മുറിവ് ,രക്തശ്രാവം ,പനി ,വയറിളക്കം ,തലവേദന ,ചെവിവേദന മുതലായ രോഗങ്ങൾക്ക് ആയുർവേദ പാരമ്പര്യ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ .കേരളത്തിൽ ഉപ്പുചീര എന്ന പേരിലും അറിയപ്പെടുന്നു.ഇതിന് ചെറിയ ഉപ്പുരസമുണ്ട് .അതിനാലാണ് ഉപ്പുചീര എന്ന പേരിൽ അറിയപ്പെടുന്നത് .സംസ്‌കൃതത്തിൽ ലോണി എന്ന പേരിൽ അറിയപ്പെടുന്നു .
Botanical name : Portulaca oleracea
Family: Portulacaceae (Moss rose family)
Synonyms:Portulacaria oleracea
വിതരണം .
ഇന്ത്യയിലുടനീളം ഈർപ്പമുള്ള സ്‌ഥലങ്ങളിലും കൃഷിയിടങ്ങളിലും ഒരു കളയായി കൊഴുപ്പ വളരുന്നു .
സസ്യവിവരണം .
ധാരാളം ശാഖോപശാഖകളായി വളരുന്ന ഒരു ഏകവർഷ ഔഷധി .തണ്ടുകളും ഇലകളും മിനുസമുള്ളതും മൃദുവുമാണ് .തണ്ടുകൾക്ക് ചുവപ്പു നിറമോ തവിട്ടു നിറമോ ആയിരിക്കും. ഇലകൾക്ക് തവിയുടെ ആകൃതിയും ഞെട്ടുകൾ ഇല്ലാത്തതുമാണ് .പല വലുപ്പത്തിലുള്ള ഇലകൾ ഒരേ ചെടിയിൽ കാണുന്നു .ഇവയുടെ പൂക്കൾക്ക് മഞ്ഞ നിറം .ഇവയുടെ വിത്തുകൾ കറുപ്പു നിറത്തിലോ തവിട്ടു നിറത്തിലോ കാണപ്പെടുന്നു .വലുതും ചെറുതുമായി ഈ സസ്യം രണ്ടിനങ്ങളുണ്ട് .
കൊഴുപ്പ ഒരു ഇലക്കറിയാണ് .സാധാരണ ചീരകൊണ്ട് ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കൊഴുപ്പകൊണ്ടും തയാറാക്കാം .കൂടാതെ .സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പ ഉപയോഗിക്കുന്നു. കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും .വിറ്റാമിൻ A ,B , C എന്നിവയും. ഒമേഗ-3 ഫാറ്റീ ആസിഡും , ആന്റി ഓക്സിഡന്റുകളും കൊഴുപ്പയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു .
കേരളത്തിൽ അത്ര പ്രചാരത്തിൽ ഇല്ലങ്കിലും ഉത്തരേന്ത്യയിൽ മിക്കവാറും എല്ലാ കറികളിലും കൊഴുപ്പ ചീര ഉപയോഗിക്കുന്നു .ഇവയ്ക്കു പുറമെ ഉറക്കത്തിൽ ദുസ്വപ്നം കാണുക .പിച്ചും പേയും പറയുക തുടങ്ങിയവയ്ക്ക് കൊഴുപ്പ ചീര ഉറങ്ങുമ്പോൾ കട്ടിലിൽ കെട്ടിയിടുന്ന പതിവും ഉത്തരേന്ത്യയിലുണ്ട് .
പ്രാദേശികനാമങ്ങൾ .
English Name - Pursley, Chickenweed, Wild purslane.
Malayalam- Kozhuppa, Manalcheera, Uppucheera .
Tamil- Paruppu Kirai .
Telugu Name - Pahal kur, Goddu pavelli.
Kannada Name - Goli, Gooni soppu .
Hindi Name - Chotilona, Nonisag, Chotiloniya, Jangliloniya.
ഔഷധയോഗ്യഭാഗം .
സമൂലം .
രസാദിഗുണങ്ങൾ .
രസം -ക്ഷാരം ,അമ്ലം ,ലവണം .
ഗുണം -ഗുരു ,രൂക്ഷം .
വീര്യം -ഉഷ്‌ണം .
വിപാകം -കടു .
കൊഴുപ്പയുടെ ഔഷധഗുണങ്ങൾ .
ശരീരതാപനില ക്രമീകരിക്കും .മൂത്രം വർധിപ്പിക്കും .മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ എന്നിവ ഇല്ലാതാക്കും .ചുമ ,പനി ,വയറിളക്കം ,ചർമ്മരോഗങ്ങൾ ,മൂലക്കുരു എന്നിവയ്ക്കും നല്ലതാണ് .വയറുവേദന ,ശരീര വേദന ,തലവേദന ,ചെവിവേദന എന്നിവയ്ക്കും നല്ലതാണ് .വീക്കം ,മുറിവുകൾ ,രക്തശ്രാവം എന്നിവയ്ക്കും നല്ലതാണ് .വൃക്കരോഗങ്ങൾ ,കരൾ രോഗങ്ങൾ എന്നിവയ്ക്കും നല്ലതാണ് .ഇതിന്റെ വിത്തിന് അണുനാശക ശക്തിയുണ്ട് .
ഔഷധസസ്യങ്ങളും അവയുടെ ഗുണങ്ങളും അവ ഏതെല്ലാം മരുന്നുകളിൽ ചേരുവയുണ്ടന്നും അവ ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കുന്നു എന്നും ഒരു ഏകദേശ വിവരണം മാത്രമാണ് ഇവിടെ നൽകിയിരിക്കുന്നത് .അതിനാൽ ഒരു ആയൂർവ്വേദ ഡോക്ടറുടെ നിർദേശമില്ലാതെ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നോക്കി സ്വയം ചികിൽത്സിക്കരുത് .
കൊഴുപ്പ ചേരുവയുള്ള ചില ഔഷധങ്ങൾ .
മുസ്താദി മർമ്മക്വാഥം - Mustadi Marmakwatham.
ഒടിവ് ,ചതവ് ,ഉളുക്ക് ,പരിക്കുകൾ ,മുറിവുകൾ ,വേദന ,വീക്കം ,പേശിവേദന, അസ്ഥിക്ഷയം മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിച്ചു വരുന്ന ഗുളിക രൂപത്തിലുള്ള ഒരു ആയുർവേദ ഔഷധമാണ് മുസ്താദി മർമ്മക്വാഥം.
മുസ്താദി മർമ്മ കഷായം ( Mustadi Marma Kashayam).
ഒടിവ് ,ചതവ് ,ഉളുക്ക് ,പേശിവേദന,ഓസ്റ്റിയോപൊറോസിസ്, മുതലായവയുടെ ചികിൽത്സയിൽ ഉപയോഗിക്കുന്ന ദ്രാവക രൂപത്തിലുള്ള ഒരു ഔഷധമാണ് മുസ്താദി മർമ്മ കഷായം .
ആറുകാലാദി തൈലം(Arukaladi Thailam).
മഞ്ഞപ്പിത്തവും മറ്റു കരൾ രോഗങ്ങളുടെയും ചികിൽത്സയിൽ ഉപയോഗിക്കുന്ന ഒരു തൈലമാണ് ആറുകാലാദി തൈലം.ഈ തൈലം തലയിൽ പുരട്ടുവാൻ മാത്രമാണ് ഉപയോഗിക്കുന്നത് .
ALSO READ : കൊടിത്തൂവയുടെ ഔഷധഗുണങ്ങൾ .
കൊഴുപ്പയുടെ ചില ഔഷധപ്രയോഗങ്ങൾ .
കൊഴുപ്പ 10 മുതൽ 15 ഗ്രാം വരെ അരച്ച് വെള്ളത്തിൽ കലക്കി കുടിച്ചാൽ മൂത്രം ഒഴിക്കുമ്പോഴുള്ള വേദന ,പുകച്ചിൽ ,മൂത്രതടസ്സം മുതലായവ മാറിക്കിട്ടും .കൊഴുപ്പ അരച്ച് നെറ്റിയിൽ കനത്തിൽ പുരട്ടിയാൽ തലവേദന മാറിക്കിട്ടും .കൊഴുപ്പ അരച്ച് പുറമെ പുരട്ടിയാൽ എക്സിമ ,പുഴുക്കടി മുതലായവ മാറിക്കിട്ടും .മൂലക്കുരുവിന് കൊഴുപ്പ തോരൻ ഉണ്ടാക്കി കഴിക്കുന്നത് നല്ലതാണ് .വയറിളക്കം ,പനി ,ചുമ ,മലത്തിൽ രക്തത്തിന്റെ അംശം കാണുക,അമിത ആർത്തവം ,വയറുവേദന ,തലവേദന മുതലായവയ്ക്ക് കൊഴുപ്പയുടെ നീര് കഴിക്കുതും കൊഴുപ്പ ഉണക്കിപ്പൊടിച്ച പൊടി ചായപോലെ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ് .കൊഴുപ്പയുടെ നീര് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറിക്കിട്ടും .കൊഴുപ്പ അരച്ച് മുറിവിൽ വച്ചുകെട്ടിയാൽ രക്തശ്രാവം നിൽക്കുകയും മുറിവുകൾ പെട്ടന്ന് കരിയുകയും ചെയ്യും .