ടോൺസിലൈറ്റിസ്,ചെവിവേദന, പനി, നേത്രസംബന്ധമായ രോഗങ്ങൾ, രക്തസ്രാവം ,മൂലക്കുരു എന്നിവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് മുയൽച്ചെവിയൻ .ഒടിച്ചുഴിയാൻ , ഒറ്റചെവിയൻ, എഴുതാന്നിപ്പച്ച, നാരായണപച്ച,തിരുദേവി എന്നീ പേരുകളിലും ഈ സസ്യം അറിയപ്പെടുന്നു .ഇതിന്റെ ഇലകൾക്ക് മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലാണ് മുയൽച്ചെവിയൻ എന്ന പേര് ഈ സസ്യത്തിന് വരാൻ കാരണം .ഇതേ അർത്ഥത്തിൽ സംസ്‌കൃതത്തിൽ ശശശ്രുതി എന്ന പേരിൽ ഈ സസ്യം അറിയപ്പെടുന്നു .കൂടാതെ ആഖുകർണീ ,ദ്രവന്തീ ,സംബരീ തുടങ്ങിയ സംസ്‌കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .
Botanical Name: Emilia Sonchifolia
Family: Asteraceae (Sunflower Family)
Synonyms : Senecio Rapae, Emilia Sinica,Crassocephalum Sonchifolium
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം പറമ്പുകളിലും കുന്നിൻചരുവുകളിലും ഒരു പാഴ്‌ചെടിയായി ഈ സസ്യം വളരുന്നു .
സസ്യവിവരണം .
ശരാശരി 60 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ഏകവർഷ ഔഷധി .മാംസളമായ തണ്ടും ഇലകളുമാണ് ഇവയുടേത് .പച്ചയും വെള്ളയും കലർന്ന നിറമാണ് ഇവയ്ക്ക് .ഇലയിലും തണ്ടിലുമെല്ലാം ചെറിയ രോമങ്ങൾ കാണപ്പെടുന്നു .ചെടിയുടെ എല്ലാ ഭാഗത്തും ഇലകൾ ഒന്നിടവിട്ട് വിന്യസിച്ചിരിക്കുന്നു .ആൺപൂക്കളും പെൺപൂക്കളും വെവ്വേറെ ചെടിയിൽ ഉണ്ടാകുന്നു .ഇവയുടെ പൂക്കൾ മിക്കവാറും ഒരോന്നായിട്ടേ കാണുകയൊള്ളു .ദളപുടം ചുവപ്പു നിറത്തിലോ നീലലോഹിത വർണ്ണത്തിലോ കാണപ്പെടുന്നു .ഇവയുടെ ഫലം ചെറുതും ഒരു വിത്തോടു കൂടിയതുമാണ് .വിത്തിൽ നിന്നുമാണ് പ്രജനനം .
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് മുയൽച്ചെവിയൻ. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ടന്നാണ് വിശ്വാസം .ഹിന്ദുക്കൾ ദേവ പൂജയ്ക്കും സ്ത്രീകൾ തലയിൽ ചൂടാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു .കർക്കിടക മാസത്തിൽ രോഗശമനത്തിനും പാപ പരിഹാരത്തിനുമാണ് ദശപുഷ്പം തലയിൽ ചൂടുന്നത് . മുയൽച്ചെവിയൻ സ്ത്രീകൾ തലയിൽ ചൂടിയാൽ മംഗല്ല്യസിദ്ധിയാണ് ഫലപ്രാപ്തി എന്നാണ് വിശ്വാസം.കർക്കിടക കഞ്ഞിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് മുയൽച്ചെവിയൻ .
മുയൽച്ചെവിയന്റെ ഔഷധഗുണങ്ങൾ .
തൊണ്ട സംബന്ധമായി ഉണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും മുയൽച്ചെവിയൻ നല്ലതാണ് .നേത്രകുളിർമ്മയ്ക്കും നേത്രരോഗങ്ങൾക്കും നല്ലതാണ് .പനിയെയും ആസ്മയെയും പ്രതിരോധിക്കും .ടോൺസിലൈറ്റിസ് ,മൈഗ്രെയ്ൻ,രക്താർശ്ശസ് എന്നിവയ്ക്കും നല്ലതാണ് .ഉദരരോഗങ്ങൾ ,വയറിളക്കം ,ചെവിവേദന ,രക്തശ്രാവം ,വ്രണങ്ങൾ ,തുടങ്ങിയ നിരവധി രോഗങ്ങൾക്കും മുയൽച്ചെവിയൻ ഔഷധമാണ് .
പ്രാദേശിക നാമങ്ങൾ .
English Names - Cupid's Shaving Brush, Lilac Tasselflower, Red Tasselflower, Purple Sow Thistle
Malayalam Name - Muyalcheviyan
Tamil Name - Muyalccevi
Hindi Name - Hirankhuri, Hirankuri
Marathi Name - Sadamandee, Panom
Bengali Name - Sadhimodi, Sachimodi
Kannada Name - Elikivi Gida, Elikivisoppu
രസാദി ഗുണങ്ങൾ .
രസം - കടു,കഷായം,തിക്തം
ഗുണം - ലഘു,തീക്ഷ്ണം
വീര്യം - ശീതം
വിപാകം - കടു
ഔഷധയോഗ്യഭാഗം - സമൂലം .
മുയൽച്ചെവിയന്റെ ചില ഔഷധപ്രയോഗങ്ങൾ .
ടോൺസിലൈറ്റിസ്.
മുയൽച്ചെവിയൻ സമൂലം കല്ലൂപ്പും കൂട്ടിയരച്ച് കഴുത്തിൽ പുരട്ടുകയും സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ ടോൺസിലൈറ്റിസ് മാറും .മുയല്‍ച്ചെവിയനന്റെ നീരും കുമ്പളങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നതും ടോൺസിലൈറ്റിസിന് മരുന്നാണ് .മുയൽച്ചെവിയൻ സമൂലം അരച്ച് ചെറുതേനിൽ ചാലിച്ച് തൊണ്ടയിൽ പുറമെ പുരട്ടിയാലും തൊണ്ടവേദന മാറും .
പനി .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 5 മുതൽ 10 മി.ലി വരെ രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ പനി മാറും .ഇടവിട്ടുണ്ടാകുന്ന പനിക്കും നല്ലതാണ് .
വ്രണങ്ങൾ .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ സമം എണ്ണയും ചേർത്ത് മഞ്ഞളും ഇരട്ടിമധുരവും അരച്ചു ചേർത്ത് കാച്ചി കർപ്പൂരവും മെഴുകും ചേർത്തതിനു ശേഷം വ്രണങ്ങളിൽ പുരട്ടിയാൽ പഴകിയ വ്രണങ്ങളും കരിയും .
പൈൽസ് .
മുയൽച്ചെവിയൻ സമൂലം അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ മോരിൽ കലക്കി കുടിച്ചാൽ പൈൽസും ,ബ്ലീഡിംഗ് പൈൽസും ഭേദമാകും . മുയൽച്ചെവിയനും പച്ചമഞ്ഞളും ചേർത്തരച്ച് മലദ്വാരത്തിൽ കടത്തി വയ്ക്കുന്നതും പൈൽസിന് മരുന്നാണ് .
വയറിളക്കം .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ പഞ്ചസാരയും ചേർത്ത് കഴിച്ചാൽ വയറിളക്കം മാറും .വയറുവേദനയ്ക്കും ഇങ്ങനെ കഴിക്കാവുന്നതാണ് .
പരുവിന് .
മുയൽച്ചെവിയൻ സമൂലം അരച്ച് വെണ്ണയിൽ ചാലിച്ച് പരുവിന്റെ മുകളിൽ പുരട്ടിയാൽ പരു പെട്ടന്ന് പഴുത്തു പൊട്ടി സുഖം പ്രാവിക്കും .
തലവേദന .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീരിൽ രാസ്നാദിപ്പൊടി ചാലിച്ച് നെറുകയിൽ പുരട്ടിയാൽ തലവേദന മാറും .മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് കാലിന്റെ പെരുവിരലിൽ ഒഴിച്ചു നിർത്തിയാൽ തലവേദന,മൈഗ്രൈന്‍ എന്നിവ മാറും .
ബ്ലീഡിംഗ് .
ഉദരകൃമി .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം മൂന്ന് ദിവസം തുടർച്ചായി കഴിച്ചാൽ കൃമിശല്ല്യം ഇല്ലാതാകും .
നേത്രരോഗങ്ങൾ .
മുയൽച്ചെവിയന്റെ ഇല നന്നായി കഴുകി ചതച്ച് നീരെടുത്ത് നന്നായി അരിച്ചെടുത്ത് കണ്ണിലൊഴിച്ചു നിർത്തിയാൽ കൺകുരു ഉൾപ്പടെ ഒരുവിധപ്പെട്ട എല്ലാ നേത്രരോഗങ്ങളും മാറും .കൂടാതെ കണ്ണിനു നല്ല കുളിർമ കിട്ടുകയും ചെയ്യും .
സൈനസൈറ്റിസ്.
മുയൽച്ചെവിയൻ സമൂലം അരച്ച് നെറുകയിൽ വച്ചാൽ സൈനസൈറ്റിസ് മാറും .
കാലിലെ മുള്ളു നീക്കാൻ .
മുയൽച്ചെവിയൻ സമൂലം വെള്ളം തൊടാതെ അരച്ച് മുള്ളു തറച്ച ഭാഗത്ത് വച്ചുകെട്ടിയാൽ മുള്ള് തനിയെ പുറത്തുവരാൻ സഹായിക്കും .
കഴുത്തുവേദന .
മുയൽച്ചെവിയൻ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് നെറുകയിലും കഴുത്തിലുമായി പുരട്ടിയാൽ കഴുത്തുവേദന ശമിക്കും .
ആസ്മ .
മുയൽച്ചെവിയൻ സമൂലം കഷായം വച്ച് കഴിച്ചാൽ ആസ്മ ശമിക്കും .
തലനീരിറക്കം .
മുയൽച്ചെവിയൻ സമൂലവും പൂവാംകുറുന്തൽ സമൂലവും ഇടിച്ചുപിഴിഞ്ഞ നീരിൽ സമം വെളിച്ചണ്ണയും ചേർത്ത് കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ തലനീരിറക്കം ,സൈനസൈറ്റിസ് തുടങ്ങിയ ശിരോ സംബന്ധമായ രോഗങ്ങൾ മാറിക്കിട്ടും .