മുടികൊഴിച്ചിൽ ,വാതരോഗങ്ങൾ ,നീര് , മലബന്ധം ,പനി ,ഓർമ്മക്കുറവ് മുതലായവയുടെ ചികിൽത്സയ്ക്കായി ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ഉഴിഞ്ഞ .സംസ്‌കൃതത്തിൽ കർണസ്‌ഫോടാ, ഇന്ദ്രവല്ലി, ചക്രലത ,തേജസ്വിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു .കേരളത്തിൽ പ്രാദേശികമായി വള്ളി ഉഴിഞ്ഞ ,പാലരുവം ,കറുത്തകുന്നി ,ജ്യോതിഷ്മതി തുടങ്ങിയ പേരുകളിലെല്ലാം അറിയപ്പെടുന്നു .
Botanical name : Cardiospermum halicacabum
Family: Sapindaceae (Soapberry family)
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം ഉഴിഞ്ഞ കാണപ്പെടുന്നു .പറമ്പുകളിലും വെളിമ്പ്രദേശങ്ങളിലും ഈ സസ്യം പടർന്നു വളരുന്നു .
സസ്യവിവരണം .
ഒരു വാർഷിക വള്ളിച്ചെടിയാണ് ഉഴിഞ്ഞ .അത്ര ഉയരത്തിൽ അല്ലെങ്കിലും വള്ളി ആകൃതിയുള്ള കൊളുത്തുകളുടെ സഹായത്തോടെയാണ് ഈ സസ്യം പടർന്നു കയറി വളരുന്നത് .ഇവയുടെ ശിഖിരങ്ങളോട് കൂടിയ തണ്ടിന് ബലക്കുറവാണ് .അനനുപർണിയും നീണ്ട വൃന്തത്തോടു കൂടിയതും ത്രിപർണിയുമായ സംയുക്ത പത്രങ്ങളാണ് ഈ സസ്യത്തിനുള്ളത് .ഇലകളുടെ അരികുകൾ ദന്തുരമാണ് .
ഇലകളുടെ കക്ഷങ്ങളിൽ നിന്നും പൂങ്കുല ഉണ്ടാകുന്നു .പൂക്കൾക്ക് പച്ചകലർന്ന വെള്ള നിറമാണ് .ബാഹ്യദളങ്ങളും ദളങ്ങളും 4 വീതം .കേസരങ്ങൾ 8 .ഫലങ്ങൾ പരന്ന് 3 പാർശ്വങ്ങൾ ഉള്ളതും ചിറകുകളോടു കൂടിയതുമാണ് .ഇവയുടെ വിത്തുകൾ മുക്കാൽ ഭാഗം കറുത്തുതും .കാൽ ഭാഗം വെളുത്തതുമാണ് .അതിനാലാണ് ഇതിനെ കറുത്തകുന്നി എന്ന പേരിൽ അറിയപ്പെടാൻ കാരണം .
ഉഴിഞ്ഞ വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ .
ദശപുഷ്പങ്ങളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴിഞ്ഞ .നമ്മുടെ പറമ്പുകളിൽ സർവസാധാരണമായി കാണപ്പെടുന്ന പത്തുതരം ഔഷധസസ്യങ്ങളാണ് ദശപുഷ്പങ്ങൾ .ഉഴിഞ്ഞ,ചെറൂള, പൂവാംകുറുന്തൽ,കയ്യോന്നി, കൃഷ്ണക്രാന്തി, നിലപ്പന,കറുക, മുക്കുറ്റി, മുയൽ ചെവിയൻ, തിരുതാളി എന്നിവയാണ് ദശപുഷ്പങ്ങൾ.കേരളത്തിലെ പരമ്പരാഗത സംസ്കാരത്തിന്റെ ഒരു ഭാഗമാണ് ദശപുഷ്പങ്ങൾ.ഇവ ഉപയോഗിച്ച് പല തരം ആഘോഷങ്ങളും പൂജകളും നടത്താറുണ്ട്.ഇവയ്ക്ക് ആയുർവേദ ചികിത്സയിലും നാട്ടുവൈദ്യത്തിലും വളരെ പ്രാധാന്യമുണ്ട്.
ദശപുഷ്പം ചൂടുന്നത് തിരുവാതിര വ്രതത്തിലെ ഒരു ചടങ്ങാണ്.ദശപുഷ്പങ്ങൾ ചൂടിയാൽ ഐശ്വര്യവും സൗഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം .ഐശ്വര്യത്തിനും, ഭർത്താവിന്റെ ആയുരാരോഗ്യത്തിനും വേണ്ടിയാണു സ്ത്രീകൾ തിരുവാതിര വ്രതകാലത്ത് ദശപുഷ്പം ചൂടുന്നത്.കൂടാതെ ദശപുഷ്പങ്ങൾ ചൂടിയാൽ സന്തോഷകരമായ ദാമ്പത്യ ജീവിതവും സുമംഗലിയായി വളരെക്കാലം ജീവിക്കാനുള്ള ഭാഗ്യവും ഉണ്ടാകുമെന്നാണ് വിശ്വാസം .കർക്കിടക കഞ്ഞിയിലെ ഒരു ചേരുവ കൂടിയാണ് ഉഴിഞ്ഞ .
രാസഘടകങ്ങൾ .
ഉഴിഞ്ഞയിൽ ഫ്ളേവോൺ വർഗത്തിൽപ്പെട്ട ല്യൂട്ടിയോളിൻ എന്ന രാസപദാർത്ഥം അടങ്ങിയിരിക്കുന്നു .ഉഴിഞ്ഞയുടെ ഇലയിൽ പിനിറ്റോൾ ,ബീറ്റാ സിറ്റോസ്റ്റിട്രോൾ ,അരാക്കിഡിക് അമ്ലം ,ക്രൈസോറിയോൾ -7 -0 -ഗ്ലൃൂക്ക് റോണൈഡ് എന്നീ രാസപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു .
ഉഴിഞ്ഞയുടെ ഔഷധഗുണങ്ങൾ .
പനി ശമിപ്പിക്കും .മലം അയഞ്ഞുപോകാൻ സഹായിക്കുന്നു .ഉഴിഞ്ഞയുടെ വേര് മൂത്രം ഇളക്കും .വിയർപ്പ് കുറയ്ക്കും ,ഛർദ്ദി ഉണ്ടാക്കും ,വയറിളക്കും .വാതഹരമാണ് .നീര് വറ്റിക്കും .മുടി വളരാനും തലയിലെ അഴുക്കു കളയാനും സഹായിക്കും .ആർത്തവത്തകരാറുകൾ ,മൂലക്കുരു ,നടുവേദന,ഒടിവ് ,ചതവ് എന്നിവയ്ക്കും നല്ലതാണ് .ഉഴിഞ്ഞ ഇല സന്ധിവേദനകൾക്കും ,കണ്ണുവേദനയ്ക്കും ,ചെവിവേദനയ്ക്കും നല്ലതാണ് .ഉഴിഞ്ഞയുടെ വിത്ത് പോഷകമാണ് . ഉഴിഞ്ഞ നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്നതും ബുദ്ധി ,ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നതുമാണ് .
ഉഴിഞ്ഞ ചേരുവയുള്ള ഔഷധങ്ങൾ .
1. ചുക്കുംതിപ്പല്യാദി ഗുളിക - Chukkumthippalyadi Gulika.
പനിയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ഔഷധമാണ് ചുക്കുംതിപ്പല്യാദി ഗുളിക.പ്രത്യേകിച്ച് വിട്ടുമാറാത്ത പനിക്ക് ഈ ഔഷധം ഫലപ്രദമായി ഉപയോഗിച്ചു വരുന്നു .കൂടാതെ കഫക്കെട്ട് ,ചുമ ,ശ്വാസം മുട്ട് ,മൈഗ്രേൻ തുടങ്ങിയ അവസ്ഥകളിലൊക്കെ മറ്റു ഔഷധങ്ങൾക്കൊപ്പം ചുക്കുംതിപ്പല്യാദി ഗുളിക ഡോക്ടർമാർ നിർദേശിക്കാറുണ്ട് .
2. മഹാധാന്വന്തരം ഗുളിക - Mahadhanwantaram gulika .
വയറുവേദന ,ഗ്യാസ്ട്രബിൾ ,വാതവേദന ,നാഡി വൈകല്യങ്ങൾ എന്നിവയുടെ ചികിൽത്സയിൽ മഹാധാന്വന്തരം ഗുളിക ഉപയൊഗിക്കുന്നു .കൂടാതെ ഗർഭകാല പരിചരണത്തിനും ഈ ഔഷധം ഉപയോഗിക്കുന്നു . ഗർഭകാലത്തെ ഏതാനും മാസങ്ങൾ ഈ ഔഷധം ഉപയോഗിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു .
3. കേശകമലം ഹെയർ ഓയിൽ - Kesakamalam hair oil.
മുടികൊഴിച്ചിൽ ,അകാലനര ,താരൻ ,തലവേദന എന്നിവയുടെ ചികിൽത്സയിൽ കേശകമലം ഹെയർ ഓയിൽ ഉപയോഗിക്കുന്നു .തിരുവനന്തപുരത്തുള്ള മുക്തി ഫാർമ എന്ന മരുന്നു കമ്പിനിയാണ് ഈ മരുന്ന് നിർമ്മിക്കുന്നത് .
4. നീലിഭൃംഗാദി കേരം - Neelibringadi keram.
താരൻ ,മുടികൊഴിച്ചിൽ ,മുടിയുടെ അറ്റം പിളരുക ,തലയിലെ ചൊറിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി നല്ല കറുപ്പോടെ മുടി സമൃദ്ധമായി വളരാൻ നീലിഭൃംഗാദി എണ്ണ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു ,ഉഴിഞ്ഞ ഇതിൽ ഒരു ചേരുവ ആണെങ്കിലും നീലയമരിയാണ് ഈ എണ്ണയിലെ പ്രധാന ഘടകം .അതിനാലാണ് നീലിഭൃംഗാദി എണ്ണ എന്ന പേര് വരാൻ കാരണം .ഇത് വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി കേര തൈലം എന്നും .എള്ളെണ്ണയിൽ കാച്ചിയെടുക്കുന്നതിനെ നീലിഭൃംഗാദി എണ്ണ എന്നും അറിയപ്പെടുന്നു .
5. ആറുകാലാദി തൈലം - Arukaladi Tailam.
മഞ്ഞപ്പിത്തത്തിന്റെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ആറുകാലാദി തൈലം.ഇത് തലയിൽ തേയ്ക്കുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
പ്രദേശിക നാമങ്ങൾ .
English Name - Baloonwine Heartplant, Blister Creeper
Malayalam Name - Uzhinja,vallivazhinja
Tamil Name - Korravan, Mutakkorran
Hindi Name - Khana Patra, Khanap, Kanphuti
Telugu Name - Buddakakara, Jyotishmati
Kannada Name - Agniballi,bekkina Budde Gida
Marati Name - Kanphuti, Kapal Phodi
Gujarati Name - Karodiya
Sanskrit Name - Indravalli, Kapalphoti, Sakravally, Sathakratuletha,,karavi
ഔഷധയോഗ്യഭാഗം .
ഉഴിഞ്ഞ സമൂലമായും ഇല ,വിത്ത് ,വേര് എന്നിവ പ്രത്യേകം പ്രത്യേകമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നു .
രസാദി ഗുണങ്ങൾ .
രസം - തിക്തം
ഗുണം-സ്നിഗ്ധം, സരം
വീര്യം-ഉഷ്ണം
വിപാകം-മധുരം
ഉഴിഞ്ഞയുടെ ചില ഔഷധപ്രയോഗങ്ങൾ .
1. ഉഴിഞ്ഞ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 30 -40 മില്ലി അളവിൽ ദിവസം രണ്ടുനേരം എന്ന കണക്കിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി കഴിച്ചാൽ മലബന്ധം മാറിക്കിട്ടും .ഉഴിഞ്ഞ സമൂലം കഷായം വച്ച് 30 -40 മില്ലി അളവിൽ കഴിക്കുന്നതും ഫലപ്രദമാണ് .ഈ കഷായം വയറുവേദനയ്ക്കും ഉത്തമമാണ് .ഈ കഷായം 15 -20 ദിവസം തുടർച്ചയായി കഴിച്ചാൽ വാതരോഗങ്ങൾക്ക് ശമനമുണ്ടാകും .
2. ഉഴിഞ്ഞയുടെ ഇല ആവണക്കെണ്ണയിൽ വേവിച്ച് അരച്ച് പുറമെ പുരട്ടിയാൽ വാതരോഗങ്ങൾ ,നീര് ,സന്ധികളിലുണ്ടാകുന്ന വേദനയോടു കൂടിയ നീര് എന്നിവയ്ക്ക് ശമനമുണ്ടാകും .ഉഴിഞ്ഞയുടെ വേര് അരച്ച് പുരട്ടിയാലും ഇതേ ഫലം ലഭിക്കും .
3. ഉഴിഞ്ഞയില അരച്ച് വൃഷണങ്ങളിൽ കുറച്ചുദിവസം പതിവായി ലേപനം ചെയ്‌താൽ വൃഷണവീക്കം മാറും .ഉഴിഞ്ഞ സമൂലം കഷായം വച്ച് 50 മില്ലി അളവിൽ കുറച്ചുദിവസം പതിവായി കഴിക്കുന്നതും വൃഷണവീക്കം മാറാൻ ഫലപ്രദമാണ് .ഉഴിഞ്ഞ വേര് ,വെളുത്തുള്ളി ,ചുക്ക് ,കഴഞ്ചിവേര് ,ആവണക്കിൻ വേര് എന്നിവ ഒരേ അളവിൽ കഷായം വച്ച് ആവണക്കെണ്ണ മേമ്പൊടി ചേർത്തു കഴിച്ചാൽ വൃഷണവീക്കം ശമിക്കും .
4. ഉഴിഞ്ഞയില വറുത്ത് അരച്ച് കുഴമ്പാക്കി അടിവയറ്റിൽ ലേപനം ചെയ്‌താൽ സ്ത്രീകളിലെ ആർത്തവ തടസ്സം മാറിക്കിട്ടും .ഉഴിഞ്ഞയില വെണ്ണപോലെ അരച്ച് നാഭിയിൽ ലേപനം ചെയ്‌താൽ മൂത്രതടസ്സം മാറിക്കിട്ടും .
5. ഉഴിഞ്ഞയിലയുടെ നീര് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുകയും ഉഴിഞ്ഞയില താളിയാക്കി മുടി കഴുകുകയും ചെയ്താൽ മുടി നന്നായി വളരുകയും തലയിലെ അഴുക്കെല്ലാം പോയി മുടി ശുദ്ധിയാകുകയും ചെയ്യും .ഉഴിഞ്ഞ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേയ്ക്കുന്നത് താരൻ ,മുടികൊഴിച്ചിൽ ,മുടി വട്ടത്തിൽ കൊഴിച്ചിൽ എന്നിവ മാറും .ഈ എണ്ണ പതിവായി തലയിൽ തേച്ചാൽ എല്ലാ കർണ്ണരോഗങ്ങളും ശമിക്കും .ഉഴിഞ്ഞയില തേങ്ങാപ്പാലിൽ അരച്ച് കാച്ചി അരിച്ച് കിട്ടുന്ന എണ്ണ തലയിൽ തേക്കുന്നതും മുടി വളരാൻ ഉത്തമമാണ് .
6. ഉഴിഞ്ഞ സമൂലം കഷായം വച്ച് 50 മില്ലി അളവിൽ കുറച്ചുദിവസം കഴിച്ചാൽ ചുമ ,ശ്വാസതടസ്സം എന്നിവ മാറിക്കിട്ടും .ഉഴിഞ്ഞയിലയുടെ ചൂർണ്ണം കഴിക്കുന്നതും ചുമ മാറാൻ ഉത്തമമാണ് .ഉഴിഞ്ഞ നീരിൽ കോഴിമുട്ട ചേർത്ത് പൊരിച്ചു കഴിച്ചാൽ ആസ്മകൊണ്ടുള്ള ശ്വാസം മുട്ടൽ മാറിക്കിട്ടും .
7. ഉഴിഞ്ഞയുടെ വിത്തും ,വേരും കൂടി അരച്ച് ചിലന്തി ,എലി എന്നിവ കടിച്ച മുറിപ്പാടിൽ പുരട്ടിയാൽ ഇവയുടെ വിഷം ശമിക്കും .
8. ഉഴിഞ്ഞയുടെ വേര് വെള്ളത്തിൽ അരച്ച് ഒരു ഔൺസ് വീതം ദിവസം കഴിക്കുകയോ. ഉഴിഞ്ഞയുടെ വേര് വെള്ളത്തിൽ തിളപ്പിച്ച് കഷായമാക്കി ഒരു സ്‌പൂൺ വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുകയോ ചെയ്‌താൽ മൂലക്കുരു ശമിക്കും .
9. ഉഴിഞ്ഞയിലയുടെ നീര് 2 -3 തുള്ളി വീതം ചെവിയിലൊഴിച്ചാൽ ചെവിവേദന ശമിക്കും .ഉഴിഞ്ഞയില വെളിച്ചെണ്ണയിൽ കാച്ചി ചെവിയിൽ ഒഴിക്കുന്നതും ചെവി വേദനയ്‌ക്ക് ഉത്തമമാണ് .
10. ഉഴിഞ്ഞയില ഉണക്കിപ്പൊടിച്ചു ശർക്കര ചേർത്ത് എണ്ണയിൽ തിളപ്പിച്ച് കഴിക്കുന്നത് എല്ലാ നേത്രരോഗങ്ങൾക്കും നല്ലതാണ് .ഉഴിഞ്ഞയിലയിൽ ശർക്കര അരച്ച് പുരട്ടി കൺപോളയിൽ ഒട്ടിച്ചാൽ ചെങ്കണ്ണ് രോഗം പെട്ടന്ന് മാറും .
11. ഉഴിഞ്ഞയുടെ വേര് വെള്ളത്തിൽ അരച്ച് കഴിച്ചാൽ ശക്തമായ പനി ,ഛർദ്ദി എന്നിവ മാറും .ഉഴിഞ്ഞയുടെ ഇലക്കഷായവും പനിക്ക് നല്ലതാണ് .
12. ഒടിവ് പറ്റിയടത്ത് ഉഴിഞ്ഞ ചതച്ച് വച്ചുകെട്ടിയാൽ ഒടിവ് പെട്ടന്നു സുഖപ്പെടും .
13. ഉഴുഞ്ഞയുടെ നാമ്പ് ,വെളുത്തുള്ളി ,ചുക്ക് എന്നിവ അഞ്ചു ഗ്രാം വീതവും കുറച്ച് അയമോദകവും കൂട്ടിയരച്ച് മോരിൽ ചേർത്ത് ഇന്തുപ്പും ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗത്തിന് ഉത്തമമാണ് .
14. ഉഴിഞ്ഞയില അരച്ച് കഴിക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കാൻ ഉത്തമമാണ് .കൂടാതെ വായുകോപവും മാറിക്കിട്ടും .
15. ഉഴിഞ്ഞ സുഖപ്രസവത്തിനും ഉത്തമമാണ് .ഗർഭിണികൾ 7 ,8 ,9 മാസങ്ങളിൽ ഉഴിഞ്ഞയുടെ നീര് കഴിച്ചാൽ സുഖപ്രസവം നടക്കും .