പനി, ആസ്ത്മ, ചുമ, ഛർദ്ദി ,തലവേദന ,ത്വക്ക് രോഗങ്ങൾ ,വയറിളക്കം ,അൾസർ മുതലായ രോഗങ്ങളുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് നിലനാരകം.കേരളത്തിൽ ഇതിനെ മലയാമുക്കി എന്ന പേരിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ അമ്ലവള്ളി ,ത്രിപർണ്ണിക തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .
Botanical Name : Naregamia Alata
Family : Meliaceae (Neem Family)
Synonyms :Turraea Alata, Naregamia Dentata
കാണപ്പെടുന്ന സ്ഥലങ്ങൾ .
തെക്കേ ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം വളരുന്നു .പറമ്പുകളിലും ,കാടുകളിലും ,വെളിമ്പ്രദേശങ്ങളിലും ഈ സസ്യം സുലഭമായി കാണപ്പെടുന്നു ,
സസ്യവിവരണം ,
30 സെ.മി ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ സസ്യമാണ് നിലനാരകം .ഇലയ്ക്ക് നാരകത്തിന്റെ ഗന്ധമുണ്ട് .ഇതിന്റെ വേരിനും നല്ല ഗന്ധമുണ്ട് .ഇലകൾക്ക് 1.5 മുതൽ 2.5 സെ.മീ വരെ നീളവും 0.6 മുതൽ 1.2 സെ.മീ വരെ വീതിയുമുണ്ടാകും .ഇവയിൽ വെള്ള നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്നു .ബാഹ്യദളങ്ങളും ദളങ്ങളും 5 എണ്ണം വീതമുണ്ട് .ഇവയുടെ ഉരുണ്ട കായിൽ രണ്ടു വിത്തുകൾ കാണപ്പെടുന്നു .
നിലനാരകം ഉപയോഗങ്ങൾ .
നിലനാരകത്തിന്റെ ഇലകളുടെ പ്രത്യേക ഗന്ധം കീടങ്ങളെ അകറ്റും .മൃഗങ്ങൾ ,വളർത്തു പക്ഷികൾ എന്നിവയുടെ ദേഹത്തെ പേൻശല്യം നിയന്ത്രിക്കാൻ നിലനാരകം അടയ്ക്കാമണിയന്‍ ചെടിയോ ,ചണ്ണക്കൂവ എന്ന ചെടിയുമായോ ചേര്‍ത്തരച്ചുണ്ടാക്കിയ ലായനി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നു .അതെ പോലെ പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റാൻ ഇല അരച്ച് സോപ്പ് ലായനിക്കൊപ്പം ഉപയോഗിച്ചിരുന്നു .
നിലനാരകം ഔഷധഗുണങ്ങൾ .
പകർച്ച വ്യാധികളെ തടയും .കഫമിളക്കും .രക്തം ശുദ്ധികരിക്കും .പനി ശമിപ്പിക്കും .മുറിവുകൾ ,വ്രണങ്ങൾ ,ചുമ ,ആസ്മ ,ബ്രോങ്കൈറ്റിസ് ,കരപ്പൻ,ചൊറിച്ചിൽ ,പ്ലീഹാരോഗങ്ങൾ ,വാതം ,പിത്തം ,വയറിളക്കം, വിളർച്ച എന്നിവയ്‌ക്കെല്ലാം നിലനാരകം നല്ലതാണ് .ഇതിന്റെ വേര് ഛർദ്ദിലും വയറിളക്കവും ഉണ്ടാക്കും .ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍ നിലനാരകം ഉപയോഗിച്ചിരുന്നു .
നിലനാരകം സമൂലം അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പുറമെ പുരട്ടുന്നത് കുട്ടികളിലെ കരപ്പൻ ഇല്ലാതാക്കാൻ ഉത്തമമാണ് ,ഈ എണ്ണ അലർജി മൂലം ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിലിനും ഉത്തമമാണ് .ഈ എണ്ണ നെറുകയിലും നെറ്റിയിയിലും പുരട്ടുന്നത് കൊടിഞ്ഞി തലവേദനയ്ക്ക് ഉത്തമമാണ് .സ്ഥിരമായി ഉണ്ടാകുന്ന ടോൺസിലൈറ്റിസ് മാറാനും ഈ എണ്ണ തലയിൽ തേച്ചുകുളിക്കുന്നത് നല്ലതാണ് .
നിലനാരകം സമൂലം ഔഷധയോഗ്യമാണ് .അധിക അളവിൽ ഉള്ളിൽ പോയാൽ വയറിളക്കവും ഛർദ്ദിയും ഉണ്ടാക്കും .അതിനാൽ നിലനാരകം ഉള്ളിൽ കഴിക്കാൻ ഔഷധമായി ഉപയോഗിക്കുമ്പോൾ ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക .
പ്രാദേശിക നാമങ്ങൾ .
English Name - Goanese Ipecac, Goanese Ipecacuanh
Malayalam Name - Nilanarakam
Hindi Name - Pitmari, Tinparni
Tamil Name - Nilanarakam
Kannada Name - Nelabevu, Nela Kanchi