മഞ്ഞപ്പിത്തവും മറ്റു കരൾരോഗങ്ങളുടെയും ചികിൽത്സയിൽ ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കീഴാർനെല്ലി .കേരളത്തിൽ ഇതിനെ കീഴ്കാനെല്ലി ,കീഴാനെല്ലി ,കീഴുക്കായ് നെല്ലി ,കിരുട്ടാർ നെല്ലി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ സ്റ്റോൺ ബ്രേക്കർ എന്ന പേരിലും സംസ്‌കൃതത്തിൽ ഭൂധാത്രീ, താമലകി ,ബഹുപത്ര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name : Phyllanthus niruri
Family : Phyllanthaceae (Amla family)
Synonyms : Phyllanthus amarus, Phyllanthus nanus, Phyllanthus scabrellus
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം പറമ്പുകളിലും വഴിയോരങ്ങളിലും ഒരു കളസസ്യമായി കീഴാർനെല്ലി വളരുന്നു .
സസ്യവിവരണം .
ശരാശരി 30 സെ.മീ ഉയരത്തിൽ വരെ വളരുന്ന ഒരു കുറ്റിച്ചെടി .ഇവയുടെ ഇലകൾ വളരെ ചെറുതും വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ ഉള്ളവയാണ് .പൂക്കൾക്ക് മഞ്ഞകലർന്ന പച്ചനിറമാണ് .ഇവയുടെ പൂക്കൾ വളരെ ചെറുതും ശാഖകളുടെ മുട്ടിൽ ഞാന്നു കിടക്കുന്ന പ്രകൃതമുള്ളവയാണ് .ആൺപൂക്കൾ ഒരു ഞെട്ടിൽ ഒന്നു മുതൽ മൂന്നു വരെയും പെൺപൂക്കൾ ഒറ്റയ്ക്കും കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ ഞെട്ടിൽ പറ്റിപ്പിടിച്ചിരിക്കും .കുഞ്ഞു നെല്ലിക്ക മാതിരിയുള്ള ഫലങ്ങൾക്ക് മൂന്ന് അറകൾ കാണാം .ഓരോ അറയിലും ഓരോ ചെറിയ വിത്തുണ്ട് .വിത്തുവഴിയാണ് കീഴാർനെല്ലിയുടെ സ്വാഭാവിക പ്രജനനം നടത്തുന്നത് .
നെല്ലിയുടെ കുടുംബത്തിൽപ്പെട്ട ഒരു സസ്യമാണ് കീഴാർനെല്ലി .ഫില്ലാന്തസ് നിരൂറി,ഫില്ലാന്തസ് ഫ്രാറ്റേർണസ് ,ഫില്ലാന്തസ് അമരസ്,ഫില്ലാന്തസ് മദരാസ്പറ്റെൻസിസ് ,ഫില്ലാന്തസ് ഡെബ്ലിസ് തുടങ്ങിയ പലയിനം കീഴാർനെല്ലി നമ്മുടെ നാട്ടിൽ കാണപ്പെടുന്നു .ഇവയെല്ലാം തന്നെ കീഴാർനെല്ലിയായി ഉപയോഗിച്ചു വരുന്നു .ഇവയിൽ ഫില്ലാന്തസ് അമാരസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കീഴാർ നെല്ലിക്കാണ് ഔഷധഗുണങ്ങൾ കൂടുതലുള്ളത് .ഈ ചെടിയുടെ തണ്ടുകൾക്ക് ഇളം പച്ചനിറമാണ് .
രാസഘടന .
ഈ ചെടിയുടെ എല്ലാ ഭാഗങ്ങളിലും ഒരു ശതമാനം ആൽക്കലോയിഡുകളും രണ്ടുശതമാനം ലിഗ്നാനും അടങ്ങിയിരിക്കുന്നു .ഫില്ലാന്തിൻ ,ഹൈപ്പോഫില്ലാന്തിൻ ,നിറാന്തിൻ ,എന്നിവയാണ് പ്രധാനപ്പെട്ട ലിഗ്നാനുകൾ .കൂടാതെ ഫില്ലാന്തിൻ ,സെക്യൂരിനിൻ ,നോർസെക്യൂരിനിൻ ,നിരൂരിൻ ,നിർഫില്ലിൻ ,ഫിൽനിരൂരിൻ തുടങ്ങിയ പത്തോളം ആൽക്കലോയിഡുകളും അടങ്ങിയിരിക്കുന്നു .ഇതിൽ അടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്ന വസ്തുവാണ് മഞ്ഞപ്പിത്തം ശമിപ്പിക്കുന്നത് .
വിവിധ ഭാഷകളിലെ പേരുകൾ .
English name - Stonebreaker , Gale of wind
Malayalam name- Kizharnelli
Marathi name- Bhui amla
Tamil name- Kilanelli
Telugu name - Nela usiraka
Bengali name - Bhui amla
Hindi name - Bhui amla
Kannada name- Nelanelli
Gujarathi name- Bhanya amli
Oriya name - Bhui amla
കീഴാർനെല്ലിയുടെ ഔഷധഗുണങ്ങൾ .
മഞ്ഞപ്പിത്തവും മറ്റു കരൾ രോഗങ്ങളും ശമിപ്പിക്കും .മൂത്രം ഇളക്കും ,വൃക്കയിലെ കല്ലുകളെ അലിയിച്ചു കളയും .പ്രമേഹത്തിനും നല്ലതാണ് .വയറുവേദന ,വയറിളക്കം,ദഹനക്കേട് എന്നിവയ്ക്കും നല്ലതാണ് .രക്തശ്രാവം തടയാനും രക്തം ശുദ്ധീകരിക്കാനുമുള്ള കഴിവുണ്ട് .ആർത്തവപ്രശ്‌നങ്ങൾ പരിഹരിക്കും .പനി ,ഇടവിട്ടുണ്ടാകുന്ന പനി,ചുമ ,ശ്വാസതടസം എന്നിവയ്ക്കും നല്ലതാണ് .വെള്ളപോക്ക് ,മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .മുടിയുടെ ആരോഗ്യത്തിനും നല്ലതാണ് .മുടികൊഴിച്ചിൽ ,അകാലനര എന്നിവ ഇല്ലാതാക്കി മുടി നല്ല കറുപ്പുനിറത്തിൽ കരുത്തോടെ വളരാൻ സഹായിക്കും .ചർമ്മരോഗങ്ങൾ ,മുറിവ് ,വ്രണം ,ഒടിവ് ,ചതവ് ,വീക്കം,സന്ധിവാതം എന്നിവയ്ക്കും നല്ലതാണ് .ചെങ്കണ്ണ് ,വായ്പ്പുണ്ണ് ,കൃമിശല്യം എന്നിവയ്‌ക്കെല്ലാം കീഴാർനെല്ലി ഔഷധമാണ് .കീഴാർനെല്ലി പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .
കീഴാർനെല്ലി ചേരുവയുള്ള ചില ഔഷധങ്ങൾ .
കോട്ടക്കൽ ച്യവനൂൾസ് (Chyavanules)
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉപയോഗിക്കുന്ന തരി രൂപത്തിലുള്ള ഒരു ഔഷധമാണ് ച്യവനൂൾസ്.
ച്യവനപ്രാശം (Chyavanaprasam)
ആയുർവേദ മരുന്നുകളിൽ ഏറെ പ്രശസ്‌തമായ ഒന്നാണ് ച്യവനപ്രാശം .ഇതൊരു രസായനൗഷധമാണ്. ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ആരോഗ്യ പരിപാലനത്തിനും യൗവനം നിലനിർത്താനുമുള്ള ഒരു ഔഷധമാണ് ച്യവനപ്രാശം.
രാസ്നാദി ഘൃതം (Rasnadi Ghritam)
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ചികിൽത്സയിൽ രാസ്നാദി ഘൃതം വ്യാപകമായി ഉപയോഗിക്കുന്നു .പുറം വേദന ,നടുവേദന ,കണങ്കാൽ വേദന ,ഉളുക്ക് , ,ചിലതരം വൈറൽ പനിക്കു ശേഷമുള്ള ശരീരവേദന എന്നിവയുടെ ചികിൽത്സയിലും രാസ്നാദി ഘൃതം ഉപയോഗിക്കുന്നു .
ഗന്ധർവ്വഹസ്താദി കഷായം ( Gandharvahastadi Kashayam)
വയറുവേദന ,അരുചി ,ദഹനക്കേട് തുടങ്ങിയ ദഹനസംബന്ധമായി ഉണ്ടാകുന്ന രോഗങ്ങളുടെ ചികിൽത്സയിൽ ഗന്ധർവ്വഹസ്താദി കഷായം പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ ആർത്തവവേദന ,വാതരോഗങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾ എന്നിവയുടെ ചികില്ത്സയിലും ഗന്ധർവ്വഹസ്താദി കഷായം ഉപയോഗിക്കുന്നു .കഷായരൂപത്തിലും ഗുളിക രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .
ചെമ്പരുത്യാദി കേരതൈലം (Chemparuthyadi Kera Tailam)
ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു തൈലമാണ് ചെമ്പരുത്യാദി കേരതൈലം .പ്രത്യേകിച്ച് കുട്ടികളുടെ ചൊറി ,കരപ്പൻ മുതലായ എല്ലാ ചർമ്മരോഗങ്ങൾക്കും ചെമ്പരുത്യാദി കേര തൈലം വളരെ ഫലപ്രദമാണ് .കൂടാതെ താരൻ ,തലയിലുണ്ടാകുന്ന കുരു ,ചൊറി ,സ്വകാര്യഭാഗത്തും വിരലുകൾക്കിടയിലും ഉണ്ടാകുന്ന ചൊറിച്ചിൽ (സ്‌കാബീസ് ) തുടങ്ങിയ അവസ്ഥകളിൽ മുതിർന്നവരിലും ചെമ്പരുത്യാദി കേര തൈലം ഉപയോഗിക്കാം .
ഹെപ്പോസം ടാബ്ലറ്റ് (Heposem Tablet)
കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ഹെപ്പോസം ടാബ്ലറ്റ്.
ലിവോകോട്ട് ടാബ്ലറ്റ് ( Livokot Tablet Kottakkal)
മഞ്ഞപ്പിത്തവും മറ്റു കരൾരോഗങ്ങളുടെ ചികിൽത്സയിലും ലിവോകോട്ട് ടാബ്‌ലെറ്റ് ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗം -സമൂലം .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കഷായം ,മധുരം
ഗുണം -ലഘു ,രൂക്ഷം
വീര്യം -ശീതം
വിപാകം -കടു
കീഴാർനെല്ലിയുടെ ചില ഔഷധപ്രയോഗങ്ങൾ .
മഞ്ഞപ്പിത്തം മാറാൻ കീഴാർനെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ മൂന്നോ നാലോ ദിവസം കഴിച്ചാൽ മതിയാകും .കീഴാർനെല്ലി സമൂലം അരച്ച് കറന്ന ഉടനെയുള്ള പാലിൽ കലക്കി വെറുംവയറ്റിൽ കഴിക്കുന്നതും മഞ്ഞപ്പിത്തം മാറാൻ നല്ലതാണ് .കീഴാർനെല്ലി സമൂലം ഉണക്കിപ്പൊടിച്ച പൊടി കഴിച്ചാലും ഇതേ ഗുണം ലഭിക്കും .കീഴാർനെല്ലി സമൂലം അരച്ച് ഇളനീരിൽ കലക്കി രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാലും മഞ്ഞപ്പിത്തം മാറും .
ആർത്തവ വേദനയ്ക്കും ,ആർത്തവരക്തം നിൽക്കാതെ അധികമായി പോകുന്ന അവസ്ഥയിലും കീഴാർനെല്ലി സമൂലം അരച്ച് 3 മുതൽ 6 ഗ്രാം വരെ അരിക്കാടിയിൽ ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മതിയാകും .കീഴാർനെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് കാച്ചിയ പാലിൽ ചേർത്ത് കുറച്ചുദിവസം പതിവായി കഴിച്ചാൽ സ്ത്രീകളിലെ വെള്ളപോക്ക് മാറിക്കിട്ടും .കീഴാർനെല്ലിയുടെ ഉണങ്ങിയ പൊടി 3 മുതൽ 6 ഗ്രാം വെള്ളത്തിൽ തിളപ്പിച്ച് അരിച്ച് കുറച്ചുനാൾ പതിവായി കഴിച്ചാൽ വൃക്കയിലെ കല്ലുകൾ ഇല്ലാതാകും .
കീഴാർനെല്ലി താളിയാക്കി തലയിൽ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് നല്ലതാണ് .കീഴാർനെല്ലി സമൂലം അരച്ച് തലയിൽ തേച്ചുപിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ചെറുപയർ പൊടി ഉപയോഗിച്ച് കഴുകി കളയുക .കീഴാർനെല്ലി സമൂലം അരച്ച് വെളിച്ചെണ്ണയിൽ കാച്ചി തലയിൽ തേച്ചു കുളിക്കുന്നതും മുടി തഴച്ചുവളരാൻ സഹായിക്കും . കീഴാർനെല്ലി പാലിൽ അരച്ച് ദിവസവും തലയിൽ തേച്ചാലും മുടി നന്നായി വളരും .മുടിക്ക് നല്ല നിറം കീട്ടാനും അകാലനര മാറുന്നതിനും കീഴാർനെല്ലി സമൂലം അരച്ച് പശുവിൻ പാലിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിച്ചാൽ മതിയാകും .ഇങ്ങനെ കഴിക്കുന്നത് പ്രമേഹത്തിനും ഉത്തമമാണ് .കീഴാർനെല്ലി വെറുതെ അരച്ചു കഴിക്കുന്നതും പ്രമേഹ രോഗശമനത്തിന് നല്ലതാണ് .
കീഴാർനെല്ലി സമൂലമിട്ട് തിളപ്പിച്ച വെള്ളം ദിവസം പലപ്രാവിശ്യമായി കവിൾ കൊള്ളുന്നത് വായ്പ്പുണ്ണ് മാറാൻ ഉത്തമമാണ് .കീഴാർനെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ കൃമി ശല്ല്യം മാറിക്കിട്ടും .കീഴാർനെല്ലി സമൂലം പാലിൽ അരച്ച് അരിമ്പാറയുടെ മുകളിൽ തുടർച്ചായി പുരട്ടിയാൽ അരിമ്പാറ കൊഴിഞ്ഞുപോകും .വയറിളക്കത്തിനും ,വയറുവേദനയ്‌ക്കും ദഹനക്കേടിനും കീഴാർനെല്ലി നല്ലതാണ് .കീഴാർനെല്ലി സമൂലം അരച്ച് മോരിൽ ചേർത്ത് കഴിച്ചാൽ മതിയാകും .കീഴാർനെല്ലി സമൂലം ഉണക്കിപ്പൊടിച്ച പൊടി അര സ്‌പൂൺ വെള്ളം തിളപ്പിച്ച് അരിച്ചെടുത്ത ശേഷം കുടിച്ചാലും ഇതേ ഗുണം കിട്ടും .
മുറിവിനും കീഴാർനെല്ലി നല്ലതാണ് .കീഴാർനെല്ലി ഇട്ടു തിളപ്പിച്ച വെള്ളത്തിൽ മുറിവുകൾ കഴുകയും കീഴാർനെല്ലി അരച്ച് മുറിവിൽ വച്ചുകെട്ടുകയും ചെയ്താൽ മുറിവുകൾ പെട്ടന്ന് കരിയും .കീഴാർനെല്ലിയും ,പച്ചമഞ്ഞളും ചേർത്തരച്ച് മുറിവിൽ വച്ചുകെട്ടിയാലും മുറിവുകൾ പെട്ടന്ന് ഉണങ്ങും .കീഴാർനെല്ലി കഞ്ഞിവെള്ളത്തിൽ അരച്ച് വ്രണങ്ങളിൽ പുരട്ടിയാൽ വ്രണങ്ങൾ പെട്ടന്ന് ഉണങ്ങും .കീഴാർനെല്ലിയുടെ ഉണക്കി പൊടിച്ച പൊടിയും കഞ്ഞിവെള്ളത്തിൽ ചാലിച്ച് മുറിവിനും വ്രണങ്ങൾക്കും പുറമെ പുരട്ടുവാൻ ഉപയോഗിക്കാം .ഒടിവ് ,ചതവ് എന്നിവയ്ക്കും കീഴാർനെല്ലി നല്ലതാണ് .കീഴാർനെല്ലി സമൂലം അരച്ച് വച്ചുകെട്ടിയാൽ ഒടിവ് സുഖപ്പെടും .ചതവിനും കീഴാർനെല്ലി സമൂലം അരച്ചു പുരട്ടിയാൽ മതിയാകും .
കീഴാർനെല്ലിയുടെ നീര് കണ്ണിൽ ഇറ്റിക്കുന്നത് ചെങ്കണ്ണ് മാറാൻ നല്ലതാണ് .കീഴാര്നെല്ലിയും ,ചെത്തിപ്പൂവും ചതച്ച് തുണിയിൽ കിഴികെട്ടി മുലപ്പാലിൽ മുക്കി ദിവസം രണ്ടോ മൂന്നോ നേരം കണ്ണിലിറ്റിച്ചാൽ ചെങ്കണ്ണ് രോഗം ശമിക്കും .കീഴാർനെല്ലി,ചുവന്നുള്ളി ,ജീരകം എന്നിവ അരച്ച് മുലപ്പാലും ചേർത്ത് പിഴിഞ്ഞ് കണ്ണിലൊഴിച്ചാൽ കണ്ണിലെ ചതവ് മാറിക്കിട്ടും .കീഴാർനെല്ലിയും ഇന്തുപ്പും ചേർത്തരച്ച് ഒരു ചെമ്പുപാത്രത്തിൽ കുറച്ചുസമയം വച്ചിരുന്ന ശേഷം ഇത് കൺപോളയിൽ പുരട്ടിയാൽ എല്ലാവിധ നേത്രരോഗങ്ങളും ശമിക്കും .
പനി ,ചുമ ,ആസ്മാ ,മലമ്പനി ,ശരീരത്തിലുണ്ടാകുന്ന നീര് എന്നിവയ്ക്ക് കീഴാർനെല്ലി സമൂലം കഷായമുണ്ടാക്കി കഴിച്ചാൽ മതിയാകും .കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി അളവിൽ കഴിച്ചാലും മതിയാകും .ചുമ ,ആസ്മ എന്നിവയ്ക്ക് കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് രണ്ടോ മൂന്നോ തുള്ളി വീതം മൂക്കിലൊഴിക്കുന്നതും ,ഈ നീരിൽ തേൻ ചേർത്ത് ഉള്ളിൽ കഴിക്കുന്നതും നല്ലതാണ് .കീഴാർനെല്ലിയും അതിന്റെ നാലിലൊന്ന് കുരുമുളകും ചേർത്ത് അരച്ച് ചെറിയ ഗുളികകളാക്കി നിഴലിൽ ഉണക്കി 2 ഗുളികകൾ വീതം ദിവസവും കഴിച്ചാൽ പനി ,ഇടവിട്ടുണ്ടാകുന്ന പനി എന്നിവയ്ക്ക് ശമനമുണ്ടാകും .
കീഴാർനെല്ലി കഷായമുണ്ടാക്കി കഴിക്കുന്നത് ഛർദ്ദി മാറാൻ നല്ലതാണ് ,കീഴാർനെല്ലി സമൂലം അരച്ച് കഴുത്തിനു ചുറ്റും പുരട്ടിയാലും ഛർദ്ദി ശമിക്കും .കീഴാർനെല്ലി സമൂലം അരച്ച് ചുമന്ന മണ്ണിൽ ചേർത്ത് കുഴച്ച് കഴുത്തിനു ചുറ്റും പുരട്ടിയാൽ വിക്ക് മാറിക്കിട്ടും .കീഴാർനെല്ലിയും ,കരയാമ്പൂവും മുലപ്പാലിൽ അരച്ച് നെറ്റിയിൽ പുരട്ടിയാൽ സാധാരണയുണ്ടാകുന്ന എല്ലാത്തരം ശക്തമായ തലവേദനയും മാറും .
ചർമ്മരോഗങ്ങൾക്കും കീഴാർനെല്ലി അരച്ച് പുരട്ടുന്നത് നല്ലതാണ് .കീഴാർനെല്ലി സമൂലം കഷായം വച്ച് 30 മില്ലി അളവിൽ ദിവസവും കഴിച്ചാൽ രക്തം ശുദ്ധിയാകുകയും ചർമ്മരോഗങ്ങൾ മാറിക്കിട്ടുകയും ചെയ്യും .കീഴാർനെല്ലിയും ഉപ്പും ചേർത്ത് അരച്ചു പുരട്ടിയാൽ ചർമ്മത്തിലെ ചൊറിച്ചിൽ മാറിക്കിട്ടും .കീഴാർനെല്ലി ,കശുമാവില ,പൂത്തുമ്പ ,പപ്പായ ഇല എന്നിവ ഒരേ അളവിൽ അരച്ചു കുഴമ്പാക്കി പാണ്ടുള്ള ഭാഗത്ത് പതിവായി പുരട്ടിയാൽ വെള്ളപ്പാണ്ട് മാറിക്കിട്ടും .
ഉപയോഗിക്കുന്ന അളവ് .
നീര് -10 മുതൽ 15 മില്ലി വരെ
ഉണങ്ങിയ പൊടി-3 മുതൽ 6 ഗ്രാം വരെ