്പി ,ശുക്ളപുഷ്പ,,രക്തപുഷ്പിക എന്നിങ്ങനെ മൂന്നിനം വിഷ്‌ണുക്രാന്തിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട് .ചില സംസ്ഥാനങ്ങളിൽ ശംഖുപുഷ്പത്തിനു പകരമായി വിഷ്‌ണുക്രാന്തി ഉപയോഗിക്കുന്നു .
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് വിഷ്‌ണുക്രാന്തി .കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പൂവാങ്കുറുന്തല്‍, മുയല്‍ചെവി, കറുക, കയ്യോന്നി, നിലപ്പന, വിഷ്ണുക്രാന്തി, ചെറൂള , തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നീ 10 തരം ചെടികളാണ് ദശപുഷ്പങ്ങൾ .കേരളത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ദശപുഷ്പങ്ങൾ.ഇവയ്ക്ക് ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട്.കൂടാതെ ഇവ പല പൂജകൾക്കും ആഘോഷങ്ങൾക്കും ഉപയോഗിക്കുന്നു .പണ്ടുകാലങ്ങളിൽ മന്ത്രവാദത്തിന് വിഷ്‌ണുക്രാന്തി ഉപയോഗിച്ചിരുന്നു .
വിഷ്‌ണുക്രാന്തി ഔഷധഗുണങ്ങൾ .
ദേവ കാലഘട്ടത്തിൽ ഗർഭധാരണ ശേഷി വർധിപ്പിക്കുന്ന ഔഷധമായി വിഷ്‌ണുക്രാന്തി ഉപയോഗിച്ചിരുന്നു .സന്തോൽപ്പാദനശേഷി വർധിപ്പിക്കും .സ്ത്രീകൾക്ക് ശരീരപുഷ്ടിക്കും ഗർഭരക്ഷയ്‌ക്കും നല്ലതാണ് .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കും .കുട്ടികളിലെ മാനസിക വളർച്ചക്കുറവിനും നല്ലതാണ് .ഇടവിട്ടുണ്ടാകുന്ന പനി ശമിപ്പിക്കും .രക്തശുദ്ധിയുണ്ടാക്കും .കാമം വർധിപ്പിക്കും .മുടിവളർച്ചയെ സഹായിക്കും .മുടികൊഴിച്ചിൽ അകാലനര എന്നിവയ്ക്കും നല്ലതാണ് .ഉദരരോഗങ്ങൾ ശമിപ്പിക്കും .കഫമിളക്കും .ബ്രോങ്കൈറ്റിസ് ,ആസ്മ ,അപസ്‌മാരം എന്നിവയ്ക്കും നല്ലതാണ് .വിഷത്തിനും നല്ലതാണ് .വയറിളക്കം ,അതിസാരം എന്നിവയ്ക്കും നല്ലതാണ് .ഉറക്കക്കുറവിനും നല്ലതാണ് .മുറിവുകൾക്കും ചതവുകൾക്കും, വ്രണങ്ങൾക്കും നല്ലതാണ് .
വിഷ്‌ണുക്രാന്തി ചേരുവയുള്ള ചില ഔഷധങ്ങൾ .
Jeevani granules - ജീവനി ഗ്രാന്യൂള്‍സ് .
മാനസിക പിരിമുറുക്കം ,ശരീരക്ഷീണം ,ആരോഗ്യക്കുറവ് ,രോഗപ്രതിരോധ ശേഷിക്കുറവ് ,ലൈംഗീക ശേഷിക്കുറവ് തുടങ്ങിയവയ്ക്ക് ജീവനി ഗ്രാന്യൂള്‍സ് ഉപയോഗിക്കുന്നു .
മൃതസഞ്ജീവനി അരിഷ്ടം - Mritasanjivani Arishtam.
ഒരു കാരണവുമില്ലാതെ അനുഭവപ്പെടുന്ന ശരീരക്ഷീണം (ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം) ,ആരോഗ്യക്കുറവ് ,ഉന്മേഷക്കുറവ് ,ലൈംഗീക ശേഷിക്കുറവ് തുടങ്ങിയ അവസ്ഥകളിൽ മൃതസഞ്ജീവനി അരിഷ്ടം ഉപയോഗിച്ചു വരുന്നു .
മുസ്താദി മർമ്മ കഷായം -Mustadi Marma Kashayam.
ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്ന കഷായ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മുസ്താദി മർമ്മ കഷായം .
മുസ്താദി മർമ്മക്വാഥം - Mustadi Marmakwatham.
ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന, അസ്ഥിക്ഷയംമുതലായവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മുസ്താദി മർമ്മക്വാഥം.
അശവെണ്ണ - Asavenna.
ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,സന്ധിവേദന ,പേശിവേദന മുതലായവയുടെ ചികിൽത്സയിൽ ബാഹ്യമായി ഉപയോഗിക്കുന്ന ഒരു തൈലമാണ് അശവെണ്ണ.
Memocap Capsules -ബുദ്ധിശക്തി ,ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നതിനും ,മാനസിക പിരിമുറുക്കം ,ഉറക്ക കുറവ് മുതലായവ പരിഹരിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .
Braintone Tablet - ഓർമ്മക്കുറവ് ,ബുദ്ധിമാന്ദ്യം ,മാനസിക പിരിമുറുക്കം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
Sarva Sura Kudineer Chooranam - എല്ലാത്തരം പനിയുടേയും ചികിൽത്സയിലും .ചുമ, ആസ്മ ,ജലദോഷം എന്നിവയുടെ ചികിൽത്സയിലും ഉപയോഗിക്കുന്ന പൊടി രൂപത്തിലുള്ള ഒരു സിദ്ധ വൈദ്യത്തിലുള്ള ഒരു ഔഷധമാണ്
ഇവ കൂടാതെ Bpewin Capsule , Somiwin Capsule, Mentat DS Syrup, BAN Baby Oil, Braino Sup tablet തുടങ്ങിയ നിരവധി ഔഷധങ്ങളിൽ വിഷ്‌ണുക്രാന്തി ഒരു ചേരുവയാണ് .
പ്രാദേശിക നാമങ്ങൾ .
English Name - Dwarf Morning Glory, Slender Dwarf Morning Glory
Malayalam Name - Vishnukranthi
Tamil Name - Vishnukarandi
Telugu Name – Vishnukranta
Hindi Name - Shyamkranti, Sankhapuspi
Marathi Name - Vishnukanta
Gujarati Name - Kalisankhavali
Punjabi Name - Shankhpushpi
ഔഷധയോഗ്യഭാഗം - സമൂലം .
രസാദി ഗുണങ്ങൾ
രസം - കടു, തിക്തം
ഗുണം - രൂക്ഷം, തീക്ഷ്ണം
വീര്യം - ഉഷ്ണം
വിപാകം - കടു
വിഷ്‌ണുക്രാന്തിയുടെ ചില ഔഷധപ്രയോഗങ്ങൾ .
വിഷ്‌ണുക്രാന്തി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് കഴിച്ചാൽ പനി ശമിക്കും .വിഷ്‌ണുക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് രണ്ടോ മൂന്നോ സ്പൂൺ കഴിക്കുന്നതും പനി മാറാൻ ഉത്തമമാണ് .
25 ഗ്രാം വിഷ്‌ണുക്രാന്തി സമൂലം 200 മില്ലി വെള്ളത്തിൽ കഷായം വച്ച് 50 മില്ലിയാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ എല്ലാത്തരം പനിയും ശമിക്കും .
വിഷ്‌ണുക്രാന്തി സമൂലം ജീരകവും ചേർത്ത് തിളപ്പിച്ച് പാലും ചേർത്ത് കഴിക്കുന്നത് പനി ,ശരീരക്ഷീണം ,ശരീരം മെലിച്ചിൽ ,ഓർമ്മക്കുറവ് എന്നിവയ്ക്ക് നല്ലതാണ് .
വിഷ്‌ണുക്രാന്തി സമൂലം ചുക്കും ചേർത്ത് കഷായം വച്ച് പാലും ചേർത്ത് കഴിക്കുന്നത് ഉറക്കക്കുറവിന് ഫലപ്രദമായ മരുന്നാണ് .വിഷ്‌ണുക്രാന്തി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പാലിൽ കലക്കി കിടക്കാൻ നേരം കഴിക്കുന്നതും ഉറക്കക്കുറവിന് നല്ലതാണ് .
വിഷ്‌ണുക്രാന്തി സമൂലം അരച്ച് കിഴികെട്ടി പാലിലിട്ട് തിളപ്പിച്ച് കാച്ചി വറ്റിച്ച് കുട്ടികൾക്ക് കൊടുത്താൽ മെലിഞ്ഞ കുട്ടികളുടെ ശരീരം പുഷ്ടിപ്പെടും .ഉറക്കക്കുറവുള്ളവർക്കും ഈ രീതിയിൽ കഴിക്കാവുന്നതാണ് .
വിഷ്‌ണുക്രാന്തി സമൂലം ഇടിച്ചു പിഴിഞ്ഞ 10 മില്ലി നീരിൽ നെയ്യ് ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ് എന്നിവ മാറും . കൂടാതെ തലച്ചോറിന്റെ എല്ലാ ബലഹീനതകളും പരിഹരിക്കാൻ ഈ ഔഷധം ഫലപ്രദമാണ് .
വിഷ്‌ണുക്രാന്തിയുടെ ഇല ഉണക്കിപ്പൊടിച്ച് വ്രണങ്ങളിൽ വിതറിയാൽ പഴകിയ വ്രണങ്ങളും സുഖപ്പെടും .
വിഷ്‌ണുക്രാന്തി സമൂലം അരച്ച് ചൂടുവെള്ളത്തിലോ കാടിവെള്ളത്തിലോ കലക്കി രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ ഉദരകൃമി നശിക്കും .വിഷ്‌ണുക്രാന്തി സമൂലം അരച്ച് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചു കുളിച്ചാൽ മുടി നന്നായി വളരുന്നതിന് സഹായിക്കും .
വിഷ്‌ണുക്രാന്തി സമൂലം ഉണക്കി പുക വലിച്ചാൽ ആസ്മ ,ബ്രോങ്കൈറ്റിസ് എന്നിവയ്ക്ക് ശമനമുണ്ടാകും .
വിഷ്‌ണുക്രാന്തി സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ പശുവിൻ പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് സ്ത്രീകളുടെ ശരീരപുഷ്ടി വർധിപ്പിക്കുന്നതിന് ഉത്തമമാണ് .
മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും വിഷ്‌ണുക്രാന്തി സമൂലം ഉണക്കിപ്പൊടിച്ച പൊടി 5 ഗ്രാം വീതം 100 മില്ലി വെള്ളത്തിൽ കുറച്ചുസമയം തിളപ്പിച്ച് അരിച്ചെടുത്ത് ഭക്ഷണത്തിനു മുമ്പ് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നത് നല്ലതാണ് .