ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിരോഗങ്ങൾ ,വിഷം മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം .ഇതിനെ ശംഖപുഷ്പം എന്ന പേരിലും അറിയപ്പെടുന്നു .മറ്റു മിക്ക സംസ്ഥാനങ്ങളിലും അപരാജിത എന്ന സംസ്‌കൃതനാമത്തിൽ അറിയപ്പെടുന്നു .കൂടാതെ ഗിരികാർണികാ ,ശംഖിനി ,ശംഖുപുഷ്പി തുടങ്ങിയ സംസ്കൃതനാമങ്ങളും ഈ സസ്യത്തിനുണ്ട് .ഇംഗ്ലീഷിൽ ബട്ടർഫ്ലൈ പീ എന്ന പേരിലും ക്ലിറ്റോറിയ ടെർനേറ്റിയ എന്ന ശാസ്ത്രനാമത്തിലും ഈ സസ്യം അറിയപ്പെടുന്നു .ശംഖുപുഷ്പത്തിന്റെ പൂവിന് സ്ത്രീകളുടെ ജനനേന്ദ്രിയ ഭാഗമായ കൃസരിയുടെ സമാന രൂപം ആയതിനാലാണ് ഈ ശാസ്ത്രനാമത്തിൽ അറിയപ്പെടാൻ കാരണം .
Botanical name : Clitoria ternatea
Family : Fabaceae (pea family)
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം പറമ്പുകളിലും കയ്യാലകളിലും കാടുകളിലും ശംഖുപുഷ്പം സ്വാഭാവികമായി വളരുന്നു .കൂടാതെ മിക്ക വീടുകളിലും ഇതിനെ ഒരു അലങ്കാര സസ്യമായി നട്ടുവളർത്തുന്നു .
സസ്യവിവരണം .
പൂക്കളുടെ നിറം അനുസരിച്ച് നീല ,വെള്ള എന്നിങ്ങനെ രണ്ടുതരം ശംഖുപുഷ്പങ്ങൾ ഉണ്ട് .പടർന്നു വളരുന്ന മനോഹരമായ ഒരു വള്ളിസസ്യമാണ് ശംഖുപുഷ്പം .ഒരു തണ്ടിൽ തന്നെ അഞ്ചോ ആറോ ഇലകൾ കാണപ്പെടുന്നു .പത്രകക്ഷത്തിൽ പൂക്കളുണ്ടാകുന്നു .പൂക്കൾക്ക് വെള്ളയോ ,നീലയോ നിറമായിരിക്കും .പഞ്ചപാളിത ബാഹ്യദളപുടം കുഴൽപോലെ കാണപ്പെടുന്നു .ഇവയുടെ ഫലങ്ങൾ രണ്ടായി പിളർക്കാവുന്ന കവചങ്ങളോടു കൂടിയതും 5 -10 സെ.മീ നീളമുള്ളതുമായ പോഡാണ് .ഒരു ഫലത്തിൽ 6 മുതൽ 10 വിത്തുകൾ വരെ നിരനിരയായി അടുക്കിയിരിക്കും .വിത്തുകൾക്ക് മഞ്ഞകലർന്ന തവിട്ടുനിറമാണ് .
വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ .
വാസ്തുശാസ്ത്ര പ്രകാരം വീടിന്റെ കിഴക്ക് ,വടക്ക് എന്നീ ദിശകളിൽ ശംഖുപുഷ്പം നട്ടുവളർത്തുന്നത് ഐശ്വര്യമായി കണക്കാക്കുന്നു.ഇങ്ങനെ നട്ടാൽ വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകുമെന്നാണ് വിശ്വാസം .വീടിന്റെ പ്രധാന വാതിലിന് വലതുവശത്തായി ശംഖുപുഷ്പം നടുന്നതും നല്ലതാണെന്ന് കരുതപ്പെടുന്നു.മഹാവിഷ്ണുവിനും ,ലക്ഷ്മിദേവിക്കും ഇഷ്ട്ടപ്പെട്ട ഒരു സസ്യമാണ് ശംഖുപുഷ്പം.അതിനാൽ വ്യാഴം ,വെള്ളി എന്നീ ദിവസങ്ങളിൽ വേണം ശംഖുപുഷ്പം വീടുകളിൽ നടാൻ.വ്യാഴം മഹാവിഷ്ണുവിനും ,വെള്ളി ലക്ഷ്മിദേവിക്കുമുള്ളതാണ് .വ്യാഴാഴ്ച നടുന്നതിലൂടെ മഹാവിഷ്ണുഭഗവാന്റെ അനുഗ്രഹം ആ വീട്ടിൽ എപ്പോഴും ഉണ്ടാകുമെന്നും .വെള്ളിയാഴ്ച്ച ഈ ചെടി നടുന്നതിലൂടെ ലക്ഷ്‌മിദേവി ആ വീട്ടിൽ എത്തുന്നു എന്നുമാണ് വിശ്വാസം .
ശംഖുപുഷ്പത്തിന്റെ പകരക്കാരൻ .
Convolvulus prostratus എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയും ആയുർവേദത്തിൽ ശംഖുപുഷ്പമായി ഉപയോഗിക്കുന്നു .
Botanical name : Convolvulus prostratus
Family : Convolvulaceae (Morning glory family)
Synonyms : Convolvulus microphyllus, Convolvulus pluricaulis
രാസഘടന .
ശംഖുപുഷ്പത്തിന്റെ വേരിൽ അന്നജം ,ടാനിൻ ,റെസിൻ ,എന്നിവയും .വിത്തിൽ എണ്ണ ,കയ്പ്പുള്ള ഒരു അമ്ളവസ്തു ,റെസിൻ ,അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു .
വിവിധ ഭാഷകളിലുള്ള പേരുകൾ .
English name - butterfly pea
Hindi namne - Aparajita
Malayalam name - Sankupushpam
Tamil name - Kannikkodi
Kannada name - Shankha puṣhpa
Marathi name - Gokarna Shankhpushpi
Telugu names - Dintena
ശംഖുപുഷ്പത്തിന്റെ ഔഷധഗുണങ്ങൾ .
ആയുർവേദത്തിൽ മാനസിക വൈകല്യങ്ങൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ശംഖുപുഷ്പം .ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കാനുള്ള കഴിവ് ശംഖുപുഷ്പത്തിനുണ്ട് .ഉറക്കക്കുറവ് പരിഹരിക്കുകയും മാനസികരോഗങ്ങൾ ശമിപ്പിക്കുകയും ചെയ്യും .ശരീരബലം വർധിപ്പിക്കുകയും ലൈംഗീകശക്തി വർധിപ്പിക്കുകയും ചെയ്യും .സ്ത്രീകൾക്കുണ്ടാകുന്ന ലൈംഗീകപ്രശ്നങ്ങൾക്കും ശംഖുപുഷ്പം ഔഷധമാണ് .കുട്ടികളുടെ മാനസിക വളർച്ചയില്ലായ്‌മ പരിഹരിക്കും .പകർച്ചവ്യാധികളെ തടയും .പ്രതിരോധശേഷി വർധിപ്പിക്കും .രക്തം ശുദ്ധീകരിക്കും .ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വർധിപ്പിക്കും .
പൂവിന് ഗർഭാശയ രക്തശ്രാവം തടയാനുള്ള കഴിവുണ്ട് .വേര് വിഷഹരമാണ് .മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാനുള്ള കഴിവ് ശംഖുപുഷ്പത്തിന്റെ വേരിനുണ്ട് .കൂടാതെ കൈവിഷം ഇല്ലാതാക്കാനും ശംഖുപുഷ്പത്തിന്റെ വേര് ഔഷധമായി ഉപയോഗിക്കുന്നു .വെളുത്ത ശംഖുപുഷ്പത്തിന്റെ വേരിനാണ് വിഷഹരശക്തി കൂടുതലുള്ളത് .വിത്ത് കുടൽവീക്കം ശമിപ്പിക്കും .ഇവയ്ക്ക് പുറമെ പനി ,തൊണ്ടവീക്കം ,തൊണ്ടയടപ്പ്, കുഷ്ടം ,വെള്ളപ്പാണ്ട് ,വ്രണം ,കരൾരോഗങ്ങൾ ,നേത്രരോഗങ്ങൾ ,ചെവിവേദന, തലവേദന , സന്ധിവേദന ,ചുമ ,ആസ്മ ,ദഹനക്കേട് എന്നിവയ്‌ക്കെല്ലാം ശംഖുപുഷ്പം ഔഷധമാണ് .നീല ശംഖുപുഷ്പമാണ് ഔഷധ നിർമ്മാണത്തിന് കൂടുതലും ഉപയോഗിക്കുന്നത് .ഭക്ഷണങ്ങൾക്ക് നിറം നൽകാനും നീല ശംഖുപുഷ്‌പം ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗം .
വേര് ,പൂവ് ,ചിലപ്പോൾ സമൂലമായും ഔഷധമായി ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
രസം - തിക്തം ,കഷായം
ഗുണം - തീഷ്‌ണം ,സരം
വീര്യം -ഉഷ്‌ണം
വിപാകം - കടു
ശംഖുപുഷ്പം ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
മാനസമിത്ര വടകം (Manasamitra Vatakam) .
മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം. വിഷാദരോഗം , ടെൻഷൻ, ഉന്മാദം, ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ബ്രാഹ്മരസായനം (Brahma Rasayanam).
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ച്യവനപ്രാശത്തിന് സമാനമായ ഒരു ആയുർവേദ ഔഷധമാണ് ബ്രാഹ്മരസായനം.ബുദ്ധിശക്തി ,ഓർമ്മശക്തി ,മാനസിക പിരിമുറുക്കം, ബുദ്ധിമാന്ദ്യം , ശരീരക്ഷീണം ,ചർമ്മത്തിലെ ചുളിവുകൾ ,അകാലനര, മുടികൊഴിച്ചിൽ ,പ്രധിരോധശേഷിക്കുറവ് മുതലായവയുടെ ചികിൽത്സയിൽ ബ്രാഹ്മരസായനം ഉപയോഗിച്ചുവരുന്നു .
അഗസ്ത്യരസായനം (Agasthya Rasayanam).
ആസ്മയ്ക്കും മറ്റു ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ലേഹ്യ രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് അഗസ്ത്യരസായനം.ആസ്മ ,ചുമ ,ശ്വാസം മുട്ടൽ ,ക്ഷയം ,ശരീരക്ഷീണം ,ഏമ്പക്കം ,വിട്ടുമാറാത്ത പനി ,മലമ്പനി മുതലായവയുടെ ചികിൽത്സയിൽ അഗസ്ത്യരസായനം ഉപയോഗിക്കുന്നു .
മഞ്ജിഷ്ഠാദി ക്വാതം - Manjishthadi Kwatham.
വിട്ടുമാറാത്ത ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ഔഷധമാണ് മഞ്ജിഷ്ഠാദി ക്വാതം.സോറിയാസിസ് ,എക്സിമ,,ചർമ്മത്തിലെ ചൊറിച്ചിൽ ,ഉണങ്ങാത്ത മുറിവുകൾ ,വെരിക്കോസ് അൾസർ മുതലായവയുടെ ചികിൽത്സയിൽ മഞ്ജിഷ്ഠാദി ക്വാതം ഉപയോഗിച്ചുവരുന്നു .
ജെനിക്കോട്ട് സിറപ്പ് (Geniekot Syrup Kottakkal)
ഒരു ബ്രെയിൻ ടോണിക്കാണ് ജെനിക്കോട്ട് സിറപ്പ്.ഇത് ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്നതിനൊപ്പം തലച്ചോറിന്റെ മൊത്തത്തിലുള പ്രവർത്തനം മെച്ചപ്പെടുത്തുന്നു .
നളദാദി ഘൃതം (Naladadi Ghritam).
(ADHD) അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ ,ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാവാതെ വരുന്ന അവസ്ഥ . (അഫേസിയ ) ആശയവിനിമയം തകരാറിലാക്കുന്ന അവസ്ഥ ,ഓട്ടിസം മുതലായവയുടെ ചികിൽത്സയിൽ നളദാദി ഘൃതം ഉപയോഗിക്കുന്നു .
C-Health Sugar Free Granule.
തലച്ചോറിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുകയും ചെയ്യുന്നു .
C-Health Forte.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശരീരക്ഷീണം ഇല്ലാതാക്കുന്നതിനും ,ദഹനപ്രശ്ങ്ങൾ പരിഹരിക്കുന്നതിനും ഈ ഔഷധം ഉപയോഗിക്കുന്നു .
Vajikaran Capsule.
പുരുഷന്മാരിലെ ലൈംഗീക ശേഷിക്കുറവ് പരിഹരിക്കാൻ ഈ ഔഷധം ഉപയോഗിക്കുന്നു .
ശംഖുപുഷ്പത്തിന്റെ ചില ഔഷധപ്രയോഗങ്ങൾ .
ശംഖുപുഷ്പം ചായ അഥവാ ബ്ലൂ ടീ.
നീല ശംഖുപുഷ്പത്തിന്റെ ഉണങ്ങിയതോ ഉണങ്ങാത്തതോ ആയ മൂന്നോ നാലോ പൂക്കൾ ഒരു ഗ്ലാസ് വെള്ളത്തിൽ അഞ്ചു മിനിറ്റു തിളപ്പിച്ച് എടുക്കുന്നതാണ് നീല ചായ അഥവ ബ്ലൂ ടീ എന്ന പേരിൽ അറിയപ്പെടുന്നത് .ഇതിൽ പഞ്ചസാരയോ തേയിലപ്പൊടിയോ ചേർക്കാറില്ല .വേണമെങ്കിൽ ചെറുതായി തണുത്തതിനു ശേഷം രുചിക്കായി തേനോ ചെറുനാരങ്ങോ നീരോ ചേർക്കാം .ഈ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നതിലൂടെ ഉറക്കക്കുറവ് ,മാനസിക സമ്മർദ്ദം ,വിഷാദം ,ഉത്ക്കണ്ഠ എന്നിവ പരിഹരിക്കാൻ കഴിയും .കൂടാതെ ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും നല്ലതാണ് .
ALSO READ : കരിഞ്ജീരകം ഔഷധഗുണങ്ങൾ .
ഈ ഹെൽത്തി ചായ പ്രതിരോധശേഷി വർധിപ്പിക്കുകയും വാർദ്ധക്യം തടയുകയും ശരീരത്തിനെ മുഴുവനായും വിഷവിമുക്തമാക്കാൻ സഹായിക്കുകയും ചെയ്യുന്നു . മുടികൊഴിച്ചിൽ ,നര എന്നിവ ഇല്ലാതാക്കി മുടിവളർച്ചയെ സഹായിക്കുകയും ചെയ്യുന്നു .ചർമ്മത്തിലെ ചുളിവുകളും കരിമംഗല്യം ഉൾപ്പടെയുള്ള പാടുകളും,മുഖക്കുരുവും ഇല്ലാതാക്കി ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു. കാഴ്ച്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു .പ്രമേഹവും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു .ശരീരവേദന ,തലവേദന ,സന്ധിവാത വേദന, ദഹനപ്രശ്‌നങ്ങൾ,പനി എന്നിവയ്ക്കും ഈ ചായ കഴിക്കുന്നത് ഗുണകരമാണ് .ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവും നീല ചായയ്ക്കുണ്ട് .
ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്ക് അരച്ച് ഒന്നു മുതൽ മൂന്ന് ഗ്രാം വരെ നെയ്യിൽ ചേർത്ത് ദിവസവും രാവിലെ കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിക്കും .രണ്ടോ മൂന്നോ ശംഖുപുഷ്പം അരച്ച് നെയ്യിൽ ചേർത്ത് കൊടുത്താലും ഇതേ ഫലം കിട്ടും .നീല ശംഖുപുഷ്പം സമൂലം കഷായമുണ്ടാക്കി കഴിക്കുന്നത് ഉറക്കക്കുറവിനും മാനസിക രോഗങ്ങൾക്കും നല്ലതാണ് .
വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് പാലിൽ അരച്ച് 3 ഗ്രാം വീതം ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മൂർഖൻ പാമ്പിന്റെ വിഷം ശമിക്കും .വെളുത്ത ശംഖുപുഷ്പത്തിന്റെ വേരും കിലുകിലുപ്പ എന്ന സസ്യത്തിന്റെ വേരും 5 ഗ്രാം വീതമെടുത്ത് പാലിൽ അരച്ച് കഴിക്കുകയും ഇത് ദേഹമാസകലം പുരട്ടുകയും ചെയ്‌താൽ മൂർഖൻ പാമ്പിന്റെ വിഷം ശമിക്കുകയും വിഷബാധ മൂലം സന്ധികളിലുണ്ടായ വേദന മാറിക്കിട്ടുകയും ചെയ്യും .ശംഖുപുഷ്പത്തിന്റെ വേര് 10 ഗ്രാം വീതം പാലിൽ തിളപ്പിച്ച് രാവിലെ വെറുംവയറ്റിൽ കഴിച്ചാൽ വയറ്റിലെ മാലിന്യങ്ങൾ പുറം തള്ളും .ഇത് കൈവിഷത്തിന് മരുന്നായി ഉപയോഗിക്കുന്നു .
ശംഖുപുഷ്പം പൂവ് അരച്ച് എള്ളെണ്ണയിൽ കാച്ചി തലയിൽ പതിവായി തേച്ചുകുളിച്ചാൽ അകാലനര മാറും . ശംഖുപുഷ്പത്തിന്റെ പൂക്കൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ തല കഴുകിയാൽ തല ചൊറിച്ചിൽ താരൻ മുതലായവ മാറിക്കിട്ടും .ശംഖുപുഷ്പത്തിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ആവികൊണ്ടാൽ തലവേദന മാറും .ശംഖുപുഷ്പത്തിന്റെ രണ്ടോ മൂന്നോ ഇലകൾ ചവച്ചരച്ച് കഴിച്ചാലും തലവേദന മാറും .ശംഖുപുഷ്പത്തിന്റെ വേരും ,വിത്തും തുല്യ അളവിൽ വെള്ളത്തിൽ അരച്ച് തുണിയിൽ കിഴികെട്ടി പിഴിഞ്ഞെടുക്കുന്ന നീര് 2 -3 തുള്ളി മൂക്കിലൊഴിച്ചാൽ മൈഗ്രെയ്ൻ തലവേദനയ്ക്ക് ആശ്വാസം കിട്ടും .ചില സംസ്ഥാനങ്ങളിൽ മൈഗ്രെയ്ൻ തലവേദനയ്ക്ക് ശംഖുപുഷ്പത്തിന്റെ വേര് ചെവിയിൽ കെട്ടുന്ന പതിവുണ്ട് .
ശംഖുപുഷ്പ്പം ഓരോ ഗ്രാം വീതം അരച്ച് തേനിൽ കുഴച്ച് ദിവസം മൂന്നുനേരം എന്ന കണക്കിൽ കഴിച്ചാൽ ഗർഭാശയത്തിൽ നിന്നുള്ള രക്തശ്രാവം നിൽക്കും .ശംഖുപുഷ്പത്തിന്റെ ഉണങ്ങിയ വേര് പൊടിച്ച് ചൂടുവെള്ളത്തിൽ കലർത്തി കുടിച്ചാൽ നല്ല മലശോധന ഉണ്ടാകും .ശംഖുപുഷ്പം മൂന്നോ ,നാലോ പൂക്കൾ നന്നായി അരച്ച് തൈരിൽ ചാലിച്ച് പതിവായി മുഖത്ത് പുരട്ടിയാൽ കരിമംഗല്യം ,മുഖത്തെ കറുത്തപാടുകൾ എന്നിവ മാറി മുഖത്തിന് നല്ല നിറം കിട്ടും .
ശംഖുപുഷ്പം സമൂലം 60 ഗ്രാം ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കുറച്ച് നെയ്യും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ രണ്ടുമാസത്തോളം കഴിച്ചാൽ മാനസികരോഗങ്ങൾക്ക് ശമനമുണ്ടാകും .ഈ കഷായം രക്തസമ്മർദം കുറയ്ക്കാനും നല്ലതാണ് .നീല ശംഖുപുഷ്പത്തിന്റെ വേര് 20 ഗ്രാം അഞ്ചു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രണ്ടു ഗ്ലാസാക്കി വറ്റിച്ച് രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ ചൊറി ,ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറുകയും രക്തം ശുദ്ധിയാകുകയും ചെയ്യും .
വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് 5 ഗ്രാം വീതം പാലിൽ അരച്ച് കുറച്ചു ദിവസം പതിവായി കഴിച്ചാൽ കഴുത്തിലും കക്ഷത്തിലുമൊക്കെ ഉണ്ടാകുന്ന കുരുക്കൾ മാറിക്കിട്ടും .വെളുത്ത ശംഖുപുഷ്പത്തിന്റെ വേരും അശോകത്തിന്റെ വേരും തുല്യ അളവിൽ ഗോമൂത്രത്തിൽ അരച്ച് രണ്ടുമാസത്തോളം തുടർച്ചയായി കഴുത്തിന് പുരട്ടിയാൽ ഗോയിറ്റര്‍ മാറും. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് അരച്ച് നെയ്യിൽ കലർത്തി കഴിക്കുന്നതും ഗോയിറ്ററിന് ഗുണം ചെയ്യും .
ശംഖുപുഷ്പത്തിന്റെ വേരും കുരുമുളകും ചേർത്തരച്ച് വേദനയുള്ള ഭാഗത്ത് മോണയിൽ പുരട്ടിയാൽ പല്ലുവേദനയ്‌ക്ക് ആശ്വാസം കിട്ടും .ശംഖുപുഷ്പം സമൂലം ഇട്ടു തിളപ്പിച്ച വെള്ളം ദിവസം പലപ്രാവശ്യം കവിൾ കൊണ്ടാൽ തൊണ്ടയടപ്പ് ,ടോൺസിലൈറ്റിസ് എന്നിവ മാറിക്കിട്ടും .വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് പശുവിൻ പാലിൽ അരച്ച് കഴിച്ചാൽ ദഹനക്കേട് മാറിക്കിട്ടും .ശംഖുപുഷ്പത്തിന്റെ വിത്ത് വറത്തുപൊടിച്ച് അരഗ്രാം വീതം ആട്ടിൻ പാലിലോ, നെയ്യിലോ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ വയറ്റിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ( മഹോദരം) മാറിക്കിട്ടും .കൂടാതെ മഞ്ഞപ്പിത്തം മാറാനും ഇത് നല്ലതാണ് .ശംഖുപുഷ്പത്തിന്റെ വിത്ത് വെള്ളവും ചേർത്ത് അരച്ച് ചൂടാക്കി ചെറിയ ചൂടോടെ വൃഷണങ്ങളിൽ പുരട്ടിയാൽ വൃഷണവീക്കം മാറിക്കിട്ടും .
ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ച് 1 -2 ഗ്രാം പാലിൽ ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മൂത്രം ഒഴിക്കുമ്പോഴുള്ള വേദനയും പുകച്ചിലും മാറിക്കിട്ടും .ഇത് സന്ധിവേദനയ്ക്കും നല്ലതാണ് .ശംഖുപുഷ്പത്തിന്റെ ഇല അരച്ചു പുരട്ടുന്നത് മുറിവുകൾക്കും പഴുപ്പു നിറഞ്ഞ കുരുക്കൾക്കും നല്ലതാണ് .ശംഖുപുഷ്പത്തിന്റ വേര് വെള്ളത്തിൽ അരച്ച് പുറമെ പുരട്ടുകയും വിത്ത് നെയ്യിൽ വറുത്ത് പൊടിച്ച് അര ഗ്രാം വീതം വെള്ളത്തിൽ കലക്കി ദിവസം ഒരു നേരം വീതം കഴിക്കുകയും ചെയ്‌താൽ വെള്ളപ്പാണ്ട് മാറും .