മികച്ച പച്ചക്കറികളിൽ ഒന്നാണ് കുമ്പളം .വള്ളിച്ചെടികളിൽ ഉണ്ടാകുന്ന ഫലങ്ങളിൽ ഏറ്റവും പോഷക സമ്പുഷ്ടമായ ഒരു ഫലമാണ് കുമ്പളങ്ങ എന്ന് ആയുർവേദത്തിൽ പരാമർശിക്കുന്നു .അപസ്‌മാരം , മാനസികരോഗങ്ങൾ , രക്തശുദ്ധി ,ബുദ്ധിശക്തി ,ശരീരശക്തി ,രക്തശ്രാവം ,ആസ്മ .പ്രമേഹം മുതലായവയുടെ ചികിൽത്സയിൽ കുമ്പളങ്ങ ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇംഗ്ലീഷിൽ ആഷ്ഗോഡ് ,വാക്‌സ്ഗോഡ് ,വൈറ്റ്‌ഗുർഡ് മെലൺ തുടങ്ങിയ പേരുകളിലും സംസ്‌കൃതത്തിൽ കൂഷ്മാണ്ഡം,കൂശ്മാണ്ഡം എന്നീ പേരുകളിലും അറിയപ്പെടുന്നു .കൂടാതെ ശേഷ്ഠഫല ,ബ്രഹത്ഫലം തുടങ്ങിയ സംസ്‌കൃതനാമങ്ങളുമുണ്ട് .കൂഷ്മാണ്ഡം എന്ന സംസ്‌കൃതനാമത്തിലാണ് ഇന്ത്യയിലുടനീളം ഈ സസ്യം അറിയപ്പെടുന്നത് .തമിഴ്‌നാട്ടിലും മറ്റു ചില സംസ്ഥാനങ്ങളിലും പൂജകൾക്കും ചില ആചാരങ്ങൾക്കും കുമ്പളങ്ങ ഉപയോഗിക്കുന്നു .ചില ദുഷ്ട്ട ശക്തികളെ അകറ്റാൻ കുമ്പളങ്ങയിൽ കർപ്പൂരം കത്തിച്ച് നിലത്ത് എറിഞ്ഞുടയ്ക്കുന്ന പതിവുണ്ട് .
Botanical name: Benincasa hispida
Family: Cucurbitaceae (Pumpkin family)
Synonyms : Cucurbita hispida,Benincasa cerifera,Benincasa pruriens
കാണപ്പെടുന്ന സ്ഥലങ്ങൾ .
ഇന്ത്യയിലുടനീളം ഒരു പച്ചക്കറിയായി കൃഷി ചെയ്യുന്നു .
സസ്യവിവരണം .
തറയിലൂടെയും മരത്തിലൂടെയും പടർന്നു വളരുന്ന ഒരു വള്ളിസസ്യം .തണ്ടിന് പച്ചനിറവും ചെറിയ രോമങ്ങൾ നിറഞ്ഞതുമാണ് .തണ്ട് മൃദുവും അകം പൊള്ളയുമാണ് .ഇലകൾക്ക് ഹൃദയാകൃതിയാണ് .ഇലകൾ ഏകാന്തര ക്രമത്തിൽ വിന്യസിച്ചിരിക്കുന്നു .പൂക്കൾക്ക് മഞ്ഞനിറമാണ് .ഫലങ്ങൾ ഉരുണ്ടതും പച്ചനിറത്തിൽ കട്ടിയുള്ള പുറംതോടോടു കൂടിയതും പുറം തൊലി വെളുത്ത പൊടികൊണ്ട് ആവൃതവുമാണ് .ഫലത്തിന്റെ അകം മാംസളവും അതിൽ അനേകം വിത്തുകളും കാണപ്പെടുന്നു .
രാസഘടകങ്ങൾ .
കുമ്പളങ്ങയിൽ കുക്കുർബിറ്റിൻ എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. കൂടാതെ .പ്രോട്ടീൻ ,കൊഴുപ്പ് ,കാർബോഹൈട്രേറ്റ് ,ധാതുലവണങ്ങൾ ,വിറ്റാമിനുകകൾ എന്നിവയും 96 % ജലാംശവും അടങ്ങിയിരിക്കുന്നു .
ആഗ്ര പേഡ.
കുമ്പളങ്ങയിൽ നിന്നും തയാറാക്കുന്ന ഉത്തരേന്ത്യയിലെ വളരെ പ്രശസ്തമായ ഒരു മധുര പലഹാരമാണ് പേഡ ,ഇതിനെ "പേട്ട" ആഗ്ര പേഡ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്നു .കുമ്പളങ്ങ പുറംതൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് കുറച്ച് ചുണ്ണാമ്പ് വെള്ളത്തിൽ കലക്കി അതിൽ അരിഞ്ഞ കുമ്പളങ്ങ 24 മണിക്കൂർ മുക്കിവയ്ക്കുന്നു .24 മണിക്കൂറിന് ശേഷം ചുണ്ണാമ്പുവെള്ളത്തിൽ നിന്നും മാറ്റി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ചേർത്ത് അടുപ്പിൽ വേവിച്ചെടുക്കുന്നു .അതിനു ശേഷം പഞ്ചസാര പാനിയാക്കി നാലോ അഞ്ചോ മണിക്കൂർ അതിൽ മുക്കിവച്ച ശേഷം പുറത്തെടുത്ത് കട്ടിയായ ശേഷം ഉപയോഗിക്കാം .ഇത് കുട്ടികളിലെ ഓർമ്മക്കുറവ് പരിഹരിക്കുന്നതിന് നല്ലതാണ് .
വിവിധ ഭാഷകളിലെ പേരുകൾ .
English names: White gourd, Ash gourd , Winter melon
Malayalam name : Kumbalam
Tamil name: Pusinikkai
Telugu name: Boodida Gummadi
Kannada name: Boodu Kumbala Kai
Marathi name: Kohala
Bengali name: Kumada
Hindi name: Petha
ഔഷധയോഗ്യഭാഗം ,
കായ ,വിത്ത് .
കുമ്പളങ്ങയുടെ ഔഷധഗുണങ്ങൾ .
ശരീരശക്തിയും പ്രതിരോധശേഷിയും വർധിപ്പിക്കും .ശരീരഭാരം വർധിപ്പിക്കാൻ സഹായിക്കുന്നു .രക്തം ശുദ്ധീകരിക്കും .മൂത്രം ശുദ്ധീകരിക്കുകയും മൂത്രം വർധിപ്പിക്കുകയും ചെയ്യും .മൂത്രം ഒഴിക്കുമ്പോഴുള്ള വേദന,മൂത്ര തടസ്സം , മൂത്രത്തിൽ കല്ല് എന്നിവ ഇല്ലാതാക്കും .ആന്തരാവയവങ്ങളിലുണ്ടാകുന്ന രക്തശ്രാവം ശമിപ്പിക്കും ,അമിത ആർത്തവം ,മൂക്കിലൂടെയുള്ള രക്തശ്രാവം എന്നിവ ശമിപ്പിക്കും .മൂലക്കുരു ,പ്രമേഹം ,ഗ്രഹണി,മഞ്ഞപ്പിത്തം എന്നിവയ്ക്കും നല്ലതാണ് .
ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങൾക്കും കുമ്പളത്തിന്റെ കുരു ഔഷധമാണ് .,ചുമ ,രക്തം ചുമച്ചു തുപ്പൽ ,പനി ,ക്ഷയം ,ആസ്മ ,മൂക്കൊലിപ്പ് എന്നിവയ്‌ക്കെല്ലാം നല്ലതാണ് .ശരീരം ചുട്ടുപുകച്ചിൽ ,പൊള്ളൽ , വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ ,ദഹനക്കുറവ്,വയറുവേദന എന്നിവയ്ക്കും കുമ്പളങ്ങ ഔഷധമാണ് .പുരുഷന്മാരിലെ ലൈംഗീകശേഷി വർധിപ്പിക്കും ,കാമവും ശുക്ലവും വർധിപ്പിക്കും .
കുമ്പളത്തിന്റെ വിത്ത് കൃമിനാശിനിയാണ് .ഇത് ഉദരവിരകളെയും കൃമിയെയും നശിപ്പിക്കും. കുമ്പളങ്ങ കത്തിച്ചു കിട്ടുന്ന ചാരം (കൂശ്മാണ്ഡക്ഷാരം ) ശൂലയ്ക്ക് ഔഷധമാണ് ,ഞരമ്പു സംബന്ധമായ രോഗങ്ങൾ ,അപസ്‌മാരം ,ഉറക്കക്കുറവ് ,ഭ്രാന്ത് ,ബുദ്ധിക്കുറവ് ,ഓർമ്മക്കുറവ് എന്നിവയ്ക്കും കുമ്പളങ്ങയുടെ നീര് ഔഷധമായി ആയുർവ്വേദം വിധിച്ചിരിക്കുന്നു .മെർക്കുറി (രസം) കഴിച്ചുണ്ടാകുന്ന വിഷവികാരങ്ങൾക്ക് ഒരു പ്രത്യൗഷധമാണ് കുമ്പളങ്ങയുടെ നീര് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
കുമ്പളങ്ങ ചേരുവയുള്ള ചില ഔഷധങ്ങൾ .
കൂശ്മാണ്ഡ രസായനം (Kusmanda Rasayanam).
ചുമ ,ആസ്മ ,അലർജി ,ഒച്ചയടപ്പ് ,മറ്റു ശ്വാസകോശ സംബദ്ധമായ രോഗങ്ങൾ .പ്രധിരോധ ശേഷിക്കുറവ് എന്നിവയുടെ ചികിൽത്സയിൽ കൂശ്മാണ്ഡ രസായനം ഉപയോഗിക്കുന്നു .മെലിഞ്ഞവർ തടിക്കുന്നതിനും ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും പനി വന്നു പോയതിനു ശേഷമുള്ള ശരീരക്ഷീണം അകറ്റാനും കൂശ്മാണ്ഡ രസായനം ഉപയോഗിക്കുന്നു .കുട്ടികളിലെ ശരീരക്ഷീണം അകറ്റാനും കൂശ്മാണ്ഡ രസായനം ഫലപ്രദമാണ് .
ച്യവനപ്രാശവുമായി ബന്ധമുള്ള ഒരു ഔഷധമാണ് കൂശ്മാണ്ഡ രസായനം.ഭൃഗുവിന്റെ പുത്രനായ ച്യവനമഹർഷിക്ക് അകാലത്തിൽ വാർദ്ധക്യം സംഭവിച്ചപ്പോൾ യൗവനം വീണ്ടെടുക്കാൻ അശ്വിനീ ദേവന്മാർ നിർദ്ദേശിച്ച രസായനൗഷധമാണ് ച്യവനപ്രാശം .ഇതേ അശ്വിനീ ദേവന്മാർ തന്നെയാണ് കൂശ്മാണ്ഡ രസായനവും തയാറാക്കിയത് .
വസ്ത്യാമയാന്തകഘൃതം (Vastyamayantaka Ghritam).
മൂത്രാശയരോഗങ്ങളുടെ ചികിൽത്സയിൽ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ഔഷധമാണ് വസ്ത്യാമയാന്തകഘൃതം. അറിയാതെ മൂത്രം പോകുക ,മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,മൂത്രത്തിൽ കല്ല് ,പ്രോസ്റ്റേറ്റ് വീക്കം എന്നിവയുടെ ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ധാത്ര്യാദി ഘൃതം (Dhathryadi Ghritam).
വെള്ളപോക്ക് ,അമിത ആർത്തവം ,വിളർച്ച ,സ്ത്രീവന്ധ്യത മുതലായവയുടെ ചികിൽത്സയിൽ ധാത്ര്യാദി ഘൃതം ഉപയോഗിച്ചു വരുന്നു .
ഹിമസാഗര തൈലം (Himasagara Tailam).
വാതസംബന്ധമായി ഉണ്ടാകുന്ന വേദന ,പുകച്ചിൽ ,ശരീരവേദന ,തോള് ,കഴുത്ത് എന്നിവിടങ്ങളിലുണ്ടാകുന്ന വേദന, മരവിപ്പ് .എന്നിവയുടെ ചികിൽത്സയിലും .ഉറക്കക്കുറവ് ,മാനസിക രോഗങ്ങൾ ,അമിത കോപം .മുടികൊഴിച്ചിൽ ,അകാല നര എന്നിവയുടെ ചിൽത്സയിലും ഹിമസാഗര തൈലം ഉപയോഗിച്ചു വരുന്നു .ഈ തൈലം പുറമെ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
ALSO READ : തഴുതാമയുടെ ഔഷധഗുണങ്ങൾ .
ചില ഔഷധപ്രയോഗങ്ങൾ .
കുമ്പളങ്ങ ഇടിച്ചു പിഴിഞ്ഞ നീര് 15 മില്ലി വീതം ദിവസം ഒരു നേരം വീതം പതിവായി കഴിച്ചാൽ പ്രമേഹം ശമിക്കും .കൂടാതെ ഇത് ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും ഓർമ്മശക്തി വർധിപ്പിക്കുന്നതുനും രക്തശുദ്ധിക്കും നല്ലതാണ് .
ഭ്രാന്ത് ,അപസ്‌മാരം തുടങ്ങിയ രോഗങ്ങളിൽ കുമ്പളങ്ങയുടെ നീരിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് നല്ലതാണ് .15 മില്ലി കുമ്പളങ്ങാ നീരിൽ 5 ഗ്രാം ഇരട്ടി മധുരവും പൊടിച്ചു ചേർത്ത് ദിവസം 3 നേരം എന്ന കണക്കിൽ പതിവായി കഴിച്ചാൽ അപസ്‌മാരം ശമിക്കും .പതിനെട്ട് ഇടങ്ങഴി കുമ്പളങ്ങാ നീര് ഇടങ്ങഴി നെയ്യും ചേർത്ത് കാച്ചി പതിവായി കഴിക്കുന്നതും അപസ്മാരത്തിന് മരുന്നാണ് .
കുമ്പളങ്ങയുടെ കുരു കഴിച്ചാൽ ഉദരവിരയും കൃമിയും നശിക്കും .ഇതിനായി നല്ലതുപോലെ വിളഞ്ഞ കുമ്പളങ്ങയുടെ വിത്ത് ഉണക്കിപ്പൊടിച്ച് 6 ഗ്രാം വീതം ചൂടുവെള്ളത്തിൽ കലക്കി രാവിലെ വെറുംവയറ്റിൽ 3 ദിവസം തുടർച്ചയായി കഴിച്ചാൽ മതിയാകും . 6 ഗ്രാം വിത്ത് പഞ്ചസാര ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം കഴിക്കുകയും രാവിലെ ആവണക്കെണ്ണ കഴിച്ച് വയറിളക്കുകയും ചെയ്യുന്നത് കൃമി ശല്ല്യവും വിര ശല്ല്യവും ഇല്ലാതാക്കാൻ നല്ലതാണ് .വിത്തിന്റെ പൊടി കഴിക്കുന്നത് ചുമയ്‌ക്കും പനിക്കും നല്ലതാണ് .
ചുമ ,ആസ്മ ,അലർജി ,തുമ്മൽ എന്നിവയ്ക്ക് കുമ്പളങ്ങ ചുരണ്ടി പഞ്ചസാരയിട്ട് ദിവസവും കഴിക്കുന്നത് നല്ലതാണ് .കുമ്പളങ്ങയുടെ നീര് കഴിക്കുന്നതും നല്ലതാണ് .ഇതിനായി 15 മില്ലി നീര് ദിവസവും കഴിക്കാവുന്നതാണ് .ഇത് കാമ വർദ്ധനവിനും നല്ലതാണ് .കുമ്പളങ്ങ നീര് പുറമെ പുരട്ടുന്നത് പൊള്ളലിന് ഔഷധമാണ് .കുമ്പളങ്ങ ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തിൽ കലർത്തി പതിവായി കഴിക്കുന്നതും ചുമ ,ആസ്മ ,അലർജി ,തുമ്മൽ എന്നിവയ്ക്ക് നല്ലതാണ് .
കുമ്പളങ്ങയുടെ വിത്ത് പൊടിച്ച് എള്ളെണ്ണയിൽ ചാലിച്ച് കഴിച്ചാൽ മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, പുകച്ചിൽ എന്നിവ മാറിക്കിട്ടും .കുമ്പളങ്ങ അരച്ച് നാഭിയിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും .കുമ്പളങ്ങയുടെ വിത്ത് പൊടിച്ച് നെയ്യിൽ ചാലിച്ച് കഴിച്ചാൽ വിശപ്പില്ലായ്‌മ ,രുചിയില്ലായ്‌മ എന്നിവ മാറിക്കിട്ടും .കുമ്പളങ്ങയുടെ വിത്ത് പൊടിച്ച് മോരിൽ കലർത്തി ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിച്ചാൽ മൂത്രത്തിൽ കല്ല് ദ്രവിച്ചുപോകും .
ശർക്കരയിലിട്ടു വച്ചിരുന്ന കുമ്പളങ്ങ കഴിക്കുന്നത് മൂലക്കുരുവിനും ഗ്രഹണിക്കും ഔഷധമാണ് .രക്തം ചുമച്ചു തുപ്പുന്ന അവസ്ഥയിൽ കുമ്പളങ്ങാ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും ,ക്ഷയത്തിന് കുമ്പളങ്ങാ നീരിൽ പവിഴഭസ്‌മം ചേർത്ത് കഴിച്ചാൽ മതിയാകും .
അടി ,ഇടി ,വീഴ്ച്ച എന്നിവ കൊണ്ട് നെഞ്ചിനുണ്ടാകുന്ന ഉടവ് മാറാൻ കുമ്പളങ്ങാ നീരിൽ 6 കഴഞ്ച് കോലരക്കിന്റെ പൊടി ചേർത്ത് കുതിർന്നതിനു ശേഷം കലക്കി കുടിച്ചാൽ മതിയാകും .ഇങ്ങനെ കഴിക്കുന്നത് രക്തക്കുറവ് പരിഹരിക്കുന്നതിനും നല്ലതാണ് .
100 മില്ലി കുമ്പളങ്ങയുടെ നീരിൽ ആവിശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഏലയ്ക്കാപ്പൊടിയും ചേർത്ത് ദിവസം രണ്ടുനേരം എന്ന കണക്കിൽ കഴിക്കുന്നത് കൈകാൽ പുകച്ചിൽ ,,ശരീരം പുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .
കുമ്പളങ്ങയുടെ തൊലിയും കുരുവും നീക്കി ചെറുതായി നുറുക്കി ഉണങ്ങിയതിനുശേഷം ഇരുമ്പു പാത്രത്തിലിട്ട് തീയെരിച്ച് ഭസ്മമാക്കി അതിനു സമം ചുക്കുപൊടിയും ചേർത്ത് എടുക്കുന്നതാണ് കൂശ്മാണ്ഡക്ഷാരം .ഇത് കുറേശ്ശെ വെള്ളത്തിൽ കലക്കി കുടിക്കുന്നത് ശൂലയ്ക്ക് ഔഷധമാണ് .
തൊലിയും കുരുവം നീക്കം ചെയ്ത കുമ്പളങ്ങയുടെ 12 ഇടങ്ങഴി നീരും അതെ അളവിൽ പാലും ചേർത്ത് വറ്റിച്ച് കുഴമ്പാക്കിയ ശേഷം 8 പലം ഉണക്ക നെല്ലിക്കാപ്പൊടിയും ചേർത്ത് ഇളക്കി യോചിപ്പിച്ചെടുക്കുന്നതാണ് ഖണ്ഡകൂശ്മാണ്ഡകം .ഇത് ദിവസേന അര പലം വീതം കഴിക്കുന്നത് മഞ്ഞപ്പിത്തം ,രക്തപിത്തം (നവദ്വാരങ്ങളിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം പോകുന്ന അവസ്ഥ ),അമ്ലപിത്തം (നെഞ്ചരിച്ചിൽ ,പുളിച്ചുതികട്ടൽ ,ദഹനക്കുറവ്) ആസ്മ ,ചുമ ,അലർജി ,തുമ്മൽ ,പനി ,ഹൃദ്രോഗം എന്നിവയ്‌ക്കെല്ലാം നല്ലതാണ് .
മുലയൂട്ടുന്ന അമ്മമാരിൽ ഉണ്ടാകുന്ന സ്തനവീക്കം ,വേദന എന്നിവയ്ക്ക് കുമ്പളത്തിന്റെ പൂവ് ഉത്തരേന്ത്യയിൽ ഔഷധമായി ഉപയോഗിക്കുന്നു .ഇതിനായി കുമ്പളത്തിന്റെ പൂവും ,മഞ്ഞളും ,പുളിയിലയും ചേർത്തരച്ച് കുഴമ്പു പരുവത്തിൽ സ്തനങ്ങളിൽ പുരട്ടുകയാണ് പതിവ് .