പനി ,വയറിളക്കം ,ദഹനക്കേട് ,ചർമ്മരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ദന്തപ്പാല .കേരളത്തിൽ ഇതിനെ വെട്ടുപാല ,നിലപ്പാല ,വെൺപാല,അയ്യപ്പാല ,തൊണ്ടപ്പാല തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു .ഇംഗ്ലീഷിൽ പാലാ ഇൻഡിഗോ പ്ലാന്റ് ,സ്വീറ്റ് ഇന്ദ്രജാവോ എന്ന പേരുകളിലും .സംസ്‌കൃതത്തിൽ കുടജ ,ശ്വതകുടജ ,ഹയമാരക എന്നീ പേരുകളിലും അറിയപ്പെടുന്നു .
Botanical name : Wrightia tinctoria
Family: Apocynaceae (oleander family)
വിതരണം .
ഇന്ത്യ ,ശ്രീലങ്ക ,മ്യാന്മാർ എന്നിവിടങ്ങളിൽ ദന്തപ്പാല കാണപ്പെടുന്നു .കേരളത്തിലെ വനങ്ങളിലും മഴ കുറവുള്ള മേഘലകളിലും ദന്തപ്പാല വളരുന്നു .ഇതിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കി ഇന്ന് ഒട്ടുമിക്ക വീടുകളിലും ദന്തപ്പാല നട്ടുവളർത്തുന്നു .
സസ്യവിവരണം .
ശരാശരി 5 -10 മീറ്റർ ഉയരത്തിൽ വരെ വളരുന്ന ഒരു ചെറിയ മരം .ഇവയുടെ തണ്ടിലും ഇലയിലും വെളുത്ത പാലുപോലെയുള്ള കറയുണ്ട് .ഇലകൾക്ക് 7 മുതൽ 15 സെ.മീ നീളവും 3 മുതൽ 7 സെ.മീ വീതിയും ഉണ്ടാകും .മാർച്ച് മാസത്തിൽ പൂക്കാലം ആരംഭിക്കുന്നു .പൂക്കൾ കുലകളായി ഉണ്ടാകുന്നു .പൂക്കൾക്ക് വെളുത്ത നിറവും സുഗന്ധവും ഉണ്ടാകും .ഫലം 17 മുതൽ 35 സെ.മീ നീളമുള്ള ഫോളിക്കിളാണ് .
വിവിധ ഭാഷകളിലെ പേരുകൾ .
English Name : Sweet indrajao , Pala indigo plant
Malayalam Name : Danthapala
Tamil Name : Vetpalai Arisi
Telugu Name: Ankuduchettu
Kannada Name: Kodamurki
Bengali Name : Indrajav
Marathi Name : Kala kuda
Gujarati Name : Mitha Indarjava
Punjabi Name : Indarjao Mitha
Hindi Name : Kapar, Dudhi
ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ .
സിദ്ധവൈദ്യത്തിലാണ് ദന്തപ്പാലയെ പ്രതിപാദിക്കുന്നത് .ആയുർവേദ ഗ്രന്ഥങ്ങളിൽ ഒന്നും തന്നെ ദന്തപ്പാലയെപ്പറ്റി പരാമർശിക്കുന്നില്ല .എന്നിരുന്നാലും ആയുർവേദത്തിലും യുനാനി ചികിൽത്സയിലും ദന്തപ്പാലയെ പ്രയോജനപ്പെടുത്തുന്നു ..ഇതിന്റെ വിത്തും തൊലിയും കടുകപ്പാലയുടെ വിത്തിനും തൊലിക്കും പകരം ഉപയോഗിക്കാറുണ്ട് .
സോറിയാസിസ്, ഹെർപ്പസ് ,കുഷ്ടം തുടങ്ങിയ എല്ലാ ത്വക്ക് രോഗങ്ങൾക്കും ദന്തപ്പാലയുടെ ഇല ഔഷധമാണ് .ഇത് ചർമ്മത്തിന്റെ തിളക്കവും ആരോഗ്യവും വർധിപ്പിക്കുന്നു .രക്തം ശുദ്ധീകരിക്കുന്നു .വേദന ,കുറഞ്ഞ രക്തസമ്മർദം ,പല്ലുവേദന .വാതരോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .താരൻ, തലയോട്ടിയിലെ മറ്റു അണുബാധകൾ എന്നിവയ്ക്കും നല്ലതാണ് .തൊലിയും വിത്തും ദഹനം വർധിപ്പിക്കുകയും വായുകോപം , വയറുവേദന എന്നിവ ശമിപ്പിക്കുകയും ചെയ്യും .വയറിളക്കം, പനി,ജലദോഷം ,വിരശല്ല്യം എന്നിവയ്ക്കും നല്ലതാണ് .ചുടുവാതത്തിനും വൃക്കയിലെ കല്ലുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ് .ലൈംഗീകശേഷി വർധിപ്പിക്കുന്നതിനുള്ള കഴിവും ഈ സസ്യത്തിനുണ്ട് .കൂടാതെ പാമ്പിൻ വിഷത്തിനും ഒരു പ്രതിവിധിയാണ് .പാല് ഉറയാക്കുന്നതിനും രക്തം കട്ടപിടിപ്പിക്കുന്നതിനും ദന്തപാലയുടെ കറ ആദിവാസികൾ ഉപയോഗിക്കാറുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
ദന്തപ്പാല ചേരുവയുള്ള ചില ഔഷധങ്ങൾ .
അയ്യപ്പാലകേര തൈലം (Ayyappalakera Tailam).
ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് അയ്യപ്പാലകേര തൈലം.സോറിയാസിസ്, എക്സിമ, താരൻ തുടങ്ങിയവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്നു .കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് ഈ തൈലം നിർമ്മിക്കുന്നത് .
ബൃഹത് ദന്തപ്പാല തൈലം (Bruhath Danthapala Thailam).
ത്വക്ക് രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ബൃഹത് ദന്തപ്പാല തൈലം. സോറിയാസിസ് ചികിൽത്സയിൽ പ്രധാനമായും ഉപയോഗിക്കുന്നു .കൂടാതെ തലയിലെ താരൻ ,വരണ്ട ചർമ്മം ,ചർമ്മത്തിലെ ചൊറിച്ചിൽ മുതലായവയുടെ ചികിൽത്സയിലും ഉപയോഗിച്ചു വരുന്നു .വൈദ്യരത്നം ഔഷധശാലയാണ് ഈ തൈലം നിർമ്മിക്കുന്നത് .
കേശ്യം ഓയിൽ (Keshyam Oil).
മുടികൊഴിച്ചിൽ താരൻ എന്നിവ ഇല്ലാതാക്കി നല്ല ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യുന്നു .
Psorakot Gel.
സോറിയാസിസ്,എക്സിമ ,ചർമ്മ അലർജി മുതലായവയ്ക്ക് ബാഹ്യമായി ഉപയോഗിക്കുന്നു .കോട്ടയ്ക്കൽ ആര്യവൈദ്യശാലയാണ് ഈ മരുന്ന് നിർമ്മിക്കുന്നത് .
ഔഷധയോഗ്യഭാഗങ്ങൾ .
തൊലി ,ഇല .വിത്ത് .
രസാദി ഗുണങ്ങൾ .
രസം -തിക്തം ,കഷായം
ഗുണം -രൂക്ഷം
വീര്യം -ശീതം
വിപാകം -കടു
ദന്തപ്പാലയുടെ ചില ഔഷധ പ്രയോഗങ്ങൾ .
സോറിയാസിസ് എന്ന ത്വക് രോഗത്തിന് .
ദന്തപ്പാലയുടെ ഇല ഇരുമ്പു തൊടാതെ നുള്ളിയെടുത്ത് ഒരു മൺ പാത്രത്തിൽ ഇട്ട് മൂടത്തക്കവണ്ണം വെളിച്ചെണ്ണ ഒഴിച്ച് വെയിലത്ത് വയ്ക്കുക .ഇപ്രകാരം 7 ദിവസം രാവിലെ മുതൽ വൈകുന്നേരം വരയുള്ള വെയിൽ കൊള്ളിക്കണം .8 ദിവസം പിഴിഞ്ഞ് അരിച്ച് ഗ്ലാസ് കുപ്പിയിലാക്കി സൂക്ഷിക്കാം (പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കണം ) .ഈ എണ്ണ പുറമെ പുരട്ടി രണ്ടു മണിക്കൂറിന് ശേഷം സോപ്പ് ഉപയോഗിക്കാതെ കുളിക്കണം .സോപ്പിന് പകരം ചെറുപയർ പൊടിയോ കടലമാവോ ഉപയോഗിക്കാം .വൈദ്യനിർദേശ പ്രകാരം ഈ എണ്ണ കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്യണം .എണ്ണ ഉള്ളിലേക്ക് കഴിക്കുമ്പോൾ സസ്യാഹാരം മാത്രം കഴിക്കണം .കൂടാതെ പുകവലി ,മദ്യപാനം എന്നിവയും പാടില്ല .ഇപ്രകാരം മൂന്ന് മാസം തുടർന്നാൽ സോറിയാസിസ് എന്ന ത്വക് രോഗം പൂർണ്ണമായും മാറും .
ഇവയ്ക്ക് പുറമെ തലയിലെ താരൻ ,ചൊറിച്ചിൽ,കുരുക്കൾ എന്നിവയ്ക്കും ഈ എണ്ണ തലയിൽ ഉപയോഗിക്കാം .വരണ്ട ചർമ്മം ,ചൊറിച്ചിൽ ,ചൊറി ,ചിരങ്ങ് ,ചുണങ്ങ് ,വട്ടച്ചൊറി ,മുഖത്തെ പാടുകൾ ,കുരു ,ചർമ്മത്തിലുണ്ടാകുന്ന നിറവിത്യാസം ,തടിപ്പ് തുടങ്ങിയ തൊലിപ്പുറത്തുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും ദന്തപാല എണ്ണ പുറമെ ഉപയോഗിക്കാം .കൂടാതെ ചിലന്തി കടിച്ചുണ്ടാകുന്ന വിഷവികാരങ്ങൾ ഇല്ലാതാക്കാനും ഈ എണ്ണ പുറമെ ഉപയോഗിക്കാം .
ALSO READ : മുരിക്കിലയിൽ മാറാത്ത രോഗങ്ങളില്ല .
ദന്തപാലയുടെ ഇല അരച്ച് ഒരു അടയ്ക്കയോളം വലുപ്പത്തിൽ കഴിക്കുന്നത് പാമ്പിൻ വിഷത്തിന് പ്രതിവിധിയാണെന്ന് പറയപ്പെടുന്നു .ദന്തപാലയുടെ ഇലയും തൊലിയും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വാതപ്പനിക്ക് നല്ലതാണ് .തൊലിയും പച്ചമഞ്ഞളും ചേർത്ത് അരിക്കാടിയിൽ അരച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് ചുടുവാതത്തിന് നല്ലതാണ് .വിത്തിന്റെ പൊടി ചെറിയ അളവില് കഴിക്കുന്നത് ജലദോഷത്തിന് നല്ലതാണ് .ഇലയും തൊലിയും ചേർത്ത് കഷായമുണ്ടാക്കി കഴിക്കുന്നത് പനി ,വയറുവേദന ,വയറിളക്കം എന്നിവയ്ക്ക് നല്ലതാണ് .ഇതിന്റെ ഇല വായിലിട്ട് ചവയ്ക്കുന്നത് പല്ലുവേദന മാറാൻ നല്ലതാണ് .