ഒരു ഇലക്കറിയാണ് പൊന്നങ്ങാണി .അതിലുപരി ഒരു ഔഷധസസ്യം കൂടിയാണ് .ആയുർവേദത്തിൽ മലബന്ധം ,ദഹനക്കേട് ,മഞ്ഞപ്പിത്തം ,മുലപ്പാൽ വർദ്ധന ,നേത്രരോഗങ്ങൾ മുതലായവയുടെ ചികിൽത്സയിൽ പൊന്നങ്ങാണി ഔഷധമായി ഉപയോഗിക്കുന്നു .കേരളത്തിൽ ഇതിനെ പൊന്നങ്കണ്ണി , പൊന്നാംകണ്ണി, പൊന്നാങ്കണ്ണി ചീര , മീനാങ്കണ്ണി ,മീനങ്ങാണി തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു .സംസ്‌കൃതത്തിൽ പത്തൂര ,മത്സ്യാക്ഷി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .ഇതിന്റെ പൂവിന് മത്സ്യത്തിന്റെ കണ്ണുമായി സാദൃശ്യ മുള്ളതുകൊണ്ടാണ് മത്സ്യാക്ഷി എന്ന സംസ്‌കൃത നാമം .
Botanical name - Alternanthera sessilis
Family - Amaranthaceae (Amaranth family)
വിതരണം .
ഇന്ത്യയിലുടനീളം ചതുപ്പു പ്രദേശങ്ങളിൽ മീനങ്ങാണി വളരുന്നു .കൂടാതെ ധാരാളമായി കൃഷിയും ചെയ്‌തു വരുന്നു .
സസ്യവിവരണം .
നിലത്ത് പടർന്നു കിടക്കുകയോ അൽപ്പം എഴുന്നു നിൽക്കുകയോ ചെയുന്ന ഒരു ഔഷധി .ഇലകൾക്ക് 2 -3 സെ.മീ നീളവും 2 -5 മി .മീ വീതിയും കാണും .ഇവയുടെ പൂക്കൾക്ക് വെള്ളനിറം .പൂക്കൾ പത്രകക്ഷത്തിൽ ഉണ്ടാകുന്നു .കേരളത്തിൽ പലരും Alternanthera bettzickiana എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യത്തെ പൊന്നങ്ങാണിയായി ഉപയോഗിച്ചു വരുന്നു .ഇതിന്റെ ഇലയ്ക്കും തണ്ടിനും ചുവപ്പു കലർന്ന പച്ചനിറമാണ് .
രാസഘടകങ്ങൾ .
ഇലയിൽ പ്രോട്ടീൻ ,അയൺ എന്നിവ അടങ്ങിയിരിക്കുന്നു .സ്‌പൈനാസ്റ്റെറോൾ എ .ബി ,ലൂപ്പിയോൾ എന്നി ഘടകങ്ങൾ വേരിലും അടങ്ങിയിരിക്കുന്നു .
പ്രാദേശികനാമങ്ങൾ .
English Name : Dwarf Copperleaf
Malayalam Name : Ponnankanni
Tamil Name : Ponnanganni Keerai
Telugu Name : Ponnaganti Koora
പൊന്നങ്ങാണിയുടെ ഔഷധഗുണങ്ങൾ .
ദഹനം വർധിപ്പിക്കും .രക്തം ശുദ്ധീകരിക്കും .മുലപ്പാൽ വർധിപ്പിക്കും . ശരീരതാപം കുറയ്ക്കും .ശരീരശക്തി വർധിപ്പിക്കും .ചൊറി ,എക്സിമ തുടങ്ങിയ എല്ലാ ചർമ്മരോഗങ്ങൾക്കും നല്ലതാണ് .പനി, വയറിളക്കം ,ശരീരം പുകച്ചിൽ ,കഫം ,പിത്തം ,മലബന്ധം ,മൂലക്കുരു ,അൾസർ ,ആമാശയവീക്കം , കുഷ്ടം എന്നിവയ്ക്കും നല്ലതാണ് .വായുകോപം ,ഓക്കാനം ,ഛർദ്ദി എന്നിവയ്ക്കും നല്ലതാണ് .തലവേദന ,തലകറക്കം ,ബ്രോങ്കൈറ്റിസ്, ആസ്ത്മ ,ചുമ ,മഞ്ഞപ്പിത്തം,മുറിവുകൾ,ക്ഷതം ,പ്രമേഹം ,സന്ധിവേദന ,ഉറക്കക്കുറവ്,മൂത്രതടസ്സം എന്നിവയ്ക്കും നല്ലതാണ് .നേത്രരോഗങ്ങൾ ,കാഴ്ച്ചക്കുറവ് ,തിമിരം ,കണ്ണിൽ നിന്നും വെള്ളം വരിക ,ഹ്രസ്വദൃഷ്ടി എന്നിവയ്ക്കും നല്ലതാണ് .സ്ത്രീകളിലെ വെള്ളപോക്കിനും നല്ലതാണ് .കൂടാതെ വിഷശമന ശക്തിയുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
പൊന്നങ്ങാണി ചേരുവയുള്ള ഔഷധം .
ശതാവര്യാദി ഘൃതം (Satavaryadi Ghritam).
മൂത്രാശയ സംബന്ധമായ രോഗങ്ങളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന നെയ്യ് രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ശതാവര്യാദി ഘൃതം.മൂത്രതടസ്സം ,മൂത്രത്തിൽ കല്ല് മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്നു .കൂടാതെ കൈകാൽ വേദന ,വയറുവേദന തുടങ്ങിയവയുടെ ചികിൽത്സയിലും ശതാവര്യാദി ഘൃതം ഉപയോഗിക്കുന്നു .
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം -തിക്തം ,തുവരം ,മധുരം
ഗുണം -ലഘു
വീര്യം -ശീതം
വിപാകം -കടു
പൊന്നങ്ങാണിയുടെ ചില ഔഷധപ്രയോഗങ്ങൾ .
സമൂലം ഔഷധയോഗ്യമാണ് പൊന്നങ്ങാണി.പച്ചയ്ക്കും ഉണക്കിപ്പൊടിച്ചും ഔഷധമായി ഉപയോഗിക്കാം .ദഹനക്കേട് ,വിശപ്പില്ലായ്‌മ ,ആമാശയവീക്കം ,കാഴ്ച്ചക്കുറവ് ,തിമിരം ,മൂലക്കുരു എന്നിവയ്ക്ക് പൊന്നങ്ങാണി പതിവായി തോരനുണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .അരിമാവിനൊപ്പം പൊന്നങ്ങാണി സമൂലം അരച്ച് ശർക്കരയും ചേർത്ത് പലഹാരങ്ങൾ ഉണ്ടാക്കി കഴിച്ചാൽ ശരീരത്തിലുണ്ടാകുന്ന ചുട്ടുനീറ്റൽ മാറിക്കിട്ടും ..ഇത് പ്രസവിച്ച സ്ത്രീകൾക്ക് ഗർഭരക്ഷയ്ക്കും ഉത്തമമാണ് .
പൊന്നങ്ങാണി സമൂലം അരച്ച് തലയിൽ പൊത്തിയാൽ നല്ല ഉറക്കം കിട്ടുന്നതിനും തലപുകച്ചിൽ മാറുന്നതിനും നല്ലതാണ് .പൊന്നങ്ങാണി സമൂലം അരച്ചതും ഇടിച്ചു പിഴിഞ്ഞ നീരും എള്ളെണ്ണയിൽ കാച്ചി തലയിൽ തേച്ചു കുളിക്കുന്നതും ഉറക്കക്കുറവ് ,തലപുകച്ചിൽ എന്നിവ മാറാൻ നല്ലതാണ് .ഇത് കണ്ണുകൾക്ക് നല്ല തിളക്കം കിട്ടാനും സഹായിക്കുന്നു .ഈ തൈലം മുറിവുകൾക്കും നല്ലതാണ് ,മുറിവിൽ പുരട്ടിയാൽ മുറിവുകൾ പെട്ടന്ന് കരിയാൻ സഹായിക്കും .പൊന്നങ്ങാണി ഉണക്കിപ്പൊടിച്ച് വെണ്ണയിൽ ചാലിച്ച് പുരട്ടുന്നത് വ്രണങ്ങൾ പെട്ടന്ന് കരിയാൻ സഹായിക്കും .പൊന്നങ്ങാണി ഉണക്കിപ്പൊടിച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളിൽ കഴിക്കുകയും വെള്ളത്തിൽ ചാലിച്ച് പുറമെ പുരട്ടുകയും ചെയ്താൽ ഉണങ്ങാത്ത വ്രണങ്ങൾ ,കുഷ്ടം ,ഗൊണോറിയ എന്നീ രോഗങ്ങൾ കൊണ്ടുണ്ടാകുന്ന വ്രണങ്ങൾക്കും നല്ലതാണ് .
ALSO READ : ചിറ്റമൃത് ഔഷധഗുണങ്ങൾ .
പൊന്നങ്ങാണി,മല്ലി ,കുഴിമുത്തങ്ങ എന്നിവ കഷായം വച്ച് കുട്ടികൾക്കു കൊടുത്താൽ കുട്ടികളുടെ പനി ശമിക്കും .പൊന്നങ്ങാണിയും , കാവിമണ്ണും കൂട്ടിയരച്ച് നാഭിക്ക് കീഴെ പുരട്ടിയാൽ മൂത്ര തടസ്സം മാറിക്കിട്ടും .പൊന്നങ്ങാണിയുടെ ഇല ചതച്ച് വെള്ളത്തിലിട്ട് കുറച്ചുസമയത്തിനു ശേഷം ഈ വെള്ളം അരിച്ച് കണ്ണ് കഴുകുന്നത് കണ്ണിൽ ചൊറിച്ചിൽ , കണ്ണിൽ പീളകെട്ടുക , ചെങ്കണ്ണ് മുതലായ എല്ലാ നേത്രരോഗങ്ങൾക്കും വളരെ നല്ലതാണ് .പൊന്നങ്ങാണി അരച്ച് കൺപോളകളിൽ പുരട്ടുന്നതും ചെങ്കണ്ണ് മാറാൻ നല്ലതാണ് .പാമ്പ് കടിച്ചാൽ പൊന്നങ്ങാണി അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുകയും കുറച്ച് ഉള്ളിൽ കഴിക്കുകയും ചെയ്താൽ പാമ്പിൻ വിഷവീര്യം അൽപം കുറയാൻ സഹായിക്കുന്നു .എങ്കിലും ഉടനെ വൈദ്യ സഹായം തേടേണ്ടതാണ് .
.പൊന്നങ്ങാണി സമൂലം ഉണക്കിപ്പൊടിച്ച പൊടി ഒരു സ്പൂൺ വീതം 2 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് ഒരു കാപ്പാക്കി വറ്റിച്ച് അരിച്ച് കുറച്ചുദിവസം പതിവായി കഴിക്കുന്നത് മഞ്ഞപിത്തം മാറാൻ നല്ലതാണ് .കൂടാതെ ശരീരം പുകച്ചിൽ ,ശരീരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് ,മൂത്രതടസ്സം, വായുക്ഷോഭം, ഓക്കാനം, ഛർദ്ദി, തലവേദന, ബ്രോങ്കൈറ്റിസ്, ആസ്ത്മ, തലകറക്കം ,ചുമ, പ്രമേഹം,,കാഴ്ച്ചക്കുറവ് ,തിമിരം ,തുടങ്ങിയ മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും ഈ കഷായം ദിവസത്തിൽ രണ്ടു തവണ ഭക്ഷണത്തിനു മുൻപായി കഴിക്കാവുന്നതാണ്