രോഗങ്ങളുടെ പേരുകൾ ആയുർവേദത്തിൽ

1,അജീർണം-അധികമായും വിഷമമായും (കൃത്യനിഷ്ടതയില്ലാതെ ) ആഹാരം കഴിക്കുന്നതു കാരണം ശരിയാംവിധംദഹിക്കാതെ വയറുപെരുപ്പ്, ആഹാരത്തോട് വെറുപ്പ്, വയറുവേദന മുതലായ പല അസുഖങ്ങളും വരാൻ കാരണമാകുന്നു . ഈ അവസ്ഥയ്ക്ക് അജീർണം എന്നു പറയുന്നു.

2, അഗ്നിമാന്ദ്യം-ആഹാരത്തെ ദഹിപ്പിക്കാൻ സഹായിക്കുന്ന ദഹനരസം കരൾ മുതലായ ഗ്രന്ഥികൾ ഉൽപ്പാദിപ്പിക്കുന്നു.ഈ ദഹനരസത്തിന്റെ കുറവു മൂലം ആഹാരം ശരിക്ക് ദഹിക്കാതെ വരുന്ന അവസ്ഥയെ അഗ്നിമാന്ദ്യം എന്നു പറയുന്നു.

3, അതിസാരം-വെള്ളം പോലെ ദിവസം പല പ്രാവശ്യം മലം ഒഴിഞ്ഞു പോകുന്നഅവസ്ഥ.

4,അപസ്മാരം-ഓർമനാശം, ബുദ്ധിഭ്രമം ഇവ സംഭവിക്കുന്ന ഒരു മാനസികരോഗം. തലച്ചോറിലെ ചില അന്തഃസ്രാവ ങ്ങളുടെ അതിപ്രസരം ഈ രോഗത്തിന്റെ ഒരു താൽക്കാലിക കാരണമാണ്.

5,അപചി-കഴുത്തിന്റെ പുറകിലും പാർശ്വങ്ങളിലുമുള്ള ഗ്രന്ഥികൾ വീർക്കുകയും ക്രമേണ പഴുക്കുകയും ചെയ്യുന്നു.ഇതിനെ തുടർന്ന് പനി, ചുമ, ശോഷം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകും.ഈ അവസ്ഥയെ അപചി എന്നു പറയുന്നു.

6,അർധാവഭേദകം-തലയുടെ ഒരു വശത്തുണ്ടാകുന്ന അസഹ്യമായ വേദന.

7, അമ്ളപിത്തം-നെഞ്ചരിച്ചിൽ ,പുളിച്ചുതികട്ടൽ ,ദഹനക്കുറവ് എന്നീ ലക്ഷണങ്ങൾ മദ്യപാനം, പുകവലി, എരിവ്,പുളി എന്നിവയുടെ അധിക ഉപയോഗം, മാനസിക പ്രശ്നങ്ങൾ എന്നിവ ഈ രോഗത്തിന് കാരണമാകുന്നു.

8, ആധ്മാനം-വയറുപെരുക്കം.

9, ആനാഹം-വായു ശരിക്ക് പ്രവർത്തിക്കാത്തതു മൂലം മലവും മറ്റു മാലിന്യങ്ങളും ദഹനേന്ദ്രിയത്തിന്റെ പല ഭാഗത്തും സഞ്ചയിച്ച് വയറുവേദന,ശരീരഭാരം, വിമ്മിഷ്ടം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈ അവസ്ഥയെ ആനാഹം എന്നു പറയുന്നു.

10, ആന്ത്രവൃദ്ധി-കുടൽ, വികൃതമായി ഉന്തി വരുന്നതിനെയാണ് ആവൃദ്ധി എന്ന് പറയുന്നത് പുരുഷൻമാരിൽ ഇത് വൃഷണങ്ങളിൽ ഏതെങ്കിലും ഒന്നിലേക്ക് ഇറങ്ങി വീക്കവും വേദനയും ഉണ്ടാക്കുന്നു.

11, അരോചകം-ആഹാരം കഴിക്കാനുള്ള താൽപറയക്കുറവ് ദഹനക്കുറവാണ് ഇതിന് പ്രധാന കാരണം. ഗർഭിണികൾക്ക് ഈ പ്രശനം സാധാരണയായി കണ്ടുവരുന്നു.

12, അർദിതം-മുഖം കോടിപ്പോകുന്ന ഒരു വാതരോഗം.

13, ആന്തരികവിദ്രധി-ശരീരത്തിലെ ആന്തരാവയവങ്ങളിൽ ഉണ്ടാകുന്ന പഴുപ്പോടുകൂടിയതോ പഴുക്കാൻ സാധ്യതയുള്ളതോ ആയ മുഴകളെയാണ് ആന്തരികവിദ്രധി എന്നു പറയുന്നത്.

14, ആമവാതം-സന്ധികൾ തോറും നീരും വേദനയും ഉണ്ടാകുന്നു പനിയും ഉണ്ടാകുന്നു.പഴകിയാൽ ഈ രോഗം ഹൃദയത്തെയും ബാധിക്കും.അമിതവണ്ണം , ശരീരത്തിന് ഭാരം തോന്നുക ഇവയും ഈ രോഗലക്ഷണങ്ങളാണ്.

15 ,ആമാശയവ്രണം-ആമാശയത്തെ ആന്തരികമായി പൊതിഞ്ഞിരിക്കുന്ന മൃദു കലയ്ക്ക് രൂക്ഷാഹാരങ്ങൾ കൊണ്ട് കേടുപാടുകൾ സംഭവിക്കുകയും അവിടെ കാലക്രമത്തിൽ വ്രണം ഉണ്ടാകുകയും ചെയ്യുന്നു. ആഹാരം കഴിച്ചാലുടൻ വേദന അനുഭവപ്പെടുകയാണ് രോഗത്തിന്റെ ലക്ഷണം.

16, ആമാതിസാരം-ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടും കൂടി മലം പോകുന്ന അവസ്ഥ.

17, ഉദാവർത്തം-അർശസ്സിന് അനുബന്ധമായി ഉണ്ടാകുന്ന ഒരു രോഗമാണിത്. വയറുപെരുക്കം, ശരീരമാസകലം വേദന,ശരീരത്തിനു ഭാരം, ഉരുണ്ടുകയറ്റം, ഛർദി എന്നീ പ്രശ്നങ്ങൾ ഉണ്ടാകുന്നു.

18,ഉരക്ഷതം-അടി, ഇടി, വീഴ്ച തുടങ്ങിയവ കൊണ്ട് നെഞ്ചിനുണ്ടാകുന്ന ഉടവ്.

19, ഇന്ദ്രലുപ്തം-തലയിൽ പല ഭാഗത്തായി മുടിവട്ടത്തിൽ പൊഴിയുന്ന രോഗം.

20, കടിശൂലം-നടുവിനു വേദനയും നീരും അനുഭവപ്പെടുന്ന അവസ്ത.

21, എംഫിസീമ-ശ്വാസനാളികൾക്കുണ്ടാകുന്ന വീക്കം.

22, ഊരുസ്തംഭം-കഫവും വാതവും കൂടി ഒന്നിച്ചു കോപിച്ചിട്ട് തുടയ്ക്ക് കനം, തണുപ്പ്, മരവിപ്പ്, വേദന, അനക്കാൻ പാടില്ലായ്മ എന്നിവ അനുഭവപ്പെടുന്നു.

23, ഉന്മാദം-ഭ്രാന്ത്.

24, കാസം-ചുമ, ശ്വാസകോശം, ശ്വാസനാളം എന്നിവിടങ്ങളിൽ ഉണ്ടാകുന്ന രോഗം.

25, കാമല-മഞ്ഞപ്പിത്തം. തൊലി, നഖം, കണ്ണ്, മൂത്രം ഇവ മഞ്ഞനിറത്തിലാകുന്നു. മലം വെളുത്താ ചാരനിറത്തിലോ പോകുകയും ചെയ്യും

26, കർണസ്രാവം-ചെവി പഴുത്ത് പഴുപ്പു വരിക

27, കമ്പവാതം-നാഡികളുടെ വൈഷമ്യം കൊണ്ടുണ്ടാകുന്ന രോഗം.വിറയ്ക്കുകയും മനസും ശരീരവും തമ്മിലുള്ള ബന്ധം ഇല്ലാതാകുകയും ചെയ്യുന്നു.

28, കിടിഭം-സോറിയാസിസ്, തൊലി കട്ടി കൂടി ആ ഭാഗം സാധാരണ തൊലിയിൽ നിന്നും ഉയർന്നുവരികയും ആ ഭാഗംകറുപ്പോ വെള്ളയോ ചുവപ്പോ നിറമുള്ളതായി തീരുകയും ചെയ്യുന്ന രോഗം.

29, ഗ്രഹണി-ആമാശയത്തിനു തൊട്ടു കീഴിലുള്ള ഒരവയവമാണ് ഗ്രഹണി. ഇതിനു ബലഹീനത സംഭവിച്ചാൽ ആഹാരം കഴിച്ചാലുടൻ അതു ശരിക്കു ദഹിക്കാതെ മലമായി പോകുന്ന രോഗം.

30 ,ഗുല്മം-വാതം അധികമായി കോപിച്ച് ഹൃദയത്തിനും നാഭിക്കും ഇടയിൽ സഞ്ചരിക്കുന്നതോ അല്ലാതോ ആയ, വേദനയോടുകൂടിയ മുഴകൾ ഉണ്ടാകുന്നു രോഗം.

31, ഖാലിത്യം-കഷണ്ടി.

32, ഗളഗണ്ഡം-കഴുത്തിലുണ്ടാകുന്ന വീക്കം.

33, ഗളശോഫം-കഴുത്തിലുണ്ടാകുന്ന നീര്.

34, തിമിരം-കണ്ണിന്റെ ലെൻസ് അതാര്യമാകുന്നതു മൂലം ക്രമേണ കാഴ്ച മങ്ങുന്ന രോഗമാണ് തിമിരം.ആദ്യം കാഴ്ചശക്തി അൽപ്പം കുറയുന്നു. പിന്നെ ഇല്ലാത്തതിനെ ഉള്ളതായി കാണുന്നു. അവസാനം മുണ്ടുകൊണ്ടു മറച്ചപോലെ കാഴ്ചശക്തി നശിക്കുന്നു.

35, നേത്രരോഗം-കണ്ണിനുണ്ടാകുന്ന രോഗം.

36 ,നാസാരോഗം-മൂക്കിലുണ്ടാകുന്ന രോഗങ്ങൾ.

37, ദുർമേദസ്സ്-വയറ്, നിതംബം,തുട എന്നീ ശരീരഭാഗങ്ങൾ തടിച്ച് ചെറിയ വ്യായാമം ചെയ്യുമ്പോൾ തന്നെ കിതപ്പ് അനുഭവപ്പെടും. അധികമായ വിയർപ്പ്,ക്ഷീണവും ദുർമേദസ്സിന്റെ ലക്ഷണങ്ങളാണ്.

38 ,ധാതുക്ഷയം-അതിയായ ക്ഷീണം, ഒന്നിനും ഉൽസാഹമില്ലായ്മ , ലൈംഗികകാര്യങ്ങളിൽ ശക്തിക്കുറവ് ,ഓർമക്കുറവ്, ബുദ്ധിമാന്ദ്യം,എന്നിവ ധാതുക്ഷയത്തിന്റെ ലക്ഷണങ്ങളാണ്.

39, പക്ഷാഘാതം-(സ്ട്രോക്ക് ) ശരീരത്തിന്റെ ഏതെങ്കിലും ഒരു വശം തളരുന്ന രോഗം.തലച്ചോറിലേക്കുള്ള രക്തക്കുഴലുകളിൽ അടവ് സംഭവിക്കുകയോ രക്തധമനികൾ പൊട്ടി തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ ചെയ്യുമ്പോൾ മസ്തിഷ്കകലകൾക്ക്  ലഭിക്കുന്ന പോഷകങ്ങളും ജീവവായുവും തടസ്സപ്പെടുന്നു .ഇതിനെ തുടർന്നുണ്ടാകുന്ന  നാഡീവ്യവസ്ഥയിലെ തകരാറുകൾ മൂലം ശരീരത്തിന്റെ ഏതെങ്കിലും ഒരു വശം തളർന്നു പോകുന്നു .

40, ജംഗമവിഷം-ജന്തുക്കളിൽ നിന്നുള്ള വിഷം.

41, ജീർണകാസം-പഴകിയ ചുമ.

42, ഗൃധ്റസി-നട്ടെല്ലിന്റെ അടിഭാഗത്തു നിന്നും വേദന തുടങ്ങി തുടയിലൂടെ കാലിലേക്കു വ്യാപിക്കുന്നരോഗം.

43, ദാഹം-ശരീരത്തിൽ അനുഭവപ്പെടുന്ന ചുട്ടുനീറ്റൽ.

44, പാണ്ഡുരോഗം-വിളർച്ച. രക്തത്തിലെ ഹീമോഗ്ളോബിന്റെയും ശോണാണുക്കളുടെയും കുറവു മൂലം സംഭവിക്കുന്നരോഗം.

45, ദദ്രു-പുഴുക്കടി പോലെയുള്ള ചർമരോഗം.രോഗം തൊലി പുറത്ത് ഒരു ഭാഗത്തുണ്ടായി വൃത്തത്തിൽ പടർന്നു വ്യാപിക്കും. ചൊറിച്ചിൽ, ചുവപ്പു നിറം,തൊലി ചാരം പോലെ ഇളകി പോകുക.

46 ,തൃഷ്ണ-അമിതമായ വെള്ളദാഹം.

47, പ്രവാഹിക-കഫവും രക്തവും കൂടി കലർന്ന് ദിവസം പല പ്രാവശ്യം അൽപ്പാൽപ്പമായി മലം പോകുന്ന അവസ്ത.

48, പ്രദരം-യോനിയിൽ കൂടിയുള്ള സ്രാവം .രക്തമാണ് പോകുന്നതെങ്കിൽ രക്തപ്രദരം എന്നും വെള്ള നിറത്തിലുള്ള ദ്രാവകമാണ് പോകുന്നതെങ്കിൽ ശ്വേതപ്രദരം എന്നും പറയുന്നു.

49, പ്രതിശ്യായം-ജലദോഷം ,മൂക്കൊലിപ്പ് ,കുളിര് ,തലയ്ക്ക് കനം തോന്നുക എന്നീ അവസ്ഥ.

50, പാമ-വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരുതരം ചൊറി.

51, പൂയസ്രാവം-നവദ്വാരങ്ങളിലേതിലെങ്കിലും കൂടി ദുഷിച്ച പഴുപ്പ് പോകുക . ഗൊണോറിയ തുടങ്ങിയ രോഗങ്ങളിൽ ലിംഗം, യോനി എന്നിവിടങ്ങളിൽ കൂടി പഴുപ്പ് പോകുന്നതിനെ പ്രധാനമായി പൂയസ്രാവമായി പറയപ്പെടുന്നു.

52, പാലിത്യം-ചെറു പ്രായത്തിൽ മുടി നരയ്ക്കുന്നത്.

53 ,പീനസം-മൂക്കൊലിപ്പ്, മൂക്കിൽ കൂടി പഴുത്ത കഫം വരുക,കൂടെ കൂടെ തലവേദന, പനി എന്നിവ ഉണ്ടാകുകയും ചെയ്യുന്നു.

54, പ്രമേഹം-പാൻക്രിയാസ് എന്ന ആഗ്നേയഗ്രന്ഥിയുടെ തകരാറാണ്,മൂത്രം അധികമായി പോകുന്ന രോഗം ,ആഹാരത്തിലെ മധുരാംശം ശരിക്കു പചിപ്പിക്കാൻ കഴിയാതെ മൂത്രത്തിൽ കൂടി പോകുന്നുതിനെ മധുമേഹം എന്നു പറയുന്നു.

55, ഫിരംഗരോഗം-സിഫിലിസ് .സുരക്ഷിതമല്ലാത്ത ലൈംഗികവേഴ്ചയിലൂടെ രോഗമുള്ളവരിൽ നിന്നും രോഗമില്ലാത്തവരിലേക്ക് അണുക്കൾ പ്രവേശിച്ച് ആദ്യം ലൈംഗികാവയവങ്ങളുടെ അറ്റത്ത് ഒറ്റപ്പെട്ട ചുവന്ന വ്രണം ഉണ്ടാകുകയുംതുടർന്ന് ശരീരമാസകലം ഉണ്ടാകുകയും ചെയ്യും.

56, മൂത്രാശ്മരി-വൃക്കകൾ, മൂത്രവസ്തി ഇവിടെ ഏതെങ്കിലും ഭാഗത്ത് ഖരപദാർത്ഥങ്ങൾ അടിഞ്ഞു കൂടി കല്ലുണ്ടാക്കുന്ന അവസ്ഥ.

57, ബ്രോങ്കൈറ്റിസ് -ശ്വാസകോശത്തിലെ അറകളിൽ കഫം കെട്ടി നിന്ന് ചുമ, ശ്വാസവൈഷമ്യം എന്നിവ ഉണ്ടാക്കുന്ന അവസ്ഥ.

58, ഭഗന്ദരം-ഫിസ്റ്റുല ഇൻ ഏനോ.ഗുദവലിക്ക് ചുറ്റളവിൽ എവിടെയെങ്കിലും വളരെ ആഴത്തിൽ പൊള്ളിവീർത്തതു പോലെ കാണപ്പെടുകയും അസഹ്യമായ വേദന ഉണ്ടാകുകയും ചെയ്യും പനിയും ഉണ്ടാകും.

59, മന്യാസ്തംഭം-വാതം പിൻകഴുത്തിലുള്ള നാഡികളെ സ്തംഭിപ്പിച്ച് കഴുത്തു തിരിക്കാൻ പറ്റാത്ത അവസ്ഥ.

60, ഭ്രമം-തലചുറ്റൽ.

61, മുഖദുഷിക-യൗവന കാലത്ത് മുഖത്തുണ്ടാകുന്ന കുരുക്കൾ.

62, മുഖപാകം-വായ്പുണ്ണ്.

63, മസൂരികാജ്വരം-സ്മോൾ പോക്സ് . കൈകാലുകളിലും മുഖത്തുമാണ് കൂടുതലായുണ്ടാകുന്നത്.

64, മഹോദരം (ജലോദരം)-പെരിറ്റോണിയൽ സ്തരത്തിനുള്ളിൽ വെള്ളം കെട്ടി നിന്ന് ഉദരം അധികമായി വീർക്കുന്നു. കൈകാലുകൾ ശോഷിച്ചും വീർത്ത വയറിനു മുകളിൽ സിരകൾ നീലനിറത്തിൽ പൊങ്ങിയും കാണപ്പെടും.

65, മൂഷകവിഷം-എലിവിഷം

66, മൂർച്ഛ-കുറച്ചുനേരം ബോധം നശിച്ചു വായിൽ കൂടി നുരയും പതയും വരുന്ന അവസ്ഥ.ചികിൽസ ഇല്ലാതെ തന്നെ ബോധം വീണ്ടു കിട്ടുകയും ചെയ്യും.

67, രോമാന്തികജ്വരം-അഞ്ചാം പനി അഥവാ മീസൽസ് .ശരീരതാപം. തുടർന്ന് രോമകൂപങ്ങൾ തോറും വളരെ ചെറുതായി ചുവന്നു പൊങ്ങുന്നു.

68 ,രാജയക്ഷ്മ-ക്ഷയരോഗം ,Tuberculosis.

69, രക്താർബുദം-ബ്ളഡ് കാൻസർ , ലുക്കീമിയ.

70, രക്താതിസാരം-മലത്തിൽകൂടെ അധികം രക്തം പോകുകയും ഗുദ ത്തിലും അടിവയറ്റിലും വേദനയും ചുട്ടു നീറ്റലും അനുഭവപ്പെടും.കൂടാതെ പനി ഗുദത്തിന് വീക്കം എന്നിവയും ഉണ്ടാകും.

71, രക്തസമ്മർദ്ദം.-ഹൈപ്പർടെൻഷനെയാണ് രക്തസമ്മർദം എന്നു പറയുന്നത് രക്തസമ്മർദത്തിന്റെ നിരക്ക് 140/90 mm Hgയിൽ കൂടിയാൽ അതിന് രക്തസമ്മർദം എന്നു പറയുന്നു.

72, രക്തപിത്തം-നവദ്വാരങ്ങളിലൂടെയും രോമകൂപങ്ങളിലൂടെയും രക്തം പോകുന്ന ഒരു പത്തികവികാരം.

73, രക്തഷ്ഠീവനം-ചുമച്ചു തുപ്പുമ്പോൾ കഫത്തോടു കൂടി രക്തം പോകുന്ന അവസ്ഥ.

74, മൂത്രകൃച്ഛം-ദിവസം പല പ്രാവിശ്യം മൂത്രം വേദനയോടുകൂടി അൽപ്പാൽപ്പമായി പോകുന്ന അവസ്ഥ.

75, ലഘുമസൂരിക-പൊങ്ങൻ പനി ,ചിക്കൻ പോക്സ് (chicken pox)

76, വിഷുചിക-കോളറ.

77,വിഷമജ്വരം-മലമ്പനി.

78, വിശ്വാചി-തോളിന്റെ പുറം ഭാഗത്തു നിന്നും വേദന തുടങ്ങി കൈവിരൽ വരെ തരിച്ചിറങ്ങുന്ന അവസ്ഥ.

79, വിബന്ധം-മലബന്ധം.

80, വിചർച്ചിക-എക്സിമ , ചർമരോഗമാണിത്. ശരീരത്തിന്റെ ഏതു ഭാഗത്തും ഈ രോഗം നവരാമെങ്കിലും കാൽമുട്ടിനു കീഴിൽ കൂടുതലായി കാണപ്പെടുന്നു.

81,വാതരക്തം-വാതവും രക്തവും പ്രധാനമായി കോപിച്ചുണ്ടാകുന്ന ഒരു രോഗം. നീര്, വേദന, ചുവപ്പ്, തടിപ്പ്, ശരീരത്തിന്റെ പലഭാഗത്തും തൊലിക്കു കീഴിൽ ലസികാ ഗ്രന്ഥികൾ ഉരുണ്ടു തടിച്ചു കാണുക എന്നിവ ലക്ഷണങ്ങളാണ്.

82, ലൂതവിഷം-ചിലന്തിവിഷം.

83, വൃഷണവീക്കം-പുരുഷഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്ന, ലിംഗത്തോടു ചേർന്നു കിടക്കുന്ന ഉരുണ്ട അവയവങ്ങളെയാണ് വൃഷണങ്ങൾ എന്നു പറയുന്നത്. ഇതിനുണ്ടാകുന്ന വീക്കമാണ് വൃഷണവീക്കം എന്ന് പറയുന്നത്.

84 ,വൃശ്ചികവിഷം-തേൾവിഷം.

85,വിസർപ്പം-പൊള്ളൽ ,നീര് ,വേദന എന്നിവയോടുകൂടി ചർമ്മത്തിൽ ഉണ്ടാകുന്ന ഒരുതരം രോഗം.

86, ശീതപിത്തം-ശരീരത്തിൽ തടിച്ചുപൊങ്ങുകയും അസഹനീയമായ ചൊറിച്ചിൽ ഉണ്ടാകുകയും ചെയ്യുന്ന അലർജി മൂലം ചർമ്മത്തിൽ ഉണ്ടാകുന്ന ഒരു രോഗം.

87,ശിരോരോഗം -തലയിലുണ്ടാകുന്ന രോഗങ്ങൾ.

88, ശിരശൂലം-തലവേദന.

89, ശോഫം-നീര്.

90, ശ്വേതപ്രദരം-യോനിയിൽകൂടി വെളുത്ത പശയുള്ള ദ്രാവകം വരുന്ന രോഗം ഈ ദ്രാവകം മഞ്ഞനിറത്തിലും ദുർഗന്ധത്തോടുകൂടിയും വരാം.

91, ശ്വാസരോഗം-ആസ്മ.

92,ശോഥം-വീക്കം .വേദനയും പഴുപ്പും കണ്ടന്നുവരാം.

93, ശ്വിത്രം-ഒരു തരം ചർമ്മരോഗം ,വെള്ളനിറങ്ങളിൽ ചർമത്തിന് നിറഭേദം സംഭവിക്കുന്നു. ഒരിക്കലും പഴുക്കാത്തവയാണ് ഈ നിറഭേദങ്ങൾ.ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുകയുമില്ല.

94 ,ശ്ളീപദം-മന്തുരോഗം.

95, സന്നിപാതജ്വരം-ഉയർന്ന ശരീരതാപവും ഇടവിട്ട് ചൂടും തണുപ്പും അനുഭവപ്പെടുകയും ഇടയ്ക്ക് ബോധം പോകുകയും അമിതമായ വെള്ളദാഹം ,കഫത്തിൽ രക്തം കാണുക സന്ധിവേദന ഉറക്കമില്ലായ്മ പിച്ചും പേയും പറയുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്.

96 ,സ്തനവിദ്രധി-മുലകളിൽ വരുന്ന പരുവ്. വേദന, പഴുപ്പ്, വീക്കം.

97, സർവാംഗവാതം.-ശരീരം മുഴുവൻ തളർന്നുപോകുന്ന ഒരു തരം വാതരോഗം.

98, സൂര്യാവർത്തം-സൂര്യതാപം കൂടുന്നതിന് അനുസരിച്ചു തലവേദന കൂടു കയും സൂര്യതാപം കുറയുന്നതിനനുസരിച്ച് തലവേദന കുറയുകയും ചെയ്യുന്ന രോഗം.

99, സന്ധിഗത വാതം-സന്ധികളിൽ നീരും വേദനയും സങ്കോചവികാസ ക്ഷമതക്കുറവും ഉണ്ടാക്കുന്ന വാതവികാരം.

100 ,സ്ഥാവരവിഷം-വിഷമുള്ള ചെടികളിൽനിന്നും ഉണ്ടാകുന്ന വിഷം.

101, സ്വരഭേദം-ഒച്ചയടപ്പ്.

102, ഹനസ്തംഭം-വായ തുറക്കാനും അടയ്ക്കാനും കഴിയാതെ വരുന്ന ഒരുവാതരോഗം.

103, വിഷജ്വരം- ടൈഫോയ്ഡ്.

104, നിശാന്ധത - മങ്ങിയ വെളിച്ചത്തിലും ഇരുട്ടിലും അനുഭവപ്പെടുന്ന കാഴ്ചക്കുറവിനെയാണ് നിശാന്ധത എന്ന് പറയുന്നത് .

105,  നിലംതൊടാമണ്ണ് - ചിലതരം കടന്നലുകൾ മുട്ടയിടാൻ മണ്ണ് കുഴച്ച് കൂടുണ്ടാക്കുന്നു .ഈ കൂടിനെയാണ് നിലംതൊടാമണ്ണ് എന്ന് അറിയപ്പെടുന്നത് .ഉദാഹരണത്തിന് (വേട്ടാവളിയൻ ,വേട്ടാളൻ,Potter wasps) ഇവ ഉണ്ടാക്കുന്ന കൂട് .