വൃക്കരോഗങ്ങൾ ,ഹൃദ്രോഗം ,മൂലക്കുരു ,നീര് മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ പരാമർശിച്ചിട്ടുള്ള ഒരു ഔഷധ സസ്യമാണ് തഴുതാമ .കേരളത്തിൽ ഇതിനെ തവിഴാമ എന്ന പേരിലും അറിയപ്പെടുന്നു . സംസ്‌കൃതത്തിൽ പുനർനവ എന്ന പേരിലാണ് അറിയപ്പെടുന്നത് .തഴുതാമ കഴിച്ചാൽ പുനർജന്മം ലഭിക്കും എന്ന അർത്ഥത്തിലാണ് പുനർനവ എന്ന സംസ്‌കൃതനാമം .തഴുതാമയുടെ ഏറ്റവും വലിയ ഫലം നീര് ഇല്ലാതാക്കും എന്നുള്ളതാണ് .അതിനാൽ ശോഫഘ്നി എന്ന സംസ്‌കൃതനാമത്തിലും തഴുതാമ അറിയപ്പെടുന്നു .
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം വഴിവക്കുകളിലും വെളിമ്പ്രദേശങ്ങളിലും ഒരു കളസസ്യമായി തഴുതാമ വളരുന്നു .
സസ്യവിവരണം .
തറയിലൂടെ ഏകദേശം 2 മീറ്റർ വിസ്താരത്തിൽ പടർന്നു വളരുന്ന ഒരു ബഹുവർഷ ഔഷധി .ശാഖകളും ഉപശാഖകളും ധാരാളമുണ്ട് .തണ്ടിന് പർപ്പിൾ നിറമാണ് .ഓരോ പർവസന്ധിയിലും രണ്ടോ മൂന്നോ ഇലകൾ വീതം സമ്മുഖമായി വിന്യസിച്ചിരിക്കുന്നു .ഇലകൾക്ക് വലിപ്പവ്യത്യാസമുണ്ട് .വലുതും ചെറുതുമായ ഇലകൾ കാണപ്പെടുന്നു .പർവസന്ധിയിൽ ഒരു വശത്ത് ഇലകളും മറുവശത്ത് പൂങ്കുലകളും കാണാം .ഒരു കുലയിൽ നാലുമുതൽ പത്ത് പൂക്കൾ വരെയുണ്ട് .പൂക്കൾ വളരെ ചെറുതും നീല നിറവുമാണ് .ഇവയുടെ ഫലം ഉരുണ്ടിരിക്കും ,ഒരു ഫലത്തിൽ ഒറ്റ വിത്തെയൊള്ളു .വിത്തിന് തവിട്ടു നിറമാണ് .തണ്ടു മുറിച്ചു നട്ടും വിത്തിലൂടെയും പ്രജനനം നടത്താം .
തഴുതാമ ഇനങ്ങൾ .
പുഷ്പങ്ങളുടെയും തണ്ടിന്റെയും നിറത്തെ ആധാരമാക്കി വെള്ള ,ചുവപ്പ് ,നീല ഇളം പച്ച എന്നിങ്ങനെ നാലുതരത്തിൽ കാണപ്പെടുന്നു .വെള്ളയും ചുവപ്പുമാണ് സർവസാധാരണയായി കാണപ്പെടുന്നത് .നീലയും ഇളം പച്ചയും വളരെ അപൂർവമായേ കാണപ്പെടുന്നൊള്ളു .വെളുത്ത തഴുതാമയും ചുവന്ന തഴുതാമയും വിത്യസ്ത കുടുംബങ്ങളിൽ പെട്ടതാണ് .ഇവയ്ക്ക് രണ്ടിനും ഔഷധഗുണങ്ങൾ സമാനമായതിനാൽ ഇവ രണ്ടും തഴുതാമയായി ഉപയോഗിച്ചു വരുന്നു .ചുവന്ന തഴുതാമ നിക്ടാജിനേസി കുടുംബത്തിൽ പെട്ടതും .വെളുത്ത തഴുതാമ ഐസോയേസീ കുടുംബത്തിൽപ്പെട്ടതുമാണ് .നിക്ടാജിനേസി കുടുംബത്തിൽ തന്നെയുള്ള Boerhavia verticillata എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെയും വെളുത്ത തഴുതാമയായി ഉപയോഗിച്ചു വരുന്നു .
ചുവന്ന തഴുതാമ .
Botanical name : Boerhavia diffusa
Family : Nyctaginaceae (Bougainvillea family)
Synonyms : Boerhavia acutifolia, Boerhavia paniculata
വെളുത്ത തഴുതാമ .
Botanical name: Trianthema portulacastrum
Family : Aizoaceae (Ice plant family)
Synonyms : Trianthema procumbens, Portulaca axilliflora.Trianthema monogynum
രാസഘടന .
തഴുതാമയിൽ ബൊറാവിനോൺ A,B,C, പുനർനവോസൈഡ് എന്നിവ അടങ്ങിയിരിക്കുന്നു .തഴുതാമയുടെ വേരിലാണ് ഇവ കൂടുതലായും അടങ്ങിയിരിക്കുന്നത് .ചെടിയിൽ മുഴുവൻ ഭാഗങ്ങളിലും പുനർന്നവിൻ 1 ,പുനർന്നവിൻ 2 ,ബീറ്റാ -ഏക്ഡൈസോൺ ഹെൻട്രിയകോൺഡേൻ എന്നിവയും അടങ്ങിയിരിക്കുന്നു .
തഴുതാമയുടെ വിവിധ ഭാഷകളിലുള്ള പേരുകൾ .
English Name: Tarvine, Red Spiderling
Malayalam Name: Thazhuthama ,thavizhama
Tamil Name: Mukkurttaikkoti
Hindi Name: Gadahpurna, Gadah Bindo
Marathi Name : Ghetuli
Gujarati Name: Satodi
Bengali Name : Punarnova
Kannada Name: Komme
Telugu Name : Atakamamidi
തഴുതാമയുടെ ഔഷധഗുണങ്ങൾ .
തഴുതാമ സമൂലം ഔഷധയോഗ്യമാണ് .എങ്കിലും വേരാണ് കൂടുതലും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത് .ഔഷധം എന്നതിലുപരി തഴുതാമ നല്ലൊരു ഇലക്കറി കൂടിയാണ് .തഴുതാമയുടെ ഇലകളും തണ്ടുകളും കൊണ്ട് സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കാം .ഇത് രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീരും വേദനയും ഇല്ലാതാക്കാനും നല്ലതാണ് .കൂടാതെ ഇത് നല്ല മലശോധനയുണ്ടാക്കാനും രോഗപ്രധിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു .ആമവാതത്തിനും തഴുതാമയില തോരൻ കഴിക്കുന്നത് നല്ലതാണ് .
മഞ്ഞപ്പിത്തം ,വൃക്കരോഗങ്ങൾ എന്നിവ ഉള്ളവർക്കും ഈ രോഗങ്ങൾ വരാതിരിക്കാനും തഴുതാമ ഇലക്കറിയായി ഉപയോഗിക്കുന്നത് നല്ലതാണ് .തഴുതാമ വെന്ത വെള്ളം ദാഹശമനിയായി ഉപയോഗിക്കാം .ഇത് മൂത്രതടസ്സം മാറ്റുന്നതിനും മൂത്രത്തിലെ കല്ല് ഇല്ലാതാക്കുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും നല്ലതാണ് .തഴുതാമയിൽ പൊട്ടാസ്യം നൈട്രേറ്റ് ധാരാളമായി അടങ്ങിയിരിക്കുന്നു .അതിനാലാണ് മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്ന ഔഷധമായി പ്രവർത്തിക്കുന്നത് .അതിനാൽ തന്നെ തഴുതാമ ഹൃദ്രോഗത്തിനും വൃക്കരോഗത്തിനും ഫലപ്രദമായ ഒരു ഔഷധമായി മാറി .തഴുതാമ ഹൃദയമിടുപ്പ് വർധിപ്പിക്കുന്നതിനാൽ സിരകളിലെ രക്തസമ്മർദം ഉയർന്ന് നാഡിമിടിപ്പ് അധികമാക്കി വൃക്കകളെ പ്രവർത്തിപ്പിക്കുന്നു .തന്മൂലം മൂത്രം വർധിപ്പിക്കുന്നു .ഹൃദയമിടുപ്പ് വർധിപ്പിക്കുന്നതിനാൽ ഹൃദയകവാടങ്ങളുടെ കേടുപാടുകൾക്കും ഹൃദയകവാടസങ്കോചനത്തിനും നല്ലതാണ് .
വെളുത്ത തഴുതാമ പക്ഷവാത സംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് രാജനിഘണ്ടുവിൽ പരാമർശിച്ചിട്ടുണ്ട് .ഹൃദ്രോഗങ്ങൾക്കും പൈൽസിനും ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും പരാമർശിക്കുന്നു .കുഷ്‌ഠവും മറ്റു ചർമ്മരോഗങ്ങൾക്കും തഴുതാമ തൈലരൂപത്തിൽ ഉപയോഗിക്കാൻ ചരകൻ നിർദേശിച്ചിട്ടുണ്ട് .രക്താദി മർദ്ദത്തിനും തഴുതാമ ഔഷധമാണ് .വെളുത്ത തഴുതാമ ഹൃദ്രോഗം ,പിത്തം ,നീര് ,ചുമ എന്നിവ ശമിപ്പിക്കും ,വിയർപ്പിനെ വർധിപ്പിക്കും .ചുവന്ന തഴുതാമ രക്തസ്രാവം ,പിത്തം എന്നിവയ്ക്ക് ഫലപ്രദമാണ് .
എലിവിഷത്തിലും പാമ്പിൻ വിഷത്തിലും നീര് വന്ന് മൂത്രം പോകാത്ത അവസ്ഥയിൽ തഴുതാമ കഷായം വളരെ ഫലപ്രദമാണ് .കൂടാതെ രക്തവാതം ,നേത്രരോഗങ്ങൾ ,ഉറക്കമില്ലായ്‌മ ,എന്നിവയ്ക്കും തഴുതാമ കഷായം നല്ലതാണ് .ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും കരൾസംബന്ധമായ എല്ലാ രോഗങ്ങൾക്കും തഴുതാമ ഔഷധമാണ് .
തഴുതാമ ശീതമാണ് .വിരയിളക്കും .മൂത്രമിളക്കും .കാമം വർദ്ധിപ്പിക്കും .കഫമിളക്കും .വീക്കത്തെ ശമിപ്പിക്കും .വയറിളക്കും .പേശിവേദന ,ചർമ്മരോഗങ്ങൾ ,ഹൃദ്രോഗങ്ങൾ ,മഞ്ഞപ്പിത്തം ,വിളർച്ച ,നേത്രരോഗങ്ങൾ .മലബന്ധം ,ചുമ ,പനി ,ശരീരക്ഷീണം ,വെള്ളപോക്ക് എന്നിവയ്‌ക്കെല്ലാം തഴുതാമ ഔഷധമാണ് .
പത്തിലകളിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് തഴുതാമ .കർക്കിടക മാസത്തിലെ ഔഷധക്കഞ്ഞിക്കൊപ്പം കഴിക്കുന്ന ഒരു വിഭവമാണ് പത്തിലത്തോരൻ .ചേമ്പില ,തകരയില ,തഴുതാമയില ,കുമ്പളത്തില, മത്തയില ,ചീര,ചേനയില,പയറില,ചൊറിതനത്തിന്റെ ഇല,മുള്ളൻ ചീര എന്നിവയാണ് പത്തിലകൾ എന്ന് അറിയപ്പെടുന്നത് .
എന്നാൽ ചില സ്ഥലങ്ങളിൽ അഞ്ചിലച്ചി ,കുമ്പളത്തില ,മത്തയില ,മണിത്തക്കാളി ,മുള്ളൻചീര ,പയറില ,ഉപ്പൂഞ്ഞല്‍,തഴുതാമയില ,തകരയില ,കുടങ്ങല്‍ എന്നിവയും പത്തിലകളായി കണക്കാക്കുന്നു . ഇവയുടെ ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കാമെന്നാണ് പ്രധാനം .ഈ ഇലകൾക്ക് ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും ആരോഗ്യഗുണങ്ങളുമുണ്ട് .
ഔഷധയോഗ്യഭാഗം -സമൂലം .
രസാദിഗുണങ്ങൾ .
രസം : മധുരം, തിക്തം, കഷായം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു
തഴുതാമ ചേരുവയുള്ള ചില ആയുർവേദ ഔഷധങ്ങൾ .
പുനർനവാദി കഷായം (Punarnavadi Kashayam)
ശരീരത്തിലുണ്ടാകുന്ന വേദന ,നീര് എന്നിവയ്ക്കും , പനി ,ചുമ ,ജലദോഷം ,ശ്വാസതടസ്സം ,വിളർച്ച തുടങ്ങിയ രോഗങ്ങൾക്കുമാണ് പുനർനവാദി കഷായം പ്രധാനമായും ഉപയോഗിക്കുന്നത് .
പുനർനവാസവം (Punarnavasavam)
ആമാശയവീക്കം,പനി ,കരൾരോഗങ്ങൾ ,നീർവീക്കം മുതലായവയുടെ ചികിൽത്സയിൽ പുനർനവാസവം ഉപയോഗിക്കുന്നു .
വിദാര്യാദി കഷായം (Vidaryadi Kashayam)
പേശിവേദന ,നീര് ,ആസ്മ ,ചുമ ,ജലദോഷം ,ബ്രോങ്കൈറ്റിസ് മുതലായവയുടെ ചികിൽത്സയിൽ വിദാര്യാദി കഷായം ഉപയോഗിക്കുന്നു .
അമൃതപ്രാശഘൃതം (Amrithaprasa Ghritam)
പനി ,ആസ്മ ,ചുമ ,ലൈംഗീകശേഷിക്കുറവ് ,ബീജങ്ങളുടെ എണ്ണക്കുറവ് ,വെള്ളപോക്ക് മുതലായവയുടെ ചികിൽത്സയിൽ അമൃതപ്രാശഘൃതം ഉപയോഗിക്കുന്നു .
സുകുമാരഘൃതം (Sukumara Ghritam)
പ്രധാനമായും സ്ത്രീരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാര ഘൃതം .ആർത്തവവേദന ,ആർത്തവം ഇല്ലാത്ത അവസ്ഥ , പി.സി.ഒ.എസ്, ഓർമ്മക്കുറവ് , വിഷാദം , പൈൽസ്,ഉദരരോഗങ്ങൾ ,മലബന്ധം ,നീര് ,വാതരോഗങ്ങൾ , തുടങ്ങിയവയുടെ ചികിൽത്സയ്ക്ക് സുകുമാരഘൃതം ഉപയോഗിച്ചുവരുന്നു.കൂടാതെ ചർമ്മത്തിന്റെ നിറം വർധിപ്പിക്കാനും സുകുമാരഘൃതം ഉപയോഗിക്കുന്നു .
സുകുമാരം കഷായം (Sukumaram kashayam)
പ്രധാനമായും സ്ത്രീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് സുകുമാരം കഷായം.വന്ധ്യത ,അമിത ആർത്തവം ,ആർത്തവ വേദന ,ആർത്തവത്തിന് മുമ്പുണ്ടാകുന്ന മാനസിക പിരിമുറുക്കം ,വയറുവേദന ,തലവേദന ,മലബന്ധം ,നടുവേദന ,ഹെർണിയ ,വായുകോപം ,ആഹാര ശേഷം ഉടൻതന്നെ വയറ്റിൽ നിന്നു പോകുന്ന അവസ്ഥ ,പ്ലീഹ, കരൾ, വൃക്ക എന്നിവയുടെ തകരാറുകൾ തുടങ്ങിയവയുടെ ചികിൽത്സയിൽ സുകുമാരം കഷായം ഉപയോഗിച്ചു വരുന്നു .
ദശമൂലാരിഷ്ടം (Dasamularishtam)
ദഹനസംബന്ധമായ പ്രശ്നങ്ങൾ ,പനി ,ചുമ ,ജലദോഷം ,കഫക്കെട്ട് എന്നിവയുടെ ചികിൽത്സയിലും പ്രസവാനന്തര ക്ഷീണം അകറ്റാനും ദശമൂലാരിഷ്ടം ഉപയോഗിച്ചു വരുന്നു .
ധന്വന്തരാരിഷ്ടം (Dhanwanthararishtam)
പ്രധാനമായും പ്രസവാനന്തര ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ധന്വന്തരാരിഷ്ടം.പ്രസവാനന്തരം സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം നിലനിർത്തുന്നതിന് ഈ ഔഷധം ഗുണകരമാണ് .മലബന്ധം ,ഹെർണിയ ,പൈൽസ് എന്നിവ ഇല്ലാതാക്കും .ദഹനവും പ്രതിരോധശേഷിയും വർധിപ്പിക്കും .ഗ്യാസ്ട്രബിളും വയറ്റിലെ മറ്റ് അശ്വസ്തതകളും മാറ്റും .വേദനയും വീക്കവും ശമിപ്പിക്കും .
കുമാര്യാസവം (Kumarayasavam )
പ്രധാനമായും സ്ത്രീരോഗങ്ങളുടെ ചികിൽത്സയിലും ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മൂത്രനാളി സംബന്ധമായ രോഗങ്ങൾക്കും .കുമാര്യാസവം ഉപയോഗിക്കുന്നു .ആർത്തവ ക്രമക്കേടുകൾ ,വൈകിവരുന്ന ആർത്തവം ,ക്രമം തെറ്റിയ ആർത്തവം ,ആർത്തവകാലത്തെ വയറുവേദന മുതലായവയുടെ ചികിൽത്സയിൽ കുമാര്യാസവം ഉപയോഗിച്ചുവരുന്നു .കൂടാതെ മെലിഞ്ഞവർ തടിക്കുന്നതിനും പുരുഷന്മാരിലെ ശുക്ലത്തിന്റെ അളവ് വർധിപ്പിക്കുന്നതുനും പ്രമേഹരോഗ ചികിൽത്സയിലും കുമാര്യാസവം ഉപയോഗിക്കുന്നു .
ബലാ പുനര്‍നവാദി കഷായം (Bala Punarnavadi Kashayam)
വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ദഹനക്കുറവ് എന്നിവയുടെ ചികിൽത്സയിൽ ബലാ പുനര്‍നവാദി കഷായം ഉപയോഗിക്കുന്നു ,വയറ്റിലെ അൾസർ ,ഗ്രഹണി എന്നിവയ്ക്കും ഈ ഔഷധം നിർദേശിക്കപ്പെടുന്നു .
ഗർഭരക്ഷാകഷായം (Garbharaksha Kashayam)
ഗർഭ സംരക്ഷണത്തിനുള്ള ഒരു ഔഷധമാണ് ഗർഭരക്ഷാകഷായം ഇതിനെ ഭദ്രാദി കഷായം എന്ന പേരിലും അറിയപ്പെടുന്നു .
കരിമ്പിരുമ്പാദി കഷായം (Karimbirumbadi Kashayam)
മഞ്ഞപ്പിത്തം ,മറ്റു കരൾരോഗങ്ങൾ ,വിളർച്ച എന്നിവയുടെ ചികിൽത്സയിൽ കരിമ്പിരുമ്പാദി കഷായം ഉപയോഗിച്ചുവരുന്നു .
ലശുനൈരണ്ഡാദി കഷായം (Lasunairandadi Kashayam)
ഹെർണിയ ,വൃക്ഷണ വീക്കം ,വായുകോപം ,വയറുവീർക്കൽ,മലബന്ധം മുതലായവയുടെ ചികിൽത്സയിൽ ലശുനൈരണ്ഡാദി കഷായം ഉപയോഗിക്കുന്നു .
കാർപ്പാസാസ്ഥ്യാദി തൈലം (Karpasasthyadi Tailam)
വാതരോഗങ്ങളുടെ ചികിത്സയിൽ കാർപ്പാസാസ്ഥ്യാദി തൈലം സാധാരണയായി ഉപയോഗിക്കുന്നു.
നാരായണ തൈലം (Narayana Tailam)
സന്ധിവാതം ,നാഡിരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു ആയുർവേദ എണ്ണയാണ് നാരായണ തൈലം.ഇത് ഉള്ളിലേക്ക് കഴിക്കാനും പുറമെ പുരട്ടുവാനും ഉപയോഗിക്കുന്നു .ഇതിനെ ചെറിയ നാരായണ തൈലം എന്നും അറിയപ്പെടുന്നു .ശരീരവേദന, ഓസ്റ്റിയോ ആർത്രൈറ്റിസ് ,റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് തുടങ്ങിയ സന്ധികളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളിൽ നാരായണ തൈലം ഉപയോഗിക്കുന്നു .കൂടാതെ സ്ത്രീ -പുരുഷ വന്ധ്യതാ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
മഹാരാജപ്രസരണി തൈലം (Maharajaprasarini Thailam )
വാതസംബന്ധമായ എല്ലാ രോഗങ്ങളിലും മഹാരാജപ്രസരണി തൈലം ഉപയോഗിക്കുന്നു .ഇത് ബാഹ്യ ഉപയോഗത്തിനും ഉള്ളിലേക്ക് കഴിക്കാനും ഉപയോഗിക്കുന്നു. ക്യാപ്‌സൂൾ രൂപത്തിലും ഈ ഔഷധം ലഭ്യമാണ് .പുരുഷന്മാരിലെ ഉദ്ധാരണക്കുറവ് ,ശീഘ്രസ്‌ഖലനം ,സ്ത്രീകളിലെ വെള്ളപോക്ക് ,വന്ധ്യത എന്നിവയുടെ ചികിൽത്സയിലും മഹാരാജപ്രസരണി തൈലം ഉപയോഗിക്കുന്നു .
Himalaya Styplon Tablet .
മൂലക്കുരു മൂലമുണ്ടാകുന്ന രക്തശ്രാവം ,മോണയിൽ നിന്നുള്ള രക്തശ്രാവം ,ഗർഭാശയ രക്തശ്രാവം മുതലായവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
തഴുതാമയുടെ ചില ഔഷധപ്രയോഗങ്ങൾ .
തഴുതാമയുടെ വേര് കഷായം വച്ച് കഴിച്ചാൽ മൂത്രതടസം ,മൂത്രത്തിൽ കല്ല് ,മൂത്രനാളി വീക്കം ,മഞ്ഞപ്പിത്തം ,പുരുഷഗ്രന്ഥി വീക്കം എന്നിവയ്ക്ക് ശമനമുണ്ടാകും .കൂടാതെ ഹൃദ്രോഗം ,വൃക്കരോഗങ്ങൾ ,മദ്യപാനം മൂലം കരളിനുണ്ടാകുന്ന തകരാറുകൾ ,ഉറക്കക്കുറവ് എന്നിവയ്ക്കും നല്ലതാണ് .തഴുതാമയുടെ വേര് 15 ഗ്രാം വീതം വെള്ളം തിളപ്പിച്ച് 30 മി.ലി വീതം ദിവസം രണ്ടോ മൂന്നോ നേരം കഴിക്കാവുന്നതാണ് .ഉണങ്ങിയ വേരിന്റെ കഷായവും ഉപയോഗിക്കാം .ഇതിനായി തഴുതാമയുടെ ഉണങ്ങിയ വേരിന്റെ പൊടിഒരു സ്പൂൺ 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു കപ്പാക്കി വറ്റിച്ച് അരിച്ചെടുത്ത ശേഷം ഉപയോഗിക്കാം .ഇല ഇടിച്ചു പിഴിഞ്ഞ നീര് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാലും ഫലം കിട്ടും .
തഴുതാമയുടെ വിത്തും മൂത്രത്തിൽ കല്ലിന് ഔഷധമാണ് .വിത്ത് 2 ഗ്രാം വീതം കഴിക്കുകയോ വിത്തിന്റെ കഷായമുണ്ടാക്കി 10 ദിവസം കഴിക്കുകയോ ചെയ്‌താൽ മൂത്രത്തിൽ കല്ല് ദ്രവിച്ചുപോകും .തഴുതാമ ,ഞെരിഞ്ഞിൽ ,വയൽച്ചുള്ളി എന്നിവ ഒരേ അളവിൽ ഇട്ട് വെള്ളം തിളപ്പിച്ച് പതിവായി കുടിച്ചാൽ മൂത്രത്തിൽ കല്ല് മാറിക്കിട്ടും .ഇങ്ങനെ കഴിക്കുന്നത് മൂത്രാശയ സംബന്ധമായ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .സ്ത്രീകൾക്കുണ്ടാകുന്ന മൂത്രത്തിൽ പഴുപ്പിനും ,മൂത്രതടസ്സത്തിനും ,മൂത്രക്കടച്ചിലിനും ,ഗർഭിണികൾക്ക് കാലിലുണ്ടാകുന്ന നീരിനും ഈ വെള്ളം കുടിക്കുന്നത് ഒരു പ്രതിവിധിയാണ് .
അമിതമായി മദ്യം കഴിച്ചുണ്ടാകുന്ന മോഹാലസ്യം ,ഉന്മാദം ,ശരീരക്ഷീണം എന്നിവ മാറാൻ തഴുതാമ കഷായം വച്ച് അതിൽ അത്രതന്നെ പാലും ചേർത്ത് വീണ്ടും പാലിന്റെ അളവിൽ വറ്റിച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം കഴിച്ചാൽ മതിയാകും .
നേത്രരോഗങ്ങൾക്ക് തഴുതാമ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് അരിച്ചെടുത്ത് മുലപ്പാലും ചേർത്ത് കണ്ണിലൊഴിച്ചാൽ മതിയാകും .ഇത് കണ്ണിലെ ചൊറിച്ചിൽ ഇല്ലാതാക്കും .ഈ നീര് തേനിൽ ചാലിച്ച് കണ്ണിലൊഴിച്ചാൽ കണ്ണിലെ വെള്ളമൊലിപ്പ് മാറിക്കിട്ടും .ഈ നീര് നെയ്യിൽ ചാലിച്ച് കണ്ണിൽ പുരട്ടുന്നത് എല്ലാ നേത്രരോഗങ്ങൾക്കും നല്ലതാണ് .തഴുതാമയുടെ വേര് അരച്ച് തേനിൽ ചാലിച്ച് കൺപോളയിൽ പുരട്ടിയാൽ കൺകുരു മാറിക്കിട്ടും .
കൺപോളകളിൽ ഉണ്ടാകുന്ന നീര് മാറാൻ തഴുതാമയുടെ ഇല അരച്ച് കൺപോളകളിൽ പുരട്ടിയാൽ മതിയാകും .ചെങ്കണ്ണിന് തഴുതാമയുടെ ഇലയുടെ നീര് രണ്ടോ മൂന്നോ തുള്ളി വീതം കണ്ണിലൊഴിച്ചാൽ മതിയാകും .വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട് കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് മാറാൻ തഴുതാമ സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 15 മില്ലി വീതം ദിവസവും കഴിച്ചാൽ മതിയാകും .തഴുതാമ ,ഞെരിഞ്ഞിൽ എന്നിവ 15 ഗ്രാം വീതവും .വേപ്പിൻതൊലി ,ചുക്ക് ,പടവലം ,കടുകുരോഹിണി ,അമൃത് ,മരമഞ്ഞൾ തൊലി ,കടുക്കത്തോട് എന്നിവ 4 ഗ്രാം വീതവും ഒന്നര ലിറ്റർ വെള്ളത്തിൽ കഷായം വച്ച് പതിവായി കഴിച്ചാൽ വൃക്കരോഗം ശമിക്കും .
തഴുതാമ പതിവായി തോരൻ വച്ചോ കറിയുണ്ടാക്കിയോ കഴിച്ചാൽ ഹൃദ്രോഗം ,ആമവാതം എന്നിവ ശമിക്കും .തഴുതാമ വേര് ,കച്ചോലം ,ചുക്ക് എന്നിവ തുല്യ അളവിൽ കഷായം വച്ച് 25 മില്ലി വീതം രാവിലെയും വൈകിട്ടും ദിവസം രണ്ടുനേരം എന്ന കണക്കിൽ ഒരാഴ്ച്ച പതിവായി കഴിച്ചാൽ ആമവാതം മാറും .തഴുതാമ തോരൻ കഴിക്കുന്നത് നീർക്കെട്ടിനും കഫക്കെട്ടിനും കരൾ രോഗങ്ങൾക്കും മലബന്ധത്തിനും മരുന്നാണ് .
രക്തം ഛർദ്ദിക്കുന്ന അവസ്ഥയിൽ തഴുതാമയുടെ വേര് പാലിൽ അരച്ച് കഴുത്തുമുതൽ നാഭിവരെ കനത്തിൽ പുരട്ടിയാൽ രക്തചർദ്ദി മാറിക്കിട്ടും .തഴുതാമ വേരും വയമ്പും കൂട്ടിയരച്ച് തേൻ ചേർത്ത് കഴിച്ചാൽ ചുമ മാറും .തഴുതാമ വേര് ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ എലി കടിച്ചതു മൂലമുണ്ടാകുന്ന വിഷവികാരങ്ങൾ മാറിക്കിട്ടും .തഴുതാമ വേര് ,എരിക്കിൻ വേര് ,ചന്ദനം , ഞെരിഞ്ഞിൽ ,വയമ്പ് ,ശതകുപ്പ ,മഞ്ഞൾ ,ദേവതാരം എന്നിവ സമമെടുത്ത് ഗോമൂത്രത്തിൽ അരച്ച് പൂശിയാൽ വിഷജന്തുക്കൾ കടിച്ചത് മൂലമുള്ള വിഷം ശമിക്കും .തഴുതാമയുടെ വേര് ഉമ്മത്തില നീരിൽ അരച്ചു പുരട്ടിയാൽ ഉളുക്ക് മൂലം ഉണ്ടായ നീരും വേദനയും മാറിക്കിട്ടും .
വെള്ള തഴുതാമ കഷായം വച്ചതിൽ തഴുതാമ സമൂലം അരച്ചു കലക്കി എള്ളെണ്ണയിൽ കാച്ചി പുരട്ടിയാൽ രക്തവാതം ശമിക്കും .ചുവന്ന തഴുതാമയിൽ നിന്നും ചാരായം പോലെ വാറ്റിയെടുക്കുന്ന അർക്കം രക്തപിത്തത്തിന് ഔഷധമാണ് .തഴുതാമ വേര് ,ദർഭവേര് , രാമച്ചം ,മുത്തങ്ങാക്കിഴങ്ങ് ,കുറുന്തോട്ടി വേര് ,ദേവതാരം ,ചിറ്റരത്ത എന്നിവ കൊണ്ട് കഷായമുണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടി ചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് ലൈംഗീകബന്ധത്തിൽ ഏർപ്പെടുമ്പോഴും അതിനു ശേഷവുമുള്ള യോനി വേദന മാറും .
തഴുതാമയുടെ വേര് മോരിൽ അരച്ചു പുരട്ടിയാൽ ചർമ്മരോഗങ്ങൾ മാറും .തഴുതാമ വേര് അരച്ച് ഇളനീരിൽ ചേർത്ത് കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് മരുന്നാണ് .യവ്വനം നിലനിർത്താൻ 30 ഗ്രാം തഴുതാമയുടെ വേര് ചതച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് കാച്ചിയ പാലിൽ ചേർത്ത് കുറച്ചുനാൾ പതിവായി കഴിക്കുന്നത് നല്ലതാണ് .തഴുതാമ വേര് ,വയൽച്ചുള്ളി എന്നിവ കത്തിച്ച ചാരം ഒരു തുണിയിൽ കിഴികെട്ടി വെള്ളത്തിൽ കലക്കി അതിന്റെ തെളിയൂറ്റി പാലും ചുക്കും ചേർത്ത് കഴിച്ചാൽ ദേഹനീര് മാറും .തഴുതാമ വേര് ,വയൽച്ചുള്ളി ,കടുക്ക എന്നിവ ഒരേ അളവിൽ അരച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടിയാൽ വീക്കം മാറും .
തഴുതാമ ,വേപ്പിൻതൊലി ,പടവലം ,ചുക്ക് ,കടുകുരോഹിണി ,മരമഞ്ഞൾത്തൊലി ,അമൃത് ,കടുക്കത്തോട് എന്നിവ ചേർത്തുണ്ടാക്കുന്ന കഷായം കരൾരോഗങ്ങൾ ,പാണ്ഡുരോഗം ,ചുമ ,ശ്വാസംമുട്ട് ,നീര് എന്നിവയ്ക്ക് നല്ലതാണ് .ഈ കഷായം കുറച്ചുദിവസം പതിവായി കഴിച്ചാൽ മഞ്ഞപ്പിത്തം മാറും .ഈ കഷായത്തിന്റെ പതിവായ ഉപയോഗം മൂലം എയ്‌ഡ്‌സ് രോഗികളുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും .