മുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്നതിന് ആയുർവേദത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ബ്രഹ്മി .ഇതിനെ നീർബ്രഹ്മി എന്നും വിളിപ്പേരുണ്ട് .സ്ഥല ബ്രഹ്മി എന്നും ജല ബ്രഹ്മി എന്നും രണ്ടു തരത്തിൽ ബ്രഹ്മിയെ പ്രതിപാദിക്കുന്നു .ഇതിൽ സ്ഥല ബ്രഹ്മി എന്ന് പറയുന്നത് മുത്തിൾ അഥവാ കുടങ്ങൽ എന്ന സസ്യമാണ് .സംസ്‌കൃതത്തിൽ ബ്രഹ്മി ,സരസ്വതി ,സീതകാമിനി ,ത്രയന്തി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു .
Botanical name: Bacopa monnieri
Family: Plantaginaceae (Plantain family)
Synonyms : Bramia indica, Bramia monnieri,Bacopa micromonnieria.
വിതരണം .
ഇന്ത്യയിലുടനീളം നനവാർന്ന പ്രദേശങ്ങളിലും വയലുകളിലും ബ്രഹ്മി സ്വാഭാവികമായി വളരുന്നു .
സസ്യവിവരണം.
നിലം പറ്റി വളരുന്ന ഒരു ഏകവർഷി ഔഷധി .ധാരാളം ശാഖകളുണ്ടാകും .ശാഖകളുടെ മുട്ടുകളിൽനിന്നും വേരുകൾ ഉണ്ടായി വരുന്നു .തടിച്ച പ്രകൃതമുള്ള ഇവയുടെ ഇലകൾക്ക് 2 മുതൽ 4 സെ.മീ നീളവും 1 സെ.മീ വീതിയുമുണ്ടാകും .ഇലകളുടെ അടിഭാഗത്ത് കറുത്ത അടയാളങ്ങൾ കാണാം .ഇലകളുടെ മുട്ടുകളിൽ നിന്നും പൂക്കൾ ഉണ്ടാകുന്നു .പൂക്കൾക്ക് ഇളം നീലനിറമോ വെള്ള നിറമോ ആയിരിക്കും .ഇവയുടെ ഫലം പൂവിന്റെ ബാഹ്യദളപുടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു .ഫലത്തിനുള്ളിൽ അനവധി ചെറിയ വിത്തുകൾ കാണപ്പെടുന്നു .വിത്തുവഴിയാണ് സ്വാഭാവിക വംശവർദ്ധന നടത്തുന്നത് .എങ്കിലും വേരുകളോടു കൂടിയ തണ്ടുകളാണ് സാധാരണ നടീൽ വസ്തുവായി ഉപയോഗിക്കുന്നത് .
രാസഘടന .
ബ്രഹ്മിയിൽ പ്രധാനമായും സാപ്പോണിനുകളാണ് അടങ്ങിയിരിക്കുന്നത് .ബാക്കോസൈഡ് -എ ,ബാക്കോസൈഡ് -ബി ,ബാക്കോപസാപ്പോണിൻ ,ബാക്കോപോസൈഡ് എന്നിവയാണ് പ്രധാനപ്പെട്ട സാപ്പോണിനുകൾ .കൂടാതെ ബ്രഹ്മിൻ ,ഹെർപ്പെസ്റ്റിൻ ,എന്നീ ആൽക്കലോയിഡുകളും അടങ്ങിയിരിക്കുന്നു .ബ്രഹ്മിയിൽ അടങ്ങിയിരിക്കുന്ന ബറ്റുലിനിക് അമ്ലത്തിന് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുണ്ട് .
വിവിധ ഭാഷകളിലെ പേരുകൾ .
English name - Thyme leaved gladiola, water hyssop, Indian Pennywort,Thyme leaved gratiola
Mlayalam name- Brahmi
Tamil name -Neera Brahmi
Hindi name - Barmi,Jalanima
Telugu name - Sambarenu
Kannada name - Jala Brahmi
Marathi name - Ghola
Bengali name - Birami
ബ്രഹ്മിയുടെ ഔഷധഗുണങ്ങൾ .
"ബ്രഹ്മി നന്നായരച്ചിട്ടു പാലിൽ ചേർത്തു ഭുജിക്കിലോ ശൂലയും മേഹവും കുഷ്‌ഠം ക്ഷയവും ശാന്തമായ് വരും ബുദ്ധി ഏറ്റം തെളിഞ്ഞീടും നരയും പോയോളിച്ചീടും ." (സഹസ്രയോഗം )
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്ന ഔഷധമാണ് ബ്രഹ്മി .ഗർഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിനും ,ഗർഭിണികൾക്കും ,ജനിച്ച ശിശുക്കൾക്കും നല്ലതാണ് .കുട്ടികളിലെ മാനസിക വളർച്ചാക്കുറവ് പരിഹരിക്കും .ചർമ്മരോഗങ്ങൾ ,കുഷ്‌ഠം ,രക്തശുദ്ധി ,അപസ്‌മാരം ,ഭ്രാന്ത് ,മുടിവളർച്ച എന്നിവയ്ക്കും നല്ലതാണ് .ദഹനം വർധിപ്പിക്കുകയും വായുകോപം ഇല്ലാതാക്കുകയും ചെയ്യും .ഹൃദയത്തെ ബലപ്പെടുത്തുകയും മൂത്രം ഇളക്കുകയും ചെയ്യും .വാതരോഗങ്ങൾ ശമിപ്പിക്കും .
പനിയും ശരീരക്ഷീണവും കുറയ്ക്കും .ക്രമം തെറ്റിയ ആർത്തവം ക്രമപ്പെടുത്തും .വാതവും പിത്തവും കുറയ്ക്കും .അനാവശ്യ കോശവളർച്ചകൾ തടയും ,വന്ധ്യത ,വെള്ളപോക്ക് എന്നിവയ്ക്കും നല്ലതാണ് .ശബ്‌ദം നന്നാക്കും .ഓർമ്മക്കുറവ് പരിഹരിക്കും .യൗവനം നിലനിർത്തുകയും ദീർഘായുസ് വർധിപ്പിക്കുകയും ചെയ്യും .പ്രമേഹം കുറയ്ക്കും .ബാഹ്യ .ഉപയോഗത്തിലൂടെ നീർവീക്കം വേദന എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു .കൂടാതെ വിഷവിരുദ്ധ ഗുണങ്ങളുമുണ്ട് .
ബ്രഹ്മി സമൂലം ഔഷധയോഗ്യമാണ് ,പച്ചയ്‌ക്കോ ഉണക്കിപ്പൊടിച്ചോ ഔഷധമായി ഉപയോഗിക്കാം .അധിക അളവിൽ കഴിച്ചാൽ വയറിളക്കം ഉണ്ടാകും .ബ്രഹ്മിക്ക് പകരം മുത്തിൾ അഥവാ കുടങ്ങലും ഉപയോഗിക്കാറുണ്ട് ,മുത്തിൾ അധിക അളവിൽ കഴിച്ചാൽ ബോധക്കേട് ഉണ്ടാകും .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിൽത്സിക്കരുത് .
ബ്രഹ്മി ചേരുവയുള്ള ചില ഔഷധങ്ങൾ .
ബ്രഹ്മീദ്രാക്ഷാദി കഷായം (Brahmidrakshadi Kashayam).
കഷായ രൂപത്തിലുള്ള ഒരു ആയുർവേദ മരുന്നാണ് ബ്രഹ്മീദ്രാക്ഷാദി കഷായം. പക്ഷാഘാതം ,വേദന ,മ്യാൽജിയ,ന്യൂറൽജിയ തുടങ്ങിയ വാതസംബന്ധമായ എല്ലാ രോഗങ്ങളുടെയും ചികിൽത്സയിൽ ഈ ഔഷധം ഉപയോഗിക്കുന്നു .
ബ്രാഹ്മീഘൃതം (Brahmi Ghritam).
ഓർമ്മശക്തി വർധിപ്പിക്കുന്നതിനുള്ള ഒരു ഔഷധമാണ് ബ്രഹ്മി ഘൃതം.ഓർമ്മശക്തി ,സംസാരം,പഠനവൈകല്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഇത് വളരെ നല്ലൊരു ഔഷധമാണ് .കൂടാതെ ചർമ്മരോഗങ്ങൾ ,അപസ്‌മാരം ,വിഷാദം ,സ്ത്രീവന്ധ്യത ,ശരീരവേദന തുടങ്ങിയവയുടെ ചികിൽത്സയിലും ഈ ഔഷധം ഉപയോഗിക്കുന്നു .
പാരന്ത്യാദി വെളിച്ചെണ്ണ (Paranthyadi Kera Tailam).
ചർമ്മരോഗങ്ങൾ ,എക്സിമ,ചൊറിച്ചിൽ ,ചർമ്മഅലർജി ,പ്രാണിവിഷം ,ചിലന്തിവിഷം മുതലായവയുടെ ചികിൽത്സയിൽ പുറമെ പുരട്ടുവാൻ ഈ തൈലം ഉപയോഗിക്കുന്നു .
ബാലശോധിനീ തൈലം (Balasodhini Tailam).
കുട്ടികളിലെ മലബന്ധം ഇല്ലാതാക്കാനുള്ള ഒരു ആയുർവേദ മരുന്നാണ് ബാലശോധിനീ തൈലം.
സാരസ്വതാരിഷ്ടം (Saraswatarishtam).
ബുദ്ധിശക്തിയും ഓർമ്മശക്തിയും വർധിപ്പിക്കുന്ന ഒരു ടോണിക്കാണ് സാരസ്വതാരിഷ്ടം.മാനസികമായും ഞരമ്പു സംബന്ധമായും ഉണ്ടാകുന്ന രോഗങ്ങളെ ചെറുക്കുവാനും ശരീരാരോഗ്യം മെച്ചപ്പെടുത്താനും സാധാരണയായി ഈ ഔഷധം ഉപയോഗിക്കുന്നു .അപസ്‌മാരം ,ഭ്രാന്ത് ,വിഷാദരോഗം എന്നിവയുടെ ചികിൽത്സയിലും പ്രധിരോധ ശേഷിക്കുറവ് ,ആർത്തവക്രമക്കേടുകൾ ,രക്തക്കുറവ് ,ബീജത്തിന്റെ കൗണ്ട് കുറവ് എന്നിവയുടെ ചികിൽത്സയിലും സാരസ്വതാരിഷ്ടം ഉപയോഗിക്കുന്നു .
മാനസമിത്ര വടകം (Manasamitra Vatakam).
വിഷാദരോഗം , ടെൻഷൻ, ഉന്മാദം,ഉറക്കക്കുറവ് ,അപസ്‌മാരം തുടങ്ങിയ അവസ്ഥകളുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മാനസമിത്ര വടകം.
പാമാന്തക തൈലം (Pamanthaka Tailam).
താരൻ ,മുടികൊഴിച്ചിൽ ,തലയിലെ ചൊറിച്ചിൽ ,അലർജി ത്വക്ക് രോഗങ്ങൾ ,പരു ,ഉണങ്ങാത്ത വ്രണങ്ങൾ മുതലായവയുടെ ചികിൽത്സയിൽ ഈ തൈലം ബാഹ്യമായി ഉപയോഗിക്കുന്നു .
ബ്രഹ്മി തൈലം (Brahmi Thailam).
മുടികൊഴിച്ചിൽ ,ഉറക്കമില്ലായ്‌മ ,മാനസിക പിരിമുറുക്കം ,ഉത്കണ്ഠ ,തലവേദന മുതലായവയുടെ ചികിൽത്സയിൽ തലയിൽ ബാഹ്യമായി ഉപയോഗിക്കാൻ ഈ തൈലം ഉപയോഗിക്കുന്നു .
രസാദിഗുണങ്ങൾ .
രസം -തിക്തം ,കഷായം
ഗുണം -ലഘു ,തീഷ്‌ണം
വീര്യം -ശീതം
വിപാകം -മധുരം
പ്രഭാവം -മേധ്യം
ഔഷധയോഗ്യഭാഗം .
സമൂലം .
ഉപയോഗിക്കുന്ന അളവ് .
ബ്രഹ്മിയുടെ നീര് 5 മുതൽ 10 മില്ലി വരെ .ഉണക്കിപ്പൊടിച്ച ചൂർണ്ണം 2 മുതൽ 3 ഗ്രാം വരെ .ഉപയോഗിക്കാവുന്ന കാലയളവ് 3 മുതൽ 4 മാസം വരെ .
ബ്രഹ്മിയുടെ ചില ഔഷധപ്രയോഗങ്ങൾ .
ബ്രഹ്മിയുടെ നീര് 5 മില്ലി വീതം അത്രതന്നെ വെണ്ണയും ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുത്താൽ കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്‌തിയും വർധിക്കും .കൂടാതെ ബ്രഹ്മി നീരിൽ തേൻ ചേർത്ത് കൊടുക്കുന്നതും കുട്ടികളിലെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കാൻ നല്ലതാണ് .ബ്രഹ്മി അരച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ് .ബ്രഹ്മി അരച്ച് വെണ്ണയും പശുവിൻ പാലും ചേർത്ത് നെറ്റിയിൽ പുരട്ടിയാൽ ഓർമ്മക്കേട് മാറിക്കിട്ടും .ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ച ചൂർണം 2 മുതൽ 3 ഗ്രാം വരെ പാലിലോ തേനിലോ ചേർത്ത് പതിവായി കഴിക്കുന്നതും ഓർമ്മക്കേട് മാറാൻ നല്ലതാണ് .ബ്രഹ്മി വാട്ടിപ്പിഴിഞ്ഞ നീരിൽ പച്ചമഞ്ഞൾ ചേർത്ത് കൊടുക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണ് .
ബ്രഹ്മി ,സുഗന്ധ പുല്ല് ,നെല്ലിക്ക എന്നിവ ചതച്ച് ചേർത്ത കഞ്ഞിവെള്ളം പതിവായി കുടിച്ചാൽ തെളിഞ്ഞ മധുരമായ ശബ്‌ദം ഉണ്ടാകും .ബ്രഹ്മി ,വയമ്പ് ,ആടലോടകം ,വറ്റൽമുളക് ,കടുക്ക എന്നിവ സമമായി എടുത്ത് കഷായമുണ്ടാക്കി കഴിച്ചാലും ശബ്ദം തെളിയും .ഈ കഷായം കുട്ടികളുടെ സംസാരവൈകല്ല്യം ഇല്ലാതാക്കാനും നല്ലതാണ് .ബ്രഹ്മി നീര് രാവിലെയും വൈകിട്ടും പതിവായി കഴിച്ചാൽ വിക്ക് മാറിക്കിട്ടും .
ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ ഇരട്ടിമധുരവും പൊടിച്ചതും ചേർത്ത് കാച്ചിയ പശുവിൻ പാലിൽ നിത്യവും കഴിക്കുന്നത് ആയുർദൈർഘ്യത്തിനു നല്ലതാണ്.ബ്രഹ്മി നെയ്യിൽ വറുത്ത് പാലിൽ ചേർത്ത് പതിവായി കഴിച്ചാൽ നിത്യയൗവനം നിലനിൽക്കും .ബ്രഹ്മി അരച്ച് 5 ഗ്രാം വീതം കാച്ചിയ പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് പ്രമേഹത്തിന് നല്ലതാണ് .
ALSO READ : കുമ്പളങ്ങയിൽ മാറാത്ത രോഗങ്ങളില്ല .
ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരിൽ ശംഖുപുഷ്‌പം ,വയമ്പ് ,കൊട്ടം ,എന്നിവ ചേർത്ത് കാച്ചിയ നെയ്യ് കഴിക്കുന്നത് അപസ്‌മാരത്തിനും ഓർമ്മക്കുറവിനും നല്ലതാണ് .ഒരു ലിറ്റർ നെയ്യിൽ നാലു ലിറ്റർ ബ്രഹ്മി നീരും 50 ഗ്രാം വീതം മഞ്ഞൾ ,നെല്ലിക്ക ,കടുക്ക ,ത്രികോൽപ്പകൊന്ന എന്നിവയും 15 ഗ്രാം വീതം ,തിപ്പലി ,വിഴാലരി ,ഇന്തുപ്പ് ,വയമ്പ് ,പഞ്ചസാര എന്നിവയും ചേർത്തുണ്ടാക്കുന്ന ബ്രഹ്മിഘൃതം ബുദ്ധി വർധിപ്പിക്കുന്നതിന് വിശേഷപ്പെട്ട ഔഷധമാണ് .
ബ്രഹ്മി അരച്ച് 5 ഗ്രാം വീതം പാലിൽ ചേർത്ത് പതിവായി കഴിക്കുന്നത് ക്ഷയരോഗത്തിന് നല്ലതാണ് .ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീര് 10 മില്ലി വീതം അര സ്‌പൂൺ തേനിൽ ചേർത്ത് പതിവായി കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ നല്ലതാണ് .കുട്ടികൾക്കുണ്ടാകുന്ന മലബന്ധം മാറാൻ ബ്രഹ്മി നീര് കൊടുക്കുന്നത് നല്ലതാണ് .കൊച്ചു കുട്ടികളിലെ വയറിളക്കം മാറാൻ ബ്രഹ്മി നീര് നാവിൽ തൊട്ടുകൊടുത്താൽ മതിയാകും .ബ്രഹ്മി ,പച്ചമഞ്ഞൾ ,പാവയ്ക്ക എന്നിവ സമാസമം അരച്ച് നീരെടുത്ത് അര ടീസ്പൂൺ വീതം കുട്ടികൾക്ക് കൊടുത്താൽ കുട്ടികളുടെ ദഹനക്കേട് മാറിക്കിട്ടും .
ബ്രഹ്മി നീരിൽ വയമ്പ് പൊടിച്ചതും തേനും ചേർത്ത് പതിവായി കഴിച്ചാൽ അപസ്‌മാരം മാറിക്കിട്ടും .ബ്രഹ്മി ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയിൽ തേച്ചുകുളിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ് .കൂടാതെ മുടികൊഴിച്ചിൽ ,താരൻ ,മുടിയുടെ അറ്റം പിളരൽ ,ഉറക്കക്കുറവ് ,മാനസിക സമ്മർദം ,ഉത്ക്കണ്ഠ എന്നിവയ്ക്കും നല്ലതാണ് .ശരീരത്തിൽ തേച്ചുകുളിച്ചാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കവും വർധിപ്പിക്കാൻ നല്ലതാണ്. ബ്രഹ്മി നീരിൽ ആവണക്കെണ്ണയും ചേർത്ത് കൊട്ടം അരച്ച് കലക്കി ചേർത്ത് കാച്ചിയ എണ്ണ തലയിൽ തേച്ചു കുളിക്കുന്നത് മസ്തിഷ്‌ക ബലത്തിനും മുടി നന്നായി വളരാനും നല്ലതാണ് .
ബ്രഹ്മി നിഴലിൽ ഉണക്കിപ്പൊടിച്ച് 2 മുതൽ 3 ഗ്രാം വരെ പാലിലോ തേനിലോ പഞ്ചസാരയോ ചേർത്ത് കഴിക്കുന്നത് മുകളിൽ പറഞ്ഞ എല്ലാ രോഗങ്ങൾക്കും നല്ലതാണ് .